
പ്രത്യേക കോടതി സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതു തന്നെ കേസുകൾ വേഗതയിൽ തീർപ്പ് കൽപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. സംസ്ഥാനത്ത് വിജിലൻസ് ട്രൈബ്യൂണലുകൾ സ്ഥാപിച്ചതും ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകളിൽ താമസംവിനാ തീർപ്പ് കൽപ്പിക്കാനാണ്. 1960ലാണ് തിരുവനന്തപുരത്തും കോഴിക്കോട്ടുമടക്കം ട്രൈബ്യൂണലുകൾ ആരംഭിച്ചത്. ഇവ ലക്ഷ്യം നിറവേറ്റുന്നില്ലെന്നതിനാൽ ഇതിന്റെ പ്രവർത്തനം പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നു.
ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസ് വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി നൽകിയ ഹർജി പരിഗണിക്കവേ ജസ്റ്റിസ് കെ.ബാബുവാണ് ട്രൈബ്യൂണലുകൾ ഇനി തുടരണമോയെന്ന് സർക്കാരിനോട് ചോദിച്ചിരിക്കുന്നത്. ലക്ഷ്യം വേണ്ടവിധം നിർവഹിക്കാനാവാതെ വന്നതോടെ ട്രൈബ്യൂണലുകളുടെ പ്രവർത്തനം അവതാളത്തിലാണ്. പ്രതിവർഷം അഞ്ച് കേസുകൾ മാത്രം തീർപ്പാക്കപ്പെടുന്ന സംവിധാനമായി ഇത് മാറിയിരിക്കുന്നു. ശമ്പളമായും മറ്റും കോടികളാണ് ട്രൈബ്യൂണലുകളുടെ നടത്തിപ്പിനായി സർക്കാർ ചെലവഴിക്കുന്നത്. അഴിമതി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യവും ഇതിലൂടെ ഫലപ്രദമായി നിറവേറ്റപ്പെടുന്നില്ല. 2015 മുതൽ 2023വരെ കോഴിക്കോട് ട്രൈബ്യൂണൽ 30 കേസുകളും തിരുവനന്തപുരം ട്രൈബ്യൂണൽ 35 കേസുകളുമാണ് തീർപ്പാക്കിയത്. വിജിലൻസ് അല്ലാതെ മറ്റ് വകുപ്പുകളൊന്നും കേസുകൾ ട്രൈബ്യൂണലിന് വിടുന്നുമില്ല. ഈ സാഹചര്യത്തിലാണ് പരാജയപ്പെട്ട സംവിധാനം തുടരണമോയെന്ന് കോടതി ചോദിച്ചിരിക്കുന്നത്.
2011ൽ തുടങ്ങിയ മൂന്നാർ ട്രൈബ്യൂണലിനുവേണ്ടി 2018വരെ 13 കോടിയിലേറെയാണ് സർക്കാർ ചെലവഴിച്ചത്. എന്നാൽ 42 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ഇക്കാര്യം വിലയിരുത്തി ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഗസറ്റഡ് ഓഫീസർമാർ നടത്തിയ അഴിമതിയുടെ എത്രയോ ഇരട്ടി പണം അതിന്റെ അന്വേഷണത്തിനും കേസുകൾക്കുമായി സർക്കാരിന് ചെലവഴിക്കേണ്ടിവരുന്നു. ഇതിലൊരു പൊളിച്ചെഴുത്ത് ആവശ്യമാണ്.
സംസ്ഥാന വിജിലൻസിന്റെ അന്വേഷണംതന്നെ ഭരണപക്ഷത്തിന്റെ തലപ്പത്തുള്ളവരുടെ ഇടപെടൽ കാരണം അലസിപ്പോയിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. ഈ പശ്ചാത്തലത്തിൽ വിജിലൻസ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം ഓഡിറ്റിന് വിധേയമാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇത്തരം സംവിധാനങ്ങൾ ഉദ്ദേശിച്ച ഫലം നൽകാതെ ദുർവ്യയം മാത്രം വരുത്തിവയ്ക്കുന്നതാണെന്ന് ബോദ്ധ്യപ്പെട്ടാൽ അത് എത്രയുംവേഗം അവസാനിപ്പിക്കുന്നതാണ് സംസ്ഥാന ഖജനാവിനും നല്ലത്. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ അഴിമതിക്കാരായ ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ അതത് വകുപ്പുകൾ നടപടിയെടുക്കേണ്ടെന്നും വിചാരണയ്ക്കായി വിജിലൻസ് ട്രൈബ്യൂണലുകൾക്ക് കൈമാറണമെന്നും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി അറിയുന്നു. ട്രൈബ്യൂണലുകൾ സ്ഥാപിച്ചിട്ട് കേസുകൾ വിട്ടുകൊടുക്കാതെ വകുപ്പുതലത്തിൽ നടപടി എടുത്ത് തീർക്കുകയാണെങ്കിൽ പിന്നെന്തിനാണ് ട്രൈബ്യൂണൽ എന്ന് ഹൈക്കോടതി ചോദിച്ചതിനെ കുറ്റം പറയാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |