
ഒരിക്കൽ ഒരു യുവാവ് കളരിമുറകൾ പഠിക്കാനായി പ്രശസ്തനായ ഒരു കളരിഗുരുവിന്റെ അരികിലെത്തി. തന്നെയും ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്ന് യുവാവ് അപേക്ഷിച്ചപ്പോൾ ഗുരു പറഞ്ഞു: 'നീ മൂന്നു ദിവസം ഇവിടെ താമസിക്കൂ. നിന്റെ പെരുമാറ്റം നിരീക്ഷിച്ച ശേഷം നിന്നെ ശിഷ്യനായി സ്വീകരിക്കണമോ എന്ന് ഞാൻ തീരുമാനിക്കും." മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഗുരു പറഞ്ഞു: 'ഞാൻ നിന്റെ ഇരിപ്പും നടത്തവും പെരുമാറ്റവുമെല്ലാം നിരീക്ഷിക്കുകയായിരുന്നു. നീ ഈ വിദ്യ കുറെയൊക്കെ ഇതിനു മുമ്പുതന്നെ പഠിച്ചിട്ടുണ്ടെന്നു തോന്നുന്നുവല്ലോ. ശരിയല്ലേ?"
ശിഷ്യൻ പറഞ്ഞു: 'ഇല്ല ഗുരോ, ഞാൻ ഇതുവരെ ആയോധനവിദ്യ അഭ്യസിച്ചിട്ടില്ല."
'ശരി; എങ്കിൽ നാളെ മുതൽ ഞാൻ നിന്നെ പഠിപ്പിക്കാം."- ഗുരു പറഞ്ഞു. അങ്ങനെ ഒമ്പതു ദിവസം ഗുരു അവനെ അഭ്യസിപ്പിച്ചു. പത്താം ദിവസം ഗുരു പറഞ്ഞു: 'നീ എന്നോട് കള്ളമാണ് പറഞ്ഞത്. നീ ഈ വിദ്യ നേരത്തെ പഠിച്ചിട്ടുണ്ടെന്നു മാത്രമല്ല, ഈ വിദ്യയിൽ മുമ്പുതന്നെ പ്രാഗത്ഭ്യം നേടിയിട്ടുമുണ്ട്. സത്യം പറയൂ." അപ്പോൾ ശിഷ്യൻ പറഞ്ഞു: 'ഞാൻ ആയോധനകല ഇതിനു മുമ്പ് ഒരിക്കലും പഠിച്ചിട്ടില്ല. പക്ഷേ എനിക്ക് ഒരു ആത്മീയാചാര്യനുണ്ടായിരുന്നു. അദ്ദേഹം ഒരു ഉപദേശം തന്നു- 'ഏതൊരു കാര്യം ചെയ്യുമ്പോഴും പൂർണമായി, മരണഭയം പോലുമില്ലാതെ അതിൽ മുഴുകുക! ആ ഉപദേശം ഞാൻ എന്നും അനുസരിക്കാൻ ശ്രമിച്ചു. കുറെയൊക്കെ വിജയിക്കുകയും ചെയ്തു."
അതുകേട്ടേ ഗുരു പറഞ്ഞു: 'ആയോധനകലയിലെ ഏറ്റവും അന്തിമമായ പാഠം മരണഭയത്തെ ജയിക്കുക എന്നതാണ്. അത് നീ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി നിനക്ക് കൂടുതലായി ഒന്നും പഠിക്കാനില്ല." ആയോധനകലയിൽ മാത്രമല്ല, നമ്മുടെ ജീവിതത്തിൽത്തന്നെ നമുക്ക് പഠിക്കാനുള്ള
ഏറ്റവും വലിയ പാഠം മരണഭയത്തെ ജയിക്കുക എന്നതാണ്. മരണഭയത്തെ നമ്മൾ എന്ന് അതിജീവിക്കുന്നുവോ, അന്ന് നേടേണ്ടതെല്ലാം നമ്മൾ നേടിക്കഴിഞ്ഞു. അതിനാൽ, മരണത്തെപ്പോലും ധീരതയോടെ പുല്കുന്ന ഒരു ഭാവം നമ്മൾ വളർത്തിയെടുക്കണം. പിന്നെ എല്ലാം എളുപ്പമാണ്. നമ്മെ പിടികൂടുവാനായി മരണം സദാ നമ്മുടെ തൊട്ടു പിറകിൽത്തന്നെയുണ്ട്. നിശ്ചിത സമയമായാൽ ശരീരമാകുന്ന വാഹനത്തിൽ നിന്ന്
നമ്മൾ ഇറങ്ങിക്കൊടുത്തേ മതിയാകൂ. ഒരു വാഹനത്തിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് കയറുന്ന ലാഘവത്തോടെ; അല്ലെങ്കിൽ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റുന്ന സന്തോഷത്തോടെ മരണത്തെ സ്വാഗതം ചെയ്യാൻ കഴിയണം.
ഞാൻ ഈ ശരീരമാണ് എന്ന നമ്മുടെ തെറ്റിദ്ധാരണയാണ് യഥാർത്ഥത്തിൽ മരണഭയത്തിനു കാരണം. നമ്മൾ അനശ്വരമായ ആത്മാവാണ്. അതിന് നാശമില്ല. അതുകൊണ്ടു തന്നെ മരണത്തെകുറിച്ചുള്ള ഭയം അസ്ഥാനത്താണ്. ധരിച്ചിരിക്കുന്ന വസ്ത്രം മുഷിഞ്ഞാൽ അതു മാറ്റി മറ്റൊന്ന് നമ്മൾ ധരിക്കുമല്ലോ. മരണമെന്നത് അതുപോലെയേ ഉള്ളൂ. എന്നാൽ, മരണഭയത്തെ ജയിക്കണമെങ്കിൽ അതിനുള്ള തയ്യാറെടുപ്പ് ജീവിതത്തിൽ ഉടനീളം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഭക്തിയോ ജ്ഞാനമോ- ഏതു മാർഗത്തിലൂടെയായാലും ശരി, നാളെ മണ്ണിലേക്കു മടങ്ങേണ്ട ഈ ശരീരത്തോടുള്ള ബന്ധത്തെ നമ്മൾ അതിജീവിക്കണം. ഉറ്റമിത്രത്തെ സ്വീകരിക്കുന്ന സ്വീകരിക്കുന്ന അതേ സന്തോഷത്തോടെ മരണത്തെ പുല്കാനാവണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |