
ഇന്ത്യയുടെ സാങ്കേതിക മികവിന്റെ കഥകൾ ഇന്ന് ബംഗളൂരുവിലെ ചില്ലു മേടകളിലോ ഹൈദരാബാദിലെ കോർപ്പറേറ്റ് ക്യാമ്പസുകളിലോ ഒതുങ്ങി നിൽക്കുന്നതല്ല. ഇന്ന് നൂതനങ്ങളായ സംരംഭങ്ങൾ ഗ്രാമങ്ങളാലും ചെറുപട്ടണങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും വികസിച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഇന്ത്യയുടെ സാമ്പത്തിക ഭൂഭാഗത്തെത്തന്നെ വിപുലമായ തരത്തിൽ പരിവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ യുവസംരഭകർക്ക് പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. മൂലധനവും വിപണിയും നെറ്റ് വർക്ക് സംവിധാനങ്ങളും വേണ്ടത്ര ലഭിക്കാതിരുന്ന സാഹചര്യമാണ് ഇപ്പോൾ ഡിറ്റൽ സാങ്കേതികതയുടെ തേരിൽ മാറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറെ ദശകങ്ങളിൽ ഭൂമിശാസ്ത്ര സവിശേഷതകളായിരുന്നു അവസരങ്ങൾ സൃഷ്ടിച്ചിരുന്നത്. ചെറു പട്ടണങ്ങളിലെയെല്ലാംപ്രതിഭാധനരായ യുവാക്കൾക്കുപോലും സാങ്കേതികവിദ്യകളിലോ സംരംഭകത്വത്തിലോ തൊഴിൽ ലഭ്യമാകണമെങ്കിൽ വലിയ നഗരങ്ങളിലേക്ക് ചേക്കേറണമായിരുന്നു. എന്നാൽ ഇപ്പോൾ ഡിജിറ്റൽ കണക്ടിവിറ്റി സാധ്യമായതോടെ സ്ഥിതി മാറി.
ഇപ്പോൾ താങ്ങാനാവുന്ന ഇന്റർനെറ്റ് ലഭ്യതയും ഡിജിറ്റൽ പണമിടപാടുകളുടെ സാധ്യതയും ഓൺലൈൻ വിപണന സംവിധാനങ്ങളും വന്നതോടെ നൂതനാശയങ്ങളുള്ള യുവാക്കൾക്ക് എവിടെയിരുന്നും വെർച്വൽ ബിസിനസ്സ് ചെയ്യാമെന്നു വന്നിരിക്കുകയാണ്. ഏതെങ്കിലും ഒരു ജില്ലയിൽ ആരംഭിക്കുന്ന ചെറിയ സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തിന്റെയും ലോകത്തിന്റെയും ഏതു ഭാഗത്തുമുള്ള ഉപഭോക്താക്കളിലേക്ക് എത്താൻ കഴിയുന്നുണ്ട്.
സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയ സർക്കാർ സംരംഭങ്ങളിലൂടെ ഡിജിറ്റൽ സാങ്കേതികത പ്രയോജനപ്പെടുത്തുന്ന ഈ വ്യവസ്ഥ കൂടുതൽ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. സർവകലാശാലകളിലെ ഇൻക്യുബേഷൻ സെന്ററുകൾ, മാർഗദർശിത്വ പ്രോഗ്രാമുകൾ, സംരംഭക മൂലധന ലഭ്യത എന്നിവയെല്ലാം പുതു തലമുറയിലെ നൂതന സംരംഭകർക്ക് അവരുടെ ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാൻ വലിയ തോതിൽ സഹായിക്കുന്നുണ്ട്. ഈ മാറ്റത്തിൽ വിദ്യാഭ്യാസവും കാര്യമായ പങ്കു വഹിക്കുന്നുണ്ട്.
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം സാങ്കേതിക വിദ്യയെയും നിർമിത ബുദ്ധിയെയും പഠനവുമായി സംയോജിപ്പിക്കുന്നു. ഇത് വിദ്യാർത്ഥികളെ തുടക്കത്തിൽത്തനെ ഡിജിറ്റലും വിശകലനാത്മകവുമായ വൈഭവം വികസിപ്പിക്കാൻ സഹായിക്കുന്നു. വിദ്യാർത്ഥികളെ ക്രിയാത്മകമായി ചിന്തിക്കാനും യഥാർത്ഥ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുന്ന തരത്തിൽ കോഡിങ്ങ്, ഡാറ്റാ സയൻസ് എ.എ. അധിഷ്ഠിത പഠനോപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നു. ഈ സമീപനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചതു മാത്രമല്ല പുതിയ സാങ്കേതിക സംരംഭങ്ങൾക്ക് രൂപം നൽകാനും ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുത്തു കൊണ്ടിരിക്കുകയുമാണ്.
ഇക്കാര്യത്തിൽ കേരളം വലിയ ഉദാഹരണമാണ്. അഭ്യസ്തവിദ്യരായ തൊഴിൽ സേന, പല മേഖലകളുമായുള്ള ദൃഢമായ ബന്ധം, വികസിച്ചു വരുന്ന സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ കേരളം ഡിജിറ്റൽ സംരംഭങ്ങളുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ യുവ സംരംഭകർ സാമ്പത്തിക സാങ്കേതികത മുതൽ ആരോഗ്യ മേഖല വരെയുള്ള ഇടങ്ങളിൽ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. കാർഷിക വിപണന ശൃംഖല ശക്തിപ്പെടുത്തുക, കരകൗശലക്കാരെ ആഗോള വിപണന മേഖലയുമായി കൂട്ടിയിണക്കുക തുടങ്ങിയവയ്ക്കായി പ്രാദേശിക വേദികൾ സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ വൈവിധ്യമാണ് ഏറെ പ്രധാനം.
വനിതാ സംരംഭകർ, ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഒന്നാം തലമുറ സ്ഥാപകർ എന്നിവരെല്ലാം വർദ്ധിച്ച തോതിൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തിൽ ഉന്നത സ്ഥാപനങ്ങൾക്കു മാത്രം പ്രാപ്യമായിരുന്ന ഡിജിറ്റൽ വിദ്യാഭ്യാസവും എ.ഐ. അധിഷ്ഠിത പഠന സാമഗ്രികളും ഇന്ന് എല്ലാവരെയും ഏറ്റവും ആധുനിക വൈദ്ഗ്ധ്യം സ്വായത്തമാക്കാൻ പ്രാപ്തരാക്കുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എല്ലാ മനുഷ്യർക്കും തുല്യ രീതിയിൽ കഴിവു പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട്. ഒരു ഗ്രാമത്തിലെ കോഡിങ്ങ് വിദ്യ അറിയാവുന്നയാൾക്ക് ലോകത്തെ ഏതു പ്രദേശത്തുള്ളവരുമായും സഹകരിച്ചു പ്രവർത്തിക്കാർ സാധിക്കുന്നു. ഒരു ചെറിയ ബിസിനസ്സുകാരനു പോലും ഓൺലൈനിലൂടെ ലോക വിപണിയിൽ തന്റെ ഉല്പന്നങ്ങൾ വിപണനം ചെയ്യാൻ കഴിയുന്നു. ഓൺലൈൻ ക്ലാസ്സുകൾ വഴിയും എ.ഐ അധിഷ്ഠിത പഠന പ്ലാറ്റ്‌ഫോമുകൾ വഴിയും ഒരു ലാപ്‌ടോപ്പും ഇന്റർനെറ്റ് കണക്ഷനുമുള്ളയാൾക്ക് ഏറെ വികസിതമായ പ്രോഗ്രാം വൈദഗ്ധ്യം സ്വായത്തമാക്കാൻ സാധിക്കുന്നു.
ഇങ്ങനെ സാങ്കേതിക വിദ്യയുടെ ജനാധിപത്യവത്ക്കരണം സർഗാത്മകതയുടെ തരംഗം തന്നെ അഴിച്ചു വിട്ടിരിക്കുകയാണ്. അതുവഴി ഇന്ത്യൻ യുവത്വം ആഗോള ഉത്പ്പന്നങ്ങളുടെ ഉപഭോക്താക്കൾ എന്നിടത്തുനിന്ന് പലതും സ്വന്തമായി സൃഷ്ടിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു.
ഇങ്ങനെ രാജ്യം ആഗോള സാങ്കേതിക മികവിന്റെ നേതാവായി മാറാനുള്ള യാത്ര തുടരുമ്പോൾ ഏറ്റവും പ്രധാന സമ്പത്ത് നമ്മുടെ ജനങ്ങൾ തന്നെയാണ്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാർട്ടപ്പ് സമൃദ്ധി, എ.ഐ സാങ്കേതികത ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസം എന്നിവയുടെ പിന്തുയോടെയുള്ള ഊർജം, യുവ സംരംഭകരുടെ വൈദഗ്ധ്യം എന്നിവ ഇന്ത്യയ്ക്ക് ഒരു പുതിയ സാമ്പത്തിക ഭാവി പ്രദാനം ചെയ്യുകയാണ്. ഗ്രാമങ്ങളിൽ നിന്ന് ആഗോള തലത്തിലേക്ക് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ഒരു തലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയാണ്. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരങ്ങളും നൽകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |