SignIn
Kerala Kaumudi Online
Sunday, 28 December 2025 4.23 AM IST

പണിയ വിഭാഗത്തിൽ നിന്നും നഗരസഭാ ചെയർമാൻ

Increase Font Size Decrease Font Size Print Page
s

വയനാട് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ സി.പി.എം ചരിത്രപരമായ ഒരു വലിയ കാര്യം ചെയ്തിരിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന പണിയ വിഭാഗത്തിലെ ഒരു നാൽപ്പതുക്കാരനെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരസഭയുടെ അദ്ധ്യക്ഷ പദവിയിലേക്ക് കൈപിടിച്ച് ആനയിച്ചിരിക്കുന്നു. അത് മറ്റാരുമല്ല, കൽപ്പറ്റ നഗരത്തോട് ചേർന്നുളള എടഗുനി ഉന്നതിയിലെ പി.വിശ്വനാഥനാണ് ആ മഹാഭാഗ്യം കൈവന്നത്.പ്രാഥമിക വിദ്യാഭ്യാസം മാത്രമേ വിശ്വനാഥനുളളു. ഒരു നഗരസഭ പദവിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് പണിയ വിഭാഗത്തിൽ നിന്ന് ഒരാൾ വരുന്നത് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമെന്നാണ് വിശേഷിപ്പിക്കുന്നത്. അതാണ് ഇത് ചരിത്രം എന്ന് പറയുന്നത്. സി.പി.എം പോലുളള ഒരു സംഘടനക്ക് മാത്രമെ ഇങ്ങനെയൊക്കെ സമൂഹത്തിന്റെ അടിത്തട്ടിലുളളവരെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് കൊണ്ടുവരാൻ കഴിയുകയുളളൂ. പി.വിശ്വനാഥനെ ഒരു നഗരസഭയുടെ അദ്ധ്യക്ഷ പദവയിലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ടുവരുന്നതു വഴി സി.പി.എം വലിയൊരു മാതൃകാപരമായ പാതയ്ക്കാണ് വഴി തെളിച്ചത്. വലിയൊരു സന്ദേശമാണ് ഇത് നൽകുന്നതും. വയനാട്ടിൽ നിരവധി ആദിവാസി വിഭാഗങ്ങളുണ്ട്. അതിൽ എണ്ണത്തിൽ കൂടുതലും പണിയ വിഭാഗമാണെങ്കിലും സമൂഹത്തിന്റെ മുഖ്യധാരയിേലക്ക് വരാതെ അടിത്തട്ടിൽ തന്നെ ഏവരാലും അവഗണിക്കപ്പെട്ട് കിടക്കുന്നത് ഈ വിഭാഗം തന്നെ. എല്ലാ മേഖലകളിലും ഇവർ അവണഗണിക്കപ്പെടുന്നു.

വയനാട്ടിൽ നിന്ന് ഉയർന്ന് വന്ന ജനപ്രതിനിധികൾ

നിയമസഭയിൽ വയനാട് ദയ്വാംഗ മണ്ഡലത്തെ പ്രതിനിധീകരിച്ച് മധുര രണ്ട് തവണ ജനപ്രതിനിധിയായിട്ടുണ്ട്. അതിന് പുറമെ എം.വി.രാജൻ മാസ്റ്റർ, കെ.കെ.അണ്ണൻ, കെ.രാഘവൻ മാസ്റ്റർ, രാധാരാഘവൻ, കെ.സി.കുഞ്ഞിരാമൻ,ഐ.സി.ബാലകൃഷ്ണൻ ഇപ്പോൾ മന്ത്രി ഒ. ആർ. കേളു എന്നിവരൊക്കെ വയനാട്ടിൽ നിന്ന് ആദിവാസി മേഖലകളിൽ നിന്ന് ‌ഉയർന്ന് വന്ന ജനപ്രതിനിധികളാണ്. ഇതിൽ കെ.രാഘവൻ മാസ്റ്റർ കാൽനൂറ്റാണ്ട് കാലം നിയമസഭാ സാമാജികനായിരുന്നു. അദ്ധേഹത്തിന്റെ മരണത്തെ തുടർന്ന് ഭാര്യ രാധാ രാഘവനും നിയമസഭയിലെത്തി. വയനാടിന് വേണ്ടി ഇവരൊക്കെ നിയമസഭയിൽ അതിമനോഹരമായി തന്നെ ശോഭിക്കുകയും ചെയ്തിട്ടുണ്ട്. വയനാടിന്റെ അവകാശങ്ങൾക്ക് വേണ്ടി ഇവരൊക്കെ സജീവമായി ഇടപെടുകയും ചെയ്തു.എന്നാൽ അടിയ,കുറുമ, കുറിച്യ വിഭാഗത്തിൽപ്പെട്ടവരായിരുന്നു ഇവരൊക്കെ. പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പണിയ വിഭാഗത്തിൽ നിന്ന് പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന പണിയ വിഭാഗത്തിൽ ഇത് ആദ്യമായാണ് ഒരാൾ നഗരസഭയുടെ അദ്ധ്യക്ഷ പദവിയിലേക്ക് ഉയർന്ന് വരുന്നത്. തന്റെ ഉന്നതിയിരിക്കുന്ന വാർഡിൽ നിന്ന് ജനറൽ സീറ്റിൽ 196 വാേട്ടിന് വിജയിച്ചാണ് വിശ്വനാഥൻ കൽപ്പറ്റ നഗരസഭയുടെ അദ്ധ്യക്ഷ പദവിയിലേക്ക് എത്തിയത്.

ജനറൽ സീറ്റിൽ മത്സരിച്ച് ജനങ്ങളുടെ കണ്ണിലുണ്ണിയായി

കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 28 ൽ ജനറൽ വാർഡിൽ നിന്നുമാണ് പി.വിശ്വൻ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ ജനറൽ വാർഡിൽ മത്സരിക്കാൻ നിരവധി പേർ പുറത്ത് നിന്ന് ഉണ്ടായിട്ടും അവിടെ ഒരു പണിയ വിഭാഗത്തിൽ നിന്നുളള ഒരാളെ നിർത്താൻ സി.പി.എം കാണിച്ച തന്റേടത്തെയാണ് ഇവിടെ വാഴ്ത്തേണ്ടത്. ഒരേ വാർഡിൽ നിന്നും രണ്ടാംതവണയാണ് വിശ്വനാഥൻ തിരഞ്ഞെടുക്കപ്പെടുന്നത്. സി.പി.എം കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റുമാണ് വിശ്വനാഥൻ. ഗോത്രമേഖലയിൽ നേരത്തെ തന്നെ ഇദ്ദേഹം സജീവമാണ്. കൽപ്പറ്റ എടഗുയിൽ റോഡരികിൽ തന്നെയുള്ള കുരുന്തൻ ഉന്നതി സ്വദേശിയാണ് വിശ്വനാഥൻ.ഒരു കൊച്ച് കൂരയിലാണ് വാസം. കാറ്റൊന്ന് വീശിയാൽ പ്ളാസ്റ്റിക്ക് ഷീറ്റുകൾ പറന്ന് പോകും. ഇതേ പോലെ നാല് കുടുംബങ്ങൾ ഇവിടെ കഴിയുന്നു. ചെറുപ്പം തൊട്ടേ പൊതുപ്രവർത്തനരംഗത്ത് സജീവമായ വിശ്വനാഥനെ തേടി രണ്ടുതവണയും അപ്രതീക്ഷിതമായാണ് മത്സരിക്കാൻ പാർട്ടിയിൽ നിന്നും വിളിയെത്തുന്നത്. ഇത്തവണ ചെയർമാൻ പദവി പട്ടികവർഗ്ഗക്കാർക്ക് സംവരണം ചെയ്യപ്പെട്ടതിനാൽ തന്നെ മറ്റൊന്നും ആലോചിക്കാതെ പി. വിശ്വനാഥനെ പാർട്ടി ജനറൽ സീറ്റിൽ തന്നെ മത്സരിപ്പിക്കുകയായിരുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും മൂന്നുപേർ തിരഞ്ഞെടുക്കപ്പെട്ടിട്ടും പാർട്ടി വിശ്വനാഥന്റെ പേരിലേക്ക് മാത്രം എത്തി.അവിടെയും സി.പി.എം ഒന്നുകൂടി ഉയർന്ന് ചിന്തിച്ചു. ഇതാണ് ജില്ലയിൽ മറ്റ് പാർട്ടികൾ മാതൃകയായേക്കേണ്ടത്. അധ:സ്ഥിത വർഗ്ഗങ്ങളെ പാടെ അവഗണിക്കുന്ന നയമാണ് ഏറെപ്പേരും സ്വീകരിക്കുന്നത്.പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളിൽ. പിന്നോക്ക വിഭാഗങ്ങളെ പോലും പാടെ അവഗണിക്കുന്ന സമീപനമാണ് പൊതുവെ ഏവരും സ്വീകരിക്കുന്നത്. ഇത്തരം ഘട്ടത്തിലാണ് പി.വിശ്വനാഥനിലൂടെ സി.പി.എം മാതൃക കാണിച്ചത്. പരിമിതികൾ മറികടന്ന് നേതൃപാടവം തെളിയിച്ച വ്യക്തിയാണ് വിശ്വനാഥൻ. അതുതന്നെയാണ് വിശ്വനാഥന് ഗുണമായത് .2015 മുതൽ 2020 വരെയുള്ള കാലയളവിലാണ് വിശ്വനാഥൻ ആദ്യം കൽപ്പറ്റ നഗരസഭ കൗൺസിലർ ആകുന്നത്. അക്കാലയളവിൽ രണ്ടര വർഷക്കാലം എൽ.ഡി.എഫ് ആണ് നഗരസഭ ഭരിച്ചിരുന്നത്. ഭരണപക്ഷത്തും പ്രതിപക്ഷത്തും വിശ്വനാഥൻ കാലയളവ് പൂർത്തിയാക്കി. അക്കാലത്ത് കൊവിഡ് പടർന്നു പിടിച്ചപ്പോൾ വിശ്വനാഥൻ സ്വന്തം ജീവൻ പോലും നോക്കാതെ ഉന്നതികൾ കയറിയിറങ്ങി. പണിയഭാഷയിൽ ബോധവൽക്കരണം നടത്തിയും ആളുകളെ കോറന്റൈൻ സെന്ററുകളിലേക്ക് എത്തിച്ചും സേവനരംഗത്ത് നിലയുറപ്പിച്ചു.

നാടൻപാട്ടുകലാരംഗത്തും സജീവം

നാടൻ പാട്ട് കലാരംഗത്തും സജീവമാണ്. നാടൻ പാട്ടും ഗോത്ര ഗാനങ്ങളും മനോഹരമായി ആലപിക്കും. കൂടാതെ നാസിക് ഡോൾ കലാകാരൻ കൂടിയാണ്. കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് സിവിൽ സ്റ്റേഷൻ ബ്രാഞ്ചിലെ രാത്രികാല കാവൽക്കാരന്റെ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടുന്നത്. ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യം വിശ്വനാഥൻ എത്തിയത് കുരുന്തൻ ഉന്നതിയിലേക്കാണ്. അച്ഛൻ കിളിയെയും അമ്മ രാധയെയും കണ്ട് അനുഗ്രഹം വാങ്ങി. ഈ സമയം ആഹ്ലാദ കണ്ണീർ പൊഴിച്ച് ഇരുവരും വിശ്വനാഥനെ വാരിപ്പുണർന്നു. സന്തോഷമെന്നും എല്ലാം ദൈവാനുഗ്രഹമെന്നും ഇരുവരും പറഞ്ഞു. ഭാര്യ സുനിത. വൈഷ്ണവ്, വൈഷ്ണവി എന്നിവർ മക്കളാണ്.ഉന്നതിയിൽ അനുഗ്രഹം വാങ്ങാനെത്തിയ വിശ്വനാഥൻ മണ്ണിന്റെ ഗന്ധമുളള തലമുറകളായി പാടാറുളള ജീവിതഗന്ധിയായ ആ നാടൻ പാട്ട് ചുറ്റും കൂടിയവർക്കായി ഒരിക്കൽകൂടി ആലപിച്ചു.

''മോറഴകില്ലേലും
എങ്ങള് നേരറിവുളേളാരാ...

മേനികറുത്താലും

എങ്ങള് ഉളള് വെളുത്തിട്ടാ...

വിത്ത് വിതച്ചോരാ

വിളവിന് കാവലരുന്നോരാ

കറ്റമെതിച്ചോരാ.

ഒരു പിടി വറ്റ് കൊതിച്ചോരാ...''

ഈ വരികളിൽ ആദിവാസി വിഭാഗത്തിലെ പണിയ വിഭാഗത്തിന്റെ മൊത്തം ചിത്രം അടങ്ങിയിട്ടുണ്ട്. നല്ല ഈണത്തിൽ വിശ്വനാഥൻ ഇത് പാടി.

പണിയർക്കും അയിത്തം കൽപ്പിച്ച നാട്

ആദിവാസികളിൽ തന്നെ മേൽതട്ടിലുളളവരെ മാത്രമേ ഇതുവരെ രാഷ്ട്രീയ പാർട്ടികൾ പരിഗണിച്ചിരുന്നുള്ളൂ. കുറിച്ച്യർക്കും കുറുമർക്കും മാത്രമെ ഇതേവരെ രാഷ്‌ട്രീയ പാർട്ടികൾ പരിഗണന നൽകിയിരുന്നുളളു.ആദിവാസികൾക്കിടയിൽ ഒരു കാലത്ത് കുറുമരും കുറിച്യരും പണിയ വിഭാഗത്തെ അയിത്തം കൽപ്പിച്ചരുന്നു. ജനസംഖ്യയിൽ തന്നെ ഏറ്റവും കൂടുതലുളള പണിയ വിഭാഗം ഈ ചിന്താഗതി വഴി തീർത്തും അവഗണിക്കപ്പെട്ടു. ആദിവാസി വിഭാഗങ്ങളിൽ എൺപത് ശതമാനവും പണിയരാണ്.

കുറിച്യരും കുറുമരും ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ്. കേരളത്തിലെ ഏറ്റവും വലിയ വിഭാഗമായ പണിയർ എന്നിട്ടും ഇവിടെ തഴയപ്പെട്ടു. ഈ വിഭാഗം പൊതുവെ അടിമകളെപ്പോലെയാണ് കഴിഞ്ഞ് പോന്നതും. ഒരു പണിയൻ സമൂഹത്തിന്റെ മുഖ്യ സ്ഥാനത്തേക്ക് വരിക എന്നത് വിപ്ളവകരമായ മാറ്റമാണ്. രാജ്യത്തെങ്ങും കഴിയുന്ന പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആദിവാസികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നാണ് വിശ്വനാഥന്റെ ചെയർമാൻ സ്ഥാനം.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.