
ഭാരതം കണ്ട ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചന്ദ്രശേഖര വെങ്കിട്ട രാമൻ (സി.വി. രാമൻ), 'രാമൻ പ്രഭാവം" കണ്ടെത്തുകയും, 1928 ഫെബ്രുവരി 28-ന് പത്രസമ്മേളനത്തിലൂടെ ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ ബഹുമാന സൂചകമായാണ് 1986 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിച്ചു തുടങ്ങിയത്. ശാസ്ത്രീയ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇത്തവണത്തെ ദേശീയ ശാസ്ത്ര ദിനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് ശാസ്ത്രലോകത്തെ സ്ത്രീശക്തിയെ ആഘോഷിക്കുക എന്നതുകൂടിയാണ്.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തം, വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായകമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പ്രചരിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. ആഗോള എ.ഐ ഭൂപടത്തിൽ ഭാരതം ഇപ്പോൾ കേവലം ഒരു ഉപഭോക്താവ് മാത്രമല്ല; മറിച്ച് ലോകത്തെ നയിക്കുന്ന ഒരു പ്രധാന ശക്തിയായി മാറിയിരിക്കുന്നു. ലോകം എ.ഐയുടെ അപകടങ്ങളെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ, മനുഷ്യപുരോഗതിക്കായി അതിനെ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിന്റെ ലോക മാതൃകയാകാനാണ് ഭാരതം ശ്രമിക്കുന്നത്.
കടലിൽ നിന്ന്
കണ്ടെടുത്തത്
ഭാരതീയ ശാസ്ത്രം ആത്മവിശ്വാസമുള്ളതും സ്വതന്ത്രവും ആയിരിക്കണമെന്നായിരുന്നു സി.വി. രാമന്റെ വലിയ സ്വപ്നം. അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടുകളാണ് ഇന്നും ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിന് ഊർജ്ജം പകരുന്നത്. സി.വി. രാമന്റെ ശാസ്ത്ര ജീവിതത്തിലെ ശ്രദ്ധേയമായ ഒരു ഘട്ടം ആരംഭിക്കുന്നത് പ്രകൃതിയുടെ അദ്ഭുതങ്ങളിൽ നിന്നാണ്. 1921-ൽ ലണ്ടനിൽ നിന്നുള്ള മടക്കയാത്രയിൽ മെഡിറ്ററേനിയൻ കടലിന്റെ കടുംനീല നിറം അദ്ദേഹത്തെ ചിന്തിപ്പിച്ചു. ആകാശത്തിന്റെ പ്രതിഫലനമാണ് കടലിന്റെ നീലിമ എന്ന അന്നത്തെ ധാരണകളെ തന്റെ നിരീക്ഷണപാടവംകൊണ്ട് അദ്ദേഹം തിരുത്തി. പ്രകാശത്തിന്റെ 'വിസരണം" (dispersion) മൂലമാണ് കടലിന് ഈ നിറം ലഭിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി.
ഈ അന്വേഷണമാണ് 'രാമൻ പ്രഭാവം" എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. പ്രകാശം ഒരു സുതാര്യ മാദ്ധ്യമത്തിലൂടെ (ദ്രാവകം, വാതകം അല്ലെങ്കിൽ ഖരം) കടന്നുപോകുമ്പോൾ അതിന്റെ തരംഗദൈർഘ്യത്തിൽ മാറ്റം സംഭവിക്കുന്ന പ്രതിഭാസമാണിത്. പ്രകാശത്തിലെ ഫോട്ടോണുകൾ പദാർത്ഥത്തിലെ തന്മാത്രകളുമായി കൂട്ടിയിടിക്കുമ്പോൾ അവയുടെ ഊർജ്ജനിലയിൽ മാറ്റം വരുന്നു. തന്മാത്രകളുടെ ഘടനയെക്കുറിച്ച് പഠിക്കാൻ ഇത് സഹായമായി. ഇതിന് 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. നോബൽ നേടുന്ന ആദ്യത്തെ ഏഷ്യാക്കാരനും ഭാരതീയനുമായി അദ്ദേഹം ചരിത്രത്തിൽ സ്ഥാനം നേടി.
1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സി.വി. രാമന്റെ ജനനം. ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ നിന്ന് സ്വർണ മെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കൊൽക്കത്തയിൽ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായാണ് ജോലി ആരംഭിച്ചതെങ്കിലും ശാസ്ത്രത്തോടുള്ള അഭിനിവേശം കാരണം പിന്നീട് മുഴുവൻ സമയ ഗവേഷണത്തിലേക്ക് തിരിഞ്ഞു.1954-ൽ രാജ്യം ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'ഭാരതരത്ന" നൽകി അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്രത്തിൽ മാത്രമല്ല, സംഗീതത്തിലും രാമന് വലിയ താത്പര്യമുണ്ടായിരുന്നു. ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദക്രമത്തെക്കുറിച്ച് അദ്ദേഹം വിപുലമായ പഠനങ്ങൾ നടത്തി.
സംഗീതത്തിലെ
ശാസ്ത്രതത്വം
സംഗീതത്തെ കൃത്യമായ ഒരു ഭൗതികശാസ്ത്ര പ്രതിഭാസമായാണ് അദ്ദേഹം കണ്ടത്. വയലിൻ തന്ത്രികൾ കമ്പനം ചെയ്യുമ്പോൾ ഉണ്ടാകുന്ന തരംഗങ്ങളെ അദ്ദേഹം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തു. ഇതിനായി 'രാമൻ കർവ്" എന്ന് പിന്നീട് വിളിക്കപ്പെട്ട ഒരു മാതൃക അദ്ദേഹം വികസിപ്പിച്ചെടുത്തു. സാധാരണ ഡ്രമ്മുകളിൽ നിന്നും ചെണ്ടകളിൽ നിന്നും വ്യത്യസ്തമായി മൃദംഗം, തബല എന്നിവയിൽ നിന്ന് സംഗീതാത്മകമായ ശബ്ദം വരുന്നത് രാമനെ വിസ്മയിപ്പിച്ചു. രാമനെ സംബന്ധിച്ചിടത്തോളം ശാസ്ത്രവും സംഗീതവും രണ്ടല്ലായിരുന്നു. പ്രപഞ്ചം ഒരു വലിയ സംഗീതസ്രോതസാണെന്നും, അതിലെ തന്മാത്രകളുടെ ചലനം ക്രമാനുസാരമല്ലാത്ത നൃത്തമാണെന്നും അദ്ദേഹം വിശ്വസിച്ചു!
പ്രകാശത്തിന്റെ വിസരണത്തെ അദ്ദേഹം വിശേഷിപ്പിച്ചത് 'പ്രകാശത്തിന്റെ തന്മാത്രാ സംഗീതം" എന്നാണ്. ശാസ്ത്രം പഠിക്കുന്നവർക്ക് കലയോടും സംഗീതത്തോടും താത്പര്യമുണ്ടാകില്ല എന്ന പൊതുധാരണയെ തിരുത്തിയ വ്യക്തിയാണ് സി.വി. രാമൻ. ബുദ്ധിയും ഹൃദയവും ഒരുപോലെ വികാസം പ്രാപിക്കുമ്പോഴേ ഒരു മനുഷ്യൻ പൂർണനാകൂ എന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. ഒരു ഭൗതിക ശാസ്ത്രജ്ഞൻ എന്നതിലേറെ, പ്രകൃതിയുടെ ഓരോ സ്പന്ദനത്തെയും ശാസ്ത്രീയ കൗതുകത്തോടെ നോക്കിക്കണ്ട ദാർശനികൻ കൂടിയായിരുന്നു, അദ്ദേഹം. ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും, അചഞ്ചലമായ ദേശസ്‌നേഹത്തിന്റെയും, ലളിതമായ വ്യക്തിത്വത്തിന്റെയും മനോഹരമായൊരു സമന്വയമാണ് ആ ജീവിതം.
ഭാരതീയ ശാസ്ത്രജ്ഞർ വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം മണ്ണിൽ വിഭവങ്ങൾ കണ്ടെത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബംഗളൂരുവിൽ അദ്ദേഹം സ്ഥാപിച്ച രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇതിന്റെ ഉത്തമോദാഹരണമാണ്. പ്രകാശം കണികകളായും തരംഗങ്ങളായും വർത്തിക്കുന്നു എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ക്രിസ്റ്റലുകൾ, വജ്രങ്ങൾ എന്നിവയിലൂടെ പ്രകാശം കടന്നുപോകുമ്പോഴുള്ള മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പഠിച്ചു. പ്രകാശത്തിന്റെ രഹസ്യങ്ങൾ തേടിപ്പോയ ആ മഹാപ്രതിഭ 1970 നവംബർ 21ന് അന്തരിച്ചു. എങ്കിലും അദ്ദേഹം പകർന്നുതന്ന ജ്ഞാനത്തിന്റെ പ്രകാശം ഇന്നും ലോകമെമ്പാടും പരന്നുകിടക്കുന്നു.
ദേശീയ ശാസ്ത്രദിനം മഹത്തരമായ ഒരു കണ്ടുപിടിത്തത്തിന്റെ സ്മരണ മാത്രമല്ല, മറിച്ച് പ്രകൃതിയെ സ്‌നേഹിക്കാനും ചോദ്യങ്ങൾ ചോദിക്കാനും മടിക്കാത്ത ഒരു വലിയ മനുഷ്യന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. നമ്മുടെ ഉള്ളിലെ കൗതുകത്തെ കെടാതെ സൂക്ഷിക്കുക എന്നതാണ് സി.വി. രാമന്റെ ജീവിതം നൽകുന്ന വലിയ സന്ദേശം.
(കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യക്ഷനാണ് ലേഖകൻ. ഫോൺ: 86067 58906)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |