
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ സ്ഥാനാർത്ഥികളെ ഉറപ്പിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെ ഇടതുമുന്നണി. ജില്ലയിലെ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിലും എല്ലാ സന്നാഹങ്ങളോടും കൂടി തിരഞ്ഞെടുപ്പിന് ഒരുങ്ങി. മറ്റ് മുന്നണികൾ സ്ഥാനാർത്ഥി നിർണയത്തിൽ ഇനിയും തീരുമാനമെടുക്കാൻ കാത്തിരിക്കവെ എൽ.ഡി.എഫ് ഒരുപാട് മുന്നിലെത്തി. ആറൻമുളയാണ് താര മണ്ഡലം. മന്ത്രി വീണാജോർജ് മത്സരിക്കുന്നതുകൊണ്ടാണ് ഈ പ്രത്യേകത. ആറൻമുളയിൽ വീണാജോർജിന് മൂന്നാമൂഴമാണ് ഇത്തവണ. കോന്നിയിൽ ജനീഷ് കുമാറും മൂന്നാം തവണ പോരിനിറങ്ങുന്നു. ജനീഷ് കുമാർ ആദ്യം വിജയിച്ചത് ഉപതിരഞ്ഞെടുപ്പിലൂടെയാണ്. ഒരു ഫുൾ ടേം തികച്ചു കിട്ടിയത് ഇത്തവണയാണ്. റാന്നിയിൽ നിലവിലെ എം.എൽ.എ പ്രമോദ് നാരായണൻ കേരളകോൺഗ്രസ് എം സ്ഥാനാർത്ഥിയായി ഇത്തവണയും ജനവിധി തേടുമെന്ന് ഉറപ്പാണ്. തിരുവല്ലയിൽ സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് മുൻ മന്ത്രി മാത്യു ടി. തോമസിന് പകരം ഒരാളെ സ്ഥാനാർത്ഥിയായി കണ്ടെത്താൻ പാർട്ടിക്കായിട്ടില്ല.
അടൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സി.പി.ഐയിലെ പ്രിജി കണ്ണനെ തീരുമാനിച്ചതോടെയാണ് ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് പാർട്ടി മാനദണ്ഡത്തിൽ ഇളവു നൽകി ഒരു ടേം കൂടി അനുവദിക്കണമെന്ന സി.പി.ഐ അടൂർ, പന്തളം മണ്ഡലം കമ്മിറ്റികളുടെയും ജില്ലാ കൗൺസിലിന്റെയും ആവശ്യം തള്ളിയ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രിജിയെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയായിരുന്നു. കൊല്ലം ജില്ലക്കാരിയായ പ്രിജി നെടുവത്തൂർ മണ്ഡലം കമ്മറ്റിയംഗമാണ്. കഴിഞ്ഞ തവണ കൊല്ലം ജില്ലാ പഞ്ചായത്തംഗമായിരുന്നു. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥികളെല്ലാം കളത്തിലിറങ്ങിയിട്ടുണ്ട്.
വരത്തർക്കെതിരെ കോൺഗ്രസിൽ കലഹം
യു.ഡി.എഫിൽ അഞ്ചിൽ നാല് മണ്ഡലങ്ങളിലും മത്സരിക്കുന്ന കോൺഗ്രസിന് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം നീളും. താരമണ്ഡലമായ ആറൻമുളയിൽ വീണാജോർജിനെതിരെ ആര് മത്സരിക്കും എന്നതിൽ ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് അബിൻ വർക്കി മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു. മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ജില്ലയിലുടനീളം പോസ്റ്റർ പ്രചരണം നടന്നു. ഡി.സി.സി ഓഫീസിന്റെ വാതിലിലും പ്രസ്ക്ളബിന്റെ മതിലിലും ഉൾപ്പെടെ പോസ്റ്ററുകൾ പതിച്ചു. ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി ഒരുപറ്റം നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫിനെയും കണ്ടു. വരത്തരെ വേണ്ടെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. രണ്ടായിരത്തി ഒൻപതിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ ജില്ലയിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചില്ല. പകരം കോട്ടയം ജില്ലക്കാരനായ ആന്റോ ആന്റണിയെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നത്. പിന്നീട് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ആന്റോയെ അല്ലാതെ മറ്റാരെയും പരിഗണിച്ചില്ല. കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതൃത്വത്തിന്റെ സ്വാധീനത്താലാണ് ആന്റോ വീണ്ടും സ്ഥാനാർത്ഥിയായതെന്ന് ആക്ഷേപങ്ങളുയർന്നിരുന്നു. ജില്ലയിൽ നേതാക്കൾ ഇല്ലാഞ്ഞിട്ടല്ല വരത്തരെ മത്സരിപ്പിച്ചത്.
ആറൻമുള നിയമസഭാ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. ആരോഗ്യ രംഗം തകർന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വലിയ പ്രചാരണം നടത്തുകയാണ്. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആരോഗ്യരംഗത്തെ തകർച്ചയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വീണാജോർജിനെതിരെ പ്രത്യക്ഷ സമരം നടത്തുന്നതിനിടെയാണ് കണ്ണൂരിൽ സംഘർഷമുണ്ടായത്. കെ.എസ്.യുവിന്റെ കരിങ്കൊടി പ്രകടനത്തിനിടെ മന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് എൽ.ഡി.എഫും സർക്കാരും പറയുന്നത്. മന്ത്രിയുടെ കൈക്കു പിടിച്ചു തിരിച്ചെന്നും കഴുത്തിന് ക്ഷതമേൽപ്പിച്ചുവെന്നുമാണ് ആക്ഷേപം. പക്ഷെ, റെയിൽവേ സ്റ്റേഷനിൽ നടന്ന സമരങ്ങളുടെ ദൃശ്യങ്ങളിലൊന്നും ഇങ്ങനെ മന്ത്രിയെ ആക്രമിക്കുന്നതായി തെളിവുകളില്ല. സി.സി.ടിവി ദൃശ്യങ്ങളിലും ചാനൽദൃശ്യങ്ങളിലും തെളിവു ലഭിക്കാതിരുന്നത് മന്ത്രിയുടെയും എൽ.ഡി.എഫിന്റെവും വാദങ്ങൾക്ക് തിരിച്ചടിയായി. മന്ത്രിയുടെ പ്രതിച്ഛായ മങ്ങിയെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ആറൻമുളയിൽ ജയിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് വരുത്തർക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം കോൺഗ്രസുകാർ പരസ്യമായി രംഗത്തുവന്നത്. കോന്നിയിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ട്. ഇതിന് കോൺഗ്രസ് ഹൈക്കമാൻഡ് ഇളവ് അനുവദിക്കണം. അടൂരിൽ രമ്യ ഹരിദാസ്, ബാബു ദിവാകരൻ, റാന്നിയിൽ പഴകുളം മധു, പി.മോഹൻരാജ് എന്നിവരുടെ പേരുകൾ ഉയർന്നിട്ടുണ്ട്.
എൻ.ഡി.എയിൽ മെല്ലെപ്പോക്ക്
ദേശീയ തലത്തിൽ വലിയ ആസൂത്രണത്തോടെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ രംഗത്തിറങ്ങുന്നവരാണ് എൻ.ഡി.എ. പക്ഷെ, ഇത്തവണ ആ സ്പീഡില്ല. സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ചകൾ നടുക്കുന്നുവന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. തിരുവല്ലയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മാത്രമാണ് ഉറപ്പായത്. പാർട്ടിയുടെ എ ക്ളാസ് മണ്ഡലമായ ആറൻമുളയിൽ കുമ്മനം രാജശേഖരനെയും എം.ടി രമേശിനെയും പരിഗണിക്കുന്നു. ബി.ഡി.ജെ.എസിന് കോന്നിയോ റാന്നിയോ നൽകിയേക്കും. മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാലാണ് പോർക്കളം ചൂടുപിടിക്കുക. അതിനാൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ രംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |