
ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയത്തിനും രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും രാഷ്ട്രീയ നിലപാടുകൾക്കുമെല്ലാം വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. അതു കൊണ്ടു തന്നെയാണ് നേതാക്കൾ ഉണ്ടാവുന്നതും അവർക്ക് പിന്നാലെ 'ലക്ഷം ലക്ഷം" അണിനിരക്കുന്നതുമെല്ലാം. സാമൂഹിക വ്യവസ്ഥയിൽ അതിശക്തവും വിപ്ളവകരവുമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, അത് ഏതുമാവട്ടെ വഹിച്ചിട്ടുള്ള പങ്കും ഏറെ വിലപ്പെട്ടതാണ്. അതിനൊക്കെ നേതൃത്വം കൊടുത്ത പലനേതാക്കളും ജനമനസുകളിൽ തകർക്കപ്പെടാത്ത വിഗ്രഹങ്ങളായി ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതും കർമ്മമേഖലയിലെ പവിത്രത കാരണമാണ്.
പക്ഷെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അഭയാർത്ഥി ക്യാമ്പുകളായി മാറുന്ന അപഹാസ്യമായ കാഴ്ചയാണ് വർത്തമാനകാല സമൂഹം കാണുന്നത്. മോഹഭംഗം സംഭവിക്കുന്ന നേതാക്കൾ രാഷ്ട്രീയ ഭിക്ഷാംദേഹികളെപ്പോലെ മറുകണ്ടം ചാടുമ്പോൾ അവരുടെ ആദർശവും നിലപാടുമൊക്കെ ഏതുവഴിക്ക് പോകുന്നുവെന്ന് ആരും നോക്കുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കേരളത്തിൽ വിവിധ പാർട്ടികളിൽ നിന്ന് വിവിധങ്ങളായ കാരണങ്ങളാൽ പിണങ്ങിപ്പിരിഞ്ഞവരും അവർ പിന്നീട് ചേക്കേറിയ താവളങ്ങളും ഒന്ന് വിശകലനം ചെയ്താൽ മനസിലാവും ഇപ്പോഴത്തെ രാഷ്ട്രീയ പ്രബുദ്ധതയുടെ നേർരൂപം. തങ്ങളുടെ നിലപാടുതറകളിൽ ഉറച്ചു നിൽക്കുകയും ആദർശാധിഷ്ഠിതമായി രാഷ്ട്രീയ ജീവിതം നയിക്കുകയും ചെയ്യുന്ന മഹത്തുക്കളെ വിസ്മരിച്ചല്ല ഈ കുറിപ്പ്, അവരുടെ സംഭാവനകളെ മറന്നുമല്ല. മറിച്ച് അവർ കൂടി ഉൾപ്പെടുന്ന രാഷ്ട്രീയ മണ്ഡലത്തിലേക്ക് വിസർജ്യം തെറിപ്പിച്ച് മലീമസമാക്കുന്ന അവസരവാദ നിലപാടുകാരെക്കുറിച്ചാണ്. അവർക്കും അവരുടേതായ ന്യായങ്ങൾ കാണുമെന്നത് വേറെ കാര്യം.
അധികം പിന്നിലേക്ക് പോകുന്നില്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തലസ്ഥാന ജില്ലയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയമടഞ്ഞ ഒരു നേതാവ് പിന്നെ പോയ പോക്ക് ആരും പ്രതീക്ഷിച്ചില്ല. അടിയുറച്ച ഗാന്ധിയനും അഹിംസാവാദിയുമായിരുന്ന അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ അശ്രാന്തം പണിപ്പെട്ടത് സൗമ്യനും സാത്വികനുമായ മറ്റൊരു ഗാന്ധിയൻ തന്നെയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പരിഭവം. തനിക്കെതിരെ 'സൗമ്യപ്പാര" പണിത നേതാവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം ദണ്ഡിയാത്രയോടും ഉപ്പു സത്യഗ്രഹത്തോടും ഖാദിയോടുമുള്ള വൈകാരിക ബന്ധം ഉപേക്ഷിച്ചു. ഇതറിയേണ്ട താമസം , വിപ്ളവ പാർട്ടി രണ്ടു കൈകളും രക്തഹാരവും നീട്ടി അദ്ദേഹത്തെ വരവേറ്റു. ഗാന്ധിമാർഗ്ഗത്തിൽ നിന്നു വന്ന നേതാവായതിനാൽ അയ്യപ്പ സേവയ്ക്ക് ഒരവസരവും കൊടുത്തു. അദ്ദേഹം ആ ദൗത്യം ഭംഗിയായി നിറവേറ്റി. നേതാവ് പരമ സാത്വികനാണെങ്കിലും ശബരിമലയിലെ കട്ടിളയും കഴുക്കോലും കൊടിയും കൊടിമരവും വരെ വിവാദത്തിൽപ്പെട്ടതോടെ ഈ ഗാന്ധിയൻ നേതാവും പരക്കം പാച്ചിലായി.
ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ഒരു എം.പി രാജിവച്ചതോടെയാണ് വടക്കൻ കേരളത്തിൽ ഒരു നിയമസഭാ സീറ്റിൽ ഒഴിവ് വന്നത്. അതോടെ പ്രൊഫഷണൽ യോഗ്യതയുള്ള സരസഹൃദയനായ, കൈപ്പത്തിയുടെ കാവൽക്കാരൻ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സ്വപ്നം കണ്ടു തുടങ്ങി. സമൂഹമാദ്ധ്യമങ്ങൾ വഴി തന്റെ പ്രസ്ഥാനത്തെ അനുദിനം വളർത്തിക്കൊണ്ടിരുന്ന നേതാവിന്റെ മനസിൽ അങ്ങനൊരു പൂതി ഉണ്ടായാൽ കുറ്റം പറയാനുമാവില്ല. പക്ഷെ ഈ നേതാവിന്റെ തിടുക്കം പാർലമെന്ററി പാർട്ടി കാർണവർക്ക് അത്ര പിടിച്ചില്ല, അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ മറ്റൊരു കോമളാംഗൻ സ്ഥാനാർത്ഥിക്കുപ്പായമിട്ട് അവതരിച്ചു. അതോടെ പ്രൊഫഷണൽ നേതാവിന്റെ ചങ്ക് പൊട്ടി. അവിടെയും നമ്മുടെ വിപ്ളവ പാർട്ടി നീട്ടി രണ്ട് കൈകളും ഒരു രക്തഹാരവും. അങ്ങനെ പ്രൊഫഷണൽ കോൺഗ്രസ് , പ്രൊഫഷണൽ കമ്യൂണിസ്റ്റായി മാറി. തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം കാണാൻ മണ്ഡലത്തിലെ വോട്ടർമാർ ശ്രമിച്ചില്ല. അവർ കോമളാംഗനെ തിരഞ്ഞെടുത്തു. പക്ഷെ കോമളാംഗന് സീറ്റ് കൊടുത്തത് നരകാസുരന് വരം കൊടുത്ത പോലെ ആയിപ്പോയെന്ന് ഏറെ കഴിയും മുമ്പെ കാരണവർക്കും കൂട്ടർക്കും മനസിലായി.
ഇതിനിടെയാണ് താമരക്കുമ്പിളിലിരുന്ന മറ്റൊരു നേതാവിന് സ്വന്തം തറവാട്ടിൽ ഇരിക്കപ്പൊറുതിയില്ലാതായത്. പക്ഷെ ഒരു വ്യത്യാസം, അദ്ദേഹത്തിന് മത്സരിക്കാൻ സീറ്റു കിട്ടാത്തതിലല്ലായിരുന്നു കുണ്ഠിതം, വേദിയിൽ സീറ്റ് കിട്ടാത്തതിലായിരുന്നു. വൈകിയില്ല അദ്ദേഹം താമരക്കുമ്പിളിനോട് വിടപറഞ്ഞു, ഇനി എന്തെന്ന് ചിന്തിക്കുമ്പോൾ ഒരു വഴി തുറന്നു. ഇവിടെ രണ്ട് കൈകളും നീട്ടി ,ഖദർ ഷാളുമായി കാത്തുനിന്നത് ഗാന്ധിശിഷ്യരാണ്. നേരത്തെ പഠിച്ച പാഠമെല്ലാം കീറിക്കളഞ്ഞ് അദ്ദേഹം അഹിംസാ പാഠം പഠിച്ചു തുടങ്ങി. കശുഅണ്ടി വ്യവസായത്തിന്റെ നാട്ടിലും കണ്ടു ഇതുപോലൊരു തെന്നിയാട്ടം. എല്ലാവരെയും രക്തഹാരം നൽകി സ്വീകരിക്കുന്ന വിപ്ളവപാർട്ടിയുടെ പോരാളിയായി നിന്ന കമ്യൂണിസ്റ്റ് ഉണ്ണിയാർച്ചയ്ക്കാണ് പെട്ടെന്നൊരു മനംമാറ്റമുണ്ടായത്. വിപ്ളവവും പോരാട്ടവുമൊക്കെ മടുത്തിട്ടാവും ഗാന്ധിയൻ ചിന്താധാരയിലൂടെ സഞ്ചരിക്കാൻ അവർക്കൊരു മോഹം. ഗാന്ധിശിഷ്യന്മാർ സന്ദർഭത്തിനൊത്ത് ഉണർന്നു പ്രവർത്തിച്ചു. ഇരു കൈകളും ഖദർഷാളുമായി അവർ കമ്യൂണിസ്റ്റ് ഉണ്ണിയാർച്ചയെ സ്വന്തം തറവാട്ടിലേക്ക് സ്വീകരിച്ചു.
അയ്യപ്പന്റെ നാട്ടിലുമുണ്ടായി ഇതുപോലൊരു കൂടുവിട്ട് കൂടുമാറ്റം. പാരമ്പര്യവാദികളായ വിപ്ളവ പാർട്ടിയുടെ നാവും ചിന്തയുമായി വിലസിയ വീരവനിതയാണ് കാലഘട്ടത്തിനനുസരിച്ച് ഉയരാത്ത നേതൃത്വവുമായി ഇടഞ്ഞത്. ജില്ലയുടെ തന്നെ ഭരണം തിരിക്കുന്നതിൽ ഭാഗഭാക്കായിരുന്ന അവർ ഒരു സുപ്രഭാതത്തിൽ പ്രസ്ഥാനവുമായുള്ള പൊക്കിൾ കൊടി ബന്ധം മുറിച്ചു. ഇവിടെയുമെത്തി സാത്വികരായ ഗാന്ധിശിഷ്യർ. രണ്ടു കൈകളും ഖദർഷാളും ഭഗവത്ഗീതയുടെ ഒരു കോപ്പിയും വച്ചു നീട്ടി വീരവനിതയെ സ്വീകരിച്ചു. തദ്ദേശത്തിൽ നിർത്തി വിജയിപ്പിച്ചെടുക്കുകയും ചെയ്തു.
വടക്കൻ കേരളത്തിൽ വീണ്ടും ഒരു കൂടുമാറ്റത്തിന് കളം തെളിയുകയാണ്. വിപ്ളവപാർട്ടിയുടെ കാരിരുമ്പുപോലെ പ്രവർത്തിച്ച നേതാവിനാണ് ഇക്കുറി മനം മാറ്റം. പാർട്ടി കൊടുത്ത പദവി, കാലാവധി തീരാൻ അല്പ ദിവസങ്ങൾ മാത്രമുള്ളപ്പോൾ വലിച്ചെറിഞ്ഞാണ് അദ്ദേഹം സ്വയം മാറാൻ ഒരുങ്ങുന്നത്. ഖദർഷാളും പൊതിഞ്ഞു പിടിച്ച് , കൈപ്പത്തിയിൽ തേനുംപുരട്ടി കളരിഗുരുക്കളുടെ വീടിന് വലം വയ്കകുകയാണ് ഗാന്ധിശിഷ്യന്മാർ. എപ്പോൾ നേതാവിന്റെ മനസ് മാറുന്നുവോ അപ്പോൾ വച്ചു നീട്ടും ഖദർഷാളും ഭഗവത്ഗീതയും. വേണ്ടി വന്നാൽ നേതാവിന്റെ അന്തസിനും അഭിമാനത്തിനും അനുയോജ്യമായ ഒരിടത്ത് അദ്ദേഹത്തെ ഭസ്മം പൂശി
കുടിയിരുത്തുകയും ചെയ്യും.
ഇതുകൂടി കേൾക്കണേ
ആശയപരമായും ആദർശപരമായും ഉണ്ടാവുന്ന പൊരുത്തക്കേടുകളും ഭിന്നതകളും സാധാരണമാണ്. അത്തരം ഘട്ടത്തിൽ ചിലപ്പോൾ മുന്നോട്ടുള്ള സഞ്ചാരത്തിന് വഴി മാറേണ്ടിയും വന്നേക്കാം. പക്ഷെ ആമാശയത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള മാറി നടത്തം എത്ര കാലം ജനം പൊറുക്കുമെന്നതാണ് ചിന്തിക്കേണ്ടത്. സ്വീകരിക്കുന്നവരും സ്വീകരണം ഏറ്റുവാങ്ങുന്നവരും ഒരുപോലെ ഇത് ആലോചിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |