SignIn
Kerala Kaumudi Online
Saturday, 21 February 2026 8.14 AM IST

'ഭിഷഗാചാര്യ' ബി. നീലകണ്ഠ വൈദ്യരുടെ ഓർമ്മദിനം നാളെ,​ ആയുർവേദത്തിലെ അപൂർവ താരകം

Increase Font Size Decrease Font Size Print Page

neelakanda
നീലകണ്ഠ വൈദ്യർ

തിരുവിതാംകൂറിലെ നാഞ്ചിനാട് മേഖലകളിലും, മദ്രാസ് പ്രസിഡൻസിയിലും, സിലോൺ, സിംഗപ്പൂർ, മലേഷ്യ, എന്നീ അയൽ രാജ്യങ്ങളിലും ആയുർവേദ ചികിത്സയുടെ മേന്മയും ഫലസിദ്ധിയും പ്രചരിപ്പിച്ച അപൂർവ പ്രതിഭാശാലിയായിരുന്ന ബി. നീലകണ്ഠ വൈദ്യർ ഓർമ്മയായിട്ട് നാളെ (ഫെബ്രു. 22) 71 സംവത്സരങ്ങൾ പിന്നിടുന്നു. സിദ്ധവൈദ്യത്തിന് പ്രചാരം നിലനിന്നിരുന്ന ഭൂമികയിലാണ്
ആയുർവേദത്തിന്റെ പ്രചാരകനായി നീലകണ്ഠ വൈദ്യർ മാറിയതും ആയുർവേദ ചരിത്രത്തിൽ ഇടം നേടിയതും.

കൊല്ലം പരവുരിൽ വള്ളിമൂട്ടിൽ ഭഗവതി വൈദ്യരുടെയും, ചരിത്രപുരുഷനായിരുന്ന പരവൂർ വി. കേശവനാശാന്റെ ഏക സഹോദരി തയ്യിൽ കൊച്ചു കുഞ്ചാളിയുടെയും രണ്ടാമത്തെ പുത്രനായി കൊല്ലവർഷം

1063-ൽ പരവൂർ പുത്തൻ വീട്ടിലായിരുന്നു ജനനം. മാതുലനായ കേശവനാശാനു കീഴിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം, ശ്രീനാരായണ ഗുരുദേവന്റെ ഗുരുവായിരുന്ന കായംകുളത്ത് കുമ്മംപള്ളി രാമൻപിള്ള ആശാനു കീഴിൽ ഉന്നത പഠനത്തിനു ചേർന്നു. മദ്രാസിലെ ഡോ. ഗോപാല ചാർലൂവിന്റെ എസ്.കെ.പി.ഡി ആയുർവേദ കോളേജിൽ ആയുർവേദത്തിൽ ഉപരിപഠനം.

അവിടെ നീലകണ്ഠ വൈദ്യരുടെ സതീർത്ഥ്യരായിരുന്നു ഡോ. എ.എൻ.എൻ പണിക്കർ (സിലോൺ), ആണ്ടിയറ കേശവൻ വൈദ്യൻ (മുൻ മന്ത്രി എൻ. ശ്രീനിവാസന്റെ ശ്വശുരൻ), കൊല്ലം ആശ്രാമം കുഞ്ഞുരാമൻ വൈദ്യർ തുടങ്ങിയ പ്രമുഖർ. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ കൊല്ലം തങ്കശ്ശേരിയിൽ പഠനശേഷം സ്വന്തം വൈദ്യശാല തുറന്ന് അദ്ദേഹം വൈദ്യവൃത്തിയിൽ പ്രവേശിച്ചു. ഇക്കാലത്താണ് തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തെ, പഴയ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് ഗ്രാൻഡ് വൈദ്യനായി നിയമിച്ചത്.

പദ്മനാഭപുരത്തെ

സേവനകാലം

അന്ന് ഇരുപത്തിരണ്ട് വയസു മാത്രമുണ്ടായിരുന്ന നീലകണ്ഠ വൈദ്യനു കൂട്ടായി അടുത്ത ബന്ധുവായ വേലു വൈദ്യരാണ് (മുൻ മന്ത്രി സി.വി. പത്മരാജന്റെ അച്ഛൻ) ഒപ്പം പോയത്. പിൽക്കാലത്ത് പരവൂർ, ഇടവ പ്രദേശങ്ങളിൽ വേലു വൈദ്യർ പ്രശസ്തനായിത്തീർന്നു. നീലകണ്ഠ വൈദ്യർ പന്ത്രണ്ടു വർഷം പത്മനാഭപുരം കോട്ടയ്ക്കകത്ത് സർക്കാർ വൈദ്യനായി പ്രവർത്തിച്ചു. ആ മേഖലയിൽ പടർന്നുപിടിച്ച മലേറിയ നിയന്ത്രിക്കുന്നതിനും, മഹാമാരിയായ കോളറയെ പിടിച്ചുകെട്ടി ആയിരക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു.

വൈദ്യരുടെ ചികിത്സാ നൈപുണ്യം കവടിയാർ രാജകൊട്ടാരത്തിൽ വരെ എത്തി. അന്ന് പത്മനാഭപുരം മുനിസിപ്പാലിറ്റി, വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തെ അനുമോദിച്ച് സ്വർണമെഡലും സ്വർണ മാലയും മംഗളപ്രതവും സമർപ്പിച്ചു. ബെഞ്ച് മജിസ്‌ട്രേറ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അന്ന്, അവർണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കോട്ടയ്ക്കകത്തെ പ്രസിദ്ധമായ രഥോത്സവത്തിന്, രഥത്തെ അനുധാവനം ചെയ്തിരുന്ന ദിവാൻ പേഷ്കാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ വൃന്ദത്തോടൊപ്പമുള്ള പ്രമുഖരുടെ കൂട്ടത്തിൽ നീലകണ്ഠ വൈദ്യർക്കും സ്ഥാനമുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന് സ്ഥലംമാറ്റമായപ്പോൾ

പകരമെത്തിയ ഈഴവ വൈദ്യനെ രഥോത്സവത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നത് ചരിത്രം.

നാഞ്ചിനാട്ടിൽ

വൈദ്യനായകൻ

പന്ത്രണ്ടു വർഷത്തെ സ്‌തുത്യർഹ സേവനത്തിനു ശേഷം ഫസ്റ്റ് ഗ്രേഡ് ഗ്രാൻഡ് ഇൻ എയ്ഡ് വൈദ്യനായി സ്ഥാനക്കയറ്റം നല്കി നീലകണ്ഠ വൈദ്യനെ നാഗർകോവിലിൽ നിയമിച്ചു. അവിടെ ഒരു ആയുർവേദ ആശുപത്രിയും ഫാർമസിയും സ്ഥാപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിലായിരുന്നു. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും ആശുപത്രിയുടെ ശാഖകൾ സ്ഥാപിതമായി. വൈകാതെ വൈദ്യരുടെ ചികിത്സാപാടവവും രോഗനിർണയത്തിലെ സൂക്ഷ്മമായ വൈദഗ്ദ്ധ്യവും മദ്രാസ് പ്രസിഡൻസിയും കടന്ന് അയൽ രാജ്യങ്ങളായ സിലോൺ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു!


1944-ൽ തിരുവിതാംകൂറിൽ ആദ്യമായി ഒരു മെഡിക്കൽ കൺസിൽ സ്ഥാപിതമായപ്പോൾ അതിന്റെ സ്ഥാപകാംഗമായിരുന്നു,​ വൈദ്യർ. ഡോ. സി.ഒ. കരുണാകരൻ, ഡോ. എൽ.എ. രവിവർമ്മ, ഡോ. രാമൻ തമ്പി, ഡോ. ജോൺ, ഡോ. സോമർവേൽ, ഡോ. മിസ്. സാമുവൽ, ഡോ. കൃഷ്ണൻ തമ്പി, ഡോ. ജേക്കബ് തളിയത്ത്, കാലടി പരമേശ്വരൻപിള്ള തുടങ്ങിയ അതിപ്രശസ്‌തരായിരുന്നു അന്ന് സഹപ്രവർത്തകർ! എല്ലാ ചികിത്സാ സമ്പ്രദായങ്ങൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതും,​ വിവിധ പരീക്ഷാ യോഗ്യതകൾ അംഗീകരിച്ചതുമെല്ലാം ഇക്കാലത്താണ്. തിരുവിതാംകൂറിൽ ആദ്യമായി ഒരു മെഡിക്കൽ കോളേജ് തുടങ്ങണമെന്ന് സർക്കാരിനോട് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത് ഈ മെഡിക്കൽ കൗൺസിലാണ്.

തിരുവനന്തപുരത്ത് ആദ്യത്തെ മെഡിക്കൽ കോളേജ് തുടങ്ങാൻ സർക്കാർ നിയോഗിച്ചത് ഡോ. സി.ഒ. കരുണാകരനെയായിരുന്നു. തിരുവിതാംകൂർ യൂണിവേഴ്നിറ്റി പരീക്ഷാ ബോർഡ് അംഗം, ആയുർവേദ കോളേജ് പരീക്ഷകൻ, ആയുർവേദ പരിഷ്കരണ കമ്മിറ്റി അംഗം തുടങ്ങി പല ചുമതലകളും അദ്ദേഹം നിർവഹിച്ചു. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് 'വൈദ്യ കലാനിധി" പരീക്ഷ പാസാകുന്ന വൈദ്യന്മാർ പ്രായോഗിക പരിശീലനത്തിന് മറ്റ് ആശുപത്രികളെയാണ് അന്ന് പ്രധാനമായും ആശ്രയിച്ചിരുന്നത്. വൈദ്യരുടെ എസ്.കെ.കെ ആയുർവേദ ആശുപത്രിയിൽ അക്കാലത്ത് ധാരാളം വൈദ്യന്മാർ ഇങ്ങനെ പ്രായോഗിക പരിശീലനം നേടി.

ചിങ്ങോലി കൃഷ്ണൻ വൈദ്യൻ, വർക്കല വി.പി. മാധവൻ വൈദ്യൻ, (വി.എസ്.എസ്.സി ഡയറക്ടർ ആയിരുന്ന ചന്ദ്രദത്തന്റെ അച്ഛൻ),​ പ്രൊഫ. വിദ്യാധരൻ (ചീഫ് സെക്രട്ടറിയായിരുന്ന ചന്ദ്രഭാനുവിന്റെ അമ്മാവൻ),​നെയ്യാറ്റിൻകര സുകുമാരൻ വൈദ്യൻ, ആനേപ്പിൽ ദാമോദരൻ വൈദ്യൻ, വർക്കല പി.ആർ. നീലകണ്ഠൻ വൈദ്യൻ, തിരുനെൽവേലി രാഘവൻ വൈദ്യൻ, തൂത്തുക്കുടി രാമൻ വൈദ്യൻ, പുതുക്കോട്ട ഡോ. അച്യുത്, ഡി.എം.ഒമാർ ആയിരുന്ന പങ്കജാക്ഷൻ വൈദ്യൻ, ഡോ. വിജയദേവൻ തുടങ്ങിയവർ അവരിൽ ചിലരാണ്.
ധാരാളം പേറ്റന്റ് മരുന്നുകളും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു.

യതിയുമായി

കുടുംബബന്ധം

സംപൂജ്യനായ നിത്യചൈതന്യ യതിയുടെ അച്ഛൻ,​ അദ്ധ്യാപകനായിരുന്ന പന്തളം രാഘവൻ പണിക്കർ അദ്ദേഹത്തിന്റെ വിവാഹത്തിനു മുമ്പും ശേഷവും വൈദ്യരോടൊപ്പം താമസിച്ചിടുണ്ട്. അക്കാലത്ത് വൈദ്യരുടെ കുടുംബവുമായി പണിക്കർ അഗാധമായ സൗഹ‌ൃദബന്ധം പുലർത്തിയിരുന്നു. നീലകണ്ഠ വൈദ്യരുടെ മൂത്തമകൻ,​ സ്‌കൂൾ ഫൈനൽ ക്ലാസിൽ പഠിച്ചിരുന്ന ജയചന്ദ്രൻ അക്കാലത്ത് രോഗം മൂലം നിര്യാതനായി. വൈദ്യരുടെ മകന്റെ സ്മരണയ്ക്കായി രാഘവ പണിക്കർ സ്വന്തം പുത്രന് ജയചന്ദ്രൻ എന്നാണ് നാമകരണം ചെയ്യത്. ആ ജയചന്ദ്രനാണ് പിൽക്കാലത്ത് വിശ്ചപ്രസിദ്ധനായിത്തീർന്ന നിത്യ ചൈതന്യയതി!


വൈദ്യരുടെ ഇളയ സഹോദരൻ ബി. പരമു തിരുവിതാംകൂറിൽ ദിവാൻ പേഷ്കാരായിരുന്നു. റിട്ടയർ ചെയ്തതിനുശേഷം അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായും,​ ശ്രീനാരായണ കോളേജ് മാനേജരായും ആർ. ശങ്കർ ദേവസ്വം ബോർഡ് മെംബറായി പോയിരുന്ന കാലത്ത് പ്രവർത്തിച്ചിരുന്നു എം.എൽ. എമാരുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയായിരുന്ന സി.ഒ. മാധവനെതിരെ തിരഞ്ഞെടുപ്പിൽ ജയിച്ച് രണ്ടാമത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദിവാൻ ആയിരുന്ന പി.ജി. ഉണ്ണിത്താനോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിരുന്നു.


വൈദ്യരുടെ സഹധർമ്മിണി നാരായണി,​ ഇന്ത്യയിൽ ആദ്യമായി കയർ നെയ്ത്തു ഫാക്ടറി സ്ഥാപിച്ച ആണ്ടിയറ കൃഷ്ണൻ മുതലാളിയുടെ ഭാഗിനേയി ആയിരുന്നു. ഈ സ്ഥാപനം തലമുറകൾ കഴിഞ്ഞപ്പോൾ രവി കരുണാകരന്റെ നേതൃത്വത്തിൽ വിശ്വപ്രസിദ്ധ സ്ഥാപനമായി വളർന്നു. വൈദ്യരുടെയും നാരായണിയുടെയും പുത്രൻ ഡോ. എൻ. രാധാകൃഷ്ണൻ കേരളത്തിലെ വിവിധ ഗവൺമെന്റ്‌ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പൽ ആയിരുന്നു. ഡോ. രാധാകൃഷ്ണൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ശ്രീ ചിത്രതിരുനാൾ ഉൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്.

വൈദ്യരുടെ ഏക മകൾ സരോജിനിയെ വിവാഹം കഴിച്ചത് സ്വാതന്ത്ര്യ സമര സേനാനിയും സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപക നേതാവും മുൻ എം.എൽ.എയും കൊല്ലം എസ്.എൻ.ഡി.പി യൂണിയന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്ന വൈദ്യരുടെ അനന്തരവൻ അഡ്വ. പരവൂർ പി. കുഞ്ഞികൃഷ്ണനാണ്. 1955 ഫെബ്രുവരി 22-ന് ഈ ധന്യാത്മാവ് അറുപത്തിയേഴാം വയസിൽ ദിവംഗതനായി.

(ബി. നീലകണ്ഠ വൈദ്യരുടെ ചെറുമകനാണ്,​ ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസസ് റാങ്കിൽ വിരമിച്ച ലേഖകൻ. ഫോൺ: 94472 55130)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.