SignIn
Kerala Kaumudi Online
Friday, 06 March 2026 8.13 AM IST

ശ്രീധരന്റെ വേഗറെയിൽ

Increase Font Size Decrease Font Size Print Page
rail

ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കേണ്ടി വന്ന സിൽവർലൈനിന് പകരമായി മെട്രോമാൻ ഇ.ശ്രീധരൻ നിർദ്ദേശിക്കുന്ന തൂണുകൾക്ക് മുകളിലൂടെയുള്ള അതിവേഗറെയിൽപ്പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി പോലും ഉറ്റബന്ധമുള്ള ശ്രീധരൻ സ്വന്തം നാട്ടിൽ അതിവേഗ റെയിൽപ്പാത കൊണ്ടുവരുമെന്ന ഉറപ്പ് നൽകുന്നുണ്ട്. സ്വന്തം നിലയിൽ പൊന്നാനിയിൽ അതിവേഗ റെയിലിന്റെ ഓഫീസ് തുറക്കുകയും തിരുവനന്തപുരം- കണ്ണൂർ പാതയുടെ ഡി.പി.ആർ തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തു. മേയ് അവസാനത്തോടെ ഡി.പി.ആർ തയ്യാറാക്കുമെന്നും കേന്ദ്രാനുമതി നേടിയെടുത്ത് 5വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നുമാണ് ശ്രീധരന്റെ ഉറപ്പ്.

അതേസമയം, സംസ്ഥാന സർക്കാർ ശ്രീധരന്റെ പദ്ധതിയുമായി സഹകരിക്കാനിടയില്ല. നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ മെട്രോയായ റാപ്പിഡ് റെയിലിനായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ റാപ്പിഡ് റെയിൽ കേരളത്തിന്റെ ആവശ്യം ഹൈസ്പീഡ് റെയിൽപ്പാതയാണെന്നും നിലവിലെ പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകൾ കൂടി നിർമ്മിച്ചാൽ യാത്രാദുരിതം പരിഹരിക്കാനാവില്ലെന്നുമാണ് ശ്രീധരന്റെ നിലപാട്. മാത്രമല്ല, കേരളം ആവശ്യപ്പെടുന്ന റാപ്പിഡ് റെയിൽ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണെന്നും ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നും ശ്രീധരൻ പറയുന്നു.

മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 180കി.മി വേഗമുള്ള തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാതയാണ് ശ്രീധരൻ നിർദ്ദശിക്കുന്നത്. 54000കോടിയാണ് പദ്ധതിചെലവ്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും. പാതയിൽ 20- 30കി.മി ഇടവിട്ട് രണ്ട് ടെർമിനൽ സ്റ്റേഷനുകളടക്കം 20 സ്റ്റേഷനുകളുണ്ടാവും. 465കി.മി ദൂരം 3.20മണിക്കൂർ കൊണ്ടെത്താം. എ.സി ചെയർകാറിലും വന്ദേഭാരതിലും കുറഞ്ഞ നിരക്കായിരിക്കും അതിവേഗ റെയിലിൽ. തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം ബൈപ്പാസ്, നെടുമ്പാശേരി വിമാനത്താവളം, തൃശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട്. കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ വരും. തിരുവനന്തപുരം- എറണാകുളം യാത്രയ്ക്ക് 1.2മണിക്കൂർ, എറണാകുളം- കോഴിക്കോട് യാത്രയ്ക്ക് 1.10മണിക്കൂർ, കോഴിക്കോട്-കണ്ണൂർ യാത്രയ്ക്ക് 50മിനിറ്റ്, തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് 2.2മണിക്കൂർ മതിയാവും.

എട്ട് കോച്ചുകൾ,

യാത്രക്കാർ 45000

സ്റ്റാൻഡേർഡ് ഗേജിൽ ഇരട്ടപ്പാതയായിരിക്കും. നിലവിലെ റെയിൽവേ ലൈനുമായി ബന്ധമുണ്ടാവില്ല. എന്നാൽ നിലവിലെ റെയിൽവേ സ്റ്റേഷനുകൾക്കടുത്തായിരിക്കും അതിവേഗ റെയിലിലെയും സ്റ്റേഷനുകൾ. 445കിലോമീറ്റർ പാതയിൽ 20കിലോമീറ്റർ ഭൂഗർഭ പാതയാണ്. 180കി.മി വേഗതയിൽ ട്രെയിനോടിക്കാം. ശരാശരി വേഗത 158കിലോമീറ്ററായിരിക്കും. എട്ട് കോച്ചുകളുള്ള ട്രെയിനാണോടിക്കുക. 560പേർക്ക് യാത്രചെയ്യാം. കോച്ചുകളുടെ ഇരുഭാഗത്തും മൂന്ന് വിശാലമായ വാതിലുകളുണ്ടാവും. തിരക്കുള്ള സമയത്ത് 30മിനിറ്റ്, അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവിട്ട് ട്രെയിനുകളോടിക്കും. നിത്യേന 45000 യാത്രക്കാരുണ്ടാവുമെന്നാണ് കണക്ക്. പ്രതിദിനം 5ലക്ഷത്തോളം യാത്രക്കാരുണ്ടാവുമ്പോൾ 12കോച്ചുകളുള്ള ട്രെയിനോടിക്കാം. സർവീസുകൾ തമ്മിലുള്ള ഇടവേള 5മിനിറ്റാക്കാം. സ്റ്റേഷനുകളിലും ഡിപ്പോകളിലും സോളാർപാനലുകൾ സ്ഥാപിക്കും. റെയിൽപാത പൂർണമായും ഹരിതഇടനാഴിയാക്കും. നിലവിൽ തിരുവനന്തപുരം-കണ്ണൂർ എ.സി ചെയർകാർ നിരക്ക് 780രൂപയാണ്. ഇതിലും കുറഞ്ഞ നിരക്കായിരിക്കും അതിവേഗ റെയിലിൽ.

ഭൂമി കുറച്ചുമതി,

ജനരോഷം ഇല്ല

ഭൂഗർഭ പാതയ്ക്കല്ലാതെ ഭൂമിയേറ്റെടുക്കൽ ആവശ്യമില്ല. എലിവേറ്റ‌ഡ് പാതയ്ക്ക് 20മീറ്റർ വീതിയിൽ ഭൂമി മതിയാവും. നിർമ്മാണം പൂർത്തിയാക്കിയാൽ ഭൂമി ഉടമയ്ക്ക് തിരികെ നൽകും. അതിനാൽ ഭൂമിയേറ്റെടുക്കൽ കാരണമുള്ള ജനങ്ങളുടെ പ്രതിഷേധവും ഒഴിവാക്കാം. പദ്ധതി നടത്തിപ്പിന് കേന്ദ്രത്തിന് 51%, സംസ്ഥാനത്തിന് 49% ഓഹരിയുള്ള കമ്പനിയുണ്ടാക്കും. ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ കേന്ദ്രസർക്കാർ നോമിനിയായിരിക്കും. പദ്ധതിചെലവിന്റെ 70% കേന്ദ്ര-സംസ്ഥാന വിഹിതമാണ്. 30% വായ്പയായും ബോണ്ടിറക്കിയും സമാഹരിക്കും. കേന്ദ്രസർക്കാർ 20171കോടിയും സംസ്ഥാനം 19380കോടിയും മുടക്കണം. കേന്ദ്രത്തിന് പ്രതിവർഷം 4034കോടിയുടെയും സംസ്ഥാനത്തിന് 3876കോടിയുടെയും ബാധ്യതയുണ്ടാവും. അതിവേഗ റെയിൽ വരുന്നതോടെ 30000റോഡ് യാത്രികർ അതിവേഗറെയിലിലേക്ക് മാറും. പ്രതിദിനം 660ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാം. 82ടൺ പെട്രോൾ, ഡീസൽ ലാഭിക്കാം. പ്രതിവർഷം 3500കോടിയുടെ ഇന്ധനം ലാഭിക്കാം.

രണ്ടാംഘട്ടത്തിൽ കണ്ണൂരിൽ നിന്ന് മംഗളുരുവിലേക്കും കോഴിക്കോട്ട് നിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്കും തൃശൂരിൽ നിന്ന് പാലക്കാട്ടേക്കും ഗുരുവായൂരിലേക്കും പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരുവനന്തപുരത്ത് നിന്ന് പാറശാലയിലേക്കും പാത നീട്ടാം. ഇതിന് 35000കോടി ചെലവുണ്ടാവും.

അപകടം കുറയും,

ഹരിത ഇടനാഴി

അതിവേഗപാത സംസ്ഥാനത്തെ റോഡപകടങ്ങൾ 50% കുറയ്ക്കും. തിരുവനന്തപുരം സെൻട്രൽ മുതൽ തിരുവനന്തപുരം വിമാനത്താവളം വരെയുള്ള പാത ഭൂമിക്കടിയിലൂടെയാകും ക‌ടന്നു പോകുക.

സിൽവർലൈനിനേക്കാൾ നാലിലൊന്ന് ഭൂമി മാത്രമാണു പാതയ്ക്കായി ആവശ്യമായി വരിക. അതിവേഗ റെയിൽ പദ്ധതിക്കു സംസ്ഥാനത്ത് ഭരണത്തിൽ വരുന്നവരുടെ താൽപര്യവും പ്രധാനമാണ്. ബി.ജെ.പി അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനകം പദ്ധതി തുടങ്ങും. പ്രധാന വെല്ലുവിളി പദ്ധതിയുടെ ഭാഗമാവാനുള്ള സംസ്ഥാന സർക്കാരിന്റെ സമ്മതം, കരാർ എന്നിവയാണെന്നാണ് ശ്രീധരൻ പറയുന്നത്. കേന്ദ്രറെയിൽവേ മന്ത്രിയുടെ വാക്കാലുള്ള നിർദേശത്തെത്തുടർന്നാണ് പദ്ധതിരേഖ തയാറാക്കുന്നതിലേക്കു കടന്നത്. പദ്ധതിരേഖ സമർപ്പിച്ചാൽ കേന്ദ്രാനുമതി ലഭിക്കുമെന്നും കൊങ്കൺ റെയിലിന്റെ നിർമ്മാണം തുടങ്ങി നാലുമാസം കഴിഞ്ഞാണ് അനുമതി ലഭിച്ചതെന്നും ശ്രീധരൻ വിശദീകരിച്ചു.

പത്തനംതിട്ടയിലും

റെയിലെത്തും

പത്തനംതിട്ട കൂടി ഉൾപ്പെടുത്തിയാണ് ശ്രീധരന്റെ അതിവേഗ റെയിൽ. മലപ്പുറം ടൗണും പാതയിൽ ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നതോടെ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. വിമാനയാത്രക്കാർക്ക് വലിയ ലഗേജ് കൊണ്ടുപോകാൻ തക്കവിധം വലിയ വാതിലുകളായിരിക്കും കോച്ചുകൾക്കുണ്ടാവുക. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന റാപ്പിഡ് റെയിലിന്റെ പകുതി ചെലവിൽ അതിവേഗ റെയിൽപ്പാത നിർമ്മിക്കാമെന്നാണ് ശ്രീധരൻ പറയുന്നത്. നേരത്തേ അടൂർ, ചെങ്ങന്നൂർ വഴി നിർദേശിച്ച പാത അലൈൻമെന്റ് പുതുക്കിയപ്പോൾ കൊട്ടാരക്കരയിൽനിന്ന് പത്തനംതിട്ട വഴി തിരുവല്ല റൂട്ടിലാക്കി. തൃശൂരിൽനിന്ന് കുന്നംകുളം–എടപ്പാൾ– തിരൂർ– കരിപ്പൂർ വഴി നിർദേശിച്ച പാത പട്ടാമ്പി–മലപ്പുറം–കരിപ്പൂർ വഴിയാക്കി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനാകും. അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളം വരെ തുരങ്കത്തിലൂടെയായിരിക്കും പാത കടന്നുപോവുക. സ്റ്റേഷൻ കെട്ടിടങ്ങൾക്കു മുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും സോളർ പ്ലാന്റുകൾ സ്ഥാപിച്ച് പ്രവർത്തനത്തിനാവശ്യമുള്ള വൈദ്യുതി പൂർണമായും സൗരോർജത്തിലൂടെ കണ്ടെത്തും. ട്രെയിനുകൾ വാങ്ങുന്നതിനു പകരം പാട്ടത്തിനെടുക്കാനും പദ്ധതിയുണ്ട്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.