ആരോഗ്യ കേരളത്തിന്റെ നട്ടെല്ലായ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നിരാഹാര സമരത്തിലാണ്. ഇന്നലെ മുതൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും തുടങ്ങി. ആറുമാസത്തിലേറെ നീണ്ട സൂചനാ സമരങ്ങൾ ഫലം കാണാതെ വന്നതോടെയാണ് തെരുവിലേക്ക് ഇറങ്ങിയതെന്ന് ഡോക്ടർമാർ പറയുന്നു.
സമരത്തിന് നേതൃത്വം നൽകുന്ന കേരള ഗവ. മെഡി. കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്‌നാരാ ബീഗം 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
? സമരത്തിനിറങ്ങേണ്ടി വന്ന സാഹചര്യം.
സമരത്തിന് ഇറങ്ങിയതല്ല; സർക്കാർ തള്ളിവിട്ടതാണ്. ചർച്ചകളെല്ലാം പ്രഹസനമായതോടെ ഞങ്ങൾക്കു മുന്നിൽ സമരം മാത്രമായി പോംവഴി. 2016-ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം 2020 ഒക്ടോബറിൽ കഴിഞ്ഞ സർക്കാർ പ്രാബല്യത്തിൽ വരുത്തിയെങ്കിലും അതിൽ ഗുരുതരമായ പിഴവുകളുണ്ടായിരുന്നു. നാലേമുക്കാൽ വർഷത്തെ ശമ്പള കുടിശ്ശിക നൽകിയില്ല, പ്രവേശന തസ്തികയായ അസി. പ്രൊഫസറുടെ ശമ്പളം കുറച്ചു, ആദ്യ പ്രൊമോഷനായ അസോ. പ്രൊഫസർ തസ്തികയിലേക്കുള്ള സേവനകാലാവധി എട്ടു വർഷമായി വർദ്ധിപ്പിച്ചു എന്നിവയാണ് പ്രധാന അപാകതകൾ.
ഈ ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് 2021-ൽ കെ.ജി.എം.സി.ടി.എ സമരം ആരംഭിച്ചു. അന്നത്തെ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ 2016 മുതലുള്ള ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പിന്നാലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും മെഡിക്കൽ കോളേജ് ഡോക്ടർമാർക്കും നാല് ഗഡുക്കളായി ശമ്പള കുടിശ്ശിക അനുവദിച്ചുള്ള സർക്കാർ ഉത്തരവ് 2021-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുറത്തിറങ്ങി. തുടർഭരണം ലഭിച്ചപ്പോൾ സാമ്പത്തിക പരാധീനത ചൂണ്ടികാണിച്ച് ആ ഉത്തരവ് മരവിപ്പിച്ചു. 2025-ൽ സംസ്ഥാന ജീവനക്കാർക്ക് ഈ കുടിശ്ശിക അനുവദിച്ചെങ്കിലും മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഒഴിവാക്കുകയായിരുന്നു.
? ഡോക്ടർമാരുടെ സമരം പാവപ്പെട്ട രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ.
ഇത് ഡോക്ടർമാർക്കു വേണ്ടി മാത്രമുള്ള സമരമാണെന്ന് പൊതുസമൂഹം ചിന്തിക്കരുത്. രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വേണ്ടിക്കൂടിയാണ് ഈ സമരം. മെഡിക്കൽ കോളേജുകളുടെ സ്ഥിതി ഞങ്ങൾക്ക് വ്യക്തമായി അറിയാം. അതിൻെറ കൂടി പശ്ചാത്തലത്തിൽ പാവപ്പെട്ട രോഗികൾക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും വേണ്ടിയാണ് സമരം. നിലവിലെ ഒ.പി ബഹിഷ്കരണം ഉൾപ്പെടെ രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംഘടനയ്ക്ക് ആശങ്കയുണ്ട്. അത് ഒഴിവാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചതാണ്.
മറ്റു സർക്കാർ ജീവനക്കാർക്കു നൽകുന്ന പരിഗണന പോലും പൊതുജനാരോഗ്യ സേവകരായ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് നൽകാത്തതിനാലാണ് സമരം ശക്തിപ്പെടുത്താൻ നിർബന്ധിതമായത്. ആരോഗ്യമേഖലയിൽ ഡോക്ടർമാർ നേടിക്കൊടുത്ത പ്രശസ്തിയുടെ കൂടി തിളക്കത്തിൽ കേരളത്തിൽ ആദ്യമായി തുടർഭരണം നേടിയ സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് കേരളം കണ്ട ഏറ്റവും നന്ദികെട്ട ബഡ്ജറ്റായി മാറി. മെഡിക്കൽ കോളേജ് ഡോക്ടർമാർ വോട്ട് ബാങ്കല്ലെന്ന വിലയിരുത്തലാവാം ഈ നന്ദികേടിനു കാരണം. എന്നാൽ ജനലക്ഷങ്ങളുടെ വോട്ടിന്മേൽ സ്വാധീനം ചെലുത്താൻ സർക്കാരിനു നേടിക്കൊടുത്ത പ്രശസ്തിക്ക് കാരണമായത് ഞങ്ങളാണെന്ന് വിസ്മരിക്കരുത്.
? മഹാമാരികളുടെ കാലത്തെ സേവങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുണ്ടോ.
മഹാപ്രളയങ്ങൾ, നിപ്പ, കൊവിഡ് തുടങ്ങിയ മഹാമാരികളിൽ ലോകം പകച്ചുനിന്ന ഘട്ടങ്ങളിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ജീവൻ പണയംവച്ച് പ്രവർത്തിച്ചത് 2016 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലാണ്. കൊവിഡ് കാലത്ത് അത്യന്തം ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ചികിത്സിച്ചതിന്റെ ഫലമായാണ് വികസിത യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറഞ്ഞ കൊവിഡ് മരണനിരക്ക് കൈവരിക്കാനായത്.
2021 ഏപ്രിൽ- മേയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞു വീശിയത്. അത് തരണം ചെയ്തു. ഇതോടെ 'ക്രൈസിസ് മാനേജ്‌മെന്റ് സർക്കാർ" എന്ന ഖ്യാതിയോടെയാണ് ഇടതുമുന്നണി തുടർഭരണം നേടിയത്. മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെ.ജി.എം.സി.ടി.എ ഇക്കാര്യം സർക്കാരിനെ ഓർമ്മിപ്പിക്കുകയാണ്. മറ്റു പല രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കൊവിഡ് മഹാമാരിയുടെ സമയത്ത് ഡോക്ടർമാർക്ക് അധിക സാമ്പത്തിക അനുകൂല്യങ്ങൾ പ്രത്യേകമായി അനുവദിച്ചപ്പോഴാണ് ഇവിടെ അർഹമായതും നിഷേധിക്കുന്നത്.
? പുതിയ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം എങ്ങനെ.
പുതിയതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്തിയിട്ടില്ല. മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നും അദ്ധ്യാപകരെ താത്കാലികമായി സ്ഥലംമാറ്റിയാണ് അവ പ്രവർത്തിക്കുന്നത്. കാസർകോട്, ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ മൂന്നു മാസം റൊട്ടേഷനിൽ ഡോക്ടർമാരെ നിയമിക്കുന്നു. ഇത് പുതിയ മെഡിക്കൽ കോളേജുകൾക്ക് ഗുണം ചെയ്യില്ലെന്നു മാത്രമല്ല, മറ്റു മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടി അവതാളത്തിലാക്കുകയും, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുകയെന്ന, ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ നയത്തിലൂടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ അദ്ധ്യാപകരില്ലാത്ത സ്ഥിതിയാണ്. ഇതിനിടെയാണ് അദ്ധ്യാപകരെ നിരന്തരം പുതിയ കോളേജുകളിലേക്ക് മാറ്റുന്നത്. പുതിയതായി സർവീസിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർമാർക്കുണ്ടായ ശമ്പളക്കുറവ് യുവ ഡോക്ടർമാരെ ഈ മേഖലയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. നിലവിലുള്ള പല യുവ അദ്ധ്യാപകരും ജോലി ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.
? സർക്കാരുമായി ചർച്ച നടത്തി പരിഹാരം കാണാൻ സാധിക്കില്ലേ.
2025ജൂലായ് ഒന്നു മുതൽ കെ.ജി.എം.സി.ടി.എ പ്രതിഷേധത്തിലാണ്. യാതൊരു ഫലവുമുണ്ടാകാത്തതിനാൽ റിലേ ഒ.പി. ബഹിഷ്‌കരണം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് പ്രവേശിച്ചപ്പോൾ നവംബർ 10-ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സംഘടനയ്ക്കു നൽകിയ ഉറപ്പുകൾ സമയബന്ധിതമായി പാലിക്കാത്തതിനാൽ സമരം ശക്തമാക്കുവാൻ തീരുമാനിച്ചു. മന്ത്രിമാരായ വീണാ ജോർജ്, കെ.എൻ. ബാലഗോപൽ എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 12-ന് വീണ്ടും ചർച്ച നടന്നു. പ്രവേശന തസ്തികയിൽ ഉണ്ടായ ശമ്പളക്കുറവ് പരിഹരിക്കാമെന്നും ശമ്പളപരിഷ്‌കരണ കുടിശ്ശിക നൽകുന്നത് പരിഗണിക്കാമെന്നും ഉറപ്പ് നൽകി.
പക്ഷേ, ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 18- ന് ഇറങ്ങിയ സർക്കാർ ഉത്തരവ് കടുത്ത നിരാശ ജനിപ്പിക്കുന്നതായിരുന്നു. പ്രവേശന തസ്തികയിൽ ഉണ്ടായ ശമ്പളക്കുറവ് ഭാഗികമായി മാത്രം പരിഗണിച്ചുകൊണ്ടുള്ള അലവൻസാണ് നൽകിയത്. അതിന് മുൻകാല പ്രാബല്യവുമില്ല, ഉടൻ തന്നെ വരാനിരിക്കുന്ന അടുത്ത ശമ്പളപരിഷ്‌കരണത്തിലേക്ക് തുടർച്ചയുമില്ല. ഫെബ്രുവരി ആദ്യം നടത്തിയ ചർച്ചയിലും തീരുമാനമായില്ല. ചർച്ചകളിലെ തീരുമാനത്തിനു വിരുദ്ധമായി ഉത്തരവുകളിറങ്ങുന്ന സാഹചര്യത്തിൽ ചർച്ചകളുടെ പ്രസക്തി ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |