
ലോക ക്ഷീരഭൂപടത്തിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്താകെയുള്ള കന്നുകാലി സമ്പത്തിന്റെ 18 ശതമാനത്തോളം ഇന്ത്യയിലാണ്. ദിവസേന വർദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവ് ക്ഷീരമേഖലയിൽ ഇതിന് മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. പ്രൊട്ടക്ഷൻ ഡയറി ഫാമിംഗ് നടത്തുന്നവർ ഉൾപ്പെടെ ഇന്ന് ആശങ്കയിലാണ്. എത്ര മുതൽ മുടക്കിയിട്ടും വിശ്രമമില്ലാതെ രാപ്പകൽ അധ്വാനിച്ചിട്ടും പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതുകാരണം പ്രയാസത്തിലാണ് നമ്മുടെ രാജ്യത്തെ ക്ഷീരകർഷകർ. ഓരോ ദിവസവും ഉത്പാദനച്ചെലവ് കൂടിവരുമ്പോഴും പാലിന്റെ സംഭരണവില അതിനു ആനുപാതികമായി ഉയർത്താത്തതാണ് പ്രശ്നമെന്ന് ക്ഷീരകർഷകർ പറയുന്നു. സംസ്ഥാനത്ത് എട്ട് ലക്ഷം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ജനങ്ങൾ ക്ഷീരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.13ശതമാനം വരുന്ന കേരളത്തിൽ പശുവളർത്തലിന്റെ ചെലവിൽ 75 ശതമാനവും തീറ്റയ്ക്ക് വേണ്ടിവരുന്നതിനാൽ തീറ്റച്ചെലവ് കുറച്ചാൽ മാത്രമേ പശുവളർത്തൽ ലാഭകരമാക്കാനാകൂ. ഉത്പാദിപ്പിക്കുന്ന പാലിൽ 15 ശതമാനത്തിൽ താഴെ മാത്രമെ സംഘടിത മേഖലയിലൂടെ വിപണനം നടത്തുന്നുള്ളൂ. കാലിത്തീറ്റക്ക് വേണ്ട ചേരുവകൾക്ക് വേണ്ടി നാം പൂർണമായും അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. തീറ്റയിൽ ചോളത്തിനാണ് മുൻതൂക്കം. ചോളം, തവിട്, പിണ്ണാക്കുകൾ, ധാന്യങ്ങൾ മുതലായവയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഉത്പാദന ചെലവ് കൂടാനുള്ള പ്രധാന കാരണം.
വേനൽ കടുക്കാൻ തുടങ്ങിയതോടെ തീറ്റപ്പുല്ലിനും ക്ഷാമം നേരിടാൻ തുടങ്ങി. ഒരു പശുവിനെ പരിപാലിക്കുന്നതുൾപ്പെടെ നോക്കിയാൽ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 60 - 65 രൂപ ചെലവുവരുമെന്നാണ് ക്ഷീരകർഷകർ പറയുന്നത്. എന്നാൽ സൊസൈറ്റിയിൽ നിന്ന് ലിറ്ററിന് ശരാശരി 42 രൂപയാണ് കർഷകന് കിട്ടുന്ന വില. ഇങ്ങനെ വരുമ്പോൾ ചെലവ് താങ്ങാൻ സാധിക്കില്ല. 2019ൽ മിൽമ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ പാൽ ഉദ്പാദിപ്പിക്കാൻ 48.68 രൂപ ചെലവുവരുമെന്ന് കണ്ടെത്തിയിരുന്നു. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.5 രൂപയാണ് വില. ഇപ്പോൾ ഒരു കിലോ കാലിത്തീറ്റയ്ക്ക് 32 രൂപയായി. ചെലവേറുമ്പോഴും പാൽ സംഭരണവിലയ്ക്ക് ഉയർച്ച ഉണ്ടാവുന്നില്ല.
പാലിന്റെ സംഭരണവില ഉയർത്തുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ക്ഷീരകർഷകരുടെ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളുൾപ്പെടെ നടത്തിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് കർഷകരുടെ പരാതി. പാലിന് സംഭരണവില വർദ്ധിപ്പിക്കുമെന്ന ക്ഷീരവികസന മന്ത്രിയുടെ വാക്കുപോലും പാലിക്കപ്പെട്ടില്ലെന്നും കർഷകർ പറഞ്ഞു.
മിൽമയുടെ സബ്സിഡിയിൽ ഒരുക്വിന്റൽ തീറ്റപ്പുല്ലിന് 260 രൂപയാണ് വില നൽകേണ്ടത്. പുറമേ 350 രൂപ നൽകണം. ഒരു കിലോ ചോളത്തണ്ടിന് സബ്സിഡിയോടെ 3.50 രൂപമുതൽ നാലുരൂപവരെയാണ്. പുറമേനിന്നു വാങ്ങുമ്പോൾ അഞ്ചുരൂപയും നൽകണം. 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 1550 രൂപയാണ് വില. തീറ്റപ്പുല്ലിനും കർണാടകത്തിൽ ചോളത്തണ്ടിനും ആവശ്യക്കാർ കൂടിയതോടെ മിൽമയുടെ സബ്സിഡി നിരക്കിൽ ഇപ്പോൾ ഇവ കിട്ടാനുമില്ല.
പ്രതിസന്ധികൾ ഏറെ
അനുദിനം ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില, തൊഴിലാളികളുടെ കൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധന, പുല്ല് കൃഷി ചെയ്യാനുള്ള ചെലവിൽ ഉള്ള വർദ്ധന, കാലാവസ്ഥയിലെ മാറ്റം കാരണം തീറ്റ പുല്ലുകൾ നശിച്ചു പോകുന്നത്, വെറ്ററിനറി സേവനങ്ങൾക്കുള്ള ചെലവിൽ ഉള്ള വർദ്ധന, വൈദ്യുതി, വെള്ളക്കരം എന്നിവ ഉയർത്തിയത്, കാലിത്തൊഴുത്തിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികളുടെ വില വർദ്ധന തുടങ്ങിയ കാരണങ്ങളാണ് കർഷകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കേരളത്തിൽ 3 ചെക്‌പോസ്റ്റുകളിൽ മാത്രമേ സൗകര്യമുള്ളൂ.
കാലാവസ്ഥാവ്യതിയാനം ബാധിച്ചു
പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം ക്ഷീരമേഖലയെ ബാധിച്ചതായി കർഷകർ പറയുന്നു. രാവിലെയും രാത്രിയുമുള്ള ശക്തമായ തണുപ്പും പകലുള്ള ചൂടും കാരണം പശുക്കൾക്ക് രോഗംബാധിക്കുന്നു. പനി, തൈലേറിയ എന്നിവയാണ് പശുക്കളെ കൂടുതലും ബാധിച്ചത്. ഇത് പാലുത്പാദനം കുറയാൻ കാരണമായിട്ടുണ്ട്. പശുക്കളെ ചികിത്സിക്കുന്നതിനും ചെലവുണ്ട്. മരുന്നുകളുടെ വിലവർദ്ധനയെല്ലാം വലിയ പ്രതിസന്ധി തന്നെയുണ്ടാക്കിയതായും കർഷകർ പറയുന്നു. കാലിത്തീറ്റ വില വർദ്ധന, പുൽക്കൃഷി ചെയ്യാനുള്ള ചെലവ് തുടങ്ങിയവയ്‌ക്കൊന്നും കുറവുമില്ല. ഇവയെല്ലാം ഓരോ ദിവസവും കൂടിക്കൂടി വരുകയുമാണ്.
സംഭരണവില ഉയർത്തണം
ക്ഷീരകർഷകരുടെ നിലവിലെ പ്രതിസന്ധി പരിഹിക്കാൻ പാൽസംഭരണവില ഉയർത്തുക മാത്രമാണ് മാർഗം. ഇപ്പോൾതന്നെ പശുക്കളുടെ എണ്ണം കുറഞ്ഞുവരുകയാണ്. 2019നെ അപേക്ഷിച്ച് കേരളത്തിൽ പശുക്കളുടെ എണ്ണം 37 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. ക്ഷീരമേഖലയുടെ തകർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. തീറ്റപ്പുല്ലിന്റെയും ചോളത്തണ്ടിന്റെയും സബ്സിഡി ഇടനിലക്കാരില്ലാതെ മിൽമ നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാൽ ഉപകാരമാവും.
കർഷകർ കൊഴിഞ്ഞുപോകുന്നു
മുടക്കു മുതൽ പോലും തിരിച്ചുകിട്ടാതായതോടെ പലരും പശുവളർത്തൽ ഉപേക്ഷിച്ച് മറ്റു വഴികൾ തേടിത്തുടങ്ങി. രണ്ടും മൂന്നും പശുക്കളെ വളർത്തുന്നവർക്ക് ഇപ്പോൾ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. കർഷകരെ സംരക്ഷിക്കാൻ സംഭരണവില ഉയർത്തുകയും കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ സബ്സിഡി അനുവദിക്കുകയും ചെയ്യണം. ഇതിനു സർക്കാർ മുൻകൈയെടുക്കണം.
പാഴായ ഉറപ്പുകൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു ശേഷം പാലിന് സംഭരണ വില വർദ്ധിപ്പിച്ച് നൽകാം എന്ന് ക്ഷീരവികസന മന്ത്രി നൽകിയ വാക്ക് പാലിക്കപ്പെട്ടില്ല. ക്ഷീര കർഷകർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 6 ആഴ്ചയ്ക്കകം കർഷകരുടെ കാര്യത്തിൽ തീരുമാനം എടുത്ത് അറിയിക്കണമെന്ന് 2025 ഒക്ടോബർ 30ന് ഹൈക്കോടതി വിധി നൽകിയതാണ്. ഇതും പാലിക്കപ്പെട്ടില്ല. പാൽ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 21 ന് രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്ത് ക്ഷീരകർഷകരുടെ യോഗവും പ്രതിഷേധ പ്രകടനവും ധർണയും നടത്തുന്നതിന് ക്ഷീര കർഷക സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉത്പന്നമായ പാലിന്റെ ഉത്പാദനം സമീപകാലത്തായി ഗണ്യമായി കുറയുകയാണ്.
സുസ്ഥിര വികസനം സാദ്ധ്യമാകാൻ
പശുവളർത്തൽ ലാഭകരമാകണമെങ്കിൽ തീറ്റച്ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത ഉയർത്താനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് പ്രാധാന്യം നൽകണം. ശാസ്ത്രീയ തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകരിൽ കൂടുതൽ അവബോധം വളർത്തിയെടുക്കണം. വിപണി ലക്ഷ്യമിട്ട് ഉത്പാദനപ്രക്രിയ അനുവർത്തിക്കാൻ കർഷകരെ പ്രേരിപ്പിക്കണം. ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ചുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിൽ കൂടുതൽ ഊന്നൽ നൽകണം. ക്ഷീരമേഖലയിൽ സുസ്ഥിര വികസനം സാദ്ധ്യമാകണമെങ്കിൽ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 11% സംഭാവന ചെയ്യുന്ന ഈ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിൽ പാവം കർഷകൻ ഈ മേഖലയിൽ നിന്നും പിൻമാറാൻ അധികകാലം വേണ്ടിവരില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |