
പ്രൊഫ. വി. ജഗന്നാഥപ്പണിക്കർ വിടവാങ്ങിയിട്ട് 24 വർഷം
ഒരു മകൾക്ക് ഏറ്റവും പ്രിയങ്കരനായ പുരുഷൻ ആരായിരിക്കും? സംശയലേശമെന്യേ എനിക്ക് പറയാൻ കഴിയും- അച്ഛൻ! വൈവാഹിക ജീവിതത്തിലേക്കു കടക്കുമ്പോൾ ഭർത്താവും, പിന്നീട് മക്കളും ആ ജീവിതത്തിൽ നിർണായക റോളുകളിലേക്ക് എത്തിച്ചേരുമെങ്കിലും ഒരു പെൺകുട്ടിയുടെ റോൾ മോഡൽ, വീരപുരുഷൻ എല്ലാം അച്ഛൻ തന്നെ. അതൊരു വലിയ കരുതലാണ്. ഏത് പ്രതിസന്ധിയിലും സംരക്ഷകനായി അച്ഛനുണ്ടെന്ന ബോദ്ധ്യം ഒരു മകളുടെ ആത്മവിശ്വാസമാണ്.
എല്ലാ ദിവസവും ഞാൻ അച്ഛനെ ഓർക്കും. അച്ഛൻ പറഞ്ഞ കാര്യങ്ങൾ, തെറ്റും ശരിയും പറഞ്ഞു പഠിപ്പിച്ചത്, അച്ഛന്റെ സ്നേഹലാളനകൾ.... എല്ലാം. കേരളത്തിലെ പൊതു മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. വി. ജഗന്നാഥപ്പണിക്കരാണ് എന്റെ അച്ഛൻ. ഒരു ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ എന്നിങ്ങനെ കർമ്മപഥങ്ങളിൽ തിളങ്ങിനിന്ന വ്യക്തിത്വം.
മകളെ കണ്ണിലുണ്ണിയായി വളർത്തിയ മഹർഷിയായ ജനക മഹാരാജാവിന്റെ കഥ വായിച്ചിട്ടുണ്ട് . സീതയെ ഉഴവുചാലിൽ നിന്നാണ് ലഭിച്ചതെങ്കിലും, ലാളിച്ചും ഓമനിച്ചുമാണ് ജനകൻ വളർത്തിയത്. ജനകജ എന്ന പേരും സീതയ്ക്ക് ലഭിച്ചു. പിന്നീട് സീതയുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകൾ എന്തായാലും, ഓർക്കാൻ അച്ഛനൊത്തുള്ള അഭിമാനപൂരിതമായ ഒരുകാലം അവർക്കുണ്ടായിരുന്നു.
ഒരു പെൺകുട്ടി ജനിക്കുമ്പോൾ അത് ആഹ്ളാദകരമായി കാണുന്ന മാതാപിതാക്കളുടെ നാടാണ് കേരളം. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മറിച്ചു കാണുന്നവരുമുണ്ട്. ആൺ- പെൺ വേർതിരിവില്ലാതെ മക്കളെ വളർത്തണം. എന്നെയും സഹോദരൻ ശിവജിച്ചേട്ടനെയും അച്ഛനും അമ്മയും ഒരുപോലെ കണ്ടാണ് വളർത്തിയത്. ഇന്ന് പെൺകുട്ടികളുടെ സുരക്ഷിതത്വം ഒരു കടങ്കഥയായി മാറുകയാണ്. എവിടെയെല്ലാം സ്ത്രീകൾ ആക്രമിക്കപ്പെടുന്നു! ട്രെയിനിൽപ്പോലും രക്ഷയില്ലാത്ത അവസ്ഥ. അടുത്തിടെ വർക്കലയിൽ, ട്രെയിനിൽ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. അതുപോലെ ഏതെല്ലാം മേഖലയിൽ പെൺകുട്ടികളും യുവതികളും; എന്തിന്, വൃദ്ധകൾപോലും ആക്രമിക്കപ്പെടുന്നു. സ്വസ്ഥമായി ജീവിക്കാൻ പറ്റിയ നാടാണ് കേരളം. ആ മഹിമ നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും പരിശ്രമിക്കണം.
