SignIn
Kerala Kaumudi Online
Friday, 12 July 2024 7.52 AM IST

നാലുവർഷ ബിരുദം; ആശങ്ക വേണ്ട,​ അവസരങ്ങൾ അനേകം

4-year-degree

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല സമൂലമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. ലോകമെങ്ങും സർവകലാശാലകൾ പിന്തുടരുന്ന നാലുവർഷ ബിരുദം എന്ന സംവിധാനത്തിലേക്ക് നമ്മളും പ്രവേശിക്കുന്നു. ഒരേസമയം,​ തൊഴിൽ ലഭ്യത ഉറപ്പാക്കാനും ഗവേഷണ താത്പര്യങ്ങൾ വികസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദ്വിമുഖ സമീപനമാണ് ഈ മാറ്റങ്ങളുടെ കാതൽ. ഗവേഷണത്തിൽ ഊന്നിയുള്ള പഠനത്തിന് ബിരുദതല വിദ്യാർത്ഥികൾക്ക് ഇതാദ്യമായി അവസരം തുറന്നുകിട്ടുകയാണ്.

പാഠ്യവിഷയങ്ങളിലേക്ക് കൂടുതൽ ആഴത്തിലിറങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം,​ നമ്മുടെ സർവകലാശാലാ ബിരുദങ്ങൾ ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നില കൂടി ഇത് കൊണ്ടുവരും. ഇവിടുത്തെ ബിരുദവുമായി വിദേശത്ത് ഉപരിപഠനത്തിനു പോകുന്നവർക്ക് അവിടെ വീണ്ടും ബിരുദമെടുക്കേണ്ടി വരുന്ന നില ഇതോടെ അവസാനിക്കും. അത്തരത്തിൽ ലോകരാജ്യങ്ങളിലെ ബിരുദ പ്രോഗ്രാമുകളുമായി ഘടനാപരമായ തുല്യത ഉറപ്പാക്കുന്നതാണ് നാലുവർഷ ബിരുദ പദ്ധതി.

ബിരുദ കോഴ്സ്

മൂന്നു തരം

നിലവിലെ മൂന്നു വർഷത്തെ ബിരുദ കോഴ്‌സ് ഒരുവർഷം കൂടി അധികമായി പഠിപ്പിക്കുന്ന ഒന്നായല്ല നാലുവർഷ പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു വർഷ ബിരുദം, നാലു വർഷ ഓണേഴ്‌സ് ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്നു തരത്തിലാകും കോഴ്‌സുകൾ. മൂന്നുവർഷം കഴിയുമ്പോൾ ബിരുദത്തോടെ പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും, നാലുവർഷ പഠനം തിരഞ്ഞെടുക്കുന്നവർക്ക് അഭിരുചിയനുസരിച്ച് ഓണേഴ്‌സ് ബിരുദവും,​ ഓണേഴ്‌സ് വിത്ത് റിസർച്ചും ഇനി ലഭിക്കും. മൂന്നു വർഷം കഴിഞ്ഞാൽ എക്‌സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ബിഎ/ബിഎസ്.സി/ബി.കോം ബിരുദങ്ങൾ നേടാം. ഇവർക്ക് രണ്ടു വർഷത്തെ പി.ജിക്കു ചേർന്ന് പഠിക്കാനും കഴിയും.

ഓണേഴ്‌സ് ബിരുദം തിരഞ്ഞെടുക്കുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നാലാംവർഷത്തിലേക്ക് പ്രവേശിക്കാം. നാലാം വർഷത്തെ ആദ്യ സെമസ്റ്റർ റെഗുലർ ക്ലാസും അവസാന സെമസ്റ്റർ പൂർണ്ണമായും പ്രോജക്ടും ഇന്റേൺഷിപ്പും ആയിരിക്കും. നാലുവർഷ ഓണേഴ്‌സ് ബിരുദം നേടിയവർക്ക് തുടർന്ന് ഒരുവർഷത്തെ പഠനത്തിലൂടെ പി.ജി നേടാനുമാവും. പി.ജി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയായിരിക്കും അവർക്ക്. മൂന്നു വർഷ പഠനത്തിൽ 75 ശതമാനം മാർക്ക് നേടിയവർക്ക് നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദത്തിനു ചേരാം. ഗവേഷണത്തിൽ താത്പര്യമുള്ളവർക്കായാണ് ഇത്. ഇവർക്ക് നേരിട്ട് പിഎച്ച്ഡിക്കു ചേരാനും 'നെറ്റ്" എഴുതാനും സാധിക്കും.

മൂന്നുവർഷത്തിൽ 133 ക്രെഡിറ്റ് നേടിയാൽ ബിരുദവും, നാലുവർഷത്തിൽ 177 ക്രെഡിറ്റ് നേടിയാൽ ഓണേഴ്സും ലഭിക്കുന്നതാണ് പുതിയ സംവിധാനം. മേജർ കോഴ്സുകളുടെ (നിലവിലെ സംവിധാനത്തിലെ മെയിൻ) അനുബന്ധ വിഷയങ്ങളോ വ്യത്യസ്ത വിഷയങ്ങളോ മൈനർ കോഴ്‌സായി (നിലവിലെ സബ്‌സിഡിയറി) തിരഞ്ഞെടുക്കാം. മൈനർ കോഴ്‌സുകൾ മൂന്നാം സെമസ്റ്ററിൽ മേജർ കോഴ്‌സാക്കി മാറ്റി പ്രോഗ്രാം തന്നെ മാറ്റാനും അവസരമുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്ധമായ അനുവർത്തനമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹിക,​ സാംസ്കാരിക സാഹചര്യം പരിഗണിച്ച് ആവശ്യത്തിനു മാറ്റം വരുത്തിയാണ് കേരളം നാലുവർഷ ബിരുദ പരിപാടി നടപ്പാക്കുന്നത്. ഉദാഹരണത്തിന്, ബിരുദപഠനം മൂന്നു വർഷം കഴിഞ്ഞാൽ മാത്രമാണ് കേരളത്തിൽ എക്സിറ്റ് അനുവദിക്കുക. ഒന്നാം വർഷം ഒരു സർട്ടിഫിക്കറ്റുമായി പുറത്തു പോകേണ്ടിവരുന്ന സ്ഥിതി തൊഴിൽ കമ്പോളത്തിലേക്ക് വിദ്യാർത്ഥിയെ വലിച്ചെറിയുന്ന അവസ്ഥ മാത്രമാണ് സൃഷ്ടിക്കുക. ഇത് നമ്മൾ അനുവദിക്കുന്നില്ല.

ബ്രേക്ക് എടുക്കലും

ക്രെഡിറ്റും എന്ത്?​

പഠനത്തിനിടയ്ക്ക് ബ്രേക്ക് എടുക്കാൻ അവസരം നൽകിക്കൊണ്ടു കൂടിയാണ് നാലുവർഷ കരിക്കുലത്തിന്റെ ഘടന. അങ്ങനെയുള്ളവർക്ക് മൂന്നു വർഷത്തിനു ശേഷം തിരികെവന്ന് ബിരുദപഠനം പൂർത്തിയാക്കാം. ബ്രേക്ക് എടുത്ത സമയത്ത് ആർജ്ജിച്ച പ്രായോഗിക പരിചയം കൂടി ക്രെഡിറ്റ് ആക്കി മാറ്റി ബിരുദപഠനം പൂർത്തിയാക്കാൻ അവർക്ക് അവസരം നൽകുന്നു. ബ്രേക്ക് എടുക്കുന്ന സമയം വരെ ആർജ്ജിച്ച ക്രെഡിറ്റ് അവരുടെ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും, അതിന് ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഈ സർട്ടിഫിക്കറ്റിലുള്ള ക്രെഡിറ്റിന് ഏഴു വർഷം വരെ പ്രാബല്യമുണ്ടാകും. യൂറോപ്യൻ, അമേരിക്കൻ, യു.കെ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനങ്ങളുമായെല്ലാം ക്രെഡിറ്റ് കൈമാറ്റം എളുപ്പമാകുന്ന രീതിയിലാണ് പുതിയ സംവിധാനം.

കൂടുതൽ അനുഭവോന്മുഖ (experiential) പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ ഗ്യാപ് നികത്താനുതകും വിധം സ്‌കിൽ കോഴ്സിനും കൂടി ക്രെഡിറ്റ് നൽകും. സൈദ്ധാന്തികമായ പഠനത്തിൽ നല്ല മാർക്ക് വാങ്ങുമ്പോഴും വേണ്ടത്ര ശേഷിയാർജ്ജിക്കാതെ പഠനം തീർത്ത് പുറത്തുവരുന്ന സ്ഥിതി ഇതോടെ അവസാനിപ്പിക്കാനാവും. സ്കിൽ എൻഹാൻസ്‌മെന്റ് സെന്ററുകൾ എല്ലാ ക്യാമ്പസുകളിലുമുണ്ടാകും.

നിലവിൽ മൂന്നുവർഷ ബിരുദം പഠിക്കുന്നവരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിലാണ് കേരളം നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നത്. ഇപ്പോഴത്തെ പഠനത്തിനു ശേഷം രണ്ടുവർഷ പി.ജി പഠനത്തിനും സാധിക്കും. നിലവിൽ മൂന്നുവർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ഓണേഴ്‌സിന് അവസരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതിന് അവസരം നൽകണമെന്ന് സർവകലാശാലകളോട് യു.ജി.സി നിർദ്ദേശിച്ചതിന്റെ സാദ്ധ്യത ഉന്നതവിദ്യാഭ്യാസ കൗൺസിൽ പരിശോധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.