SignIn
Kerala Kaumudi Online
Monday, 13 October 2025 11.50 PM IST

ചായം ധർമ്മരാജന് ആദരാഞ്ജലി, ചായം പൂശാത്ത ഹൃദയകാവ്യം

Increase Font Size Decrease Font Size Print Page

chayam-sir-

തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് സ്ഥലംമാറ്റം കിട്ടി,​ 2011- ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വരുമ്പോഴാണ് കവിയായ ചായം ധർമ്മരാജൻ സാറിനെ പരിചയപ്പെടുന്നത്. യാതൊരു ജാഡയും ആർഭാടവുമില്ലാത്ത സൗമ്യനായ മനുഷ്യൻ. സർക്കാർ ജോലി കിട്ടുന്നതിനു മുമ്പ് നെടുമങ്ങാട് കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന കാലത്ത് എന്റെ ഭർത്താവ് ഡോ. എ.എസ്. ഹേമന്തകുമാറും ധർമ്മരാജൻ സാറും സഹപ്രവർത്തകരായിരുന്നു. അതുകൊണ്ടുതന്നെ കാണുമ്പോഴെല്ലാം ചെറിയ കുശലാന്വേഷണങ്ങൾ പതിവായിരുന്നു.

ജീവിത പ്രാരാബ്ദ്ധങ്ങളിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതും, കോളേജ് പഠനത്തിനായി ഇക്ബാൽ കോളേജിൽ കിലോമീറ്ററുകൾ നടന്നുപോയതും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യം ലഭിച്ച സർക്കാർ ജോലി സ്വീകരിച്ചതും കേട്ടറിവു മാത്രം. എസ്.എസ്.എൽ.സി ആദ്യ തവണത്തെ പരീക്ഷാഫലം നിരാശ നൽകിയെങ്കിലും മൂന്നു വർഷം കഴിഞ്ഞ് വീണ്ടും പരീക്ഷയെഴുതി ഒന്നാംക്ളാസിൽ വിജയിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു തെളിവാണ്. ആ മൂന്നു വർഷക്കാലം മരപ്പണി, വാർക്കപ്പണി, സൈക്കിൾ റിപ്പയറിംഗ്, റബർ വെട്ടൽ, ചുമട്ടുജോലി എന്നിങ്ങനെ അദ്ദേഹം ചെയ്യാത്തതായി ഒന്നുമുണ്ടായിരുന്നില്ല.

ഇങ്ങനെ പല ജോലികളും പഠനവും ഒപ്പം കൊണ്ടുപോയാണ് ബി.എയും എം.എയും പാസായത്. യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് മെഡിക്കൽ കോളേജിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ അദ്ദേഹം നൈറ്റ് വാച്ചർ ആകുന്നത്. ഇടയ്ക്കൊക്കെ മോർച്ചറിക്കു മുന്നിലും കാവൽ നിൽക്കേണ്ടിവന്നു. കഷ്ടപ്പാടും വെല്ലുവിളികളും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ തീച്ചൂളകളെ കഠിനപ്രയത്നംകൊണ്ടും നിശ്ചയദാർഢ്യംകൊണ്ടും അതിജീവിച്ച സാക്ഷ്യപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ കാവ്യരചനകൾ.

2002-ൽ പി.എസ്.സി നിയമനം വഴി കോളജ് അദ്ധ്യാപക സർവീസിലെത്തി. കട്ടപ്പന ഗവ. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, വിമൻസ് കോളേജ്, ചിറ്റൂർ ഗവ. കോളേജ്, ആറ്റിങ്ങൽ കോളേജ്... ഒടുവിൽ നെടുമങ്ങാട് കോളേജിൽ നിന്ന് വകുപ്പദ്ധ്യക്ഷനും അസോസിയേറ്റ് പ്രൊഫസറുമായി വിരമിച്ചു. ജീവിത വഴികളിലെ പ്രതിസന്ധികളെ ലക്ഷ്യബോധ്യത്തിൽ ഊന്നിയ കഠിനപ്രയത്നങ്ങൾകൊണ്ട് അതിജീവിച്ച പരിചയമാണ് ചായം ധർമ്മരാജൻ എന്ന കവിയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ കവിതകൾ ഇന്ന് കേരള യൂണിവേഴ്സിറ്റി മലയാളം സിലബസിന്റെ ഭാഗമാണ്.

2023- ൽ ധർമ്മരാജൻ മാഷ് സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ഗവൺമെന്റ് കോളേജ് അദ്ധ്യാപക സംഘടന തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച യാത്രഅയപ്പ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കാനും, ആശംസകൾ അർപ്പിച്ച് സംസാരിക്കാനും അവസരമുണ്ടായി. അന്ന് പരിചയപ്പെടുത്താനായി തയ്യാറാക്കിയ ലഘു വിവരണം ഇങ്ങനെയായിരുന്നു: 'ഇക്കാലയളവിൽ അറിയുന്ന കോളേജ് അദ്ധ്യാപകരിൽ,​ സൗമ്യവ്യക്തിത്വങ്ങളിൽ ഒരാൾ. 1968-ൽ വിതുര ചായത്ത് ആണ് ധർമ്മരാജൻ ജനിച്ചത്. ചായം എൽ.പി.എസ്, വിതുര എച്ച്.എസ്, പെരിങ്ങമ്മല ഇഖ്ബാൽ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ഭാരതീയ കവിതയിലെ നാനാത്വവും ഏകത്വവും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം. അതീവരാവിലെ, സമാസമം എന്നിവ കവിതാ സമാഹാരങ്ങൾ. ആദ്യത്തെ എ. അയ്യപ്പൻ പുരസ്കാരം, ഋതു പുരസ്കാരം, വി ബാലചന്ദ്രൻ സ്മാരക കവിതാ പുരസ്കാരം, മുത്താന സാംബശിവൻ സ്മാരക കവിതാ പുരസ്കാരം, യുവതാര പുരസ്കാരം തുടങ്ങിയവ നേടി. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരിൽ ആദ്യമായി മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. കവിതയാണ് ഭാര്യ,​ രണ്ടു മക്കൾ."

ആശംസകൾ അർപ്പിക്കുമ്പോൾ പറഞ്ഞത് ധർമ്മരാജൻ സാറിന്റെ കാവ്യമേഖല ഇനിയും കൂടുതൽ സജീവമാകട്ടെ എന്നാണ്. കോളേജ് അദ്ധ്യാപകർ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ പൊതുവെ എല്ലാവരും നല്ലൊരു വിശ്രമജീവിതം ആശംസിക്കാറാണ് പതിവ്. ഒട്ടുമിക്കവരും സമാന അവസ്ഥയിലാകാറുമുണ്ട്. പക്ഷെ,​ കലാ,​ സാഹിത്യ,​ സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമാകാൻ അവസരം ലഭിക്കുന്നവരാണ് സംഗീത കോളേജിലെ അദ്ധ്യാപകരും എഴുത്തുകാരും- പ്രത്യേകിച്ച് ഭാഷാദ്ധ്യാപകർ. ധർമ്മരാജൻ മാഷ് പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെ പല മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന സമയത്താണ് നമ്മെ വിട്ടുപിരിഞ്ഞത്. ആ സൗമ്യ വ്യക്തിത്വത്തിന്റെ ആകസ്മികമായ വേർപാടിൽ ആദരാഞ്ജലികൾ.

(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപികയാണ് ലേഖിക)​

TAGS: C
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.