
അപ്പം ചുടുംപോലെ സംഭവിക്കുന്നതല്ല
സി.പി.ഐ- സി.പി.എം ഐക്യം.
മൂന്നാം ഇടത് സർക്കാർ ഉറപ്പാണ്;
തെറ്റുകൾ തിരുത്തി മുന്നോട്ടു പോകും
പാർട്ടിയിലേക്ക് യുവതയുടെ പ്രാധാന്യം
ഉറപ്പുവരുത്തുക നൂറിന്റെ കടമ
ജനത്തിന്റെ മുന്നറിയിപ്പാണ് തദ്ദേശ തോൽവി;
ഇടതുപക്ഷം ഇല്ലാതായെന്നല്ല അർത്ഥം
ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ ശരിയുടെ ഇടതു പക്ഷമായി സി.പി.ഐ നിലനിൽക്കാൻ തുടങ്ങിയിട്ട് 100 വർഷം. നൂറ് എന്നത് പാർട്ടിയുടെ വാർദ്ധക്യമാണോ എന്ന ചോദ്യത്തിന് നൂറിന്റെ യൗവനം എന്നാണ് മറുപടി. കേരളത്തിൽ മാത്രമാണ് ഇന്ന് അധികാരത്തിലുള്ളതെങ്കിലും രാജ്യത്തിന്റെ പൊതുവായ ചർച്ചകളിലും നിലപാടുകളിലും സി.പി.ഐ അന്നും ഇന്നും ഒരുപോലെ പരിഗണിക്കപ്പെടുന്നു. സംസ്ഥാനത്ത് അംഗബലത്തിൽ സി.പി.എമ്മിന് ഒപ്പമല്ലെങ്കിലും പലപ്പോഴും നിലപാടുകളിൽ ഒപ്പത്തിനൊപ്പമോ
അതിനും മീതെയോ നിൽക്കും.
1925 ഡിസംബർ 26-ന് ഉത്തർപ്രദേശിലെ കാൺപൂരിലാണ് പാർട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. ഒരു നൂറ്റാണ്ട് നീണ്ട പോരാട്ട ചരിത്രം പിന്നിട്ടാണ് ശതാബ്ദി ആഘോഷങ്ങളിലേക്കു കടക്കുന്നത്. ദേശീയതലത്തിലും സംസ്ഥാനത്തും പാർട്ടിയുടെ വാക്കായി മാറുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നൂറാം വാർഷികത്തിൽ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
? 100 എന്ന അക്കം വാർദ്ധക്യത്തെ സൂചിപ്പിക്കുന്നതാണോ.
നൂറിന്റെ വാർദ്ധക്യമല്ല, നൂറിന്റെ യൗവനത്തിലാണ് പാർട്ടി. നൂറു വർഷവും കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കൊപ്പം നിലകൊണ്ടു. ഇന്ത്യയിൽ പൂർണ സ്വരാജ് എന്ന ആശയത്തിനായി നിലയുറച്ചുനിന്നു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് അംഗീകാരം കിട്ടുന്ന, മുഴുവൻ ജനങ്ങളുടെയും ജീവിതത്തെ മുന്നോട്ടു പോകാൻ സഹായിക്കുന്ന ഒരു വികസന പാത വേണമെന്നായിരുന്നു ആവശ്യം. അന്നുമുതൽ കമ്യൂണിസ്റ്റ് പാർട്ടി അദ്ധ്വാനിക്കുന്ന ജനസമൂഹത്തെ പ്രധാനമായി കണ്ടുകൊണ്ട് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച പാർട്ടിയാണ്. ആ പാതയിൽ മുന്നോട്ടുപോവും.
? എന്താണ് നൂറിന്റെ യുവത്വം.
ആശയപരമായി പറഞ്ഞതാണ് അത്. പിന്നെ യുവതയുടെ കാര്യം. യുവാക്കളുടെ പ്രാതിനിദ്ധ്യക്കുറവ് ശരിയായി അനുഭവപ്പെടുന്നുണ്ട്. ഈ നൂറാം വർഷത്തിൽ, യുവതയുടെ ഇടയിലേക്ക് പാർട്ടിയെ ഇറക്കുക, അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുക എന്നത് ഉത്തരവാദിത്വമായി കാണുന്നു.
? ഇടതുപാർട്ടികളുടെ ഐക്യം ആവശ്യപ്പെടുമ്പോൾത്തന്നെ സി.പി.ഐയുടെ സംഘടനാ ദൗർബല്യം ഡി. രാജ തന്നെ തുറന്നു സമ്മതിക്കുന്നു...
