
അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് 'കേരളകൗമുദി" അരുവിപ്പുറത്ത് സംഘടിപ്പിച്ച സംവാദ സദസിൽ കവി പ്രഭാവർമ്മ നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ
അരുവിപ്പുറത്ത് ഗുരുദേവ സന്നിധിയിൽ എത്തിച്ചേരാൻ കഴിയുന്നതു തന്നെ വലിയ സുകൃതങ്ങളിലൊന്നായി കാണുന്ന വ്യക്തിയാണ് ഞാൻ. ഇവിടെ ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് അരുവിപ്പുറം മഠവും കേരളകൗമുദി എന്ന അഭിജാതമായ ദിനപത്രവും സംയുക്തമായാണ്. കേരളകൗമുദി നമ്മുടെ സാമൂഹികമായ ക്ഷേമത്തിനും ഭദ്രതയ്ക്കുമൊക്കെ എന്നും കാവൽ നിന്നുപോരുന്ന പത്രമാണ്. സാമൂഹികമായ ഉത്കർഷത്തിനു വേണ്ടി എന്നും പോരാടിയിട്ടുള്ള പത്രമാണ്. കേരളത്തെ ഈവിധത്തിൽ രൂപപ്പെടുത്തുന്നതിൽ ചരിത്രപരമായ വലിയ പങ്കുവഹിച്ചുട്ടുള്ള ഒരു മാദ്ധ്യമ സ്ഥാപനമാണ് കേരളകൗമുദി.
എന്റെ കാഴ്ചപ്പാടിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ കവി ശ്രീനാരായണ ഗുരുദേവനാണ്. അപ്പോൾ കുമാരനാശാനോ എന്ന സംശയം പലപ്പോഴും പലരും ചോദിക്കാറുണ്ട്. എനിക്ക് സംശയമൊന്നുമില്ല. കുമാരനാശാനേക്കാൾ ഉയർന്ന തലത്തിൽ സർഗവ്യാപാരം നടത്തിയ കവിയാണ് ശ്രീനാരായണഗുരു. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഒരു കവിക്കും അളന്നു തീർക്കാൻ കഴിയാത്ത വിധമുള്ള സാഹിത്യത്തിന്റെ, കല്പനയുടെ, ഭാവനയുടെ അധിത്യതയിലേക്ക് കടന്നെത്താൻ കഴിഞ്ഞ കവിയാണ് അദ്ദേഹം.
ഭാവനയുടെ
പരകോടി
'ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ, നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാവണം " എന്നെഴുതിയ കവിയാണ് ഗുരു. ഇങ്ങനെ മറ്റൊരാളെഴുതിയിട്ടില്ല. അതായത്, ഒരു മനുഷ്യന്റെ ഭാവനയ്ക്ക് ചെന്നെത്താവുന്നതിന്റെ പരമമായ സ്ഥിതിയാണ് അത്. എണ്ണിയെണ്ണി ചെന്നുകഴിഞ്ഞാൽ പിന്നീടങ്ങോട്ട് എണ്ണാനില്ലാത്ത ഒരവസ്ഥയിലേക്ക് നമ്മൾ ചെന്നെത്തും. അങ്ങനെയുള്ള സ്ഥലത്തെത്തിയാൽ, അദ്ദേഹം മനസിൽ ഗുരുവെന്നു നിനച്ച, അദ്ദേഹം മനസിൽ ദൈവമെന്നു നിനച്ച ആ സത്യദീപ്തിയിൽ ആഗിരണം ചെയ്യപ്പെടണം മനസ്, ആത്മാവ് എന്നാണ് പറയുന്നത്.
എന്നെ അദ്ഭുതപ്പെടുത്തിയ വരികളാണ് ഇത്. തൊട്ടെണ്ണാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് എത്തിയാൽ സാധാരണ ഒരു മനുഷ്യന്റെ മനസിന് അങ്ങനൊന്ന് സങ്കല്പിക്കാൻ പറ്റില്ല. അത്തരമൊരു ഭാവന സാധാരണ മനുഷ്യന് പ്രാപ്തമായിട്ടുള്ളതല്ല. അങ്ങനെയുള്ള അസാധാരണത്വമാർന്ന ഒരു പ്രതിഭയ്ക്കു മാത്രം കണ്ടെത്താവുന്ന ഒരു തലമാണ് ഈ സർഗാത്മകതയുടെ അധിത്യത. അതിനെ അളന്നുകുറിച്ച കവിയാണ് ശ്രീനാരായണ ഗുരുവെങ്കിൽ, അങ്ങനെ അളന്നുകുറിക്കാൻ കഴിഞ്ഞ മറ്റൊരു കവി ഇന്ത്യയിലില്ല. ഇന്ത്യയിലില്ലെന്നു ഞാൻ പറയുന്നത്, ലോകത്തെമ്പാടുമുണ്ടായിട്ടുള്ള, കവിതകളെഴുതിയിട്ടുള്ള ശ്രേഷ്ഠരായ എല്ലാ കവികളെയും എനിക്ക് അറിഞ്ഞുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ്. മറ്റാരെങ്കിലും ഉണ്ടാവുമോ എന്നെനിക്ക് നിശ്ചയമില്ല. ഉണ്ടാകും എന്നു കരുതാൻ എനിക്കൊട്ടു തോന്നുന്നുമില്ല.
ഈ ഒരു കവിതയ്ക്കു താഴെയേ, ഈ ഒരു കല്പനയ്ക്ക് താഴെയേ, ഈയൊരു സങ്കല്പശേഷിക്കു താഴെയേ മറ്റേതു കവിയുടെ ഏത് സർഗാത്മക സഞ്ചാരവും എത്തുകയുള്ളൂ എന്ന കാര്യത്തിൽ എനിക്ക് പരമമായ ബോദ്ധ്യമുണ്ട്. സാന്ദ്രാനന്ദാവബോധം എന്നുള്ളത് സർഗാത്മകതയുടെയും ലക്ഷ്യമാണ്. സാന്ദ്രാനന്ദാവബോധം ഉണ്ടാവണമെങ്കിൽ ആദ്യം സാമൂഹികമായ അവബോധമുണ്ടാവണം. ആരോടും വിദ്വേഷമുണ്ടാവരുത് എന്ന ശാന്തിമന്ത്രത്തിന്റെ ആത്മസത്ത ഇതുപോലെ ഉൾക്കൊണ്ട മറ്റൊരു കവിയുണ്ടോ, മറ്രൊരു ഋഷിവര്യനുണ്ടോ എന്നുചോദിച്ചാൽ ഉത്തരം പറയാൻ പറ്റില്ല.
സഹജബോധം,
ശാന്തിദർശനം
സഹജാവബോധത്തിൽ നിന്നുണ്ടാവുന്നതാണ് സാന്ദ്രമായ ആനന്ദ അവബോധം. എല്ലാവരും ഒന്നാണ്, ഞാനും നിങ്ങളും ഒന്നാണ്, ഈ പ്രപഞ്ചമാകെ ഒന്നാണ്, സർഗ അങ്കുരങ്ങളെല്ലാം ഒന്നാണ് എന്ന ബോധം. ആ ബോധത്തിൽ നിന്നുള്ള നിർഭയത്വമുണ്ടാവണം. ആ നിർഭയത്വത്തിൽ നിന്ന് ആനന്ദാനുഭവമുണ്ടാവണം. ആ ആനന്ദാനുഭവത്തെക്കുറിച്ചാണ് ശാന്തിമന്ത്രം പറയുന്നത്. ആ ശാന്തിമന്ത്രത്തിന്റെ ഒരു നിർവഹണമായിരുന്നിട്ടുണ്ട്, ശ്രീനാരായണ ഗുരുദേവന്റെ ജീവിതം ആകെത്തന്നെ.
അരുവിപ്പുറത്ത് പുഴയിൽ കുളിച്ചു കയറിവന്നിട്ട് ഒരു വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ സത്യത്തിൽ ശ്രീനാരായണഗുരു ചെയ്തത് ഒരു വിഗ്രഹത്തിന്റെ പ്രതിഷ്ഠാ കർമ്മമാണ്. അതിനപ്പുറത്ത് മറ്റെന്തെങ്കിലുമാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. സത്യത്തിൽ ആ വിഗ്രഹപ്രതിഷ്ഠയിലൂടെ ഗുരുദേവൻ ചെയ്തത് ഒരു നവകേരളം സ്ഥാപിക്കലിന്റെ പ്രതിഷ്ഠാകർമ്മമാണ്. മാനുഷിക സത്ത കലർന്നൊരു കേരളത്തിന്റെ പ്രതിഷ്ഠ. മാനുഷസത്ത എന്നൊന്നുണ്ട്. അത് നമ്മുടെ മനസിൽ പുലരുമ്പോൾ മാത്രമാണ് നമ്മൾ മനുഷ്യരാവുന്നത്. അങ്ങനെ മനുഷ്യനാക്കിയെടുക്കാൻ പറ്റുന്നത് എങ്ങനെയാണ്?
നരവർഗ ജന്തുക്കളായിരുന്ന നമ്മളെ മനുഷ്യൻ എന്ന അവസ്ഥയിലേക്ക് ഉയർത്തണമെങ്കിൽ, മാനുഷസത്ത പുലരാൻ എന്തുവേണമെന്ന് ആലോചിക്കുകയും, അതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മനസുകൊണ്ടും ശരീരം കൊണ്ടും വ്യാപരിക്കുകയും ചെയ്ത ത്യാഗധനരായ ഒരുപാട് ഋഷി ശ്രേഷ്ഠന്മാരുണ്ട്. ആ ഋഷി ശ്രേഷ്ഠന്മാരെയെല്ലാം എടുത്താൽ അവരുടെ നിരയിൽ ഏറ്റവും ഉന്നത ശ്രേഷ്ഠനായിരിക്കുന്നത് ഗുരുദേവനാണ്. 'എവിടെ നിർഭയമാകുന്നു മാനസം, എവിടെ നിൽക്കുന്നു ശീർഷം സമുന്നതം" എന്നുള്ള വരികൾ ടാഗോർ എഴുതിയിട്ടില്ലേ- എല്ലാ മനസുകളും ഭയഗ്രസ്തമാവുന്നൊരു കാലത്ത്, എല്ലാ ശിരസും താണടിയുന്നൊരു കാലത്ത്, അങ്ങനെ നിർഭയമായ മനസോടെ, സമുന്നതമായ ശിരസോടെ നിവർന്നു നിന്ന് കേരളത്തെ സംബോധന ചെയ്ത മഹാതേജസ്വിയായ ഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ.
നമ്മുടേത് വിശിഷ്ടമായ സാമൂഹിക ഘടനയാണെന്ന് പലപ്പോഴും നാം പറയാറുണ്ട്. ഹിന്ദുമതത്തിന്റെ ഘടന സെമറ്റിക് മത ഘടനയേക്കാൾ ഉത്കൃഷ്ടമാണെന്ന് പറയാറുണ്ട്. എന്നാൽ സെമറ്റിക് മതഘടനയിൽ കാണുന്ന ഒരു ചിട്ടയോ ക്രമമോ ഒന്നും ഹിന്ദുമതത്തിലില്ല എന്നു പറയാറുണ്ട്. ഹിന്ദുമതത്തിനുള്ളിൽ ഒരു ഘടനയുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്. അതാണ് വർണാശ്രമ ധർമ്മം. ബ്രാഹ്മണനെ ഏറ്റവും ഉന്നത സ്ഥാനത്തും ശൂദ്രനെ താഴെത്തട്ടിലും സ്ഥാപിക്കുക; അതിനു ശേഷമുള്ളവരെ മനുഷ്യരായി പരിഗണിക്കാതിരിക്കുക. ഈ വിധത്തിലുള്ള ഒരു ഘടന സെമറ്റിക് മതങ്ങൾക്കു പോലും ഉണ്ടായിരുന്നില്ല. ഈ വിധത്തിൽ ജീർണമായ ചാതുർവർണ്യത്തിന്റെ വിഷലിപ്തമായ കരാള ഹസ്തങ്ങൾ സമൂഹത്തെ ആകെ പിടിമുറുക്കിയിരുന്ന കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുദേവന്റെ സാമൂഹിക ഇടപെടൽ ഉണ്ടാവുന്നത്.
നവോത്ഥാന
പ്രാണപ്രതിഷ്ഠ
സാമൂഹ്യ വ്യവസ്ഥയെ പൊളിച്ചെഴുതാനാണ് അദ്ദേഹം ഇടപെട്ടത്. ആ ദീർഘയാത്രയുടെ സമാരംഭമായിരുന്നു 1888-ൽ അരുവിപ്പുറത്ത് കണ്ടത്. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ പ്രാണപ്രതിഷ്ഠാ കർമ്മമാണ് സത്യത്തിൽ ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് നടത്തിയത്. ഗുരുദേവന്റെ വ്യക്തിത്വം സൂക്ഷ്മതയിലും സമഗ്രതയിലും അറിഞ്ഞ ശേഷം മഹാകവി രബീന്ദ്രനാഥ ടാഗോർ പറഞ്ഞത്, ഇത്രയേറെ മഹത്വമാർന്ന ഒരു പരമഹംസൻ ഇന്ത്യയിലെവിടെയുമില്ല എന്നാണ്. ജീവിച്ചിരിക്കെ തന്നെ ഗുരുവിന്റെ മഹത്വം, പ്രാധാന്യം,വാക്കുകളുടെ പ്രസക്തി ഒക്കെത്തന്നെ ലോകം കണ്ടറിഞ്ഞു.
പല തലങ്ങളിൽ അഗ്രഥിച്ചാൽ മഹാത്മാഗാന്ധിക്കും മീതെയാണ് ഗുരുദേവൻ. മതവിദ്വേഷത്തിനെതിരെ പോരാടിയ ഗാന്ധിജി, ജാതിവിദ്വേഷത്തിനെതിരെ പോരാടിയിട്ടില്ല. വർണാശ്രമ ധർമത്തെ സംരക്ഷിച്ചു നിറുത്തുന്ന നിലയാണ് ഗാന്ധിജി പലപ്പോഴും സ്വീകരിച്ചത്. എല്ലാ മനുഷ്യനും ആത്മസത്തയിൽ ഒന്നാണെന്ന ബോധത്തിന്റെ അങ്കുരം ആദ്യമായി ഗാന്ധിജിയുടെ മനസിൽ ഉളവാകുന്നത് ശിവഗിരിയിൽ നടന്ന കൂടിക്കാഴ്ചയിലാണ്.
വംശീയ കലാപത്തിന്റെ പേരിലാണ് ഇന്ന് ലോകമെമ്പാടും രക്തപ്പുഴയൊഴുകുന്നത്. 'ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുസന്ദേശം അവിടങ്ങളിലെല്ലാം എത്തിച്ചാൽ ഈ രക്തച്ചൊരിച്ചിൽ ഒഴിവാകും.
ഗുരുവിന്റെ സന്ദേശങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ? അങ്ങനെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്ന് ആദ്യമായി ഉത്കണ്ഠപ്പെട്ടത് സി.വി. കുഞ്ഞുരാമനാണ്. 'നാം ചെയ്യേണ്ടതറിഞ്ഞു നമ്മെ ഉപദേശിക്കും ഗുരുസ്വാമിയെ നാമാരാധിക്കും, അലങ്കരിച്ചു പടമാറാടിക്കും ആഘോഷമായി..." എന്ന വരികൾ സി.വി എഴുതിയത് ഗുരുവിനെ വേണ്ടപോലെ ആൾക്കാർ മനസിലാക്കുന്നില്ലല്ലോ എന്ന ദുഖത്തിൽ നിന്നാണ്.
എല്ലാക്കാലത്തും എഴുത്തുകാരുടെ ദുഖമാണ് ഇത്. ഈ ദു:ഖം അടുത്ത തലമുറയിലേക്ക് സഞ്ചരിച്ചു പോകാതിരിക്കണമെങ്കിൽ ഗുരു എന്താണോ നമ്മെ പഠിപ്പിച്ചത്, അത് നമ്മൾ പൂർണമായി ഉൾക്കൊള്ളുകയും ജീവിതത്തിൽ പകർത്തുകയും നമ്മുടെ സ്വബോധത്തിലാകെ പ്രസരിപ്പിക്കുകയും ചെയ്തുകൊണ്ട് കേരളത്തെ മനുഷ്യവാസ യോഗ്യമായ ഒരു കേരളമാക്കിത്തീർക്കാൻ കഴിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |