തിരികെ ജോലിയിൽ പ്രവേശിക്കാനായി സർക്കാരിനെതിരെ പോരാടി വിജയിച്ച മെഡിക്കൽ കോളേജ് സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിതയുടെ പോരാട്ട വീര്യം അത്ര ചെറുതായിരുന്നില്ല. പീഡനക്കേസിലെ യുവതിക്കൊപ്പം നിന്നതിന് സർക്കാർ അടക്കം ഒറ്റപ്പെടുത്തിയപ്പോൾ താൻ ചെയ്തതാണ് ശരിയെന്ന നിലപാടിൽ പി.ബി അനിത ഉറച്ചു നിന്നു. തന്നെ ഒറ്റപ്പെടുത്തിയവർക്കെതിരെ തളരാതെ പോരാടി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ വാശിപിടിച്ചതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുൻപിൽ അനിത സമരത്തിനിരുന്നു.
ഒടുവിൽ അനിതയുടെ പോരാട്ടവീര്യത്തിന് മുൻപിൽ സർക്കാർ മുട്ടുമടക്കി. ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവുമിറക്കി. പക്ഷേ തിരികെ ജോലിയിൽ പ്രവേശിക്കുമ്പോഴും തന്നെ ഭീഷണിപ്പെടുത്തിയവരിൽ നിന്ന് ഇനിയും ഇത്തരത്തിലുള്ള ഭീഷണികൾ നേരിടേണ്ടി വരുമോ എന്ന ആശങ്കയാണ് അനിതയ്ക്കുള്ളത്. ഒപ്പം ഓരോ മെഡിക്കൽ കോളേജിലും വിശ്വസിച്ചു വരുന്ന രോഗികൾക്ക് വേണ്ട സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ടത് സർക്കാരിന്റെയും ഓരോ ജീവനക്കാരുടേയും കടമയാണ്. അത് നിർവഹിക്കാൻ എല്ലാ ജീവനക്കാർക്കും ബാദ്ധ്യതയുണ്ടെന്നും അനിത പറയുന്നു.
വിവാദത്തിന് വഴിവച്ച
സർക്കാർ നിലപാട്
ഹൈക്കോടതിയുടെയും ഉത്തരവ് നേടിയിട്ടും സർക്കാർ അനുകൂല സംഘടനകളുടെ സമ്മർദ്ദം കാരണം അനിതയ്ക്ക്തിരികെ നിയമനം നൽകാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പ്രതിഷേധങ്ങളെയും മാദ്ധ്യമവാര്‍ത്തകളെയും പൂർണമായി അവഗണിക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. മെഡിക്കൽ കോളേജിലെ ഭരണാനുകൂല സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് നിയമനം നൽകാതിരുന്നത് എന്നാണ് ആരോപണം. തുടർന്ന് ആരോഗ്യ വകുപ്പിനും മന്ത്രിക്കും എതിരെ സർവമേഖലകളിൽ നിന്നും പ്രതിഷേധം ഉയർന്നു. തിരഞ്ഞെടുപ്പു സമയത്ത് വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെ വെട്ടിലായ സർക്കാരിന് വഴങ്ങേണ്ടി വരുകയായിരുന്നു.
സ്ഥലം മാറ്റം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി വരെ നൽകി. പക്ഷേ ഹർജി ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കുമെന്ന വിധി വന്നതും സർക്കാരിനേറ്റ അടിയായി. കോടതി ഉത്തരവുണ്ടായിട്ടും നിയമനം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അനിത നൽകിയ കോടതിയലക്ഷ്യ ഹർജി അവസാനിപ്പിക്കുകയും ചെയ്തു. അനിതയുടെ ഭാഗത്ത് മേൽനോട്ടത്തിൽ പിഴവുണ്ടായെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെയടക്കം വാദം. എന്നാൽ ഇതിനെതിരെ അതിജീവിത തന്നെ രംഗത്ത് എത്തുകയും വിഷയം വലിയ വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിൽ മന്ത്രിക്ക് നിലപാട് മാറ്റി പറയേണ്ടി വന്നത്.