ജനറൽ സെക്രട്ടറിയുടേത് പാർട്ടിയുടെ അഭിപ്രായമാണ്. അതിലെന്താണ് തെറ്റ്? പാർട്ടിയുടെ യാത്രയിൽ ഒരുപാട് വിജയങ്ങളും പരാജയങ്ങളുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൂറുകണക്കിന് വിജയങ്ങൾ പറയാനുണ്ട്. എന്നാൽ, തെറ്റുകൾ സംഭവിച്ചിട്ടുമുണ്ട്. ജനങ്ങൾക്കു മുന്നിൽ തെറ്റുകൾ ഏറ്റുപറയാൻ ഒരിക്കലും മടി കാണിച്ചിട്ടില്ല. പരാജയങ്ങളെ വിമർശനപരമായി വിലയിരുത്തി മുന്നോട്ടു പോവാൻ കഴിയുന്ന പാർട്ടിയാണ് സി.പി.ഐ. അതിന്റെ ഗുണവും ദോഷവും പാർട്ടിക്കുണ്ട്.
? തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി മൂന്നാം ഇടത് സർക്കാരിന്റെ സാദ്ധ്യത ഇല്ലാതാക്കിയോ.
ഒരിക്കലുമില്ല. പരാജയം എപ്പോഴും പരാജയമാണ്. പക്ഷെ അതൊക്കെക്കൊണ്ട് കേരളത്തിൽ ഇടതുപക്ഷം തകർന്നടിഞ്ഞു എന്ന വിമർശനത്തിൽ അർത്ഥമില്ല. ജനം തന്നത് ഒരു മുന്നറിയിപ്പാണ്. ഇടതുപക്ഷം ഇങ്ങനെ പോയാൽ പോരാ എന്ന മുന്നറിയിപ്പ്. പക്ഷെ, അപ്പോഴും ജനം പറയുന്നത് നിങ്ങൾ വേണ്ടെന്നല്ല; തിരുത്തി മുന്നോട്ടു പോകണം. മതനിരപേക്ഷതയുടെ കാവൽക്കാരായി ഇടതുപക്ഷം ഉണ്ടാവണം. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഇവിടെ ഇടതുപക്ഷം വേണമെന്നതിൽ ആർക്കും തർക്കമില്ല. തെറ്റുകൾ തിരുത്തി മുന്നോട്ടുപോവും. ചരിത്രം തിരുത്തുന്ന വിജയം നിയമസഭയിൽ ഇടതുപക്ഷത്തിനുണ്ടാവും.
? സി.പി.ഐയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് തിരുത്തുന്നില്ലെങ്കിൽ ഇനിയൊരു കൂടുമാറ്റം...
കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ പരിസരത്തിൽ ഇടതുപക്ഷം ജനതയുടെ ആവശ്യമാണ്. മത ന്യൂനപക്ഷങ്ങളുടെ അത്താണിയാണ് ഈ ഫാസിസ്റ്റ് കാലത്ത് ഇടതുപക്ഷം. രാഷ്ട്രീയം പറയാനും അത് തിരുത്താനുമുള്ള സംവിധാനമാണ് എൽ.ഡി.എഫ്. പി.എം.ശ്രീയിലും എഡി.ജി.പി വിഷയത്തിലുമെല്ലാം അത്തരം തിരുത്തലിന് മുൻകൈയെടുത്തത് സി.പി.ഐ ആണ്. എക്കാലത്തും കേരളത്തിന്റെ മത നിരപേക്ഷതയെ സംരക്ഷിച്ച് എൽ.ഡി.എഫ് പ്രസ്ഥാനത്തിനൊപ്പം തന്നെ സി.പി.ഐ ഉണ്ടാവും. ഒരു കൂടുമാറ്റവും ഇല്ല.
? സി.പി.എം- സി.പി.ഐ ഒറ്റപ്പാർട്ടിയാവൽ വിദൂരത്താണോ.
അപ്പം ചുടുംപോലെ സാദ്ധ്യമാവുന്നതല്ല കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം. എങ്കിലും അത്തരമൊരു ലക്ഷ്യത്തിലേക്ക് ഇപ്പോഴേ യാത്ര തുടങ്ങണം. വിയോജിപ്പും യോജിപ്പും ചർച്ച ചെയ്യാൻ സമയമായി. ഏകീകരണം എന്നു കേൾക്കുമ്പോൾ കാതുപൊത്താൻ സി.പി.ഐ ഏതായാലും ഇല്ല. ഞങ്ങൾ സഞ്ചരിക്കുന്നത് ശരിയായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൂടെയാണ് എന്ന ബോദ്ധ്യമുണ്ട്. ഇരുപാർട്ടികളുടെയും ഐക്യപ്പെടൽ ഈ നാട് ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള ചർച്ചകൾ ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |