
'തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി"...'ഒരു വടക്കൻ വീരഗാഥ" എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്തുവിന്റെ മാസ് ഡയലോഗാണിത്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് സംസ്ഥാന സർക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായ തിരിച്ചടി. ഒരേ കേസിൽ തുടർച്ചയായി മൂന്നാം തവണയും കോടതിയിൽ നിന്ന് തിരിച്ചടി നേരിടുമ്പോഴാണ് അത് ചന്തുവിന്റെ മാസ് ഡയലോഗിനെ അനുസ്മരിപ്പിക്കുന്നത്. കോടികളുടെ അഴിമതിക്കേസിൽ സർക്കാർ തുടർച്ചയായി കോടതിയിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങുമ്പോൾ പ്രതികൾ ജയിക്കുന്നുവെന്നതാണ് ഇതിന്റെ മറുപുറം. കൊല്ലം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന കശുഅണ്ടി
വികസന കോർപ്പറേഷനിൽ അസംസ്കൃത തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ മൂന്നാം തവണയും തള്ളിയ സർക്കാരിന്റെ 2025 ഒക്ടോബർ 28 ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കോടതി വിധിയെ അവഗണിച്ച് അപേക്ഷ തള്ളിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ നടപടി പ്രഥമ ദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്നും മേയ് 18 ന് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മുഹമ്മദ് ഹനീഷിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കേസിൽ പ്രതികളായ കശുഅണ്ടി
വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനാണ് സി.ബി.ഐ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടിയത്. എന്നാൽ കോടതി പല തവണ ആവശ്യപ്പെട്ടിട്ടും അനുമതി നൽകില്ലെന്ന കർശന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇത്തരം നിലപാട് സ്വേഛാപരവും പൊതുതാത്പര്യ വിരുദ്ധവും കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നും കോടതി വ്യക്തമാക്കി. 2006 - 2015 കാലഘട്ടത്തിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 90 കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയ സി.ബി.ഐ, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി തേടിയ തോടെയാണ് അനുമതി നൽകാതെ സർക്കാർ തുടർച്ചയായി ഉരുണ്ട് കളിച്ചത്. അനുമതി നിഷേധം ഒന്നാം പിണറായി സർക്കാർ മുതൽ കോർപ്പറേഷനിലെ കോടികളുടെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ സി.ബി.ഐ, രണ്ട് പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഒന്നാം പിണറായി സർക്കാരിനെ സമീപിച്ചപ്പോൾ സി.ബി.ഐയെ അമ്പരപ്പിച്ചു കൊണ്ട് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ അന്ന് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ നിലപാട് റദ്ദാക്കിയ ഹൈക്കോടതി, തീരുമാനം പുന:പരിശോധിക്കാൻ സർക്കാരിനോടാവശ്യപ്പെട്ടു. അഴിമതി സംബന്ധിച്ച സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ അഴിമതി നടന്നുവെന്ന് കോടതിക്ക് വെളിപ്പെടുത്തേണ്ടി വന്നു. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയത് തിരിച്ചടിയായി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ പിണറായി സർക്കാർ അനുമതി നിഷേധിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും പ്രതികളെ കൈവിട്ടു.
പ്രതികളെ രക്ഷിക്കുന്ന നീക്കം
അഴിമതിക്കേസ് പ്രതികളെ സംരക്ഷിക്കാൻ പിണറായി സർക്കാർ നടത്തിയ നീക്കങ്ങൾ മുമ്പ് വൻ വിവാദമായിരുന്നു. എം.ഡി ആയിരുന്ന കെ.എ. രതീഷ്, ചെയർമാനായിരുന്ന ആർ. ചന്ദ്രശേഖരൻ, തോട്ടണ്ടി ഇറക്കുമതി ചെയ്ത ജെ.എം.ജെ ട്രേഡേഴ് ഉടമ ജയ് മോൻ ജോസഫ് എന്നിവരാണ് സി.ബി.ഐ അന്വേഷിച്ച കേസിലെ ഒന്നും മൂന്നും നാലും പ്രതികൾ. കോർപ്പറേഷൻ മുൻ ചെയർമാൻ രണ്ടാം പ്രതിയായിരുന്നയാൾ ഇതിനിടെ മരിച്ചു. നാലു പേരെയും പ്രതി ചേർത്ത് സി.ബി.ഐ കേസെടുത്തത്
2016 ജൂലായ് 27 നായിരുന്നു. 5 വർഷമെടുത്താണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. രതീഷും ചന്ദ്രശേഖരനും സർക്കാരിൽ നിന്ന് ശമ്പളം പറ്റിയവരായതിനാലാണ് അവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി തേടേണ്ടി വന്നത്. അഴിമതി നിരോധന നിയമ പ്രകാരം ഒരു സർക്കാർ ഉദ്യോഗസ്ഥനോ സർക്കാർ ശമ്പളം കൈപ്പറ്റുന്നയാളോ അഴിമതിക്കേസിൽ പ്രതിയായാൽ പ്രോസിക്യൂഷൻ അനുമതി വേണമെന്ന 2018 ലെ ഭേദഗതി നിയമത്തിന്റെ തണലിലാണ് പ്രതികളെ രക്ഷിക്കാൻ സർക്കാർ, കോടതി ഉത്തരവുകളെപ്പോലും വക വയ്ക്കാതിരിക്കുന്നത്. സർക്കാർ അനുമതി നൽകിയാലേ പ്രതികൾക്കെതിരായ തുടർ നടപടികളിലേക്ക് കടക്കാൻ സി.ബി.ഐക്ക് കഴിയുകയുള്ളു. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാവുന്നതാണെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് ശുപാർശ ചെയ്തെങ്കിലും നിയമോപദേശത്തിന്റെ പേരിൽ മുഖ്യമന്ത്രി ഇടപെട്ട് അനുമതി നിഷേധിക്കുകയായിരുന്നു. 2020 ഒക്ടോബറിൽ ഇറക്കിയ ഈ ഉത്തരവിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയെ സമീപിച്ചപ്പോഴാണ് അനുമതി നൽകാനാവില്ലെന്ന വിചിത്ര നിലപാട് അന്നും പിന്നീട് രണ്ട് തവണയും സർക്കാർ സ്വീകരിച്ചത്. അഴിമതി ആരോപണങ്ങളുടെ ഗൗരവവും പ്രഥമ ദൃഷ്ട്യാ വസ്തുതകളും പരിശോധിച്ച് കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് നിർദ്ദേശിച്ചത്. എന്നാൽ തോട്ടണ്ടി സംഭരണത്തിൽ നടപടി ക്രമം പാലിക്കാത്തത് ഭരണതലത്തിലെ വീഴ്ച മാത്രമാണെന്നും കുറ്റകരമായ പദവി ദുരുപയോഗമോ പെരുമാറ്റ ദൂഷ്യമോ അവിഹിത നേട്ടം ഉണ്ടാക്കലോ കള്ളത്തരമോ ഇല്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. സി.ബി.ഐ റിപ്പോർട്ടും കോടതിയുടെ വിലയിരുത്തലും അവഗണിച്ചുള്ള ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തൽ.
ഇനി തീരുമാനം പുതിയ സർക്കാരിന്റേത്
പ്രോസിക്യൂഷൻ അനുമതി മൂന്ന് തവണ നിഷേധിച്ച് കോൺഗ്രസ് നേതാവിനെ രക്ഷിച്ചു കൊണ്ടിരിക്കുന്ന ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ വിവാദ നിലപാടിനെതിരെ ഹൈക്കോടതിയുടെ കർശന ഉത്തരവ് വന്നെങ്കിലും ഇനി അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാരാണ്. പിണറായി സർക്കാരാണ് തുടരുന്നതെങ്കിൽ കോടതിയുടെ കർശന ഉത്തരവിനെ മറികടക്കാനുള്ള തന്ത്രങ്ങൾ തുടരുമെന്നുറപ്പാണ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ ഹാജരാകേണ്ട മേയ് 18 ന് പുതിയ സർക്കാരാകും നിലപാടെടുക്കുക. യു.ഡി.എഫ് സർക്കാരാണ് അധികാരത്തിൽ വരുന്നതെങ്കിൽ പിണറായി സർക്കാരിൽ നിന്ന് വ്യത്യസ്ഥമായ നിലപാട് ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്. ഐ.എൻ.ടി.യു.സി, കോൺഗ്രസ് നേതാവായ ആർ. ചന്ദ്രശേഖരനെ പിണറായി വിജയൻ ചിറകിനടിയിൽ സംരക്ഷിച്ചെങ്കിൽ കോൺഗ്രസ് സർക്കാരിൽ നിന്ന് ചന്ദ്രശേഖരന് പ്രതികൂലമായി എന്തെങ്കിലുo സംഭവിച്ചാൽ അത് അത്ഭുതമാകും. ചന്ദ്രശേഖരനെ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാനാക്കിയ നേതാവാണ് യു.ഡി.എഫ് മുഖ്യമന്ത്രിയാകാൻ മത്സര രംഗത്തുള്ള ഒരാൾ. ഈ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരനെ സ്ഥാനാർത്ഥി ആക്കാൻ ഈ നേതാവിന്റെ സമ്മർദ്ദം ഉണ്ടായിരുന്നു. ചടയമംഗലത്ത് സീറ്റ് ലഭിക്കുമെന്ന ഘട്ടം വരെ എത്തിയെങ്കിലും ഐ.എൻ.ടി.യു.സി യിൽ നിന്നും കോൺഗ്രസിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് നടക്കാതെ പോയത്. ഭരണം മാറിയാലും അഴിമതിക്കേസ് പ്രതികൾക്ക് ഒന്നും സംഭവിക്കില്ലെന്ന് ചുരുക്കം. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ ആർ. ചന്ദ്രശേഖരൻ എക്കാലത്തും പിണറായി വിജയന്റെ വിശ്വസ്ഥനായിരുന്നുവെന്നത് കോൺഗ്രസുകാർക്കിടയിലും രഹസ്യമല്ല. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ഐ. എൻ.ടി.യു.സി നേതൃത്വത്തിൽ കാര്യമായ ഒരു സമരം പോലും ഉണ്ടായിട്ടില്ലെന്നത് കോൺഗ്രസുകാർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയെ വെള്ള പൂശാൻ സർക്കാർ തന്നെ നടത്തുന്ന വഴി വിട്ട നീക്കങ്ങളുടെ ഏറ്റവും ഉത്തമ ഉദാഹരണം കൂടിയാണിത്. ഏത് സർക്കാർ വന്നാലും കോടതിയിൽ നിന്ന് പിന്നെയും തോൽവി ഏറ്റുവാങ്ങും, അഴിമതി വാഴും, പ്രതികൾ ജയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |