SignIn
Kerala Kaumudi Online
Thursday, 18 July 2024 9.32 AM IST

ബലിപെരുന്നാൾ; മനുഷ്യാവകാശത്തിന്റെ പ്രതിജ്ഞ പുതുക്കാം

bakrid

ഏറെ ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവിൽ സമർപ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന മാനവ ഐക്യത്തിന്റെ ആഘോഷമാണ് ബലിപെരുന്നാൾ. അഹന്ത വെ‌ടിഞ്ഞ് അപരന്റെ സങ്കടങ്ങളെ നെഞ്ചേറ്റി സാന്ത്വനം പകരാനും അവരെ ചേർത്തുപിടിക്കാനും നമുക്കു കഴിയണം. ത്യാഗത്തിലൂടെയും സമർപ്പണത്തിലൂടെയും പരമമായ വിജയതീരത്തേക്ക് അടുക്കാനുള്ള വിശുദ്ധ ദിനങ്ങൾ സ്‌നേഹക്കൈമാറ്റത്തിലൂടെയും അപരസാന്ത്വനത്തിലൂടെയും ധന്യമാക്കണം.

ബലിയാണ് ഈദുൽ അസ്ഹയുടെ പൊലിവ്. എന്ത് ബലിയറുക്കുന്നു എന്നതിനേക്കാൾ നാഥന്റെ പ്രീതിക്കായി എന്തും ത്യജിക്കാനും സമർപ്പിക്കാനുമുള്ള അചഞ്ചലമായ ഉൾക്കരുത്തും സന്നദ്ധതയുമാണ് അതിന്റെ പൊരുൾ. സർവവും സ്രഷ്ടാവിലർപ്പിച്ച്,​ നന്മയുടെ മാർഗത്തിൽ ത്യാഗനിർഭരമാകാനുള്ള സന്നദ്ധതയാണ് ഈദുൽ അസ്ഹായുടെ ആകെത്തുക. ജീവിതത്തിൽ ചെറിയ പരീക്ഷണങ്ങളിൽപ്പോലും പതറുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് ബലിപെരുന്നാൾ പ്രത്യാശയുടെ ഒറ്റമൂലിയാണ്. സർവശക്തൻ മഹാനാണെന്നും തനിക്ക് സുന്ദരമായൊരു പുലരിയുണ്ടെന്നും ക്ഷമയോടെ കാത്തിരിക്കാനുള്ള ആത്മബലമാണ് ബലിപെരുന്നാൾ നല്കുന്നത്.


തനിക്കേറ്റവും പ്രിയപ്പെട്ട സ്വന്തം ജീവനും മകനെയുമെല്ലാം സ്രഷ്ടാവിന്റെ മാർഗത്തിൽ സമർപ്പിക്കാൻ ചാഞ്ചല്യമില്ലാതെ ഇബ്രാഹിം നബി നിലകൊണ്ടപ്പോൾ സന്നദ്ധതയോടെ സ്വയം മുന്നോട്ടു വന്ന ഇസ്മായിൽ നബി ജീവിതത്തിന്റെ അർത്ഥമാണ് വെളിവാക്കിയത്. ഓരോ മനഷ്യജന്മവും അവരോട് കടപ്പെട്ടവരായി. ഏറ്റവും പ്രിയപ്പെട്ടതുപോലും ത്യജിക്കാനുള്ള ഉൾക്കരുത്തുണ്ടായാൽ സമത്വസുന്ദര സമൂഹത്തിലേക്കും ക്ഷേമരാഷ്ട്രത്തിലേക്കുമാണ് അത് എത്തുക. അമൂല്യമായതും സ്രഷ്ടാവിനായി ത്യജിക്കാൻ സന്നദ്ധമാകുമ്പോഴാണ് മനുഷ്യൻ സ്വയം സ്ഫുടം ചെയ്യപ്പെടുന്നത്. ഹസ്രത്ത് ഇബ്രാഹിം നബി ഉന്നതമായ മൂല്യങ്ങൾക്കായി അധികാര ശക്തിയുടെ അഗ്നിപരീക്ഷകളെ ജയിച്ചത് സ്വന്തം ജീവിത സൗഭാഗ്യങ്ങൾ തന്നെ ബലിനൽകാനുള്ള സന്നദ്ധതയിലാണ്. ബലി പെരുന്നാളിന്റെ സത്തയും അതാണ്.

വീട്ടകങ്ങൾ മുതൽ പലസ്തീൻ തെരുവുകളിൽ വരെ മനുഷ്യാവകാശം ചോരയൊലിച്ചോടുന്ന കാലത്ത് അപരന്റെ സമ്പത്തും രക്തവും അഭിമാനവും സംരക്ഷിക്കണമെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ഹജ്ജതുൽ വിദാഅ് ആഹ്വാനത്തിന്റെ പ്രസക്തി ഏറെയാണ്. അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ വിഖ്യാത മനുഷ്യാവകാശ പ്രഖ്യാപനമായ അറഫാ പ്രസംഗത്തിന്റെ ഓർമ്മകളും മനസിൽ അലതല്ലുന്നു. ഓരോ മനുഷ്യന്റെയും അഭിമാനവും സമ്പാദ്യവും വ്യക്തിത്വവും വിലപ്പെട്ടതാണെന്നും നാഥന്റെ ഇഷ്ടവഴിയിലൂടെയല്ലാതെ ഭൗതികതയുടെ അംശവടികൊണ്ട് ആരെയും അളക്കാനും വിലയിരുത്താനും തുനിയേണ്ടെന്നുമാണ് നബി ഓർമ്മപ്പെടുത്തിയത്; ലോകാ സമസ്താ സുഖിനോഭവന്തു.


പലസ്തീനികളുടെ മോചനത്തിനും മാനവ സമൂഹത്തിന്റെ നന്മയ്ക്കും കൂടി നമ്മുടെ പ്രാർത്ഥനകളിൽ ഇടം നൽകണം. കുവൈത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ജീവനും സ്വത്തും ആരോഗ്യവും നഷ്ടപ്പെട്ടവരോട് ഐക്യപ്പെടലും ഈ സന്തോഷവേളയെ ആർദ്രമാക്കും. കുടുംബത്തെയും അയൽക്കാരനെയും നാട്ടുകാരെയുമെല്ലാം ചേർത്തുപിടിച്ച് അത്തറും പുത്തനുടുപ്പും ചുണ്ടിൽ തക്ബീർ മന്ത്രധ്വനികളുമായി ഹൃദയത്തെ നിർമ്മലമാക്കുമ്പോൾ, അറഫയിലും ഹറമിലുമായി ലോകമാകെ ഒരു കുടുംബമായി ധന്യത തുളുമ്പുന്നു. ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.