ഉത്തരവ് ഉണ്ടായിട്ടും അനിതയ്ക്ക് ജോലി നിഷേധിച്ചത് സർക്കാരിന് തിരിച്ചടിയാകുമെന്ന നിലവന്നതോടെ മിന്നൽ വേഗത്തിൽ ശനിയാഴ്ച രാത്രി കോഴിക്കോട് തന്നെ നിയമനം നൽകിക്കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ചയായിട്ട് പോലും ജോലിയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കി. രാവിലെ പത്തരയോടെ അതിജീവിതയ്‌ക്കൊപ്പം എത്തിയ അനിത മാതൃശിശു സംരക്ഷണ കേന്ദ്രം നഴ്സിംഗ് സൂപ്രണ്ട് സോണിയ ജേക്കബിന് മുമ്പാകെയാണ് ഹാജർ രേഖപ്പെടുത്തിയത്.
ഞായറാഴ്ച അവധി ആയതിനാൽ പ്രിൻസിപ്പലിന്റെ ഓഫീസ് ഇതിനു വേണ്ടി മാത്രം തുറക്കുകയായിരുന്നു. കേരളം ഏറ്റവും അധികം ചർച്ച ചെയ്ത ക്രൂര പീഡനവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് സർക്കാറിന്‍റെയും ആരോഗ്യ മന്ത്രിയുടെയും നിലപാടിലെ പൊള്ളത്തരം പൊളിഞ്ഞു വീണത്. ആദ്യം ഒരു നിലപാട് പറയുകയും പിന്നീട് പറഞ്ഞ നിലപാട് മണിക്കൂറുകൾക്കകം മാറ്റി പറയേണ്ടി വരികയുമായിരുന്നു.
ഭീഷണിയ്ക്ക്
വഴങ്ങാതെ
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഐ.സി.യുവിൽ പ്രവേശിപ്പിച്ച യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. അതിജീവിതയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ച മെഡിക്കൽ കോളജിലെ ഭരണകക്ഷിയിൽപ്പെട്ട ജീവനക്കാരെ നിയമത്തിന്റ മുന്നിൽ കൊണ്ടുവന്നതോടെയാണ് അനിത ആരോഗ്യവകുപ്പിന്റ കണ്ണിലെ കരടായത്. പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യവകുപ്പിനെ സമീപിച്ചു. അഞ്ചുപേർ ആരെന്ന് റിപ്പോർട്ട് ചെയ്തത് അനിതയായിരുന്നു. എന്നാൽ, സൂപ്പർ വൈസറി ലാപ്‌സ് ഉണ്ടായെന്ന ഡി.എം.ഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്.
ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നേടിയിട്ടും തിരികെ നിയമനം നൽകാൻ ആരോഗ്യ വകുപ്പ് വിസമ്മതിച്ചു. തുടർന്നാണ് സമരവുമായി അനിത രംഗത്തെത്തിയത്. തിരഞ്ഞെടുപ്പു സമയത്ത് വിഷയം യു.ഡി.എഫ്. രാഷ്ട്രീയ ആയുധമാക്കി. ഏറെ തിരക്കുകൾക്കിടയിലും അനിതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രംഗത്തെത്തി.
കെ. അജിത, എം.എൻ. കാരശ്ശേരി, സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, നഴ്സസ് യൂണിയൻ തുടങ്ങി വിവിധമേഖലകളിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഐക്യദാർഢ്യവുമായി വന്നു. സമരത്തിന്റെ രണ്ടാം ദിവസം പിന്തുണയുമായി അതിജീവിതയുമെത്തി. കണ്ണുമൂടികെട്ടിയായിരുന്നു അതിജീവിത പ്രതിഷേധിച്ചത്. കണ്ണുതുറക്കാത്ത ആരോഗ്യമന്ത്രിക്കെതിരെയാണ് കണ്ണുകെട്ടിയുള്ള സമരമെന്നായിരുന്നു അതിജീവിതയുടെ വിശദീകരണം. സർക്കാരെപ്പോഴും സ്ത്രീകൾക്കും അവരുടെ സുരക്ഷയ്ക്കും ഒപ്പമാണെന്ന പ്രത്യക്ഷത്തിലുള്ള ഇടതുപക്ഷ നിലപാടിനും തിരിച്ചടിയാവുന്നതായിരുന്നു അനിതയുടെ സംഭവം. അതിജീവിതയ്‌ക്കൊപ്പമാണെന്ന് പറയുമ്പോഴും ആരോഗ്യമന്ത്രി പീഡകർക്കൊപ്പമാണ് നിൽക്കുന്നതെന്ന് അതിജീവിത തുറന്നു പറഞ്ഞതും സര്‍ക്കാർ ഹൈക്കോടതി ഉത്തരവും സര്‍ക്കാരിനുള്ള താക്കീതിന്റെ സ്വരത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |