SignIn
Kerala Kaumudi Online
Thursday, 18 July 2024 8.56 AM IST

ഉന്നത വിദ്യാഭ്യാസം, പരിണാമത്തിന്റെ ബഹുമുഖം

education

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നഖചിത്രം വരയ്ക്കാൻ എളുപ്പമാണ്. കുറഞ്ഞുവരുന്ന ജനസംഖ്യ, കൂടിവരുന്ന സാമൂഹിക അഭിലാഷങ്ങൾ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് 99.6 ശതമാനം വിജയത്തിളക്കത്തോടൊപ്പം സംശയാസ്പദമായ ഗുണനിലവാരം! കലാലയങ്ങളിലെ ഡിഗ്രി പ്രോഗ്രാമുകൾ അമേരിക്കൻ ശൈലിയിലെ നാലുവർഷ ഘടനയിലേക്ക് മാറാൻ തയ്യാറായി നിൽക്കുന്നു. സ്വകാര്യ,​ വിദേശ സർവകലാശാലകൾ പടിവാതിലിലെത്തി മുട്ടുന്നു. സാമൂഹിക പരിണാമത്തിന്റെ അജ്ഞാതമായ ഘടകങ്ങളുടെ സങ്കീർണ പ്രതിപ്രവർത്തനത്തിൽ വിദേശത്തേക്ക് പഠനത്തിനും ജോലിക്കും ജീവിക്കാനുമായി കുടിയേറാൻ വെമ്പൽകൊള്ളുന്ന യുവത. ആ യുവതയുടെ അഭിലാഷങ്ങൾക്ക് ചിറകു നൽകാൻ വളർന്നുവന്നിട്ടുള്ള വമ്പൻ ഏജൻസികൾ. എല്ലാത്തിനും അകമ്പടിയായി സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. കുട്ടികൾ മാർക്കിനു വേണ്ടി പഠിക്കുന്നതുപോലെ അക്രഡിറ്റേഷൻ ഗ്രേഡിനും നാഷണൽ റാങ്കിംഗിനും വേണ്ടി പ്രവർത്തിക്കുന്ന കലാലയങ്ങളും സർവകലാശാലകളും. ഇതിനെല്ലാമിടയിൽ സഹപാഠിയെ തല്ലിച്ചതയ്ക്കുന്നത് കൺമുന്നിൽ കാണുമ്പോഴും മൗനം പാലിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന ക്യാമ്പസ് രാഷ്ട്രീയം... ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഏകദേശ ചിത്രമാണിത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല, പഠിക്കാനും പരിഷ്കരിക്കാനും മാറ്റങ്ങൾ പരീക്ഷിക്കാനും ആദ്യം വേണ്ടത് മുന്നണികളുടെ അവകാശവാദങ്ങളുടെയും ആരോപണങ്ങളുടെയും പുസ്‌തകം അടച്ചുവച്ച് സംസാരിക്കുക എന്നുള്ളതാണ്. മുന്നണികളുടെ അവകാശ വാദങ്ങളല്ല,​ നമ്മുടെ യുവതയുടെ ഭാവിയാണ് കാണേണ്ടത്. സർക്കാർ നയങ്ങളുടെ മാത്രം ഫലമല്ല ഇന്നത്തെ അവസ്ഥ. തദ്ദേശീയവും ആഗോളതലത്തിലുള്ളതുമായ അനേകം രാഷ്ട്രീയ സാമൂഹ്യ പ്രതിഭാസങ്ങളുടെ സങ്കീർണമായ ഫലമാണ് ഇന്നു കാണുന്നത്. കേരളത്തിൽ ക്രമേണയായി സംഭവിച്ചുവന്നിരുന്ന സാമൂഹിക- സാമ്പത്തിക പരിണാമം ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളും വേറൊരു തലത്തിലെത്തിച്ചു.

അഭിലാഷങ്ങളും

അറിയണം

സർക്കാർ നയങ്ങൾക്കു മാത്രമായി ഇതിനെ സ്വാധീനിക്കാൻ കഴിയില്ല. കുറേയൊക്കെ ജനാഭിലാഷങ്ങളെ മനസിലാക്കിയും അംഗീകരിച്ചും മാത്രമെ നയരൂപീകരണം നടത്താനാകൂ. നമ്മുടെ പൊതുവിദ്യാലയങ്ങൾ തന്നെ മികച്ച ഉദാഹരണം. സൗജന്യ വിദ്യാഭ്യാസവും പഠനസാമഗ്രികളും ഉച്ചഭക്ഷണവും നൽകുകയും മാതൃഭാഷയിൽ പഠിപ്പിക്കുകയും തോൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന പൊതുവിദ്യാലയങ്ങളിൽ നിന്ന് താഴേക്കിടയിലുള്ള കുറേ രക്ഷാകർത്താക്കളെങ്കിലും കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിൽ ഭാരിച്ച ഫീസ് നൽകി ചേർക്കുന്നതെന്തിനെന്ന് മനസിലാകണമെങ്കിൽ ജനാഭിലാഷം മനസിലാക്കണം.

ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായ നാലുവർഷ ബിരുദഘടന സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുകയാണല്ലോ. അത് നന്നായി. ദേശീയ നയത്തിൽ ചില കാര്യങ്ങളിൽ രാഷ്ട്രീയമുണ്ടെങ്കിലും നാലുവർഷ ബിരുദമെന്നത് ഘടനാപരമായ ഒരു മാറ്റം മാത്രമാണ്. പുതിയ ആശയങ്ങളെ പത്തുവർഷത്തോളം ക്വാറന്റൈൻ ചെയ്തശേഷം പുറത്തെടുക്കുന്ന ചരിത്രം ആവർത്തിക്കാതെ അതിനാവശ്യമായ ഈ മാറ്റം സ്വീകരിച്ചത് നല്ലത്. കർണാടകം മാത്രമാണ് ഈ പരിഷ്കാരത്തോട് മുഖംതിരിഞ്ഞു നിൽക്കുന്നത്. രാഷ്ട്രീയ പ്രസ്താവന എന്നതിൽ കവിഞ്ഞ് അതിനൊരു പ്രാധാന്യവുമില്ല. അമേരിക്കൻ സർവകലാശാലകളിൽ പ്രചാരത്തിലുള്ള ഈ സംവിധാനത്തെ അടച്ചുവിമർശിക്കാൻ കാരണമൊന്നും കാണുന്നില്ല.

ശ്രദ്ധാപൂർവം

വിമർശിക്കണം

എത്ര തയ്യാറെടുപ്പുകളോടെയും വ്യക്തതയോടെയുമാണ് ഇത് കേരളത്തിൽ നടപ്പാക്കുന്നതെന്നതിൽ അദ്ധ്യാപക സമൂഹത്തിന് ആശങ്കയുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അനിവാര്യവും തത്വത്തിൽ ഗുണപരവുമായ ഈ മാറ്റത്തെ വിജയകരമാക്കാൻ എല്ലാവരും സഹകരിക്കുകയും വിമർശനം ശ്രദ്ധാപൂർവമാക്കുകയും ചെയ്താൽ നന്നായിരിക്കും. സർക്കാരും ഇക്കാര്യത്തിൽ വിമർശനങ്ങളോട് സഹിഷ്ണുത പുലർത്തുകയും രാഷ്ട്രീയ ചേരി മറന്ന് അദ്ധ്യാപകരെ അണിനിരത്തുകയും ചെയ്യുന്ന സമീപനം സ്വീകരിക്കണം. വിദ്യാർത്ഥികളും അവരുടെ സംഘടനകളും പുതിയ സംവിധാനത്തെ ശ്രദ്ധാപൂർവം പഠിക്കേണ്ടതുണ്ട്. സർവകലാശാലകളിലെ യോഗങ്ങളിലോ അദ്ധ്യാപകരുടെ സ്റ്റാഫ് റൂമുകളിലെ ചർച്ചകളിലോ മന്ത്രിമാർ പങ്കെടുക്കുന്ന ആഘോഷങ്ങളിലോ അല്ല പുതിയ പരിഷ്കാരത്തിന്റെ ഭാവി നിർണയിക്കപ്പെടുന്നത്. ക്ളാസ് മുറികളിലും പരീക്ഷകളിലും പരീക്ഷണശാലകളിലും ഉണ്ടാകുന്ന മാറ്റങ്ങളിലായിരിക്കും ഈ പരിഷ്കാരം മാറ്റുരയ്ക്കപ്പെടുക.

വിദേശ,​ സ്വകാര്യ സർവകലാശാലകൾ എന്ന ആശയം കേരളത്തിലെ ഒരു പതിറ്റാണ്ടുകാലത്തെ നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞ് സമവായത്തിന്റെ പാതയിലെത്തി എന്നാണ് എനിക്കു തോന്നുന്നത്. ഒരു ചുവട് പിന്നോട്ടെടുത്തെങ്കിലും എൽ.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ മുന്നോട്ടുപോകുന്നതിന് താമസമുണ്ടാകില്ലെന്ന് തോന്നുന്നു. ഇത് ജനാഭിലാഷത്തിനനുസൃതമാണ് എന്നത് വ്യക്തം. രാഷ്ട്രീയ തത്വസംഹിതകൾ തലനാരിഴകീറി അപഗ്രഥിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് തുടരാം. ആ നേരം നാട്ടിൽ നിന്ന് പണം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുമെന്നു മാത്രമല്ല,​ നമ്മുടെ നാട്ടിലെ മനുഷ്യവിഭവമെന്ന അമൂല്യസമ്പത്തിന്റെ മൂല്യവർദ്ധിത നടത്തിപ്പിൽ ഏറ്റവും മികച്ച മാതൃകകൾ നമുക്ക് ആവശ്യമാകും.

അക്കാഡമിക്

രാഷ്ട്രീയം വരട്ടെ

നമ്മുടെ വിദ്യാർത്ഥികൾ,​ ഉരച്ചുമിനുക്കി പ്രഭ പരത്താൻ പാകത്തിലാക്കേണ്ട മരതകങ്ങളും വൈഡൂര്യങ്ങളുമാണ്. അത്തരമൊരു പ്രതിഭാസം ഒന്നുകിൽ വമ്പൻ മാറ്റങ്ങളിലൂടെ നമ്മുടെ പൊതു സർവകലാശാലകളിലും കലാലയങ്ങളിലും നടത്തണം. അല്ലെങ്കിൽ അത്തരം മാതൃകകൾ വിദേശ,​ സ്വകാര്യ സർവകലാശാലകളിലൂടെ പ്രോത്സാഹിപ്പിക്കണം. മനുഷ്യവിഭവ ശേഷിയുടെ മൂല്യവർദ്ധന നടക്കണമെങ്കിൽ നമ്മുടെ സർവകലാശാലകളും കലാലയങ്ങളും സർക്കാർ നേതൃത്വത്തിൽ നിന്നും രാഷ്ട്രീയ കലാപങ്ങളിൽ നിന്നും മാറി ജൈവ അക്കാഡമിക്ക് നേതൃത്വത്തിലേക്ക് മാറണം. കക്ഷിരാഷ്ട്രീയത്തിന്റെ സ്ഥാനത്ത് അക്കാഡമിക് രാഷ്ട്രീയമാണ് വേണ്ടത്. എന്നാൽ സമഗ്ര രാഷ്ട്രീയ നിയന്ത്രണം ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് ഇത് പഥ്യമായിരിക്കുമോ?

വിദേശ,​ സ്വകാര്യ സർവകലാശാലകൾ കടന്നുവരികയാണെങ്കിൽ നമ്മുടെ പൊതു സർവകലാശാലകളുടെ പരിഷ്‌കരണം അത്യന്തം ഗൗരവമുള്ളതും അടിയന്തര ആവശ്യമുള്ളതുമായി മാറും. അല്ലെങ്കിൽ അവ തമ്മിലുള്ള കിടമത്സരം പൊതു സർവകലാശാലകൾ തകർക്കും. നമ്മുടെ സർവകലാശാലകളുടെ അകത്തളങ്ങളിൽ എന്തു നടക്കുന്നുവെന്നത് അതിൽത്തന്നെ പങ്കാളികളായവരും അത് തുടരാൻ ആഗ്രഹിക്കുന്നവരുമായ ഒരുകൂട്ടം ആൾക്കാർക്കാണ് കൂടുതലും അറിയാവുന്നത്. ഉലകം ചുറ്റിയുള്ള അനേകം പ്രഗത്ഭ പ്രവാസി മലയാളികളുണ്ട്. അവരെയും സർവകലാശാലാ പരിഷ്‌കാര പഠനങ്ങളിൽ ഉൾപ്പെടുത്തണം.

നമ്മുടെ സർവകലാശാലകൾ പ്രശ്നങ്ങളെക്കുറിച്ചു മാത്രം വ്യാകുലപ്പെടാതെ സാദ്ധ്യതകളെക്കുറിച്ചു കൂടി ചിന്തിക്കേണ്ടതുണ്ട്. വിദേശ വിദ്യാർത്ഥികളെ ക്യാമ്പസിലെത്തിക്കാനുള്ള 'സെമസ്റ്റർ ഇൻ ഇന്ത്യ" പ്രോഗ്രാം 2015-ൽ കേരള സർവകലാശാല വിജയകരമായി പരീക്ഷിച്ചതാണ്. വിദേശ പ്രൊഫസർമാരും വിദേശ വിദ്യാർത്ഥികളും നമ്മുടെ ക്യാമ്പസിൽ എത്തിയാൽ അത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കേരളത്തിലെ സർവകലാശാലകൾക്ക് ക്യാമ്പസുകൾ തുറക്കാനുള്ള സാദ്ധ്യതകൾ അന്വേഷിക്കണം. വലിയ പരിഷ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തു നടത്താൻ രാഷ്ട്രീയ നിയന്ത്രണമെന്ന ലക്ഷ്യം ത്യാഗം ചെയ്തുകൊണ്ടേ സാധിക്കൂ. കമ്പ്യൂട്ടറിനെ എതിർത്ത സമൂഹം തിരുവനന്തപുരത്തെ ടെക്‌നോപാർക്കിനെ സ്വീകരിച്ചു എന്ന മാതൃക നമ്മെ ശുഭപ്രതീക്ഷയുള്ളവരാക്കാൻ പ്രാപ്തമാണ്.

(കേംബ്രിഡ്‌ജ് സർവകലാശാലയിലെ വിദ്യാർത്ഥിയും,​ കേരള സർവകലാശാലയിലും കൊറിയ സർവകലാശാലയിലും ജപ്പാനിലെ ദയ്‌തോബങ്ക സർവകലാശാലയിലും അദ്ധ്യാപകനുമായിരുന്ന ഡോ. അച്യുത് ശങ്കർ ഇപ്പോൾ ശാസ്‌ത്രവേദി സംസ്ഥാന പ്രസിഡന്റാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.