
രജനികാന്ത് എന്ന വാക്കിന് രാത്രിയുടെ വെളിച്ചമെന്നും, രാത്രിയുടെ പ്രിയപ്പെട്ടവനെന്നും ഒക്കെയാണ് അർത്ഥം. പക്ഷെ, സിനിമാ പ്രേക്ഷകർക്ക് സൂപ്പർ സ്റ്റാർ എന്ന ഇംഗ്ലീഷ് പദത്തിന്റെ ഇന്ത്യൻ നാമമാണ് രജനികാന്ത്! നാളെ (ഡിസം 12) രജനികാന്തിന് പ്രായം 75. രജനികാന്തിൽ ഒരു എഴുപത്തിയഞ്ചുകാരനെ ആർക്കും കാണാനാവും. ക്യാമറയ്ക്കു മുന്നിൽ അല്ലാതിരിക്കുമ്പോൾ അദ്ദേഹം മേക്കപ്പുകളൊന്നും ഉപയോഗിക്കാറില്ല! പക്ഷെ, സ്ക്രീനിൽ ഈ മനുഷ്യൻ ഇന്നും ഒരു അത്ഭുതമാണ്.
'കബാലി"യുടെ ജയിൽമോചന ദിവസം. സെല്ലിൽ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന കബാലി അവിടെ നിന്ന് പുറത്തിറങ്ങി, പിന്നെ രണ്ടുചുവട് പിന്നോട്ടുവച്ച് വാതിലിന്റെ മുകളിലെ കമ്പിയിൽ ചാടിപ്പിടിച്ച് രണ്ട് പുൾ അപ്പ് എടുക്കുന്നുണ്ട്. ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾ രജനിക്ക് പ്രായം 66! അവിടെ നിന്ന് 'പേട്ട' യിലെത്തുമ്പോൾ ആദ്യ സീനിൽത്തന്നെ വീണിടത്തു നിന്ന് എഴുന്നേറ്റ് വില്ലനു പിന്നിൽ സംഹാരരുദ്രനായി നിൽക്കുന്ന കാളി. 'ഞാൻ വീഴ്‌വേനെൻട്ര് നിനൈത്തായോ" എന്നു ചോദിക്കുമ്പോൾ പ്രായം 68!
വരാനുണ്ട്,
സിനിമകൾ
'ഹ! ഹ!ഹ! ഹുക്കും! ടൈഗർ കാ ഹുക്കും..." കസേരയിൽ നെഞ്ചുവിരിച്ചിരുന്ന് മുത്തുവേൽ പാണ്ഡ്യൻ ഒരു ചുരുട്ട് ചുണ്ടിലേക്ക് എറിഞ്ഞു പിടിപ്പിക്കുമ്പോൾ തിയേറ്ററിൽ 'ജയിലർ" കാണുന്ന പ്രേക്ഷകർ ആർത്തലച്ചു. അപ്പോൾ രജനിക്ക് പ്രായം 73! അതേ മുത്തുവേൽ പാണ്ഡ്യൻ ഒരിക്കൽക്കൂടി ഇന്ത്യൻ സ്ക്രീനിലേക്ക് എത്തുന്നുണ്ട്. അടുത്ത ജൂൺ 12-ന് 'ജയിലർ 2" റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത് രജനികാന്ത് തന്നെയാണ്.
അടുത്ത വർഷം മറ്റൊരു രജനി ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി വരുന്നുണ്ട്- 'പടയപ്പ"യുടെ! രജനികാന്തിന്റെ ഏറ്റവും മികച്ച 10 സിനിമകൾ എടുത്താൽ അതിലൊന്ന് 'പടയപ്പ" ആയിരിക്കും. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത് 1999-ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. 'രണ്ടാം ഭാഗത്തിന്റെ പേര് 'നീലാംബരി" എന്നായിരിക്കും, അതിന്റെ ചർച്ചകൾ തകൃതിയായി നടക്കുകയാണ്. കഥ വളരെ നന്നായി വന്നാൽ ചിത്രം ചെയ്യും എന്നാണ് രജനികാന്ത് ഒരു വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തിയത്. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ രമ്യാ കൃഷ്ണന്റെ കഥാപാത്രത്തെ ജയലളിതയുമായി താരതമ്യം ചെയ്താണ് വ്യാഖ്യാനങ്ങളെല്ലാം ഉണ്ടായത്.
എന്നാൽ 'പൊന്നിയിൻ സെൽവൻ" എന്ന ചരിത്ര നോവലിലെ നന്ദിനി എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തിൽ ഉണ്ടായതാണെന്നും, അതിന് പലരും പറയുന്നതുപോലെ ജയലളിതയുമായി ബന്ധമില്ലെന്നും രജനികാന്ത് ഇപ്പോൾ പറയുന്നു. ആദ്യം ഐശ്വര്യാ റായിയെ നായികയാക്കാൻ തീരുമാനിച്ചെങ്കിലും അവർക്ക് അതിൽ താത്പര്യം തോന്നിയില്ലെന്നും, അതു പിന്നീട് രമ്യാ കൃഷ്ണൻ ചെയ്തുവെന്നും രജനി വ്യക്തമാക്കുന്നു. രജനിയും കമലഹാസനും ഒരുമിക്കുന്ന ചിത്രം, കമൽ നിർമ്മിച്ച് രജനി നായകനാകുന്ന ചിത്രം... അങ്ങനെ നീളുന്നു, സൂപ്പർ സ്റ്റാറിന്റെ ഭാവി പ്രോജക്ടുകൾ.
തുടക്കം മുതൽ
മാസ്... മാസ്
കോട്ടും സ്യൂട്ടുമിട്ട് ഗേറ്റ് തള്ളിത്തുറന്ന് വരുന്ന ചെറുപ്പക്കാരൻ. സ്ക്രീനിൽ അപ്പോൾ തെളിയുന്ന വാക്ക് 'ശ്രുതി ഭേദം." കെ. ബാലചന്ദർ 'അപൂർവരാഗങ്ങളി"ലൂടെ രജനികാന്തിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് അങ്ങനെയാണ്. ശ്രുതിഭേദത്തിന് അപസ്വരം എന്നും അർത്ഥമുണ്ട്. പക്ഷെ, ആ ചെറുപ്പക്കാരന്റെ താളത്തിനൊത്ത് പ്രേക്ഷകർ ആടിത്തകർത്ത വർഷങ്ങളാണ് പിന്നീട് സംഭവിച്ചത്.
കമലഹാസൻ നായകനായ ചിത്രം ക്ലൈമാക്സിലേക്ക് എത്തുമ്പോഴായിരുന്നു രജനിയുടെ മാസ് എൻട്രി. സിനിമയിലെ വില്ലൻ കഥാപാത്രം- പാണ്ഡ്യൻ. അഡയാറിലെ ഒരു ബംഗ്ലാവിൽ വച്ച് രജനിയുടെ എൻട്രി ഷൂട്ട് ചെയ്തത് 1975 മാർച്ച് 27-ന്. സിനിമ റിലീസ് ചെയ്തത് ആഗസ്റ്റ് 15-നും. ബംഗ്ലാവിന്റെ ബാൽക്കണിയിൽ കമലഹാസൻ (പ്രസന്ന) നിൽക്കുമ്പോഴാണ് രജനിയുടെ വരവ്. കമലിന്റെ ചോദ്യം: യാര് നീങ്കെ?
രജനി: ഭൈരവി വീട് ഇതാനേ?
കമൽ: ആമാ. നീങ്ക യാര്?
രജനി: അവളുടയ പുരുഷൻ.
സിനിമയുടെ അതുവരെയുള്ള താളം ആ ഡയലോഗ് മുതൽ തെറ്റുകയാണ്. വില്ലനായി വന്ന നടൻ ഇന്ത്യൻ സിനിമയെത്തന്നെ ഭരിക്കുന്ന സൂപ്പർ സ്റ്റാർ ആയി മാറി. അമേരിക്കയിലും ചൈനയിലും ജപ്പാനിലും മലേഷ്യയിലും സിംഗപ്പൂരുമൊക്കെ വലിയൊരു ആരാധകവൃന്ദമുണ്ടായി.
ശിവാജിറാവു എന്നായിരുന്നു രജനികാന്തിന്റെ യഥാർത്ഥ പേര്. ആ പേരിൽത്തന്നെ അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ശിവാജി ഗണേശനുള്ളപ്പോൾ മറ്റൊരു ശിവാജി വേണ്ടെന്ന് കട്ടായം പറഞ്ഞത് ബാലചന്ദർ. മറ്റൊരു പേര് നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ, എസ്.ആർ. ഗെയ്ക്ക്‌വാദ് എന്നു പേരിട്ടാലോ എന്ന് രജനി ചോദിച്ചു.
'അതു വേണ്ട; അതിനൊരു തമിഴ് ടച്ചില്ല" എന്ന് ബാലചന്ദർ. എന്നാൽ തനിക്ക് ശരത്ത് എന്ന് പേരു നൽകണമെന്ന് വീണ്ടും റിക്വസ്റ്റ്.
അതൊന്നും വേണ്ട, കുറച്ചു നേരത്തെ മൗനത്തിനു ശേഷം ബാലചന്ദർ തീരുമാനം അറിയിച്ചു: 'നീ ഇനി രജനീകാന്ത് എന്നറിയപ്പെടും." എന്തുകൊണ്ട് രജനികാന്തിനെ സിനിമയ്ക്കു പരിചയപ്പെടുത്തി എന്നതിന് ഒരിക്കൽ ബാലചന്ദർ പറഞ്ഞത് ഇങ്ങനെ: 'ഫിലിം ഇൻസ്റ്റിറ്ര്യൂട്ടിൽ പഠിപ്പിക്കൻ പോയപ്പോൾ എന്നെ വന്ന് പരിചയപ്പെടുകയായിരുന്നു രജനി. ഇത്രയും ഇരുണ്ട നിറമുള്ളൊരു ചെറുപ്പക്കാരനെ അക്കാലത്ത് ഒരു സംവിധായകനും സിനിമയിൽ എടുക്കുമായിരുന്നില്ല. പക്ഷേ, എനിക്ക് നല്ല ഇരുണ്ട നിറമാണല്ലോ. എന്റെ അച്ഛൻ എന്നേക്കാൾ ഇരുണ്ടിട്ടായിരുന്നു. ഞങ്ങളെപ്പോലുള്ളൊരു പയ്യനെ സിനിമയിൽ അവതരിപ്പിച്ചാൽ എന്താണ് കുഴപ്പം എന്നാണ് ഞാൻ ആലോചിച്ചത്.'
1976-ൽ കെ. ബാലചന്ദറിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മൂൻട്രു മുടിച്ച്' എന്ന സിനിമയിലായിരുന്നു രജനിയുടെ ആദ്യത്തെ മുഴുനീള റോൾ. പ്രശാന്ത് എന്ന പ്രതിനായക കഥാപാത്രം. കമലഹാസനാണ് നായകൻ. സിഗരറ്റ് ചുണ്ടിലേക്ക് എറിഞ്ഞു പിടിപ്പിക്കുന്ന ടെക്നിക്ക് രജനി ഇറക്കിയത് ഈ സിനിമയിലായിരുന്നു. പിന്നെ എത്രയോ നടന്മാർ അത് അനുകരിച്ചു! അന്നും ഇന്നും സ്റ്റൈൽ മന്നൻ രജനി തന്നെ. 'മിൻസാരക്കണ്ണാ, യെല്ലാർക്കും ഉന്നൈ ഏൻ പിടിച്ചിരിക്കെന്ന് തെരിയുമാ? വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടു പോകലൈ" എന്ന് 'പടയപ്പ"യിൽ നീലാംബരി (രമ്യാകൃഷ്ണൻ) പറഞ്ഞതാണ് സത്യം!
.............................
പേര്: ശിവാജി റാവു ഗെയ്‌ക്‌വാദ്
നാട്: ബംഗളൂരു
അച്ഛൻ: രാമോജിറാവു ഗെയ്‌ക്‌വാദ്
അമ്മ: ജിജാഭായി
ഭാര്യ: ലത
മക്കൾ: ഐശ്വര്യ, സൗന്ദര്യ
അഭിനയിച്ച സിനിമകൾ: 170-ൽ അധികം
ഭാഷകൾ: തമിഴ്, മലയാളം, കന്നട, തെലുങ്ക്, ബംഗ്ള, ഹിന്ദി
അംഗീകാരങ്ങൾ: പത്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ.
പ്രതിഫലം: 200 കോടി (അവസാന ചിത്രമായ 'കൂലി'ക്ക് ലഭിച്ചത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |