
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയാണ് പണ്ട് പ്രഖ്യാപിച്ചത്, 'ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യു"മെന്ന്! അങ്ങനെ വാശിപിടിക്കുന്ന മാദ്ധ്യമ പ്രവർത്തകർ ഇന്ന് വംശനാശ ഭീഷണി നേരിടുന്നവരാണ്. 'ഭയ കൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ " എന്ന ആപ്തവാക്യത്തിന് ഇന്നത്തെ മാദ്ധ്യമ പ്രവർത്തനത്തിൽ പ്രസക്തിയുണ്ടോ എന്നതിന് ഉറപ്പില്ല. ഇത്തരം മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുകയും, അത് തന്റെ മാദ്ധ്യമ പ്രവർത്തനത്തിൽ വിട്ടുവീഴ്ചയില്ലാതെ പാലിക്കുകയും ചെയ്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച വില്യം മാർക് ടള്ളി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ 'മഹാത്മാ ടള്ളി" എന്ന് വിശേഷിപ്പിച്ചിരുന്നു.
മാദ്ധ്യമ മഹാരഥന്മാർ അനേകം ഉണ്ടായിട്ടുണ്ട്. അവരിൽ പലരുടെയും ജീവിതം മാതൃകാപരവും ആയിരുന്നിട്ടുണ്ട്. പക്ഷെ, അവർക്കിടയിൽ 'മഹാത്മ" എന്ന വിശേഷണം മാർക് ടള്ളിക്കു മാത്രം സ്വന്തം. അതും, ഒരു വിദേശ മാദ്ധ്യമ പ്രവർത്തകൻ ആയിട്ടുകൂടി. ആറു പതിറ്റാണ്ട് നീണ്ട മാദ്ധ്യമ ജീവിതം. അതിൽ മൂന്നു പതിറ്റാണ്ട് ബി.ബി.സിയിൽ. ആദ്യം ലേഖകനായും ഒടുവിൽ ഡൽഹി ബ്യൂറോ ചീഫ് ആയും. ഇത്രയേറെ വർഷം ഒരേ സ്ഥാപനത്തിന്റെ തന്നെ പ്രതിനിധിയായി, ഒരേ നഗരത്തിൽത്തന്നെ തുടർച്ചയായി പ്രവർത്തിച്ചവർ മാദ്ധ്യമ രംഗത്ത് അപൂർവം. അതുവഴി ആ രാജ്യത്തിന്റെ ശബ്ദം എന്ന അംഗീകാരം പിടിച്ചുപറ്റാൻ കഴിഞ്ഞതും അപൂർവം. ഇങ്ങനെ അപൂർവങ്ങളിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ മാർക്ക് ടള്ളിയുടെ മരണത്തോടെ, മാദ്ധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഒരു യുഗമാണ് അവസാനിക്കുന്നത്.
ബ്രിട്ടീഷ് പൗരനെങ്കിലും ഇന്ത്യയെ തൊട്ടറിഞ്ഞ, ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊണ്ട മാർക്കിന് മരിക്കുമ്പോൾ പ്രായം തൊണ്ണൂറ് കഴിഞ്ഞിരുന്നു. 'ഭാരതീയരെക്കാളേറെ ഭാരതീയൻ" (More Indian than Indians) എന്നൊരു വിശേഷണവും അദ്ദേഹത്തിന് നൽകിയിരുന്നു. രാഷ്ട്രം 'പത്മശ്രീ"യും 'പത്മഭൂഷണും" നൽകി മാർക് ടള്ളിയെ ആദരിച്ചു. പലവട്ടം ഇന്ത്യയിലുടനീളം അദ്ദേഹം യാത്ര ചെയ്തു. വാർത്തയ്ക്കു വേണ്ടിയുള്ള നിരന്തരമായ അന്വേഷണമായിരുന്നു ആ യാത്ര. അനുപമമായ അനേകം അനുഭവങ്ങൾ അദ്ദേഹം നേടി. ഇന്ത്യാക്കാരുടെ നാഡിമിടിപ്പ് മാർക് മനസ്സിലാക്കി. അതുവഴി പുതുമയുള്ള വാർത്താ റിപ്പോർട്ടുകൾ മാത്രമല്ല, തനിമയുള്ള കുറെ ഗ്രന്ഥങ്ങളും അദ്ദേഹം കാഴ്ചവച്ചു.
മുതിർന്നപ്പോൾ മുതൽ മാർക്കിന്റെ ആഭിമുഖ്യവും അഭിനിവേശവും ഇന്ത്യയോടും ഈ നാടിന്റെ സംസ്കാരത്തോടുമായി. ദാശാബ്ദങ്ങൾ കഴിഞ്ഞിട്ടും എന്തേ ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തു പോയി മാദ്ധ്യമ പ്രവർത്തനം നടത്താൻ തോന്നിയില്ല എന്ന ചോദ്യത്തിന് അദ്ദേഹം ഒരു അഭിമുഖത്തിൽ മറുപടി നൽകിയത്, 'മാദ്ധ്യമ പ്രവർത്തനത്തെക്കാൾ എനിക്ക് പ്രധാനവും പ്രിയങ്കരവും ഇന്ത്യയിൽ പ്രവർത്തിക്കുന്നതാണ്" എന്നാണ്. "ഇന്ത്യ, അവളുടെ സ്വത്വത്തിലേക്കും സംസ്കൃതിയിലേക്കും മടങ്ങിപ്പോകണം" എന്ന് അഭിപ്രായപ്പെട്ട മാർക് ടള്ളിയെ 'ആർ.എസ്.എസ് ഏജന്റ്" എന്ന് ആരോപിച്ചു.
ഇന്ത്യയുടെ 'ജീനിയസി"നെ അംഗീകരിക്കുന്നതിനോട് ചില കേന്ദ്രങ്ങൾക്കുള്ള എതിർപ്പിനെയും വെറുപ്പിനെയും അദ്ദേഹം തുറന്ന് വിമർശിച്ചു. ഈ പ്രവണതയെ 'സെക്കുലർ ഫണ്ടമെന്റലിസം" എന്നാണ് അദ്ദേഹം കളിയാക്കിയിരുന്നത്. പക്ഷെ അയോദ്ധ്യയിൽ തർക്കമന്ദിരം തകർക്കപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാർക് ടള്ളിയെ കൊന്നുകളയണം എന്ന് ആക്രോശിച്ച് കുറെപ്പേർ വളയുകയും ഒരിടത്ത് പൂട്ടിയിടുകയും ചെയ്തത്രേ. പിന്നീട് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്, ഇത് അറിഞ്ഞെത്തിയ ഒരു സന്യാസിയാണ്.
അടിയന്താവസ്ഥയിൽ മാർക് ടള്ളിയെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായി. പ്രസ് സെൻസർഷിപ്പ് അംഗീകരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണിത്. ഒടുവിൽ അദ്ദേഹം ഇന്ത്യ വിടാൻ നിർബന്ധിതനായി. അടിയന്തരാവസ്ഥയിൽ ഇളവ് വരുത്തിയതോടെ മാർക് ഡൽഹിയിൽ മടങ്ങിയെത്തി. മൊറാർജി ദേശായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു മാർക്. ജനതാ പാർട്ടി സർക്കാർ തകർന്നതിൽ ദു:ഖിതനായി അദ്ദേഹം. മൊറാർജിയല്ല, ജഗ്‌ജീവൻ റാം ആവും അടിയന്താവസ്ഥയ്ക്കു ശേഷം രൂപംകൊണ്ട ഭരണകൂടത്തിൽ പ്രധാനമന്ത്രി എന്ന മാർക്കിന്റെ റിപ്പോർട്ട് ബി.ബി.സി പ്രക്ഷേപണം ചെയ്തു. പക്ഷെ ആ പ്രവചനം പാളി. തന്റെ മാദ്ധ്യമ ജീവിതത്തിലെ ഒരു ഹിമാലയൻ അബദ്ധമായിപ്പോയി അതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
പ്രയാഗിലെ കുംഭമേള റിപ്പോർട്ട് ചെയ്യാനെത്തിയ മാർക് ടള്ളിയിൽ വലിയൊരു മാനസാന്തരം ഉണ്ടായത്രെ. അദ്ദേഹത്തിന് അതൊരു അത്ഭുത കാഴ്ചയ്ക്കുപരി, അനിർവചനീയമായ ഒരു ആത്മീയാനുഭൂതി ആയിരുന്നു. മാർക്കിന്റെ വാർത്തകൾ വമ്പിച്ച വിശ്വാസ്യത നേടിയിരുന്നു. രാജീവ് ഗാന്ധി, തന്റെ മാതാവ് ഇന്ദിരാ ഗാന്ധി സ്വന്തം സുരക്ഷാഭടന്റെ വെടിയുണ്ടകൾക്ക് ഇരയായി എന്നു വിശ്വസിച്ചത് മാർക്കിന്റെ വാക്കുകൾ കേട്ടിട്ടു മാത്രമാണ്. ആ അമ്മയുടെയും മക്കളുടെയും ദാരുണ മരണങ്ങൾ അദ്ദേഹമാണ് ലോകത്തെ ആദ്യം അറിയിച്ചത്.
ഇരുപതു കൊല്ലക്കാലത്തെ ജ്വലിക്കുന്ന സേവനത്തിനു ശേഷം മാർക് ടള്ളി ബി.ബി.സിയിൽ നിന്ന് രാജി വയ്ക്കാനിടയാക്കിയത് ആ മാദ്ധ്യമ സ്ഥാപനം ഒരു കോർപ്പറേറ്റ് സംരംഭമായി മാറിയതോടെയാണ്. മാദ്ധ്യമ പ്രവർത്തനത്തിൽ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് കൂട്ടുനിൽക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. പക്ഷെ വീണ്ടും വളരെയേറെക്കാലം മാർക് 'ഫ്രീ ലാൻസ് ജേർണലിസ്റ്റ്" ആയി ബി.ബി.സിക്ക് വാർത്തകളും 'ഡോക്യുമെന്ററി"കളും നൽകി. ഗ്രന്ഥരചനയ്ക്ക് കൂടുതൽ സമയം കണ്ടെത്താനും ബി.ബി.സി വിട്ടത് സഹായകമായി. ഡൽഹിയിൽ സ്ഥിര താമസമാക്കിയിരുന്ന മാർക് ടള്ളി എന്ന ഐതിഹാസിക മാദ്ധ്യമ പ്രവർത്തകന്റെ അന്ത്യം ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാൾ, അവിടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |