
പറമ്പുകളെല്ലാം വെട്ടിത്തെളിക്കുമ്പോൾ മുളങ്കൂട്ടങ്ങളെ വെറുതേ വിടുക. മുളയ്ക്ക് വിപണന സാദ്ധ്യത കൂടുകയാണ്. കുറച്ചുവിശാലമായ പറമ്പുണ്ടെങ്കിൽ മുള വളർത്തി ലാഭമുണ്ടാക്കാം. മുളയെ ആസ്പദമാക്കിയുള്ള ദേശീയ സമ്മേളനത്തിനിടെ കേരള വന ഗവേഷണ കേന്ദ്രവും (കെ.എഫ്.ആർ.ഐ.) ഒഡീഷ ബാംബൂ വികസന ഏജൻസിയുമായി ധാരണാപത്രം കൈമാറിയതോടെ മുള ഉത്പാദനത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് സാദ്ധ്യതയേറുകയാണ്.
നട്ടു കഴിഞ്ഞാൽ തിരിഞ്ഞുനോക്കേണ്ട, പരിപാലനച്ചെലവ് തുച്ഛം, കീടബാധയില്ല... അങ്ങനെ നിരവധി സവിശേഷതകൾ മുളയ്ക്കുണ്ട്. മുള വളർത്തിയാൽ പണമുണ്ടാക്കാമെന്ന് മാത്രമല്ല പരിസ്ഥിതിക്കും ഗുണകരമാണ്. ശാസ്ത്രീയ അറിവുകൾ പരസ്പരം പങ്കിടാനാണ് ദീർഘകാല ധാരണാപത്രം. മുള ഉത്പാദനത്തിൽ ഏറെ മുന്നിലുളള ഒഡീഷയിലെ സാദ്ധ്യതകളും കെ.എഫ്.ആർ.ഐയുടെ ഗവേഷണ സാങ്കേതിക വൈദഗ്ദ്ധ്യവും ഇക്കാര്യത്തിൽ തുണയാകും.
മുള സംസ്‌കരണം, കരകൗശല ഫർണിച്ചർ ഉത്പാദനം, ഉത്പന്നങ്ങളുടെ രൂപകൽപ്പന, ആധുനിക സംസ്‌കരണ രീതികൾ എന്നിവയിൽ പരിശീലനം നൽകി വരുമാനമുറപ്പാക്കുകയാണ് ലക്ഷ്യം. ഒഡീഷയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഉയർന്ന ഇനങ്ങൾക്കായുള്ള നഴ്‌സറി രീതികൾ, സൂക്ഷ്മ ഉത്പാദനരീതികൾ എന്നിവയിലെ അറിവ് പങ്കിടാനാകും. കരകൗശല വിദഗ്ദ്ധർ, സ്വയം സഹായ സംഘങ്ങൾ, ഗോത്ര സമൂഹങ്ങൾ, സാങ്കേതിക ജീവനക്കാർ എന്നിവർക്കായി പരിശീലന പരിപാടികൾ നടക്കും. ഒഡീഷയിലെ പരിസ്ഥിതി മന്ത്രി ഗണേഷ് റാം ഷിൻകുന്തിയുടെ സാന്നിദ്ധ്യത്തിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്.വാര്യരും ഒഡീഷ ബാംബൂ വികസന ഏജൻസി മിഷൻ ഡയറക്ടർ വി.കാർത്തികുമാണ് ഈയിടെ ധാരണാപത്രം കൈമാറിയത്.
അരയേക്കറിൽ ലക്ഷം വരുമാനം
അരയേക്കറിൽ നൂറിലേറെ മുളകൾ നടാം. തൃശൂർ പീച്ചയിലുളള കെ.എഫ്.ആർ.ഐയിൽ നിന്നും മുളകൾ ലഭിക്കും. മൂന്ന് വർഷത്തിന് ശേഷം വിളവെടുക്കാം. ഒരു മുളയ്ക്ക് കുറഞ്ഞത് നൂറ് രൂപ ലഭിക്കും. ലക്ഷത്തോളം വരുമാനവും കിട്ടും. ഒന്നിൽനിന്ന് പൊട്ടിമുളച്ച് പത്തിലേറെ മുളകളുണ്ടാകും. വേഗത്തിൽ വളരും. 50 വർഷം വരെ വിളവെടുക്കാവുന്ന ഇനങ്ങളുണ്ട്. പേപ്പർ പൾപ്പിനും അലങ്കാരത്തിനും ഫർണിച്ചറിനും ഡിമാൻഡ് കൂടിയിട്ടുമുണ്ട്. കരാറുകാർ വഴി വിൽക്കാം. അഗർബത്തി നിർമ്മാണത്തിനും മുള ഉപയോഗിക്കുന്നുണ്ടെന്ന് കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി.ബി.ശ്രീകുമാർ പറയുന്നു. ലാത്തിമുള, ആസ്പർ, ബിലാത്തിമുള, സ്റ്റോക്‌സി, ടൂൾഡ, ആനമുള തുടങ്ങിയവ കേരളത്തിന് അനുയോജ്യമാണ്.
വായുവിന്റെ കൂട്ടുകാരൻ, മണ്ണിന്റെയും
മുളകൾ അന്തരീക്ഷത്തിലെ ഓക്‌സിജൻ അളവ് കൂട്ടുമെന്നാണ് പറയുന്നത്. മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിട്ട് മണ്ണിടിച്ചിലും പ്രളയവുമെല്ലാം ഒരു പരിധിവരെ തടയും. ഉരുൾപൊട്ടൽ സാദ്ധ്യത കുറയ്ക്കാനും നദീതീരം ഇടിയുന്നതിനെ തടയാനുമാകും. ഖരമാലിന്യങ്ങളും ഹാനികരമായ മൂലകങ്ങളുമുള്ള വെള്ളത്തെ ശുദ്ധീകരിക്കും. കേരളത്തിൽ സ്വാഭാവികമായുള്ള മുള്ള് മുളകൾ കാട്ടിനുള്ളിൽ നട്ടുപിടിപ്പിച്ചാൽ കാട്ടാന ശല്യം കുറയും. മുളകളുടെ കൂമ്പും അരിയും വന്യമൃഗങ്ങൾക്കും മനുഷ്യർക്കും ഒരു പോലെ ഗുണകരം. ഒഡീഷയുമായി സാങ്കേതിക വിദ്യ കൈമാറുന്നതോടെ വ്യത്യസ്ത മുള ഇനങ്ങളുടെ ഗുണ നിലവാരം, ഈട്, വിപണി, മത്സരക്ഷമത എന്നിവ മെച്ചപ്പെടുത്താനാകുമെന്നും കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ്.വാര്യർ പ്രതീക്ഷ പങ്കുവെയ്ക്കുന്നു.
വരും തലമുറയിലും സന്ദേശമെത്തട്ടെ
പ്രകൃതിപാഠങ്ങളും സസ്യജാലങ്ങൾ കൊണ്ടുളള പാരിസ്ഥിതിക-സാമ്പത്തിക നേട്ടങ്ങളും ആദ്യം അറിയേണ്ടത് പുതുതലമുറയാണ്. മുള മാത്രമല്ല, നമ്മുടെ വനസമ്പത്തിൻറെ അപാരസാദ്ധ്യതകൾ തിരിച്ചറിഞ്ഞ് പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങാൻ വിദ്യാർത്ഥി സമൂഹം തയ്യാറായാൽ വലിയ മാറ്റമുണ്ടാകും. സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇക്കോ കേഡറ്റുകളായി നിയോഗിക്കാൻ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്റ്റുഡന്റ് പൊലീസ് മാതൃകയിലാണിത്. അടുത്ത അദ്ധ്യയന വർഷം മുതൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കാനാണ് ശ്രമം. എറണാകുളം, തൃശൂർ, കാസർകോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാകും ആദ്യഘട്ടം.
ഫോറസ്ട്രി ക്ലബുകളിൽ അംഗങ്ങളായ ഏഴ്, എട്ട്, ഒൻപത് ക്‌ളാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയാണ് കേഡറ്റുകളാക്കുക. ഈ ജില്ലകളിൽ നിന്ന് 20 വീതം 100പേരെയാകും തിരഞ്ഞെടുക്കുക. പച്ച നിറത്തിലുള്ള പാന്റ്‌സും കാക്കി ഷർട്ടുമാകും യൂണിഫോം. ബാഡ്ജും തൊപ്പിയുമുണ്ടാകും.സ്കൂളുകളിൽ നോഡൽ ഓഫീസർമാരേയും നിയമിച്ചേക്കും. വിദ്യാഭ്യാസ വകുപ്പുമായുള്ള ഉന്നതതല ചർച്ച പൂർത്തിയായി. അടുത്തഘട്ടത്തിൽ എയ്ഡഡ് സ്‌കൂളുകളെയും പരിഗണിക്കും. 11 വർഷം മുൻപ് പദ്ധതി തുടങ്ങാനിരുന്നതാണ്. തുക അനുവദിച്ചെങ്കിലും പല കാരണങ്ങളാൽ നടപ്പായില്ല.
ഗ്രേസ് മാർക്കും പരിഗണിച്ചേക്കും
പരിസ്ഥിതി അവബോധം നൽകി വിദ്യാർത്ഥികളെ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനായുള്ള ബ്രാൻഡ് അംബാസഡർമാരാക്കുകയാണ് ലക്ഷ്യം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണന നൽകും. കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് നൽകാനും ആലോചനയുണ്ട്. കാവ്, തണ്ണീർത്തട സംരക്ഷണം കേരളത്തിലെ സാഹചര്യത്തിൽ ഏറെ പ്രധാനമാണ്. പരിസ്ഥിതി, സമുദ്ര, വനം ദിനാചരണങ്ങളിൽ ഒതുങ്ങാതെ എല്ലാതരം ഭൂവിഭാഗങ്ങളിലേയും ജൈവവൈവിദ്ധ്യ സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിടേണ്ടതുണ്ട്. പരിസ്ഥിതി ക്‌ളാസുകൾ, സെമിനാറുകൾ, വനസന്ദർശനം, വന്യജീവി സംരക്ഷണം, കാവും തണ്ണീർത്തടങ്ങളും കണ്ടൽക്കാടും സംരക്ഷിക്കൽ, മരത്തൈകൾ നട്ടുപരിപാലിക്കൽ, പക്ഷി, ശലഭ നിരീക്ഷണം തുടങ്ങിയവയെല്ലാം വിദ്യാർത്ഥികൾക്ക്
പഠനത്തിൻറെ ഭാഗമായാൽ അത് ഭാവി കേരളത്തിന് വലിയ മുതൽക്കൂട്ടാകും. പുതിയ തലമുറയെ ഇനിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ചേർത്തുനിറുത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും, പ്രത്യേകിച്ച് ഈ ദെെവത്തിൻറെ സ്വന്തം നാട്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |