SignIn
Kerala Kaumudi Online
Thursday, 05 March 2026 1.56 AM IST

തൊഴിലില്ലായ്മ ഭീഷണിയാകുമ്പോൾ

Increase Font Size Decrease Font Size Print Page
ss

ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയിൽ ആവശ്യമായ തൊഴിൽ സൃഷ്‌ടിക്കുന്നത് കനത്ത വെല്ലുവിളിയായി തുടരുകയാണ്. ഇന്ത്യയുടെ ശക്തമായ വളർച്ചയെയും സാമ്പത്തിക സൂചകങ്ങളെയും പല പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളും പ്രശംസിച്ചിട്ടുണ്ടെങ്കിലും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന കാര്യത്തിൽ രാജ്യത്തിന്റെ പ്രകടനം ഏറെക്കുറെ അസ്ഥിരമാണ്. വിദ്യാഭ്യാസമുണ്ടെങ്കിലും അതിനനുസൃതമായ തൊഴിൽ ലഭിക്കാത്തതാണ് യുവ തലമുറ അലട്ടുന്ന പ്രശ്നം. രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന തരത്തിൽ പല പഠനങ്ങളും സമീപ കാലത്ത് പുറത്തു വന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്നതും രാജ്യത്തിന്റെ പുരോഗതിയെ പുറകോട്ടടിക്കാൻ കാരണമാകുന്നുണ്ട്.

2026 ജനുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 5.0 ശതമാനമായാണ് വർദ്ധിച്ചത്. 2025 ഡിസംബറിൽ ഇത് 4.8 ശതമാനം ആയിരുന്നു. ഗ്രാമീണ മേഖലയിൽ 4.2, നഗര പ്രദേശങ്ങളിൽ 7.0 ശതമാനവുമായാണ് തൊഴിലില്ലായ്മ നിരക്ക് ഉയർന്നത്. സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് നഗരങ്ങളിൽ 9.8 ശതമാനമായി ഉയയയർന്നു. അതേസമയം ഗ്രാമങ്ങളിൽ 4.3% ആയും ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻ.എസ്.ഒ) ആണ് കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ (പി.എൽ.എഫ്.എസ്) അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, 2025 അവസാനവും 2026ന്റെ തുടക്കവും വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള രണ്ടാം സ്ഥാനത്താണ് കേരളം. ആദ്യ സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന്റെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഏകദേശം 7.0 ശതമാനം മുതൽ 8.0 ശതമാനം വരെയാണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. സംസ്ഥാനത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കും ഉയരുകയാണ്.
യുവാക്കളുടെ തൊഴിൽ പുരോഗതിയ്ക്കും അഭിലാഷങ്ങൾക്കും അനുസൃതമായ തൊഴിലവസരങ്ങൾ കേരളത്തിൽ പൊതുവെ കുറവാണ്. ഉന്നത കോഴ്സുകൾ ജയിച്ച് പുറത്തിറങ്ങുന്നവരുടെ നൈപുണ്യക്കുറവ് തൊഴിലില്ലായ്മയുടെ മറ്റൊരു പ്രധാന കാരണമാണ്. പ്രതിവർഷം ഏകദേശം 50,000ത്തോളം പേർ പഠനത്തിനായി പുറം രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം ആളുകളും തിരച്ച് മടങ്ങി വരാറില്ല. പഠന ശേഷം അവിടെത്തന്നെ ജോലി കണ്ടെത്തി താമസിക്കുകയാണ് ചെയ്യുന്നത്. നാട്ടിൽ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് ഇതിൽ ഭൂരിഭാഗവും. കഴിവുളളവർക്ക് മികച്ച ജോലിയും ഉയർന്ന ശമ്പളവും വിദേശ രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്. വ്യവസായ മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള പാഠ്യ പദ്ധതി, സെമസ്റ്റർ ഇടവേളകളിൽ നിർബന്ധിത പ്രായോഗിക പരിശീലനം തുടങ്ങിയ പരിഷ്‌കരണങ്ങളാണ് അക്കാദമിക, ഇൻഡസ്ട്രി വിദഗ്ദ്ധർ ഇതിനായി നിർദ്ദേശിക്കുന്നത്.

ഏറ്റവുമധികം അന്യ സംസ്ഥാനത്തൊഴിലാളികൾ തൊഴിൽ അന്വേഷിച്ചെത്തുന്നത് കേരളത്തിലാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം നിലവിൽ 35 മുതൽ 40 ലക്ഷം വരെയാണ്. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, യു.പി, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, സിക്കിം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിലേറെയും. 2013ൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കേരളത്തിൽ 25 ലക്ഷം അതിഥി തൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2013ൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കേരളത്തിൽ 25 ലക്ഷം അതിഥി തൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, കേന്ദ്രസർക്കാർ നിഷ്‌ക്കർഷിക്കുന്ന തൊഴിലില്ലായ്മ എന്നതിന്റെ നിർവചനം കേരളത്തിന് ബാധകമാകില്ലെന്നാണ് കേരള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ചെയർമാൻ ഡോ.എസ്. ഇറുദയരാജൻ പറയുന്നത്. കേരളത്തിൽ തൊഴിലുള്ളത് കൊണ്ടാണല്ലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഇവിടേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തൊഴിലന്വേഷകരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയാണ്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ള ജില്ല കാസർഗോടാണ്. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത, വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവും തൊഴിലില്ലായ്മയുടെ കാരണമാണ്.

രാജ്യത്ത് അഭ്യസ്ത വിദ്യരുടെ എണ്ണം വർദ്ധിച്ചതിനനുസൃതമായി തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല. സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മക പദ്ധതികൾ ഉണ്ടാവണം. മനുഷ്യ ശേഷി ക്രിയാത്മകമായി ഉപയോഗിക്കാനാകുന്ന നയങ്ങൾ രൂപപ്പെടുത്തേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വലിയ ഉത്തരവാദിത്വമാണെന്ന കാര്യം മറന്നുകൂടാ. തൊഴിലില്ലായ്മ നിലനിൽക്കുമ്പോഴും ഒഴിഞ്ഞ് കിടക്കുന്ന സർക്കാർ തസ്തികകൾ ഏറെയാണ്. ഇവ യുവ ജനതയോടുള്ള ക്രൂരതയാണ്. കൃത്യമായി നിയമനം നടത്തിയാൽ വലിയൊരു വിഭാഗം തൊഴിലില്ലായ്മയും പരിഹരിക്കാം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സർക്കാർ നൈപുണ്യ വികസന പരിപാടികൾ, സ്വയം തൊഴിൽ വായ്പകൾ, തൊഴിൽ മേളകൾ എന്നിവ നടപ്പിലാക്കുന്നുണ്ട്. ഇനിയും ഇവ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതും അനിവാര്യമാണ്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.