SignIn
Kerala Kaumudi Online
Saturday, 21 February 2026 8.14 AM IST

മലപ്പുറത്ത് നാല് സീറ്റിന് രണ്ട് ഡസൻ നേതാക്കൾ, കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം കടുകട്ടി

Increase Font Size Decrease Font Size Print Page

s

തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും ലഭിച്ച വ്യക്തമായ ഭൂരിപക്ഷം നിയമസഭയിലും ആവർത്തിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ സീറ്റിനായി നേതാക്കൾ പിടിവലി ശക്തമാക്കിയത് കോൺഗ്രസിന് തലവേദനയാവും. നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി എന്നിങ്ങനെ നാലിടത്താണ് കോൺഗ്രസ് മത്സരിക്കുക. ഇതിൽ നിലമ്പൂരിലും വണ്ടൂരിലും സിറ്റിംഗ് എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാർ എന്നിവർ തന്നെ മത്സരിച്ചേക്കും. കോൺഗ്രസ് പുറത്തിറക്കുന്ന ആദ്യഘട്ട പട്ടികയിൽ ഇരുവരുടെയും പേരുകൾ ഇടംപിടിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ഇടതുസ്വതന്ത്രനായിരുന്ന പി.വി. അൻവർ യു.ഡി.എഫ് പാളയത്തിൽ എത്തിയതോടെ നിലമ്പൂർ സീറ്റ് കൂടുതൽ സുരക്ഷിതമായെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. വണ്ടൂരിലും കാര്യമായ വെല്ലുവിളിയില്ല. പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ തുടർച്ചയായി ഇടത് സ്ഥാനാർത്ഥികളാണ് വിജയിക്കാറുള്ളത്. എന്നാൽ,​ തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂരിലെ വ്യക്തമായ മേൽക്കോയ്മയും പൊന്നാനിയിലെ മുൻതൂക്കവുമാണ് സീറ്റുകളിലേക്ക് നോട്ടമെറിയാൻ മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ട് ഡസനോളം നേതാക്കളെ പ്രേരിപ്പിക്കുന്നത്.

ഇടതുസ്വതന്ത്ര എം.എൽ.എ കെ.ടി. ജലീൽ മൂന്ന് തവണ തുടർച്ചയായി വിജയിച്ച തവനൂർ സീറ്റിന് വേണ്ടിയാണ് ഇത്തവണ കോൺഗ്രസിൽ കൂടുതൽ പിടിവലി. കോഴിക്കോട്ടെ തിരുവമ്പാടി സീറ്റിന് പകരമായി തവനൂർ ചോദിക്കാനുള്ള മുസ്‌ലിം ലീഗിന്റെ നീക്കം കോൺഗ്രസ് ജില്ലാ,​ പ്രാദേശിക നേതൃത്വങ്ങൾ ഇടപെട്ട് തടഞ്ഞതും മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനുള്ള അനുകൂല സാഹചര്യങ്ങൾ കൂടി മുന്നിൽകണ്ടാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്തും തവനൂർ സീറ്റ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. അന്ന് ലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ചാരിറ്റി രംഗത്തുള്ള ഫിറോസ് കുന്നുംപറമ്പിലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. 2021ൽ തവനൂർ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് വിജയിക്കാനായിട്ടില്ല. മണ്ഡലത്തിൽ കോൺഗ്രസിനേക്കാൾ സാധ്യത തങ്ങൾക്ക് ആണെന്നാണ് മുസ്ലിം ലീഗിന്റെ വാദം. തവനൂർ വിട്ടുകൊടുത്താൽ മലപ്പുറത്ത് ആകെ മൂന്ന് സീറ്റുകളെ ഉണ്ടാവുകയുള്ളൂ എന്നത് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കത്തെ കോൺഗ്രസ് പ്രതിരോധിച്ചത്.

തവനൂ‌ർ ഇത്തവണ സേഫല്ല

തവനൂർ നിയോജക മണ്ഡലം പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഭരണവും യു.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. പതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിനുണ്ട്. മണ്ഡല രൂപീകരണ ശേഷം 2021ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രൻ കെ.ടി. ജലീലിനെതിരെ മുൻ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് 6,854 വോട്ടിനാണ് പരാജയപ്പെട്ടത്. ലീഗ് അണികൾക്കിടയിൽ അടക്കം കൂടുതൽ സ്വീകാര്യനായിരുന്നു അന്ന് കെ.ടി. ജലീൽ. 2016ൽ യൂത്ത് കോൺഗ്രസ് നേതാവ് പി.ഇഫ്ത്തിഖാറുദ്ദീനെ മത്സരിപ്പിച്ചപ്പോൾ 17,064 വോട്ടിനായിരുന്നു ജലീലിന്റെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിച്ചപ്പോൾ 2,185 വോട്ടിന് കിതച്ചാണ് ജലീൽ വിജയിച്ചുകയറിയത്. വീണ്ടും ജലീലെങ്കിൽ നാലാം മത്സരമാവും. ഇക്കാര്യത്തിലെ സി.പി.എം അണികൾക്കിടയിലെ അസംതൃപ്തിയും കോൺഗ്രസ് മുന്നിൽകാണുന്നുണ്ട്. തവനൂരിൽ സംസ്ഥാനതല നേതാവിനെ മത്സരിപ്പിക്കണമെന്നും നിലവിലെ അനുകൂല രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നുമുള്ള അഭിപ്രായം കോൺഗ്രസിനുള്ളിൽ ശക്തമാണ്. ഡി.സി.സി പ്രസിഡന്റ് വി.എസ്‌. ജോയ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, വി. ബാബുരാജ്, ആലിപ്പറ്റ ജമീല, എ.എം. രോഹിത് എന്നിങ്ങനെ ഒരുകൂട്ടം നേതാക്കൾ സീറ്റിന് സമ്മർദ്ദവുമായി രംഗത്തുണ്ട്.

മുൻതൂക്കത്തിൽ പ്രതീക്ഷ

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല വലത്തോട്ട് ചാഞ്ഞപ്പോൾ ഇടതിന് കാര്യമായി പരിക്കേൽക്കാത്തത് പൊന്നാനിയിലാണ്. നിയമസഭാ മണ്ഡല പരിധിയിൽ 1,612 വോട്ടിന്റെ ഭൂരിപക്ഷമേ യു.ഡി.എഫിനുള്ളൂ. സംസ്ഥാനത്ത് യു.ഡി.എഫിനുള്ള രാഷ്ട്രീയ അനുകൂല സാഹചര്യത്തിനൊപ്പം പൊന്നാനിയിലെ സി.പി.എമ്മിനുള്ളിലെ അസ്വാരസ്യങ്ങളും സിറ്റിംഗ് എം.എൽ.എയ്‌ക്കെതിരായ വികാരവും കൂടിയാവുന്നതോടെ 5,000ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് പൊന്നാനി പിടിച്ചെടുക്കാനാവുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പൊന്നാനിയിൽ പ്രാദേശികമായി വേരുള്ള സ്ഥാനാർത്ഥിയെ മത്സിപ്പിക്കണമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആവശ്യം. പി.ടി. അജയ്‌മോഹൻ, കെ.പി. നൗഷാദ് അലി, ഹാരിസ് മുതൂർ, ഡോ. ഹരിപ്രിയ, എ.എം. രോഹിത് എന്നിവർ സാദ്ധ്യത ലിസ്റ്റിലുണ്ട്. ജില്ലയിൽ നിന്നുള്ള നേതാക്കളെ പരിഗണിച്ചാൽ ജില്ലാ യു.ഡി.എഫ് ചെയർമാൻ കൂടിയായ പി.ടി. അജയ് മോഹന് നറുക്കുവീണേക്കാം. 2016ലും 2011ലും പൊന്നാനിയിൽ മത്സരിച്ചിട്ടുണ്ട് അജയ് മോഹൻ. 2011ൽ പി.ശ്രീരാമകൃഷ്ണനെതിരെ മത്സരം കടുപ്പിക്കാനായി. അന്ന് 4,101 വോട്ടിൽ ഒതുങ്ങി ഇടതിന്റെ വിജയം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.