SignIn
Kerala Kaumudi Online
Thursday, 18 July 2024 5.09 AM IST

ഇന്ന് ലോക യുവജന നൈപുണ്യദിനം; മാറുന്ന തൊഴിലും മാറേണ്ട ശീലവും

job

മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി സാമൂഹിക,​ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിൽ മാതൃക സൃഷ്ടിച്ച സംസ്ഥാനം എന്ന നിലയിൽ ലോക യുവജന നൈപുണ്യ ദിനത്തിന് കേരളത്തെ സംബന്ധിച്ച് വലിയ പ്രാധാന്യമുണ്ട്. നാൽപതു ലക്ഷത്തോളം മലയാളികൾ ലോകത്തെ ഏതാണ്ട് 182 രാജ്യങ്ങളിലായി തങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിനിടയിൽ മികച്ച തൊഴിൽ വൈദഗ്ദ്ധ്യവും കഠാനാദ്ധ്വാനശീലവും ഒത്തുചേർന്നവർ എന്ന ഖ്യാതി നമ്മൾ ഇതിനകം നേടിക്കഴിഞ്ഞു.


ഓസ്‌ട്രേലിയ, ജർമ്മനി, ഫിൻലാൻഡ് തുടങ്ങി ലോകത്തെ ഒട്ടനവധി രാജ്യങ്ങളിലെ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും കേരളത്തിൽ നിന്ന് കൂടുതൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തൊഴിലും നൈപുണ്യവും വകുപ്പിന്റെ മന്ത്രിയെന്ന നിലയിൽ കഴിഞ്ഞ മൂന്നു വർഷക്കാലം ഇത്തരം നിരവധി രാജ്യാന്തര സംഘങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി നടപടികൾ സ്വീകരിക്കാനായത് ഞാൻ അഭിമാനത്തോടെ ഓർക്കുന്നു.

സങ്കീണമാകുന്ന

തൊഴിൽ രംഗം

മാനവ വിഭവശേഷി വികസനത്തിൽ കൈവരിച്ച നേട്ടങ്ങൾ നിലനിറുത്തേണ്ടത് സംസ്ഥാനത്തിന്റെ സാമൂഹിക,​സാമ്പത്തിക പുരോഗതി നിലനിറുത്തുന്നതിൽ നിർണായകമാണ്. നിർമ്മിതബുദ്ധി (എ.ഐ)​ ഉൾപ്പെടെ നവയുഗ വിവര സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അനുദിനം മാറുന്ന തൊഴിൽ മേഖലകൾക്കനുസരിച്ച് മാനവ വിഭവശേഷി പരുവപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ആഗോളതലത്തിൽത്തന്നെ തൊഴിൽരംഗം അതീവ സങ്കീർണമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഒട്ടനവധി പരമ്പരാഗത തൊഴിൽ മേഖലകൾ ഇല്ലാതാകുന്നു, നിരവധി പുതിയ തൊഴിൽ മേഖലകൾ ആവിർഭവിക്കുന്നു, മനുഷ്യനും യന്ത്രവും ചേർന്നുള്ള കൂട്ടുപ്രവർത്തനം സാർവത്രികമാകുന്നു....

സംസ്ഥാനത്തെ തൊഴിൽരംഗവും അനുദിനം സങ്കീർണമായി മാറുകയാണ്. വിദ്യാഭ്യാസരംഗത്ത് ദേശീയ ശരാശരിയേക്കാൾ മികവു പ്രകടിപ്പിക്കുന്ന സംസ്ഥാനത്ത് അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിലയിലാണ്. പരമ്പരാഗത തൊഴിൽ മേഖലകൾ പലതും ലാഭകരമല്ലാതാവുകയും പലതും കാലഹരണപ്പെടുകയും ചെയ്തതോടെ അസംഘടിത തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുന്നു. അതോടൊപ്പം,​ കൊവിഡിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളിൽ ഒരു വിഭാഗം സ്ഥിരവരുമാനം കാണാനാകാതെ വിഷമിക്കുന്നുമുണ്ട്. വിപുലമായ ഈ മനുഷ്യവിഭവ ശേഷി നൈപുണ്യ പരിശീലനത്തിലൂടെ കാലാനുസൃതമായി നവീകരിച്ച് ഉപയുക്തമാക്കുകയാണ് പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും,​ കേരള മോഡൽ വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള പോംവഴി.

വേണം,​ പുതിയ

തൊഴിൽശീലം

ആധുനിക തൊഴിൽ മേഖലകളുടെ വെല്ലുവിളി നേരിടുന്നതിനും പുതിയ തൊഴിൽ മേഖലകൾ കെട്ടിപ്പടുക്കുന്നതിനും നമ്മുടെ യുവജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. കാലാനുചിതമായ നൈപുണ്യ പരിശീലന പദ്ധതികളും,​ അത്തരം പരിശീലനത്തിനുള്ള അവസരങ്ങളും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഉൾപ്പെടെ സാദ്ധ്യമാക്കി,​ എല്ലാവർക്കും തുല്യാവസരം സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നൈപുണ്യ പോഷണത്തിലൂടെ തൊഴിൽ വൈദഗ്ദ്ധ്യം ആർജ്ജിക്കുന്നതിനും,​ പുതിയ തൊഴിൽ മേഖലകൾക്കനുസൃതമായി സ്വയം നവീകരിക്കുന്നതിന് 'ലൈഫ് ലോങ് ലേർണിംഗ്" ഒരു ശീലമാക്കുന്നതിനും യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.


നൈപുണ്യ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തതാണ് ലോക യുവജന നൈപുണ്യ ദിനാചരണം. നൈപുണ്യ പരിശീലനത്തിനുള്ള അവസരവും അതിന്റെ ഗുണഫലങ്ങളും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട യുവജനങ്ങളിലേക്കു വരെ എത്തിക്കുന്നതു വരെ അവിശ്രമം പ്രയത്നിക്കേണ്ടതുണ്ട്. നൈപുണ്യ വികസന സന്ദേശം എല്ലാവരിലേക്കും പകരുന്നതിനും,​ തൊഴിൽ വൈദഗ്ദ്ധ്യമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ ദിനം ഓർമ്മപ്പെടുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.