
കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുളള മറുനാട്ടിൽ നിന്നുളള സസ്യങ്ങൾ കേരളത്തിൽ അതിവേഗം വേരുറയ്ക്കുകയാണ്. അത് കേരളത്തിന്റെ ജെെവസന്തുലനത്തിന് ഏറെ ഹാനികരമാകുന്നുണ്ടെന്ന് അറിഞ്ഞിട്ടും അറിയാതെയും നഴ്സറികളിൽ അത്തരം ചെടികൾ വ്യാപകമായി വിൽക്കപ്പെടുന്നു. മുറ്റത്തു മാത്രമല്ല, അകത്തും അലങ്കാരത്തിന്റെ ഭാഗമായി ചെടികൾ വ്യാപകമായി നട്ടുവളർത്തുന്ന ശീലം മലയാളികളിൽ കൂടിവരികയാണ്. അരളി ഉൾപ്പെടെയുള്ള വിഷച്ചെടികളുടെ കൃഷിയും വ്യാപാരവും പല വിദേശ രാജ്യങ്ങളിലടക്കം നിരോധിച്ചിട്ടും കേരളത്തിലെ നഴ്‌സറികളിൽ വിൽക്കുന്നുണ്ട്. അതിവേഗം വളരുകയും പെട്ടെന്ന് വാടാത്ത കടുംവർണങ്ങളുള്ള പുഷ്പങ്ങളുണ്ടാകുകയും ചെയ്യുന്ന ഇത്തരം സസ്യങ്ങൾ അപകടം അറിയാതെ വാങ്ങിക്കൂട്ടുന്നവരും ഏറെയാണ്. വിഷസസ്യങ്ങൾ തിരിച്ചറിയാത്ത നഴ്‌സറി ഉടമകളുമുണ്ട്.
ഭൂരിഭാഗം നഴ്‌സറി ഉടമകൾക്കും വിഷസസ്യങ്ങളെക്കുറിച്ച് ധാരണയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യജീവന് ഏതെങ്കിലും തരത്തിൽ അപകടമാകുമ്പോഴാണ് പല സസ്യങ്ങളുടേയും വിഷത്തെക്കുറിച്ചും പുറത്തറിയുന്നത്. ഇത്തരം ചെടികൾ അലർജിയും രോഗങ്ങളും ഭക്ഷ്യ വിഷബാധയുമുണ്ടാക്കും. കന്നുകാലികൾക്കും ഗുരുതരമായ അസ്വസ്ഥതകളുണ്ടാകുന്നുണ്ട്. കൊടുംവേനലിനെ പോലും ചെറുക്കുന്ന ഇവ മേച്ചിൽ സ്ഥലങ്ങളിലും ധാരാളമായി വളരും. പരിസ്ഥിതി സന്തുലനത്തെയും പ്രതികൂലമായി ബാധിക്കും. സുന്ദരമായ മഞ്ഞപ്പൂക്കളുള്ള ക്യാറ്റ്സ്ക്ലോ ചെടി വീടുകളിലും മതിലുകളിലും നിറഞ്ഞുനിൽക്കുന്ന കാഴ്ച ഇന്ന് എങ്ങും കാണാം. അതിന്റെ ഭംഗിക്ക് പിന്നിൽ പ്രകൃതിക്ക് ഭീഷണിയായ ഒരു വില്ലനുണ്ടെന്നാണ് സസ്യശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഉയരത്തിൽ പടർന്നു കയറാൻ കഴിവുള്ള ഈ ചെടി, മറ്റു സസ്യങ്ങൾക്ക് സൂര്യപ്രകാശം ലഭിക്കാതെ നശിപ്പിക്കുകയും തന്റെ ചുറ്റുമുള്ളവയെ അതിജീവിക്കുകയും ചെയ്യുന്ന ഒരു അധിനിവേശ സസ്യമാണ്. ലോകത്തിലെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ഓസ്ട്രേലിയയിലും ഫ്ലോറിഡയിലും ഇതിന്റെ വ്യാപനം നിരോധിച്ചിട്ടുണ്ട്. ആകർഷകമായ ചന്തം കണ്ട് പലരും ഇത് വളർത്തുന്നുണ്ടെങ്കിലും, പ്രകൃതിക്കും വനസമ്പത്തിനും ഇത് വരുത്തിവയ്ക്കുന്ന നാശം തിരിച്ചറിഞ്ഞ് കരുതലോടെ സമീപിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സസ്യങ്ങളെ അറിയണം
ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ അത് ഏത് സസ്യത്തിന്റെ ഫലമാണെന്ന് തിരിച്ചറിഞ്ഞാലേ ചികിത്സ ഉറപ്പാക്കാനാകൂ. അതുകൊണ്ടു തന്നെ സസ്യങ്ങളെക്കുറിച്ച് നല്ല ധാരണ ഡോക്ടർമാർക്കും വേണ്ട അവസ്ഥയാണ്. കേരളത്തിലെ വിദേശസസ്യങ്ങൾ 880 ലേറെയുണ്ടെന്നാണ് കണക്ക്. അധിനിവേശ സസ്യങ്ങൾ മാത്രം 81 ലേറെയുണ്ട്. ചെറിയ ചെടികൾ 38, കുറ്റിച്ചെടികൾ 20, വള്ളിച്ചെടി 15,
വൃക്ഷങ്ങൾ എട്ട്, ആവാസ വ്യവസ്ഥയ്ക്ക് അപകടകരമാകുന്നവ 10 എന്നിങ്ങനെയാണ് കണക്ക്. വർഷങ്ങൾക്ക് മുൻപ് കെ.എഫ്.ആർ.ഐയിലെ പഠനം ആസ്പദമാക്കിയാണ് ഈ കണക്ക്.
അധിനിവേശ വിഷസസ്യങ്ങൾ
അരളി, കുന്നിക്കുരു, കൊങ്ങിണിപ്പൂ, മഞ്ഞക്കോളാമ്പി, ആനത്തൊട്ടാവാടി, സിംഗപ്പൂർ ഡെയ്‌സി, ബ്ലാക്ക് വാറ്റിൽ, വള്ളിപ്പയർ തുടങ്ങിയവ അധിനിവേശ വിഷസസ്യങ്ങളാണ്. ഈ സസ്യങ്ങളെ പൂർണമായി നശിപ്പിക്കുകയോ നിരോധിക്കുകയോ ചെയ്യാതെ സുരക്ഷിതമായി പരിപാലിക്കാനാണ് ശ്രമം വേണ്ടത്. ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നവ നീക്കുകയും ചെയ്യണം. അതേസമയം, ചെടികളുടെ വില്പ്പന കൊണ്ട് വലിയ നേട്ടമുണ്ടാക്കാനും കഴിയും. രണ്ടുവർഷം മുൻപ് കേരളത്തിൽ പുഷ്പക്കൃഷി 38,965.53 ഹെക്ടറിൽ വ്യാപിച്ചെങ്കിലും കയറ്റുമതിയിലൂടെ പണം കൊയ്യാൻ കഴിയുന്ന അലങ്കാര ഇലച്ചെടികളുടെ കൃഷി വേരുറച്ചില്ല. കൃഷിരീതികളും എങ്ങനെ വിൽക്കാൻ കഴിയുമെന്ന് അറിയാത്തതുമാണ് കർഷകരെ പിന്തിരിപ്പിച്ചത്. കേന്ദ്രസർക്കാരിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ (അപേഡ) കണക്കിലാണ് പൂക്കൃഷി കൂടിയതായി വിലയിരുത്തിയത്. അകത്തളങ്ങളെ അലങ്കരിക്കാനും പൊതുവേദികൾ ഒരുക്കാനുമായി അറേബ്യൻ രാജ്യങ്ങളിൽ അലങ്കാരച്ചെടികളിലെ പൂക്കൾക്കും ഇലകൾക്കും ആവശ്യക്കാരേറെയുണ്ട്.
സോംഗ് ഒഫ് ജമൈക്ക, മസാൻജിയാന, സാനഡു, മോൻസ്റ്റീറ തുടങ്ങിയ ഇലച്ചെടികൾ കേരളത്തിൽ ചില കർഷകർ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. അറേബ്യൻ രാജ്യങ്ങളിലേക്കാണ് സ്വകാര്യ സ്ഥാപനങ്ങളിലൂടെയും മറ്റും കയറ്റി അയയ്ക്കുന്നത്. ഒരിലയ്ക്ക് 15 രൂപ വരെ വിലയുള്ളവയുണ്ട്. ടോർച്ച് ജിൻജർ പോലുള്ള അലങ്കാര ഇഞ്ചിച്ചെടികളും ഡിമാൻഡുള്ളവയാണ്. ടോർച്ച് ജിൻജർ ഒരു പൂവിന് 15 രൂപ വരെയുണ്ട്. സോംഗ് ഒഫ് ജമൈക്ക 15 സെ.മീ ഇലയും തണ്ടും സഹിതം ഏഴ് രൂപയോളം വരും. പല ചെടികളുടെയും ഇലകൾ ഒരു മാസത്തിലേറെ കൊഴിയില്ല. തലപ്പും വേരുകളോട് കൂടിയ തണ്ടും മുറിച്ചു നട്ടു വളർത്തിയെടുക്കാൻ സാധിക്കും. ചകിരിച്ചോറും ആറ്റുമണലും ഒരേ അളവിൽ കലർത്തിയ മിശ്രിതത്തിൽ നടാനാകും. വള്ളിച്ചെടികൾ എല്ലാം വേഗത്തിൽ വളരുന്ന പ്രകൃതമുള്ളവയാണ്. വളർച്ച നിയന്ത്രിക്കാൻ വല്ലപ്പോഴും ഇളം കൂമ്പ് നുള്ളുന്നതും പ്രയോജനം ചെയ്യും. രണ്ടോമൂന്നോ ദിവസം നനച്ചില്ലെങ്കിലും ചെടികൾ വാടില്ല.
കേരളം അനുയോജ്യം
സംസ്ഥാനത്ത് പുഷ്പക്കൃഷിക്ക് അനുയോജ്യമായത് ഇടുക്കി, വയനാട്, കോട്ടയം, എറണാകുളം ജില്ലകളാണ്. ചൈനയ്ക്ക് ശേഷം കൂടുതൽ പുഷ്പക്കൃഷി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പുഷ്പക്കൃഷി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ലോകത്ത് 14-ാം സ്ഥാനത്താണ്. ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ പഠനമനുസരിച്ച്, 2023 - 2024ൽ മൊത്തം ഇന്ത്യൻ പുഷ്പക്കൃഷി ഉത്പാദനം 3231.01 മെട്രിക് ടണ്ണായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |