SignIn
Kerala Kaumudi Online
Friday, 28 November 2025 4.26 AM IST

മലയാള സിനിമ: നടി കേസിന് മുൻപും പിൻപും

Increase Font Size Decrease Font Size Print Page
s

കോളിളക്കം സൃഷ്ടിച്ച, നടി ആക്രമണക്കേസിൽ ഡിസംബർ എട്ടിന് വിധി വരാനിരിക്കുകയാണ്. പ്രേക്ഷകർ ജനപ്രിയ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച ദിലീപ് എന്ന ഗോപാലകൃഷ്ണനാണ് കേസിലെ എട്ടാംപ്രതി. കേസിന്റെ തീർപ്പ് ആർക്ക് അനുകൂലമാകുമെന്നതെല്ലാം വിധിക്ക് വിട്ടുകൊടുക്കാം. അപ്പീലുകളിൽ നിന്ന് അപ്പീലുകളിലേക്ക് വിഷയം നീണ്ടുപോയെന്നുമിരിക്കാം. അതേസമയം,സംഭവത്തിന്റെ മാറ്റൊലികൾ കഴിഞ്ഞ

എട്ടരവർഷത്തിനിടെ മലയാള ചലച്ചിത്രരംഗത്തുണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ്. അതാണ് ഈ കേസിന്റെ പ്രസക്തിയും...

ധുനിക കലാരൂപങ്ങളിൽ ഒന്നാം സ്ഥാനമാണ് സിനിമയ്ക്കുള്ളത്. ജനപ്രീതി കൊണ്ടും വിനോദോപാധിയെന്ന നിലയിലുള്ള സ്വാധീനശക്തി കൊണ്ടും. അതിനെല്ലാം പുറമേയാണ് സിനിമയുടെ സാമ്പത്തിക ശാസ്ത്രം. നാലു നല്ല സിനിമകൾ കിട്ടിയാൽ മതി ജീവിതം ഏറെക്കുറെ ഭദ്രമാകാൻ. രണ്ടു സിനിമകൾ പൊട്ടിയാൽ ബന്ധപ്പെട്ട വ്യക്തികൾക്ക് അത് ദുരന്തമാവുകയും ചെയ്യും. അതിനാൽ സിനിമയിൽ നിലനിൽക്കുന്നവരെല്ലാം സദാ ജാഗരൂകരാണ്. തട്ടുകേടു പറ്റിയാൽ വീഴ്ച പടുകുഴിയിലാകും. അതിനാൽ അവസരങ്ങൾ വെട്ടിപ്പിടിക്കുകയും തടസമുണ്ടാക്കുന്നവരെ വെട്ടി നിരത്തുകയുമായി നയം. പ്രേക്ഷക പിന്തുണ വേണ്ടത്രയില്ലാത്തവർ കുടില തന്ത്രങ്ങളിലൂടെ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു. സംഘടനകൾ കൂടി വന്നതോടെ പിടിച്ചുനിൽക്കാൻ എളുപ്പമാർഗമെന്ന നിലയിൽ ഭരണസമിതിയിൽ കടന്നുകൂടി. അങ്ങനെ കളിച്ചും പൊരുതിയുമെത്തിയവർ അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റിലായി. ഉള്ളിലെ വിരോധങ്ങൾ മാറ്റിവച്ച് കെട്ടിപ്പിടിച്ചു, പൊട്ടിച്ചിരിച്ചു. ഇവർ പവർഗ്രൂപ്പുകളായി മാറി. പവർഗ്രൂപ്പിലെ അംഗങ്ങളില്ലാതെ സിനിമയില്ലെന്ന നിലവന്നു. സിനിമയുടെ കാസ്റ്റിംഗ് മുതൽ പ്രദർശനം വരെ നിയന്ത്രിക്കുന്നത് താര രാജാക്കന്മാരാണെന്നു വന്നു. ചെറുമീനുകളും വിയോജിപ്പു പ്രകടിപ്പിക്കുന്നവരും ഫീൽഡ് ഔട്ടായി. തൊണ്ണൂറുകൾ മുതൽ ഈ നിലയിൽ പോയിരുന്ന സിനിമാ വ്യവസായത്തിൽ പെട്ടെന്നൊരു ഗതിമാറ്റമുണ്ടാക്കിയ സംഭവമായിരുന്നു യുവനടിക്ക് നേരെയുണ്ടായ ആക്രമണം. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഡിസംബർ എട്ടിന് വിധി വരാനിരിക്കുകയാണ്. കേസ് കേസിന്റെ വഴിക്ക് പോകും. എന്നാൽ മലയാള സിനിമിയിൽ അതുണ്ടാക്കിയ മാറ്റങ്ങൾ വലുതാണ്. നടി കേസിന് മുൻപും പിൻപും എന്നവിധം സിനിമയെ തരംതിരിക്കാവുന്ന നിലയിലാണ് കാര്യങ്ങൾ.

വനിതകളുടെ കൂട്ടായ്മ

നടിയെ ആക്രമിച്ച കേസിന് പിന്നാലെ താരസംഘടനയായ 'അമ്മ"യിൽ ഭിന്നത രൂക്ഷമായിരുന്നു. പുരുഷകേസരികൾ വേട്ടക്കാർക്കൊപ്പം നിൽക്കുന്നതായി ആരോപണമുണ്ടായി. യോഗത്തിൽ ശബ്ദമുയർത്തിയ പെൺതാരങ്ങളെല്ലാം അനഭിമതരായി. അതിജീവിതയായ നടി ഒറ്റപ്പെട്ടു. പൃഥ്വിരാജും ആസിഫ് അലിയുമടക്കം ചിലർ മാത്രം പിന്തുണച്ചു. ദിലീപിന്റെ ആദ്യ ഭാര്യയും കേസിലെ സാക്ഷിയുമായ മഞ്ജു വാര്യർ വിഷമവൃത്തത്തിലായി. റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നടിമാർ 'അമ്മയിൽ" നിന്നകന്നു. ഇവരും സിനിമാ ബന്ധമുള്ള ആക്ടിവിസ്റ്റുകളും ചേർന്ന് സ്വതന്ത്ര സംഘടനയായ 'വിമൻ ഇൻ സിനിമ കളക്ടീവ് " എന്ന സ്വതന്ത്ര സംഘടനയുണ്ടാക്കി. പുരുഷാധിപത്യം നടമാടുന്ന സിനിമാ മേഖലയിൽ ഇത് ചരിത്രമായി. മറ്റു സംസ്ഥാനങ്ങളിലും ഈ മാതൃകയിൽ കൂട്ടായ്മകളുണ്ടായി. അതിജീവിത നിയമപ്പോരാട്ടവുമായി ഏതറ്റം വരേയും പോകുമെന്ന് പ്രഖ്യാപിച്ചു. സ്വയം വെളിപ്പെടുത്തി രംഗത്തുവരുകയും ചെയ്തു. ഡബ്ല്യൂ.സി.സി കട്ടയ്ക്കു കൂടെനിന്നു. വിനിതാ കൂട്ടായ്മയുടെ പോരാട്ടം ഈ കേസിൽ മാത്രം ഒതുങ്ങിയില്ല. മലയാള സിനിമയിൽ ഒരു മാറ്റത്തിന്റെ തുടക്കമിടുന്നതിലേക്ക് കാര്യങ്ങളെത്തി. സർക്കാരിനും പരിഹാരക്രിയ ചെയ്യേണ്ടി വന്നു.

ഹേമ കമ്മിറ്റി

സിനിമയിൽ വനിതകൾ നേരിടുന്ന പീഡനങ്ങൾ ചർച്ചയായിക്കൊണ്ടിരുന്നു. ചോർന്നുകിട്ടുന്ന വിവരങ്ങളായി പലതും പുറത്തുവന്നു. വെളിച്ചത്തുവരാനും പരാതി നൽകാനും ഇരകൾ ഭയന്നു, ഭീഷണികൊണ്ട് വിറച്ചു. തുടർന്ന് വനിതാ സംഘടനകളുടെ അടക്കം സമ്മർദ്ദഫലമായിട്ടാണ് സർക്കാർ ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ സെറ്റുകളിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരം നിർദ്ദേശിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ തങ്ങൾ നേരിട്ട പീഡനങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും പല സ്ത്രീകളും മൊഴി നൽകിയതോടെ കളി മാറി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അടയിരുന്നു. ഒരു വരി പോലും പുറത്തുവിടാതെ ഒളിപ്പിച്ചു. ഒടുവിൽ വിവരാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് നാലര വർഷത്തിന് ശേഷം റിപ്പോർട്ടിലെ ഏതാനും പേജുകൾ പുറത്തുവിട്ടു. ഇതുപോലും പ്രകമ്പനമുണ്ടാക്കി. എതിർത്തും അനുകൂലിച്ചും ഹർജികൾ ഹൈക്കോടതിയിലെത്തി. കോടതി വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഇതിനിടെ പല നടിമാരും വെളിപ്പെടുത്തലുമായി രംഗത്തെത്തി. സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പ്രമുഖ നടന്മാരടക്കം കേസിൽ കുടുങ്ങി.

നയരൂപീകരണം

സിനിമയെന്ന തൊഴിലിടം വനിതാ സൗഹൃദമാക്കുന്ന പരിഷ്കാരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രണ്ടാംഭാഗം. ആരോപണപ്രത്യാരോപണങ്ങൾ അന്വേഷിക്കുന്നതിനേക്കാൾ പ്രധാനം പുതിയ തൊഴിൽ സംസ്കാരമുണ്ടാക്കുകയാണെന്ന് വലിയൊരു വിഭാഗം വനിതകളും അഭിപ്രായപ്പെട്ടു. സിനിമാ രംഗത്ത് ഇതിന് അനുസൃതമായ നയം രൂപീകരിക്കാനും തുടർന്ന് നിയമ നിർമ്മാണം നടത്താനും സർക്കാർ തീരുമാനിച്ചു. ഇക്കാര്യത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകാൻ ഹൈക്കോടതിയും തയ്യാറായി. അഭിപ്രായങ്ങൾ സ്വരൂപിക്കാൻ സർക്കാർ സിനിമാ കോൺക്ലേവ് നടത്തുകയും ചെയ്തു. തുടർന്ന് കരട് നയം തയാറാക്കിയിട്ടുണ്ട്. അന്തിമ നയരൂപീകരണത്തിനു ശേഷം സിനിമാ നിയമ നിർമ്മാണം അടുത്ത നിയമസഭാ സമ്മേളനത്തിലുണ്ടാകും.

ഹേമ കമ്മിറ്റിക്ക് പിന്നാലെ വന്ന കേസുകൾ സിനിമാ രംഗത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സിദ്ദിഖ് അറസ്റ്റിലായതോടെ 'അമ്മ" നേതൃത്വം പ്രതിരോധത്തിലാവുകയും കൂട്ടരാജിക്ക് മുതിരുകയും ചെയ്തു. മാസങ്ങൾക്ക് ശേഷം ഒരു വനിത നയിക്കുന്ന ഭരണസമിതിയെ താരസംഘടന തിരിഞ്ഞെടുത്തുവെന്നതും വിപ്ലവകരമായ മാറ്റമായി. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന നാൽപതോളം കേസുകൾ ക്രമേണ ദുർബലമായി. പ്രത്യേക അന്വേഷണ സംഘത്തിന് പണിയില്ലാതായി. സിനിമ വീണ്ടും പവർ ഗ്രൂപ്പുകളിലേക്ക് നീങ്ങിത്തുടങ്ങി. അതിനിടയിലാണ് ഡിസംബർ 8ന് നടിയെ ആക്രമിച്ച കേസിന്റെ വിധിവരുന്നത്. സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കേസാണിത്. എട്ടര വർഷത്തിനുശേഷം വിധി വരുമ്പോൾ ഇതിന്റെ ഇംപാക്ട് എന്തെന്നത് അതീവ നി‌ർണായകമാകും.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.