
തുഷാർ വെള്ളാപ്പള്ളി
കൺവീനർ, എൻ.ഡി.എ
കേരളത്തിൽ ഭൂരിപക്ഷ സമൂഹം രണ്ടാംകിട പൗരന്മാരാകുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കാൻ ഇടത്, വലതു മുന്നണികൾ മത, ജാതി പ്രീണന നയങ്ങൾ അവസാനിപ്പിക്കണമെന്നും കേരളത്തെ മറ്റൊരു കാശ്മീരാക്കാതെ നോക്കേണ്ടത് എല്ലാ മലയാളികളുടെയും ഉത്തരവാദിത്വമാണെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും ദേശീയ ജനാധിപത്യ സംഖ്യം (എൻ.ഡി.എ) സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറയുന്നു. 'കേരളകൗമുദി"യുമായി സംഭാഷണം:
? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന്റെ പ്രതീക്ഷകൾ...
ഇപ്പോൾ സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷമാണ് എൻ.ഡി.എ. മുഖപടം മാറ്റിയാൽ ഇടത്- വലതു മുന്നണികൾ ഒന്നുതന്നെയാണ്. എങ്ങനെയും അധികാരം പിടിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായി വോട്ടുബാങ്കുകളായ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ. കേരളത്തിന്റെ വികസനമോ ദീർഘകാല പദ്ധതികളോ ഭാവിതലമുറയെക്കുറിച്ചുള്ള കരുതലോ ഒന്നും ഇരുമുന്നണികൾക്കുമില്ല. ചിന്തിക്കുന്ന മലയാളികൾ ഈ സങ്കുചിത രാഷ്ട്രീയത്തിൽ അതൃപ്തരാണ്. അതുകൊണ്ടുതന്നെ എൻ.ഡി.എയ്ക്ക് കേരളത്തിൽ വലിയ പ്രതീക്ഷയുണ്ട്. ഈ അസംബ്ളി തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. എൻ.ഡി.എ എം.എൽ.എമാർ അസംബ്ളിയിൽ ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നു.
? മുന്നണിയിൽ ബി.ഡി.ജെ,എസിന്റെ റോൾ.
മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളിലൊന്നാണ് ബി.ഡി.ജെ.എസ്. അമ്പതിലേറെ മണ്ഡലങ്ങളിൽ നിർണായകമായ സാന്നിദ്ധ്യം പാർട്ടിക്കുണ്ട്. പരമാവധി എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഞങ്ങളുടെ പ്രവർത്തകർ അരയും തലയും മുറുക്കി രംഗത്തുണ്ടാകും.
? ബി.ഡി.ജെ.എസിനെ ബി.ജെ.പി അവഗണിക്കുന്നുണ്ടോ. പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടോ.
ഏതു മുന്നണിയായാലും അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എൻ.ഡി.എ കേരളത്തിലെ ഭരണകക്ഷിയല്ല. അധികാരമോ പദവികളോ ലഭിക്കാനില്ല. കേന്ദ്രത്തിലെ ചില പദവികൾ ബി.ഡി.ജെ.എസിന് ലഭിച്ചിട്ടുണ്ട്. ഇനിയും പ്രതീക്ഷയുണ്ട്. കൂടിയാലോചനകൾ നടക്കുന്നുണ്ട്. മുന്നണിക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിക്കു പോലും അവർ പ്രതീക്ഷിച്ചത്ര കേന്ദ്ര പദവികൾ ലഭിച്ചില്ലെന്ന് കരുതുന്നവരുമുണ്ട്.
? തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിൽ മുന്നണിയുടെ വിലയിരുത്തൽ...
കേരള രാഷ്ട്രീയത്തിൽ എൻ.ഡി.എ ഇനി അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം പിടിക്കാനായത് ചെറിയ കാര്യമല്ല.
? എസ്.എൻ.ഡി.പി - എൻ.എസ്.എസ് ഐക്യനീക്കത്തെ എങ്ങനെ കാണുന്നു.
കേരളത്തിലെ പ്രബല സമുദായങ്ങളാണ് എസ്.എൻ.ഡി.പിയും എൻ.എസ്.എസും. ഇരുവരും അകന്നു നിൽക്കേണ്ടവരല്ല. സംവരണമായിരുന്നു വിയോജിപ്പിന് പ്രധാനകാരണം. ഇപ്പോൾ സാമ്പത്തിക സംവരണത്തിന്റെ ഗുണഭോക്താക്കളാണ് നായർ സമുദായവും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ ചുറ്റുപാടിൽ ഒന്നിച്ചുനിന്ന് വിലപേശാനുള്ള കരുത്ത് നേടിയെടുത്താൽ മാത്രമേ നിലനിൽക്കാനാവൂ.
? എസ്.എൻ.ഡി.പിയുടെ സംഘടനാ കാര്യങ്ങളിൽ കൂടുതൽ സജീവമാകാൻ ഉദ്ദേശിക്കുന്നുണ്ടോ.
ബി.ഡി.ജെ.എസിലും എസ്.എൻ.ഡി.പി യോഗത്തിലും ഒരുപോലെ സജീവമാണ്. യോഗം വൈസ് പ്രസിഡന്റായി വെറുതേയിരിക്കാൻ സാധിക്കില്ലല്ലോ.
തയ്യാറാക്കിയത്:
ടി.കെ. സുനിൽ കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |