
കേരളത്തിൽ മാറിമാറി വരുന്ന ധനകാര്യമന്ത്രിമാർ പറയുന്ന തഗ്ഗ് ഡയലോഗുണ്ട്. പണം വരുത്താനുള്ള മാന്ത്രിക വടിയൊന്നും കൈവശമില്ലെന്നാണ് അവർ പറയുക. അല്ലെങ്കിൽ മുണ്ടുമുറുക്കിയുടുക്കണമെന്ന ഉപദേശം പതിവായി പറഞ്ഞുകൊണ്ടിരിക്കും. കാരണം ദാരിദ്ര്യവും പട്ടിണിയുമാണ് കാലാകാലങ്ങളായി പൊതു ധനവിനിയോഗത്തിന്റെ മുഖമുദ്ര. വിഭവങ്ങളും വിഭവസമാഹരണവും ഇവിടെ ദയനീയം. എത്ര ബോധവത്കരിച്ചിട്ടും സ്വന്തം കാലിൽ നിൽക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുന്നില്ല. ഉപഭോഗ സംസ്ഥാനമായി തുടരുകയാണ് ഇവിടം. ചെറുപ്പക്കാർ അക്കരപ്പച്ച തേടി നാടുവിടുന്നു. കടവും കടത്തിന്റെ കൂടും എന്നു പറയുന്നതുപോലെയാണ് ഖജനാവിന്റെ സ്ഥിതി.
സർക്കാർ മാറുമ്പോൾ ഖജനാവ് കാലിയാക്കി പോകുന്നതായിരുന്നു രീതി. ഇതിനൊരു വ്യത്യാസമുണ്ടാക്കാൻ ശ്രമിച്ചത് സാമ്പത്തിക വിദഗ്ദ്ധനായ ഡോ. തോമസ് ഐസക് ധനമന്ത്രിയായപ്പോഴാണ്. അദ്ദേഹം പറഞ്ഞ ധനതത്വശാസ്ത്രങ്ങൾ സാധാരണക്കാർക്കൊന്നും മനസിലായില്ലെങ്കിലും വിശ്വാസമർപ്പിച്ചു. അങ്ങനെ ഐസക് കൊണ്ടുവന്ന മാന്ത്രിക വടിയായിരുന്നു കിഫ്ബി. ശൂന്യതയിൽ നിന്ന് പണം കണ്ടെത്തി വികസനം കൊണ്ടുവരാനുള്ള മന്ത്രച്ചെപ്പ്. അതിന്റെ ഭാഗമായി പല പദ്ധതികളും പ്രഖ്യാപിച്ചു. പല ധനസമാഹരണ മാർഗങ്ങളും അവലംബിച്ചു. അതിൽ പ്രധാനമായിരുന്നു മസാല ബോണ്ട്. കടിച്ചാൽ പൊട്ടാത്ത ബോണ്ട പോലെയായിരുന്നു ജനങ്ങളെ സംബന്ധിച്ച് ഇതിന്റെ സാമ്പത്തിക വശങ്ങളെങ്കിലും ലക്ഷ്യം ഏറെക്കുറെ നടപ്പായി. ചട്ടലംഘനം, ഉയർന്ന പലിശ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നെങ്കിലും സർക്കാരിന് യാതൊരു കുലുക്കവുമുണ്ടായില്ല. ഈ അവസരത്തിലാണ് മസാല ബോണ്ട് കേന്ദ്രസർക്കാരിന്റെ വജ്രായുധമായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ണിൽ കൊരുത്തത്. വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടായെന്ന് കാണിച്ച് കിഫ്ബി തലപ്പത്തള്ളുള്ളവരെ ചോദ്യം ചെയ്യുകയും തോമസ് ഐസക്കിന് നോട്ടീസയയ്ക്കുകയും ചെയ്തതോടെ കോളിളക്കമായി. വിഷയം വിവിധ കോടതികളിലുമെത്തി. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊടുന്നനേ നീക്കങ്ങളെല്ലാം മരവിച്ചു. ഇപ്പോൾ തദ്ദേശതിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, സാക്ഷാൽ മുഖ്യമന്ത്രിക്ക് തന്നെ കാരണംകാണിക്കൽ നോട്ടീസ് നൽകിക്കൊണ്ട് ഇ.ഡി ഈ കേസ് സജീവമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസുകൾക്ക് വീണ്ടും അനക്കം വച്ചുവെന്നും ശ്രദ്ധേയമാണ്.
സമൻസും പ്രശ്നങ്ങളും
മസാല ബോണ്ട് കേസിൽ ഇ.ഡി അന്വേഷണം ചോദ്യംചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾബെഞ്ച് വിധി പറയാൻ മാറ്റിയത് 2024 ജൂലായിലാണ്. എന്നാൽ വിധിപറയാതെ ഒരുവർഷം ഫ്രീസറിലായ കേസിൽ ഇപ്പോൾ അപ്ഡേഷനുകൾ വന്നുതുടങ്ങിയിരിക്കുകയാണ്. വിധി പറയുന്നതിന്റെ ഭാഗമായി വ്യക്തതവരുത്തുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമലംഘനമുണ്ടോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. എന്നാൽ ഇത്തരമൊരു അന്വേഷണത്തിന് ഇ.ഡി.യ്ക്ക് അധികാരമില്ലെന്നതടക്കമുള്ള വാദമാണ് ഹർജിക്കാർ ഉന്നയിച്ചത്.
സമൻസ് പ്രകാരം കിഫ്ബി ഉദ്യോഗസ്ഥർ ഹാജരായിരുന്നെങ്കിലും തോമസ് ഐസക് ഒരു തവണപോലും ഇ.ഡിക്ക് മുമ്പാകെ എത്തിയില്ല.
മൊഴി നൽകാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി.നിരന്തരം സമൻസ് നൽകിയതിന് പിന്നാലെയാണ് കിഫ്ബിയും തോമസ് ഐസക്കും കഴിഞ്ഞവർഷം ഹൈക്കോടതിയെ സമീപിച്ചത്.
കിഫ്ബിക്ക് വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കാൻ അധികാരമില്ലെന്നാരോപിച്ച് 5വർഷം മുമ്പ് സമർപ്പിച്ച ഹർജിക്കും ഇപ്പോൾ അനക്കം വച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി എം.ആർ. രഞ്ജിത് കാർത്തികേയൻ 2020ൽ ഫയൽ ചെയ്ത ഈ ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹർജി കഴിഞ്ഞദിവസം എത്തിയെങ്കിലും നേരത്തെ മറ്റൊരു ബെഞ്ചിലേക്ക് വിട്ടത് കണക്കിലെടുത്ത് ഒഴിവാകുകയായിരുന്നു.
മസാല ബോണ്ട് പുറപ്പെടുവിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള അധികാരം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഹർജി തള്ളണമെന്നാണ് സർക്കാർ വാദിച്ചത്. എന്നാൽ ഇവിടെ വിഷയം വ്യത്യസ്തമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതടക്കം പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി നിലപാടെടുത്തു. ഈ വിഷയവും കോടതിയിൽ അങ്ങനെ സജീവമാവുകയാണ്.
വികസനത്തിന്റെ പേരിൽ
മസാല ബോണ്ട് വഴി വിദേശത്തുനിന്ന് സമാഹരിച്ച തുകയിൽ ഒരു ഭാഗം കിഫ്ബി സ്ഥലം വാങ്ങാൻ വിനിയോഗിച്ചത് വിദേശ നാണയ വിനിമയച്ചട്ടത്തിന്റെയും റിസർവ് ബാങ്ക് നിർദ്ദേശങ്ങളുടെയും ലംഘ നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് എ ൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതോടെ വിഷയത്തിന് വലിയ രാഷ്ട്രീയമാനം കൈവന്നു. എന്നാൽ മുഖ്യമന്ത്രി ഇ.ഡി ഓഫീസിൽ ഹാജരാകേണ്ടതില്ല. കിഫ്ബി ഉദ്യോഗസ്ഥരോ അഭിഭാഷകരോ വഴി വിശദീകരണം നൽകിയാൽ മതിയാവും. 2019ൽ സമാഹരി ച്ച 2,672.80 കോടി രൂപയിൽ 466.91 കോടി ഭൂമിവാങ്ങാൻ ചെലവഴിച്ചിരുന്നു. ഇതാണ് നോട്ടീസിന് കാരണമായത്.
കിഫ്ബി ചെയർപേഴ്‌സൺ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് നൽകിയത്. വൈസ് ചെയർപേഴ്സണായ തോമസ് ഐസക്കിനും സി.ഇ.ഒ കെ.എം. എബ്രഹാമിനും ഇതോടൊപ്പം നോട്ടീസുണ്ട്.
ഇന്ത്യൻ കറൻസി മുഖവിലയിലാക്കി വിദേശത്ത് വിൽക്കുന്ന കടപ്പ ത്രമാണ് മസാല ബോണ്ട്. 2019 മാർച്ച് 26ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി ബോണ്ട് ഇറക്കി. സർക്കാരാണ് ജാമ്യം നിന്നത്. സംഭവം വിവാദമായതോടെ
2021ൽ ഇ.ഡി അന്വേഷണം ആരംഭിച്ചു.
അഞ്ചു വർഷമായിരുന്നു മസാല ബോണ്ടിന്റെ കാലാവധി. മുതലും പലിശ യും ഉൾപ്പെടെ 3195 കോടിരൂപ
കിഫ്ബി തിരിച്ചടച്ചു. റോഡ്, റെയിൽ തുടങ്ങിയ അടിസ്ഥാന വികസനത്തിന് വേണ്ടിയാണ് ഇതിൽ നിന്ന് ഫണ്ട് വിനിയോഗിച്ചതെന്നും ചട്ടലംഘനമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. വികസനത്തിന് വേണ്ടിയാണ് തുക ചിലവിട്ടതെന്ന് ഇ.ഡി. നോട്ടീസിൽ നിന്നു തന്നെ വായിച്ചെടുക്കാവുന്ന സാഹചര്യത്തിൽ ആർക്കാണ് ഇത്ര അസൂയയെന്ന് സൈബർ സഖാക്കളും ചോദിക്കുന്നു. ഏതായാലും മുഖ്യമന്ത്രിയടക്കം കക്ഷികളായ സാഹചര്യത്തിൽ മസാല ബോണ്ട് വിഷയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അന്തരീക്ഷത്തിൽ പറക്കുമെന്നുറപ്പ്. ആരുടെ ഭാഗമാണ് ശരിയെന്ന കോടതി തീരുമാനവും അതിനിടെ തന്നെ പുറത്തുവന്നേക്കും. ഹൈക്കോടതി ബെഞ്ചുകളിലെ തീരുമാനം എന്തുതന്നെയായാലും അപ്പീലുകൾക്ക് സാദ്ധ്യതയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |