
നിയമസഭാ തിരഞ്ഞെടുപ്പിനായി പത്തനംതിട്ടയുടെ മണ്ണ് ചൂടുപിടിക്കുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് കാത്തു നിൽക്കാതെ പ്രധാന മുന്നണികൾ പോരാട്ടത്തിന് കച്ചമുറുക്കിയിരിക്കുകയാണ്. ജില്ലയിൽ ആറൻമുള, കോന്നി, റാന്നി, അടൂർ, തിരുവല്ല എന്നീ അഞ്ച് മണ്ഡലങ്ങളാണുള്ളത്. നിലവിൽ അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പം ചുവന്നു നിൽക്കുകയാണ്. ഇത്തവണ അഞ്ചും തിരികെ പിടിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
എൽ.ഡി.എഫിൽ സ്ഥാനാർത്ഥികളുടെ കാര്യം ഏകദേശ ധാരണ ആയിട്ടുണ്ടെങ്കിലും ആരും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ഇടതു മുന്നണിയിൽ സി.പി.എമ്മിന്റെ സീറ്റായ ആറൻമുളയിൽ വീണാജോർജും കോന്നിയിൽ കെ.യു ജനീഷ്കുമാറും മത്സരിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പരോക്ഷ സൂചന നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് എം. എൽ.എമാരിൽ റാന്നിയിൽ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനും തിരുവല്ലയിൽ സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് മാത്യു ടി. തോമസും വീണ്ടും മത്സരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സി.പി.ഐയ്ക്കുള്ള അടൂർ സീറ്റിൽ നിലവിലെ എം.എൽ.എ ചിറ്റയം ഗോപകുമാർ ഇനി മത്സരിക്കുമോ മാറുമേ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. പാർട്ടി മാനദണ്ഡപ്രകാരം മൂന്ന് ടേം എം.എൽ.എ ആയവർ ഇനി മത്സരിക്കാനാവില്ല. പക്ഷെ, അടൂരിൽ ജനകീയനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പാർട്ടി വിഷമിക്കുന്നുണ്ട്. ചിറ്റയം ഗോപകുമാറിന് ഇളവു നൽകി ഒരു തവണ കൂടി മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ സജീവ ചർച്ച നടക്കുന്നത് യു.ഡി.എഫിലാണ്. മന്ത്രിമാരിൽ സമീപ കാലത്ത് പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് ഇരയായ വീണാജോർജിനെ ആറൻമുളയിൽ പരാജയപ്പെടുത്താൻ ജനകീയ സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്നാണ് കോൺഗ്രസിൽ അഭിപ്രായം. യൂത്ത് കോൺഗ്രസ് സംസ്ഥാനനേതാവ് അബിൻ വർക്കിയുടെ പേരാണ് പൊതുവായി ഉയർന്നു കേൾക്കുന്നത്. ഏറെക്കാലമായി മണ്ഡലത്തിൽ സജീവമാണ് അദ്ദേഹം. മാരാമൺ കൺവെൻഷൻ, പി.ആർ.ഡി.എസ് കൺവെൻഷൻ, ചെറുകോൽപ്പുഴ കൺവെൻഷൻ എന്നിവിടങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ജില്ലക്കാരനല്ലാത്തതിനാൽ അബിൻ വർക്കിക്ക് മണ്ഡലത്തിൽ ജനപരിചയം കുറവാണ്. കെ.പി.സി.സി അംഗം പി. മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ജില്ലയിലെ പ്രബലവിഭാഗം ആവശ്യപ്പെടുന്നു.
ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലമായി ആറൻമുളയിൽ സംസ്ഥാന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് അറിയുന്നത്. ആറൻമുള സമര നായകൻ എന്ന നിലയിൽ മണ്ഡലത്തിൽ സുപരിചിതനായ കുമ്മനം രംഗത്തിറങ്ങിയാൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പ്.
തിരുവല്ലയിൽ എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾ ഉറപ്പായിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് മാത്യു ടി. തോമസിന് പാർട്ടിയിൽ പകരക്കാരനില്ല. എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാന വക്താവ് അനൂപ് ആന്റണി സജീവമായി രംഗത്തുണ്ട്. ക്രൈസ്തവ വിഭാഗങ്ങൾ നിർണായക വോട്ടു ശക്തിയായ മണ്ഡലത്തിൽ ആ വിഭാഗത്തിൽ നിന്നുള്ള അനൂപ് ആന്റണിയെ രംഗത്തിറക്കിയാൽ വിജയ സാദ്ധ്യതയുണ്ടെന്നാണ് പാർട്ടിയുടെ കണക്ക്കൂട്ടൽ. യു.ഡിഎഫ് കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് തിരുവല്ല സീറ്റ്. ജയിക്കേണ്ട മണ്ഡലം പാർട്ടിയിലെ തമ്മിലടി കാരണം കളഞ്ഞുകുളിച്ചെന്ന ആരോപണമാണ് കേരളകോൺഗ്രസിനെ അലട്ടുന്നത്. മണ്ഡലം കോൺഗ്രസ് തിരിച്ചെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പകരം റാന്നി കേരള കോൺഗ്രസിന് നൽകമെന്നാണ് ആവശ്യം. തമ്മിലടി കാരണം കോൺഗ്രസ് സ്ഥിരമായി തോൽക്കുന്ന സീറ്റുകളിലൊന്നാണ് റാന്നി. കോന്നിയിലും അടൂരിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. കോന്നിയിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മത്സരിക്കണമെന്ന് ആവശ്യം കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. കോൺഗ്രസ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡിന്റെ നിർദേശം നിർബന്ധമാക്കിയാൽ അടൂർ പ്രകാശിന് മത്സരിക്കാനാകില്ല. നിബന്ധനയിൽ കെ.പി.സി.സി ഇളവ് നേടിയാൽ അടൂർ പ്രകാശ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. കോന്നിയിൽ അടൂർ പ്രകാശ് ഇല്ലെങ്കിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന.
# മുന്നണികൾക്ക് അഭിമാന പോരാട്ടം
ശബരിമല സ്വർണക്കൊള്ള കേസ് വലിയ രാഷ്ട്രീയ പ്രചരണമാകുന്ന പത്തനംതിട്ടയിൽ മൂന്ന് മുന്നണികൾക്കും പോരാട്ടം അഭിമാന പ്രശ്നമാണ്. നിലവിലെ അഞ്ച് സീറ്റുകളും നേടിയാൽ ശബരി കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് എൽ.ഡി.എഫിന് വാദിക്കാം. അഞ്ചിൽ മൂന്ന് സീറ്റെങ്കിലും തിരിച്ചു പിടിച്ചാൽ മാത്രമേ ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ജനം വിധിയെഴുതിയെന്ന് യു.ഡി.എഫിന് അവകാശപ്പെടാനാകൂ. മുൻ തിരഞ്ഞെടുപ്പകളിലേതിനേക്കാൾ വോട്ടു വിഹിതം വർദ്ധിപ്പിച്ചില്ലെങ്കിൽ എൻ.ഡി.എ ചിത്രത്തിൽ ഇല്ലാതാകും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പരിശോധിച്ചാൽ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. ഭൂരിഭാഗം ഗ്രാമ പഞ്ചായത്തുകളും എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു.
നഗരസഭകളും ബ്ളോക്കുകളും ഭൂരിഭാഗവും യു.ഡി.എഫിനൊപ്പമായി. ജില്ലാ പഞ്ചായത്തും യു.ഡി.എഫ് ഭരിക്കുന്നു. പക്ഷെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ ജില്ലയിൽ നിന്ന് കണ്ടെത്താനാകാത്തതാണ് യു.ഡി.എഫിന്റെ ബലഹീനത. ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഡി.സി.സിയിൽ പൊതുവികാരം ഉയർന്നിട്ടുമുണ്ട്. ജില്ലയിൽ ജനപ്രിയ നേതാക്കളുടെ അഭാവം കോൺഗ്രസിനെ അലട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |