
തൃശൂർ: തൃശൂരുൾപ്പെടെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ എതെങ്കിലും ഒന്നിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും പട്ടികയ്ക്ക് പുറത്ത്. തൃശൂരിൽ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു രമേശിന് നേതൃത്വം നൽകിയിരുന്ന ഉറപ്പ്.
പ്രമുഖ നേതാക്കൾക്കെല്ലാം സീറ്റ് ലഭിച്ചപ്പോൾ രമേശിനെ തഴഞ്ഞതിൽ അണികൾക്കും അമർഷമുണ്ട്. തൃശൂർ ലഭിച്ചില്ലെങ്കിലും മറ്റൊരു എ ക്ലാസ് മണ്ഡലത്തിൽ ആദ്യപട്ടികയിൽ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷ. ഇതോടെ ഇനി മത്സരിക്കില്ലെന്ന് രമേശ് നിലപാടെടുത്തെന്നാണ് വിവരം.
പലപ്പോഴും തൃശൂരിന്റെ സംഘടനാച്ചുമതല എം.ടി. രമേശിനായിരുന്നു. അതുകൊണ്ട് തൃശൂർ ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പേ രമേശ് പ്രവർത്തനം ആരംഭിച്ചു. ഇതിനായി വലിയൊരു ടീം തന്നെ തൃശൂരിലെത്തിയിരുന്നു.
ഇതിനിടയിലാണ് തൃശൂരിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിന്റെ പേര് ഉയർന്നത്. ഇതോടെ എം.ടി. രമേശ് തൃശൂരിൽ നിന്ന് പിൻവാങ്ങി. എന്നാൽ അമിത്ഷായുടെ ആശീർവാദത്തോടെ പത്മജയെത്തി. ഇതോടെ ജേക്കബ് തോമസും കളം വിട്ടു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്റണി, ശോഭാ സുരേന്ദ്രൻ എന്നിവർക്ക് സീറ്റ് ലഭിച്ചിരുന്നു. മറ്റൊരു ജനറൽ സെക്രട്ടറിയായ എസ്.സുരേഷ് മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |