SignIn
Kerala Kaumudi Online
Thursday, 18 July 2024 4.45 AM IST

കെ. ബാലകൃഷ്ണൻ ഓർമ്മയിലെ ജ്വാലയായിട്ട് ഇന്ന് 40 വർഷം, സർഗധനനായ പോരാളി

k-balakrishnan

ഒരു യുഗത്തിന്റെ ദ്വാരപാലകൻ, നനഞ്ഞാലും കെട്ടടങ്ങാത്ത ജ്വാല, ചെറുപ്പക്കാരുടെ ലഹരി, കരുത്തനായ പത്രാധിപൻ.... കെ.ബാലകൃഷ്ണന് പ്രമുഖർ നൽകിയ വിശേഷങ്ങളുടെ നിര ഇങ്ങനെ നീളുന്നു. പത്രാധിപർ, സാഹിത്യകാരൻ, മാദ്ധ്യമപ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, പ്രഭാഷകൻ, രാഷ്ട്രീയ നേതാവ്, പാർലമെന്റേറിയൻ... ഇങ്ങനെ വിവിധ തലങ്ങളിൽ പ്രകാശം ജ്വലിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് കെ. ബാലകൃഷ്ണൻ. 1924 ആഗസ്റ്റ് 12 നാണ് ജനനം. ആ തീയതിക്ക് ഒരു സവിശേഷതയുണ്ട്. ബെൽഗ്രാം കോൺഗ്രസിൽ സ്വരാജിനായി ഗാന്ധിജി ആഹ്വാനം ചെയ്ത ചരിത്രപ്രാധാന്യമുള്ള ദിവസം! 1984 ജൂലൈ 16ന് അണഞ്ഞ ആ ജ്വാല നമുക്കു നൽകിയത് സമരവീര്യത്തിന്റെ കെട്ടടങ്ങാത്ത ഓർമ്മകളാണ്.

കെ. ബാലകൃഷ്ണന്റെ യുദ്ധം അടിച്ചമർത്തലിനോടും സ്വാതന്ത്ര്യമില്ലായ്മയോടും അനീതിയോടും അഴിമതിക്കുമൊക്കെ എതിരെയായിരുന്നു. പോരാട്ടത്തിന് ഉപയോഗിച്ചിരുന്ന ആയുധം ബോംബോ തോക്കോ കൊടുവാളോ ഒന്നുമല്ല,​ എഴുത്തും പ്രസംഗവും പ്രവൃത്തിയുമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ദിശ തിരിച്ചുവിടുന്നതിന് ചുക്കാൻ പിടിച്ചവരിൽ പ്രമുഖൻ. ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനും കാരണക്കാരൻ. ഇടതുപക്ഷ ഐക്യമെന്ന ഉത്കൃഷ്ടമായ ആശയവും കെ. ബാലകൃഷ്ണന്റെ സംഭാവനയാണ്.

പോരാട്ടത്തിന്റെ

യൗവനകാലം

വിദ്യാർത്ഥി കോൺഗ്രസിൽ സജീവമായിരുന്ന കെ. ബാലകൃഷ്ണൻ തിരുവിതാംകൂറിൽ ദിവാൻ സർ സി.പി ക്കെതിരെയുള്ള ഉത്തരവാദിത്വഭരണ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. കെ. ബാലകൃഷ്ണന്റെ തീപ്പൊരി പ്രസംഗങ്ങൾ സി.പിക്കെതിരെ അടങ്ങാത്ത പ്രതിഷേധത്തിന്റെ ജ്വാലയായി കത്തിച്ചു നിറുത്താൻ പ്രചോദനമായി. തിരുവനന്തപുരം ലാ കോളേജ് വിദ്യാർത്ഥിയായിരിക്കെ യൂണിയൻ പ്രസിഡന്റായി എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഭക്തിവിലാസത്തിലെത്തി സത്യപ്രതിജ്ഞ ചെയ്യണമെന്ന ദിവാന്റെ ശാസനം പാലിക്കാൻ തയ്യാറായില്ല. സർവാധികാരിയായി സർ സി.പി തിരുവിതാംകൂറിൽ ഭരണം കൈകാര്യം ചെയ്യുന്ന കാലത്താണ് ആ ശാസനം ലംഘിക്കാൻ തയ്യാറായത്. കാശ്മീരിൽ നിരോധനം ലംഘിച്ചു കടക്കാൻ ശ്രമിച്ച ജവഹർലാൽ നെഹ്റുവിന് പരിക്കേറ്റ സംഭവത്തിൽ തിരുവനന്തപുരത്തു നടത്തിയ പ്രതിഷേധ യോഗത്തിലെ പ്രസംഗത്തിന്റെ പേരിൽ കെ. ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കോളേജിൽ നിന്ന് പുറത്താക്കി. വിദ്യാർത്ഥി കോൺഗ്രസ് വാർഷികം ദിവാൻ നിരോധിച്ചു. നിരോധനം ലംഘിച്ച് റെയിൽവേ സ്റ്റേഷൻ മൈതാനത്ത് പ്രസംഗിച്ചതിന് അറസ്റ്റുചെയ്ത് നാലു മാസത്തെ തടവു ശിക്ഷക്ക് വിധിച്ചു.

ആർ.എസ്.പി

രൂപീകരണം

ആ തടവുശിക്ഷയാണ് കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ശരിയായ ദിശയിലേക്കുള്ള നീക്കത്തിന് തുടക്കം കുറിക്കാൻ ഇടയായത്. പൂജപ്പുര ജയിലിൽ വച്ചാണ് കെ. ബാലകൃഷ്ണൻ എൻ. ശ്രീകണ്ഠൻ നായരുമായുള്ള സൗഹൃദബന്ധം ആരംഭിച്ചത്. അത് ജീവിതാന്ത്യം വരെ തുടർന്നു. വിദ്യാർത്ഥി കോൺഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാരനായ കെ.ബാലകൃഷ്ണൻ കെ.എസ്.പിയുടെ സജീവ പ്രവർത്തകനും നേതാവുമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് വ്യതിരിക്തമായി,​ മാർക്സിസ്റ്റ് തത്വശാസ്ത്രത്തെ അപഗ്രഥിച്ച് പ്രാവർത്തികമാക്കാൻ കേരളത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടിയാണ് കെ.എസ്.പി.

കെ.എസ്.പിയുടെ പ്രവർത്തനം കേരളത്തിൽ ഒതുക്കിനിറുത്തുന്നതിൽ അർത്ഥമില്ലെന്നും ദേശീയതലത്തിൽ പ്രവർത്തനം വ്യാപ്പിക്കേണ്ടത് അനിവാര്യമാണെന്നും കെ. ബാലകൃഷ്ണൻ ഉൾപ്പെടെയുളളവർ മനസിലാക്കി. കൽക്കട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിപ്ലവ സോഷ്യലിസ്റ്റുകളുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി,​ ചങ്ങാരപ്പള്ളി ദാമോദരൻ പോറ്റിയും കെ. ബാലകൃഷ്ണനും കൽക്കട്ടയിലെത്തി ഒരു മാസത്തോളം താമസിച്ച് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി,​ പാർട്ടി സംസ്ഥാന നേതൃത്വത്തിന് വിശദമായ റിപ്പോർട്ട് നൽകി. കെ. ബാലകൃഷ്ണന്റെ ആ റിപ്പോർട്ടാണ് ത്രിദീപ് ചൗധരി നേതൃത്വം നൽകുന്ന റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുമായി ചർച്ച ചെയ്യാൻ കെ.എസ്.പി നേതൃത്വത്തെ സജ്ജമാക്കിയത്. തുടർന്നുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് കെഎസ്.പി,​ ആർ.എസ്.പിയിൽ ലയിക്കാൻ തീരുമാനിച്ചത്. 1971- ൽ അമ്പലപ്പുഴ പാർലമെന്റ് സീറ്റിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പാർലമെന്റിലെത്തി.

നിർണായക

സാന്നിദ്ധ്യം

ഒരു കാലഘട്ടത്തിന്റെ നേരിന്റെ ശബ്ദമായിരുന്നു അത്. ഒരു പത്രാധിപനും കാണിക്കാത്ത അസാമാന്യമായ ധൈര്യം കാണിച്ച് മാദ്ധ്യമ രംഗത്ത് അസാധാരണമായ പ്രസിദ്ധീകരണം നടത്തി. ഇ.എം.എസ് മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിക്കും മുമ്പ് ചോർത്തി പത്രത്തിൽ പ്രസിദ്ധീകരിച്ചു. ധനമന്ത്രിയായിരുന്ന അച്യുതമേനോന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നത്,​ ബഡ്ജറ്റ് ചോർത്തുന്നതിനേക്കാളും തന്നെ ഇരുത്തിച്ചിന്തിപ്പിച്ചത് ബഡ്ജറ്റ് ചോർന്നതു സംബന്ധിച്ച് താൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബാലകൃഷ്ണൻ ഉന്നയിച്ച വിമർശനങ്ങളായിരുന്നു എന്നാണ്. നിയമ മന്ത്രി വി.ആർ കൃഷ്ണയ്യർ തയ്യാറാക്കി നൽകിയ പ്രസ്താവന സഭയിൽ വായിച്ചതിനായിരുന്നു കേരളം കണ്ട മുഖ്യമന്ത്രിമാരിൽ പ്രമുഖനായിരുന്ന അച്യുതമേനോനെ നിഷ്‌കരുണം വിമർശിച്ചത്. അച്യുതമേനോൻ വിമർശനങ്ങളെ ഉൾക്കൊണ്ടുവെന്നും അതിലെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുവെന്നും വെളിപ്പെടുത്തുന്നിടത്താണ് കെ. ബാലകൃഷ്ണന്റെ മഹത്വം. അതേ ബാലകൃഷ്ണൻ സി. അച്യുതമേനോന്റെ പോലും ഗുഡ് ബുക്കിലാവുകയും വിമർശകൻ പിന്നീട് സുഹൃത്തും സഹായിയുമാവുകയും ചെയ്തു.

മൃദുസമീപനമുളള

കലാകാരൻ

മലയാളത്തിലെ കഥാകാരന്മാരെയും നോവലിസ്റ്റുകളെയും കവികളെയും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നതലങ്ങളിൽ എത്തിക്കുന്നതിനും കൗമുദിയും കെ. ബാലകൃഷ്ണനും നൽകിയ സഹായത്തിന്റെ നന്മവാക്കുകൾ പറയാത്ത സാഹിത്യകാരന്മാർ കുറവാണ്. തകഴിയും ഒ.എൻ.വിയും ചെമ്മനം ചാക്കോയും സക്കറിയയും ബഷീറും ടി.പത്മനാഭനും മലയാറ്റൂർ രാമകൃഷ്ണനും തിരുനല്ലൂർ കരുണാകരനും ജോർജ്ജ് ഓണക്കൂറും തുടങ്ങി മലയാള സാഹിത്യ രംഗത്ത് അഭിമാനമായി മാറിയ എഴുത്തുകാർ കെ. ബാലകൃഷ്ണനെക്കുറിച്ച് പറയുന്ന വാക്കുകൾ അദ്ദേഹത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നതാണ്. ചലച്ചിത്ര രംഗത്തെ ബാലകൃഷ്ണന്റെ സംഭാവനയാണ് സത്യൻ എന്ന മഹാനടൻ. ചലചിത്ര രംഗത്തും കെ. ബാലകൃഷ്ണൻ കയ്യൊപ്പു ചാർത്തി.

മുഖ്യമന്ത്രിയായിരുന്ന അച്ഛൻ സി. കേശവൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സ്വന്തം പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിക്കു വേണ്ടി അച്ഛനെതിരായി പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പ്രിയ സഖാവാണ് കെ. ബാലകൃഷ്ണൻ. സമകാലിക സാമൂഹ്യ സാഹചര്യത്തിൽ പലപ്പോഴും ആഗ്രഹിക്കുന്നതാണ്,​ കെ. ബാലകൃഷ്ണൻ ഇന്നുണ്ടായിരുന്നെങ്കിലെന്ന്. ആ ധൈര്യവും ആത്മാർത്ഥതയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും പോരാട്ടത്തിന്റെ കരുത്തും കേരളത്തിന് അനിവാര്യമായ ഒന്നാണ്. സർഗശേഷിയുള്ള പോരാളിയുടെ പാവന സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.