അച്ഛനിലേക്കു വന്നാൽ, ഇക്കണോമിക്സിലും പൊളിറ്റിക്‌സിലും മാസ്റ്റർ ബിരുദം നേടിയയാളാണ് അച്ഛൻ. താരതമ്യേന ചെറുപ്രായത്തിൽത്തന്നെ കോളേജ് അദ്ധ്യാപകനായി. വലിയ സൗഹൃദങ്ങളുടെ ഉടമയായിരുന്നു. പ്രധാനമന്ത്രി മുതൽ പ്രമുഖ സാഹിത്യകാരന്മാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിൽപ്പെട്ടവരുടെ ഒരു പരിച്ഛേദം തന്നെ അതിലുണ്ടായിരുന്നു. മികച്ച ആതിഥേയനായിരുന്നു അദ്ദേഹം. അച്ഛനിൽ നിന്ന് അക്കാര്യത്തിലും മനസിലാക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
എല്ലാക്കാര്യങ്ങളിലും അച്ഛന് അച്ഛന്റേതായ ഒരു ശൈലിയും കാഴ്ചപ്പാടും ഉണ്ടായിരുന്നു. ഓരോ കാര്യവും വ്യത്യസ്തമായ കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കണമെന്ന് അച്ഛൻ പറയുമായിരുന്നു. നമ്മുടെ ഒരു ബുദ്ധിയും നിരീക്ഷണവും വേണം. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾചിലപ്പോൾ തെറ്റായെന്നും വരാം. സ്വതന്ത്രമായ ചിന്താഗതി പുലർത്തണമെന്ന് എപ്പോഴും പറയുമായിരുന്നു. വായനയുടെ കാര്യത്തിൽ അച്ഛൻ എന്നും എനിക്ക് അദ്ഭുതമായിരുന്നു. അവസാന നാളുകളിൽപ്പോലും പുസ്തകം വാങ്ങാൻ മദ്രാസിലെ പുസ്തകശാലകളിൽ പോയിരുന്നു. പുതിയ പുസ്തകം വന്നാൽ അത് വായിച്ചുതീർത്താലേ, അച്ഛന് സമാധാനമാവുകയുള്ളൂ.
പഠിക്കുവാനുള്ള വിഷയങ്ങളിൽ വായന ഒതുക്കരുതെന്ന് അച്ഛൻ എപ്പോഴും നിർദ്ദേശിച്ചു. വായിക്കുന്ന പുസ്‌തകങ്ങളിൽ എന്തെങ്കിലും സംശയമുണ്ടായാൽ അത് ചോദിക്കുന്നതായിരുന്നു അച്ഛന് ഏറ്റവും വലിയ സന്തോഷം. ലളിതമായി, ഗ്രഹിക്കാൻ കഴിയും വിധം അത് പറഞ്ഞു മനസിലാക്കിത്തരുമായിരുന്നു. അച്ഛന്റെയൊപ്പം ചെലവിട്ട ആ ദിനങ്ങളുടെ ഊഷ്മളത ഇന്നും എന്റെ ജീവിതത്തിൽ സുഗന്ധം ചാർത്തുന്നു. ആ സ്‌നേഹവാത്സല്യങ്ങളുടെ തണലിൽ വളർന്ന കാലം ജീവിതത്തിലെ അവിസ്‌മരണീയമായ കാലഘട്ടമായിരുന്നു. എന്റെ ഭാഗ്യമെന്നോണം, എന്നെ വിവാഹം ചെയ്ത മോഹൻ ചേട്ടനും (ജി. മോഹൻദാസ്) അച്ഛനോട് ആദരവു കലർന്ന അടുപ്പമായിരുന്നു. അച്ഛന്റെ സ്നേഹവും പിന്തുണയും തന്നെ വളരെ സ്വാധീനിച്ചതായി മോഹൻ ചേട്ടൻ എപ്പോഴും പറയും. ഞങ്ങളുടെ മക്കൾ മോഹൻ ചേട്ടനിൽ നിന്ന് അച്ഛനെക്കുറിച്ച് നന്നായി മനസിലാക്കി.
ജീവിതം ഒരു യാത്രയാണ്. ഇടവേളകളിൽ പലരായി വേർപിരിയുന്നു. അതിൽ അച്ഛനും അമ്മയും പോകുമ്പോൾ നമ്മൾ അനാഥരാകുന്നു. മറ്റാരുണ്ടെങ്കിലും അതുപോലെയാകില്ല. അവർക്കൊപ്പമുള്ളത് വാത്സല്യത്തിന്റെ കുളിർമഴ പെയ്ത കാലമാണ് . അത് ഒരിക്കലും നഷ്ടമാകരുതെന്ന് നമ്മൾ ആഗ്രഹിക്കും. പക്ഷെ, നിസ്സഹായരായി നോക്കിനിൽക്കാനേ നമുക്ക് കഴിയൂ. ഇന്നിപ്പോൾ കാൽ നൂറ്റാണ്ടോടടുക്കുന്നുവെങ്കിലും എല്ലാം ഇന്നലെയെന്നോളം മനസിൽ നിറഞ്ഞുനിൽക്കുന്നു. ആ ഓർമ്മകളുടെ തീർത്ഥയാത്രയിൽ ജീവിതം മുന്നോട്ടുപോകുന്നു. എങ്കിലും അച്ഛന്റെ വാത്സല്യം അനുഭവിച്ച മകളായി ആ പഴയ കാലത്തേക്ക് മടങ്ങിപ്പോകാൻ മോഹിച്ചു പോകുന്നു.
(പ്രൊഫ. വി. ജഗന്നാഥപ്പണിക്കരുടെ മകളും മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകയുമാണ് ലേഖിക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |