
ചില ഓർമ്മകൾ നമ്മോടൊപ്പം മായാത്ത സ്മൃതിചിത്രങ്ങളായി കാലത്തിലൂടെ സഞ്ചരിക്കും. അഞ്ചു ദശാബ്ദങ്ങൾക്കു മുൻപ് ഒരു മദ്ധ്യാഹ്നത്തിലെ ചില ദൃശ്യങ്ങൾ ഞാനോർക്കുന്നു. യൂണിവേഴ്സിറ്റി കോളേജിനു മുന്നിലെ മഹാഗണി വൃക്ഷച്ചുവട്ടിൽ ഞങ്ങൾ, ചില വിദ്യാർത്ഥികൾ തമാശകൾ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്നു. പരിസരബോധം മറന്നുള്ള ഞങ്ങളുടെ ശബ്ദം ആവശ്യത്തിലേറെ ഉച്ചത്തിലായിരുന്നു. ഞങ്ങളെ കടന്നുപോയ ഒ.എൻ.വി. സർ (ഞങ്ങളുടെ മലയാളം പ്രൊഫസർ) ഒരു മിന്നൽപ്പിണർ കണക്കെ തിരിച്ചുവന്ന്, ജ്വലിച്ചുകൊണ്ട് പറഞ്ഞു, ''മഹാപ്രതിഭകൾ ഇരുന്നിട്ടുള്ള മരച്ചുവടാണിത്. മറക്കരുത്!""
ആ വാക്കുകളുടെ അഗ്നിയിൽ ഞങ്ങൾ ദഹിച്ചു നിന്നുപോയി. അന്നത്തെ കുറ്റബോധവും ജാള്യവും അല്പമെങ്കിലും ശമിച്ചത്, ഞങ്ങളുടെ കയ്യെഴുത്തു മാസികയായ 'സ്പന്ദനം" ആദ്യലക്കം പ്രകാശിപ്പിച്ചുകൊണ്ട് ഒ.എൻ.വി. സാർ, 'മനോഹരമായിട്ടുണ്ട്; ഇനിയും നന്നാകട്ടെ" എന്ന് ആശംസിച്ചപ്പോഴാണ്. സർഗാത്മക തേജസ്സാർന്ന കൈപ്പടയിൽ അദ്ദേഹം ആശംസകൾ രേഖപ്പെടുത്തി. പിന്നീട് വർഷങ്ങൾക്കുശേഷം ഞാൻ സെക്രട്ടറിയായിരുന്ന 'ആക്ട്" ഫിലിം സൊസൈറ്റി സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി" പ്രദർശിപ്പിച്ച വേളയിൽ അദ്ദേഹത്തെ ഉദ്ഘാടനത്തിനു ക്ഷണിച്ചു. സന്തോഷത്തോടെ വരികയും കാവ്യസുന്ദരമായ ഭാഷയിൽ അവിസ്മരണീയമായ ഒരു പ്രഭാഷണം നടത്തുകയും ചെയ്തു.
പിന്നീടും ആക്ടിന്റെ പരിപാടികളിൽ ഉത്തമ ചലച്ചിത്രാസ്വാദകനായിരുന്ന ആ മഹാപുരുഷന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. മാനവികതയുടെ ഉത്തുംഗ ഗോപുരമായിരുന്ന ഒ.എൻ.വി, കവിതയെ നിർവചിച്ച വരികൾ നോക്കുക: 'ഒരു കവിത മനുഷ്യരാശിക്കാകെ നന്മയും ശാന്തിയും നേരുന്നൊരു പ്രാർത്ഥനയാകാം; ഹൃദയങ്ങളെ ഇണക്കിച്ചേർക്കുന്നൊരു മന്ത്രമാകാം; ആസന്നമായ കൊടുങ്കാറ്റിനെക്കുറിച്ചൊരു മുന്നറിയിപ്പാകാം; അന്തഃസ്താപമുരുകിത്തുളുമ്പുന്നൊരു കണ്ണുനീർത്തുള്ളിയാകാം..."
'മയിൽപ്പീലി"യും 'അക്ഷര"വും 'ഉപ്പും" 'വളപ്പൊട്ടുകളും" 'മറീനയിലെ മൈനകളും" 'ഫിനിക്സും" 'ചോറൂണും" 'ഭൂമിക്കൊരു ചരമഗീത"വും 'നാലുമണിപ്പൂക്ക"ളും 'ഒരു തുള്ളി വെളിച്ച"വും 'അഗ്നിശലഭങ്ങ"ളും മറ്റനേകം ഉദാത്ത കവിതകളും, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ വസന്തത്തിന്റെ ഇടിനാദമായി ഇന്നും ആവേശം കൊള്ളിക്കുന്ന 'പൊന്നരിവാളമ്പിളിയില്..." പോലുള്ള അനശ്വര ഗാനങ്ങളും, അസ്വാദകർ നെഞ്ചിലേറ്റിയ എണ്ണമറ്റ ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും നാടകഗാനങ്ങളും, 'ഉജ്ജയിനി", 'സ്വയംവരം" എന്നീ ഉത്കൃഷ്ട കാവ്യങ്ങളും, കാവ്യാത്മകവും സംഗീതാത്മകവുമായ പ്രഭാഷണങ്ങളും ഇന്നും കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ വരികൾ തന്നെ ഓർത്തു പോകുന്നു- 'നന്ദി! അങ്ങാരാണ്; ചൊല്ലുമോ?'
സത്യം തിരയുന്ന ചോദ്യങ്ങളിലൂടെയാണ് അദ്ദേഹം പലപ്പോഴും കവിത അവസാനിപ്പിച്ചിരുന്നത്. ലളിതവും ലാവണ്യാത്മകവുമായ ഭാഷയിൽ ഇളം തലമുറയോടു സംവദിച്ച് അവർക്ക് ലോകജ്ഞാനം പകർന്ന ശ്രേഷ്ഠനായ ഒരു ഗുരുനാഥൻ കൂടിയായിരുന്നു, ഒ.എൻ.വി. 'അദ്ധ്യാപകജീവിതം എന്റെ കവിതയ്ക്ക് ഊർജ്ജം പകർന്നിട്ടേയുള്ളൂ. മുന്നിലൂടെ ഒഴുകിനീങ്ങുന്ന യൗവനത്തോടു സംസാരിക്കുക- അതും, അതിന്റെ പ്രതിസ്പന്ദമറിഞ്ഞുകൊണ്ട്! അപൂർവമായൊരു അനുഭൂതിയാണത്""- അദ്ദേഹം പറഞ്ഞിട്ടുണ്ട്. രക്തസാക്ഷിത്വത്തിന്റെ ചരിത്രത്തിനും വർത്തമാനത്തിനും മദ്ധ്യേയുള്ള മാനവീയം വീഥിയിലൂടെ, നിബിഡമാം മർത്യരഥ്യകളിലൂടെ ശുഭ്രവസ്ത്രധാരിയായി, ജ്വലിക്കുന്ന ഒരു കണ്ണീർത്തുള്ളി പോലെ നടന്നുനീങ്ങുന്ന കാവ്യനീതിയായിരുന്നു ഒ.എൻ.വി. വാഗർത്ഥ ലാവണ്യങ്ങളുടെ ഗുരുനാഥന് മഹാപ്രണാമം!
ലേഖകന്റെ ഫോൺ: 98476 29326)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |