
ജനുവരി 24 ദേശീയ ബാലികാ ദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 1966ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ദേശീയ ബാലികാ ദിനം ആചരിക്കുന്നത്. തുല്യതയുടെ സന്ദേശം ഉയർത്താനും ബാലികാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. മാത്രമല്ല ബാല വിവാഹം, വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കൽ തുടങ്ങിയ നീതി നിഷേധങ്ങൾക്കെതിരെ നിലകൊള്ളാനാണ് ഓരോ ബാലികാ ദിനവും സമൂഹത്തോട് ആവശ്യപ്പെടുന്നത്. ഇന്ന്, എല്ലാ മേഖലകളിലും പെൺകുട്ടികൾക്ക് പങ്കാളിത്തമുണ്ട്. എന്നാൽ ഗർഭാവസ്ഥയിൽ തന്നെ അവർ കൊല്ലപ്പെടുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഏറെ ഫലം കണ്ടിട്ടുണ്ടെങ്കിലും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല. പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാവുന്നതിനും ലിംഗ വിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് പ്ലാൻ ഇന്റർ നാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ഭൂമിയിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും ജീവിക്കാനും മെച്ചപ്പെട്ട ജീവിതം കണ്ടെത്താനും തുല്യ അവകാശമാണുള്ളത്. പക്ഷേ, ഗർഭപാത്രത്തിൽ ഭ്രൂണാവസ്ഥയിലിരിക്കുമ്പോൾ തന്നെ ലിംഗ വിവേചനം എന്ന മഹാ വിപത്ത് അവരെ പിടികൂടുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് പെൺകുട്ടികളെയാണ്. ഭ്രൂണം പെണ്ണായാണ് വളരാൻ പോകുന്നതെന്നറിഞ്ഞാൽ ചിലർ ജനിക്കാതെ പോകാം.
ലിംഗ വിവേചനത്തിനെതിരായ ആദ്യ ചുവടുവെയ്പ്പ് വീടുകളിൽ നിന്ന് തന്നെ ആരംഭിക്കണം. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന അവകാശങ്ങളിലൊന്നാണ് ലിംഗ സമത്വം. ലോകത്ത് ഏറ്റവും കൂടുതൽ ഹനിക്കപ്പെടുന്നതും ഇതേ അവകാശം തന്നെ. കുട്ടിക്കാലം മുതൽ തന്നെ ആൺ അല്ലെങ്കിൽ പെൺ എന്നതിന്റെ പേരിലുള്ള അസമത്വം ആരംഭിക്കും. കുട്ടി വളരുന്നതിനനുസരിച്ച് അസമത്വം കൂടുകയും കൂടുതൽ പ്രകടമാവുകയും ചെയ്യും. ശാസ്ത്രവും സാങ്കേതികതയും വളരെയേറെ പുരോഗമിച്ചിട്ടും ഒരു വ്യക്തിയെ സ്ത്രീയാണോ പുരുഷനാണോ ഭിന്ന ലിംഗമാണോ എന്ന തരത്തിലാണ് ആളുകൾ ആദ്യം തിരിച്ചറിയാൻ ശ്രമിക്കുന്നത്. പെൺ ഭ്രൂണഹത്യകൾ ഇല്ലാതാക്കിയാലോ, എല്ലാ പെൺകുട്ടികളെയും സ്‌കൂളുകളിലെത്തിച്ചാലോ ദിനാചരണങ്ങൾ നടത്തിയാലോ ഇല്ലാതാകുന്നതല്ല രാജ്യത്തെ പെൺകുട്ടികളോടുള്ള വിവേചനം. സമൂഹത്തിന്റെ മനസ്സിൽ ആഴ്ന്നിറങ്ങിയ ചില ബോദ്ധ്യങ്ങൾ പെട്ടെന്ന് ഇല്ലായ്മ ചെയ്യാൻ പറ്റില്ല. ബാലികാ ദിനാചരണത്തിന്റെ ഒരു ലക്ഷ്യം ഈ അസമത്വങ്ങൾ ഇല്ലാതാക്കുകയാണ്. എന്നാൽ പെൺകുട്ടികളെ മാത്രം ശാക്തീകരിച്ചാൽ ലിംഗ സമത്വം ലഭിക്കില്ല. പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യംവെച്ച് ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമ്പോഴും മറ്റും കാഴ്ചക്കാരായി മാറി നിൽക്കുക മാത്രമാണ് ആൺകുട്ടികൾ. പെൺകുട്ടികൾക്ക് മാത്രം എന്തോ പ്രത്യേക പരിഗണന എല്ലാവരും കൊടുക്കുന്നുവെന്ന ചിന്തയായിരിക്കും ഇവർക്ക്. ഭാവിയെ വാർത്തെടുക്കുന്നത് ആണും പെണ്ണും ഭിന്നലിംഗക്കാരും എല്ലാം ചേരുന്ന സമൂഹമാണ്. അപ്പോൾ ഒരു കൂട്ടരെ ഒഴിച്ച് നിർത്തികൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രസക്തിയില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് അവരെ സ്വയംപര്യാപ്തരാക്കുകയും രാജ്യത്തിന്റെ സമ്പദ് ഘടനയെ ഉയർത്തിക്കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുമെന്ന് ആൺകുട്ടികൾക്ക് അവബോധമുണ്ടാകണം. നിറത്തിന്റെയോ ലിംഗത്തിന്റെയോ സാമ്പത്തിക അവസ്ഥയുടെയോ പേരിൽ ആരും വേർതിരിക്കപ്പെടരുത്. എല്ലാവരും തുല്യരാണെന്ന മനോഭാവം പ്രൈമറി സ്‌കൂളുകളിൽ നിന്ന് തുടങ്ങണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും മറ്റും പറയുന്നു. ലിംഗ അസമത്വമെന്ന കാലഹരണപ്പെടേണ്ട ചിന്താഗതി ഇല്ലാതാക്കാൻ ലിംഗ സമത്വ സ്‌കൂളുകൾ എന്ന ആശയം മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. ശരിയായ ലിംഗ സമത്വ പാഠങ്ങൾ സ്‌കൂളുകളിൽ നൽകുന്നുണ്ടെന്ന് ഉറപ്പിക്കുകയും വേണം. മുൻകാലങ്ങളെ അപേക്ഷിച്ച് പെൺകുട്ടികളെ മുഖ്യധാരയിൽ കൊണ്ടുവരാൻ വിവിധ പദ്ധതികൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്.
പെൺകുട്ടികൾ സ്വയം പരിപാലിക്കാൻ പ്രാപ്തരല്ലെന്നും അതിനാൽ അവരെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് പുരുഷന്മാരാണെന്ന് ഇന്ത്യയിലെ പല കുടുംബങ്ങളും വിശ്വസിക്കുന്നു. ഈ ചിന്തകൾക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്. ആൺകുട്ടികൾക്കെന്ന പോലെ വളരാനും പൂർണ വിജയം നേടാനും പെൺകുട്ടികൾക്കും അവസരം നൽകിയില്ലെങ്കിൽ ഇന്ത്യ ഒരിക്കലും വികസനത്തിലെത്തില്ല. നമ്മുടെ പെൺകുഞ്ഞുങ്ങളുടെ ചിറകിന് കരുത്തേകുന്നത് നമ്മൾ നൽകുന്ന ആത്മവിശ്വാസമാണ്. അഭിമാനത്തോടെ പറയാം, എനിക്കും ഉണ്ട് പെൺകുഞ്ഞ് എന്ന്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിനും മാത്രമായി ഈ ദിനം മാറാതിരിക്കട്ടെ. എല്ലാ ദിനവും ബാലികമാർ സംരക്ഷിക്കപ്പെടേണ്ട ദിനങ്ങൾ തന്നെയാണെന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാവുമെന്ന ദൃഢപ്രതിജ്ഞയെടുക്കാം. എല്ലാവർക്കും തുല്യ അവസരങ്ങളുള്ള ഇന്ത്യയെ നമുക്ക് ഒരുമിച്ച് വാർത്തെടുക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |