SignIn
Kerala Kaumudi Online
Thursday, 18 July 2024 5.02 AM IST

ആദർശശുദ്ധിയുടെ അമരകാവ്യം

ramayanam

മഴയിൽ കുളിച്ച ഈറൻ സന്ധ്യകളെ വാരിപ്പുണർന്ന് കള്ളക്കർക്കിടകം വീണ്ടുമെത്തിയിരിക്കുന്നു. വറുതിയുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കുമ്പോൾ പോയകാല ദുരിതങ്ങളുടെ ഭയപ്പെടുത്തുന്ന ഓർമ്മകൾ നമ്മെ നടുക്കുന്നു. പകർച്ചവ്യാധികളും പ്രളയ ദുരിതങ്ങളും നിറഞ്ഞാടിയ ഇന്നലെകൾ. ദൈനംദിനം ശിഥിലമാകുന്ന സമൂഹം,​ഒറ്റപ്പെടലിലേക്കു നയിക്കുന്ന വിഭാഗീയ ചിന്തകൾ,​ ഓരോ ദിനവും ഭയപ്പാടോടെ തള്ളിനീക്കുന്ന നിസ്സഹായരായ മനുഷ്യർ. ഈ കർക്കിടകവും വ്യത്യസ്തമല്ലെന്ന തിരിച്ചറിവ് നടുക്കുന്ന സത്യമായി പരിണമിക്കുന്നു.

ഇത്തരം അവസ്ഥകളിൽ മനുഷ്യനു മുന്നിൽ ഒറ്റ വഴിയേയുള്ളൂ. അവൻ ഈശ്വരനിൽ അഭയം പ്രാപിക്കുന്നു. വറുതിയുടെ കാലമായ കർക്കിടകം രോഗങ്ങളുടേയും മരണത്തിന്റെയും കൂടി കാലമാണ്. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിക്ക് സ്വയം സമർപ്പിച്ച് അഭയം തേടാൻ മനുഷ്യൻ നിർബന്ധിതനാകുന്നു. അധർമ്മത്തിന് അറുതി വരുത്തി,​ ധർമ്മത്തിന് അഭ്യുന്നതിയും അചഞ്ചലതയും ഉളവാക്കാൻ യുഗങ്ങൾ തോറും താൻ അവതരിക്കുമെന്ന് ശ്രീകൃഷ്ണ ഭഗവാൻ ഭഗവദ്ഗീതയിൽ പറയുന്നുണ്ട്.

യദാ യദാഹി ധർമ്മസ്യ
ഗ്ലാനിർഭവതി ഭാരത:
അഭ്യുത്ഥാനമധർമ്മസ്യ
തദാത്മാനം സൃജാമ്യഹം

മനുഷ്യമനസിൽ കാടത്തം പെരുകുമ്പോഴും അവനിലെ ചെകുത്താൻ നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടിച്ച് ആടിത്തിമിർക്കുമ്പോഴുമാണ് സാന്മാർഗികത നിറഞ്ഞതും ആദർശദീപ്തവുമായ അവതാരങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ധർമ്മ സംസ്ഥാപനത്തിനായി ത്രേതായുഗത്തിൽ അവതാരമെടുത്ത സത്യം,​ സ്‌നേഹം, ധർമ്മം, സന്മാർഗം, സദാചാരം തുടങ്ങിയ ഉന്നതാദർശങ്ങളുടെ ആൾരൂപമായ ശ്രീരാമചന്ദ്ര ഭഗവാന്റെ ജീവിതയാത്രയുടെ കഥ പറയുന്ന രാമായണം ഭാരതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്.


ആദർശ പുരുഷനായ ശ്രീരാമന്റെ സംഭവബഹുലവും സംഘർഷനിർഭരവും സത്യപൂർണവും ധർമ്മനിഷ്ഠവുമായ കഥയാണ് രാമായണമെന്ന പുണ്യപുരാണ ഇതിഹാസകാവ്യം. പുരുഷനായി ജനിച്ചാൽ ഈ ഭൂമിയിൽ ഏതെല്ലാം തരത്തിലുള്ള കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടി വരുമോ,​ അവയെല്ലാം അനുഭവിച്ച ഒരസാധാരണ കഥാപാത്രമാണ് രാമൻ. ദുരിതങ്ങളുടെ ഭാണ്ഡങ്ങൾ പേറുന്ന മനുഷ്യർ അവരുടെ ദുഃഖങ്ങൾ രാമനിൽ അർപ്പിക്കുന്നു.

രാമകഥ പാരായണം ചെയ്തും ശ്രവിച്ചും അവർ ദുഃഖങ്ങൾ മറക്കുന്നു. രാമായണ പാരായണം ഏതുകാലത്തും ആകാമെന്നിരിക്കെ,​ കർക്കിടകത്തിലെ രാമായണ പാരായണത്തിന് വിശേഷ ഗുണമുണ്ടെന്ന് ആചാര്യന്മാർ പറയുന്നു. മഹാകാവ്യങ്ങൾ പാരായണം ചെയ്യുന്നത് അവയിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന സത്യധർമ്മാദികൾ എന്നും പരിപാലിക്കപ്പെടണമെന്ന ഉദ്ദേശ്യം മുൻനിറുത്തിയാണ്. അതിന് കാലമോ ദേശമോ ബാധകമല്ല. രാമകഥാ പാരായണവും ശ്രവണവും എക്കാലവും പുണ്യം നൽകുന്നു. അതുകൊണ്ടാണ് കഷ്ടപ്പാടിന്റെയും വറുതിയുടേയും മാസമായ കർക്കിടകത്തിൽ രാമായണ പാരായണം വിശിഷ്ടമാകുന്നത്.

ജ്യോതിശാസ്ത്രമനുസരിച്ച് ചന്ദ്രനാണ് കർക്കിടക രാശിയുടെ അധിപതി. ചന്ദ്രനാകട്ടെ മനസിന്റെ കാരകനും. അതിനാൽ മനസ്ഥൈര്യത്തിന് രാമകഥ കേൾക്കുക എന്നത് വെറും പ്രതീകാത്മകമല്ല. ജീവിതകാലം മുഴുവൻ ധർമ്മ സംരക്ഷണത്തിനായി പ്രയത്നിച്ച ശ്രീരാമൻ എല്ലാവർക്കും ഉത്തമ മാതൃകയാണ്. ശ്രീരാമസ്വാമിയോടൊപ്പം സഹോദരങ്ങളും പത്നി സീതാദേവിയും തത്തുല്യ യാതനകൾ അനുഭവിച്ചവരാണ്. എന്തും വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ മരണപ്പാച്ചിലിൽ രാജ്യവും സുഖഭോഗങ്ങളും സ്വയമേ ത്യജിച്ച് മാതൃക കാണിച്ച ഇതിഹാസ പുരുഷനായ ശ്രീരാമചന്ദ്ര ഭഗവാന്റെ കഥയാണ് നാം കർക്കിടകത്തിൽ പാരായണം ചെയ്യേണ്ടത്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലേക്ക് വരുന്നതിനു മുൻപ് രാമായണത്തിന്റെ ഉൽപത്തിയെക്കുറിച്ച് ഒരു എത്തിനോട്ടമാവാം.

നാളെ തുടരും: രാമായണം എന്ന ധർമ്മശാസ്ത്രം

(ശ്രീരാമ ധർമ്മ സമിതി ചെയർപേഴ്സൺ ആയ ലേഖിക,​ തിരുവനന്തപുരം ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജ് സെക്രട്ടറി കൂടിയാണ്)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.