SignIn
Kerala Kaumudi Online
Sunday, 28 December 2025 4.25 AM IST

എല്ലാവർക്കും കാണാനാകണം ഈ അഭിമാനപാർക്ക്

Increase Font Size Decrease Font Size Print Page
s

ഏഷ്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്കായ പുത്തൂരിലെ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞെങ്കിലും ജനുവരിയിലും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കില്ലെന്നാണ് സൂചന. പുതുവർഷമാദ്യം തന്നെ പൊതുജനങ്ങൾക്ക് പാർക്കിലേക്ക് പ്രവേശനം നൽകുമെന്നായിരുന്നു പ്രഖ്യാപനം. നേരത്തെ ബുക്ക് ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്കും മറ്റുമാണ് നിലവിൽ പ്രവേശനമുള്ളത്. രണ്ടു മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്ന് മുഴുവൻ പക്ഷിമൃഗാദികളേയും എത്തിക്കാനായിട്ടില്ല. മൃഗങ്ങളെ മാറ്റാനുള്ള അനുമതി ഈ മാസം അവസാനിക്കുന്നതും പ്രതിസന്ധിയാണ്. പത്ത് മാനുകൾ നായ്ക്കളുടെ കടിയേറ്റ് ചത്തതോടെ മൃഗങ്ങളുടെ സുരക്ഷയും ചോദ്യചിഹ്നമാകുന്നുണ്ട്. വിദ്യാർത്ഥികളുടെ ക്രിസ്മസ് അവധി ജനുവരി അഞ്ച് വരെയുള്ള സാഹചര്യത്തിൽ കുടുംബസമേതം പാർക്ക് സന്ദർശിക്കാനാകുമെന്ന പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. കേരളത്തിന്റെ ടൂറിസം മാപ്പിൽ ഇടംപിടിക്കുന്ന അഭിമാന പദ്ധതിയായ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കൽ വൈകുന്നതിൽ പ്രതിഷേധവുമുണ്ട്.

ഒരു ദിവസം മുഴുവൻ കാണാം പക്ഷേ...

ഒരു ദിവസം മുഴുവൻ കാണാനുള്ള വിശാലമായ ഇടമാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. എന്നാൽ, ചുറ്റിക്കറങ്ങി കാണാനുളള സൗകര്യം ഒരുക്കേണ്ടതുണ്ട്. മൃഗങ്ങൾക്ക് ആവാസ വ്യവസ്ഥയനുസരിച്ച് ജീവിക്കാമെന്നതാണ് സവിശേഷത. കിടങ്ങുകൾ നിർമ്മിച്ചും വൈദ്യുതവേലി കെട്ടിയുമാണ് മൃഗങ്ങളെ നിയന്ത്രിക്കുന്നത്. വനംവകുപ്പിന്റെ കീഴിലാണ് മൃഗശാലയുടെ പ്രവർത്തനം. പ്രവേശന നിരക്ക് നിശ്ചയിച്ചിട്ടുമില്ല. മൃഗങ്ങളെ മാറ്റാനുളള അനുമതി ഈ മാസം അവസാനിക്കുകയാണ്. വരുന്ന വേനൽക്കാലം ജീവികൾക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കാനും ഇടയുണ്ട്. മുളങ്കാടുകളും കുന്നും പാറക്കെട്ടുകളും താപനില കൂട്ടും. വെള്ളത്തിന്റെ ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുമെന്ന ആശങ്കകളും അവശേഷിക്കുന്നു. അതേസമയം, തൃശൂരിലെ മൃഗശാല അടയ്ക്കാൻ ഒരുങ്ങുമ്പോൾ ആൺ റിയ പക്ഷികൾ അടയിരിക്കുന്ന കാഴ്ചയും അവിടെ കാണാം. തെക്കേ അമേരിക്കയിലെ പുൽമേടുകളിൽ കണ്ടുവരുന്ന ഒട്ടകപക്ഷിയോട് രൂപസാദൃശ്യമുള്ള റിയ ഒൻപതുവർഷമായി മൃഗശാലയുടെ കൗതുകമാണ്. പ്രജനനകാലം ജൂലായ് മുതൽ ജനുവരി വരെയാണ്. ആൺ റിയകൾ ചെറിയ കുഴി തുരന്ന് അതിൽ ഇലകളും പുല്ലും ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. ഏകദേശം 30 മുട്ടകൾ വരെ ഇടും. 2023 ൽ 13 റിയ കുഞ്ഞുങ്ങൾ വളർച്ച പൂർത്തിയാക്കിയെങ്കിലും 2024 ൽ മൂന്ന് കുഞ്ഞുങ്ങൾ മാത്രമാണ് അതിജീവിച്ചത്. മൃഗശാലയിൽ 12 റിയ പക്ഷികളാണുള്ളത്. 2016 ൽ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് നാലു പക്ഷികളെയാണ് കൊണ്ടുവന്നത്. സൗജന്യമായാണ് തൃശൂർ ചെമ്പൂക്കാവിലെ മൃഗശാലയിലേക്കുളള പ്രവേശനം.

'ഡ്രീംപാർക്ക്' ആകട്ടെ...

കേരളത്തിന്റെ സ്വന്തം 'ഡ്രീംപാർക്ക്" ആണ് ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്തത്. കർണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് മൃഗങ്ങളെ പുതുവർഷത്തിലെങ്കിലും ഇവിടെ എത്തിക്കേണ്ടതുണ്ട്. സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയോടൊപ്പം തെക്കൻ ആഫ്രിക്കയിലെ തുറന്ന സമതലങ്ങളിലും പീഠഭൂമിയുടെ താഴ്‌വരകളിലും കാണുന്ന വലിപ്പമുള്ള മാനുകളായ എലാൻഡകളും ആറുമാസത്തിനകം പാർക്കിലെത്തുമെന്നാണ് പറഞ്ഞിരുന്നത്. ഒക്ടോബർ 28ന് ശേഷം രണ്ടുമാസം ട്രയൽ റണ്ണാക്കാനായിരുന്നു തീരുമാനം. ഈ കാലയളവിൽ പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തുകയായിരുന്നു. തിരക്കുണ്ടാകുമ്പോൾ മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ഇത്. മനുഷ്യരുമായി ഇണങ്ങിച്ചേരുന്നതോടെ ജനുവരി മാസത്തോടെ എല്ലാവർക്കും പ്രവേശനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇനി അടുത്ത വേനലവധിക്കാലത്തെങ്കിലും മുഴുവൻ മൃഗങ്ങളേയും എത്തിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കേണ്ടതുണ്ട്. എങ്കിലേ ഇതൊരു ഡ്രീംപാർക്കാകൂ.

പുത്തൂർ വിദേശമൃഗങ്ങൾക്കും അനുകൂലം

പല വിദേശമൃഗങ്ങൾക്കും അനുകൂലമാണ് പുത്തൂർ. ധാരാളം കുറ്റിച്ചെടികൾ പോലെയുള്ള കുറ്റിക്കാടുകൾ അടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് എലാൻഡകൾ പോലുളള മൃഗങ്ങൾ കഴിയുക. അതുകൊണ്ട് പുത്തൂർ ഇവയ്ക്ക് അനുയോജ്യമാകും. പാർക്ക് പ്രവർത്തനം തുടങ്ങിയ ശേഷമാണ് സാധാരണ മൃഗങ്ങളെയെത്തിക്കാറുള്ളത്. പക്ഷേ, നിർമ്മാണത്തിന് കാലതാമസമുണ്ടായതോടെ തൃശൂർ മൃഗശാലയിൽ നിന്ന് വേഗം മൃഗങ്ങളെ എത്തിക്കുകയായിരുന്നു. പാർക്കിന്റെ വിസ്തൃതി 363 ഏക്കറാണ്. ആവാസങ്ങൾ 24 എണ്ണമുണ്ട്. പാർക്ക് തുറക്കുമ്പോൾ പ്രതീക്ഷിക്കുന്ന പക്ഷിമൃഗാദികൾ 700 ലേറെയാണ്. ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകളാണ് പാർക്കിന്റെ മുഖ്യ ആകർഷണീയത. ഹോളോഗ്രാം സൂ, പെറ്റ് സൂ, ഡിയർ സഫാരി പാർക്ക്... അങ്ങനെ ഇന്നേവരെ കാണാത്ത കാഴ്ചകളുണ്ടിവിടെ. എന്തായാലും വിനോദമല്ല, മൃഗങ്ങളുടെ സുരക്ഷയാണ് പ്രധാനം. സുരക്ഷാ ഓഡിറ്റിംഗ് നടത്തി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിവേണം പാർക്കിലേക്ക് പൊതുജനങ്ങളെ കടത്തിവിടാനെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം.പീതാംബരൻ പറയുന്നു. അതെ, ഈ പാർക്കിന്റെ കാര്യത്തിൽ കടുത്ത ജാഗ്രത ഇനിയും ഉണ്ടാകേണ്ടതുണ്ട്. കാരണം, ഇത് പരിസ്ഥിതിയുടെ ഒരു പരിച്ഛേദമാണ്. പ്രകൃതിയുടേയും....

TAGS: PARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.