
ലീഡ്- ഒമർ ലുലുവിന്റെ സിനിമയിൽ മുഴുനീളെ കോമഡിയുമായി ഹരീഷ് കണാരൻ
സിനിമയിലും കോമഡി ഷോയിലും "ഒരു ലോഡ് ' ചിരി നിറച്ചതാണ് ഹരീഷ് കണാരൻ. ചിരി സമ്മാനിക്കുന്ന സിനിമയുടെ എണ്ണം കുറഞ്ഞപ്പോൾ ബിഗ് സ്ക്രീനിൽ ഹരീഷിനെ കാണുന്നത് അപൂർവ്വമായി. അടുത്തിടെ തിയേറ്രറിൽ വന്നത് കോമഡി നമ്പരുമായല്ല. രാധേശ്യാം സംവിധാനം ചെയ്ത മധുര കണക്ക് സിനിമയിൽ പ്രതിനായകനായി എത്തി. നായകനായും കോമഡി കഥാപാത്രമായും പുതുവർഷത്തിൽ വീണ്ടും കളം നിറയാൻ ഒരുങ്ങുകയാണ് ഹരീഷ് കണാരൻ.ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഴുനീള കോമഡി കഥാപാത്രമായി എത്തുന്നു.
ആദ്യമായി പ്രതിനായക വേഷത്തിൽ അഭിനയിച്ചപ്പോൾ അനുഭവപ്പെട്ട പ്രത്യേകത?
നാട്ടിൻപുറത്ത് സാധാരണ കാണുന്ന പലിശക്കാരന്റെ വേഷം ആണ് അവതരിച്ചത് . പുരുഷോത്തമൻ എന്ന് ആണ് കഥാപാത്രത്തിന്റെ പേര്. ഇയാളെ പഠിപ്പിച്ച മാഷ് ഒരു ദിവസം ആധാരം വച്ച് പണം കടം വാങ്ങുന്നു. തിരികെ കൊടുക്കാൻ സാധിക്കാതെ വരുമ്പോൾ മാഷുമായി പ്രശ്നം ഉണ്ടാകുന്നു. ഇങ്ങനെ എല്ലാവർക്കും ദ്രോഹം ചെയ്യുന്ന മനസാക്ഷി ഇല്ലാത്ത കഥാപാത്രം .എങ്ങനെയാണ് എനിക്ക് ഈ കഥാപാത്രം വർക്കായെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഹരീഷ് ഏട്ടൻ ( ഹരീഷ് പേരടി) ഉൾപ്പെടെ എല്ലാവവരും നല്ല അഭിനയം കാഴ്ച വച്ച ഒരു കുഞ്ഞ് കുടുംബ ചിത്രം ആണ് മധുര കണക്ക്.
സിനിമയിൽ എപ്പോഴാണ് ഇടവേള സംഭവിച്ചത് ?
കൊവിഡിന് ശേഷമാണ് ഇടവേള ഉണ്ടായത് .ഒരുപാട് വയലൻസ് സിനിമൾ വന്നു. പിന്നെ പലരും ഹാസ്യത്തിന്റെ രീതി മാറിയെന്ന് പറയുന്നു . പക്ഷേ അതിനോട് യോജിക്കുന്നില്ല.കാരണം എന്റെ മക്കളുവരെ പപ്പു ചേട്ടന്റെയും മാമുക്കോയയുടെയും തമാശകൾ കേട്ടാണ് ചിരിക്കുന്നത്.കോമഡി വേഷങ്ങൾ ചെയ്യാനാണ് ഏറ്റവും കൂടുതൽ പ്രയാസം. നന്നായി അവതരിപ്പിച്ചു കഴിഞ്ഞാൽ സിനിമയുടെ സൗന്ദര്യം അതിലാണ് നിലനിൽക്കുന്നത്. മധുര കണക്ക് കഴിഞ്ഞ് റിലീസിന് രണ്ടു മൂന്നു സിനിമയുണ്ട്.
മാറി നിന്നപ്പോൾ എന്തെല്ലാം പഠിച്ചു ?
സിനിമയിൽ സജീവമായി തുടരുമ്പോൾ ഉണ്ടാകുന്ന സൗഹൃദം മാറി നിൽക്കുമ്പോൾ ഉണ്ടാകില്ലെന്ന് മനസിലായി.കാരണം പലരും വിളിച്ചാൽ ഫോണെടുക്കുക കൂടിയില്ല.പിന്നെ ഞാൻ ആരെയും അധികം വിളിക്കുന്ന ഒരാളല്ല. പക്ഷേ എനിക്ക് ആ സമയത്തുത്തന്നെ പലരുടെയും കാര്യത്തിൽ വളരെ അത്ഭുതവും തോന്നിയിട്ടുണ്ട്. കാരണം ലാലേട്ടനൊക്കെ ഏത് സമയത്ത് വിളിച്ചാലും ഫോണെടുക്കും.ഇനി വിളിക്കുന്ന സമയത്ത് എടുത്തില്ലെങ്കിൽ തിരിച്ച് വിളിക്കും .അതുപ്പോലെ മമ്മുക്കയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ ഒരുവട്ടം വിളിച്ച് നോക്കി . അന്ന് മമ്മുക്ക ഫോൺ എടുത്തില്ല.എന്നാൽ ഒരു രണ്ട് മാസം കഴിഞ്ഞ് മമ്മുക്ക തിരിച്ച് വിളിച്ചു.അപ്പോൾ ഞാൻ ഞെട്ടി .രണ്ടുമാസം മുൻപ് വിളിച്ച എന്നെയാണ് മമ്മുക്ക ഓർത്തുവച്ച് വിളിച്ചത്.കണാരനാണോ,ഹരീഷാണോ എന്നായിരുന്നു ഫോൺ എടുത്തപ്പോൾതന്നെ മമ്മുക്കയുടെ ചോദ്യം.അത് എന്നെ വീണ്ടും ഞെട്ടിച്ചു കളഞ്ഞു. ചാക്കോച്ചൻ,ദിലീപേട്ടൻ.സൗബിൻ.ധർമജൻ തുടങ്ങി കുറച്ചുപേർ സൗഹൃദം വിടാതെ നിലനിർത്തുന്നവരുണ്ട്. പുറത്തു പോകുമ്പോൾ ചില ആളുകൾ കാണുമ്പോഴൊക്കെ കളിയാക്കിയപ്പോലെ ഇപ്പോ സിനിമയൊന്നുമില്ലെന്ന് ഒരു ചോദ്യമുണ്ട്.അവരോട് ആ രീതിയിൽ തന്നെ മറുപടി പറയും. പിന്നെ സിനിമ എപ്പോഴും ചെയ്യാൻ കഴിയാത്തതിൽ സങ്കടമൊന്നുമില്ല.കാരണം സിനിമയിൽ വരാൻ പറ്റുമെന്ന്പോലും വിചാരിച്ചതല്ല. എന്നാൽ പ്രതീക്ഷിച്ചതിലും അധികം സിനിമകൾ ചെയ്യാൻ സാധിച്ചു.അതു തന്നെ വളരെ സന്തോഷം.പിന്നെ പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പ്രോഗ്രാമുകൾ ഒഴിവാക്കിയില്ല.
ചിരിപ്പിക്കുന്ന സിനിമയുടെ കാലം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?
തീർച്ചയായും തിരിച്ചു വരും. കാരണം നമ്മളെല്ലാവരും സിനിമ കാണാൻ പോകുന്നത് ഒരു ആശ്വാസം കിട്ടാനാണല്ലോ. അത് കൂടുതലും ചിരിയിലൂടെയാണ് ലഭിക്കുക. വയലൻസ് നിറഞ്ഞതും അല്ലെങ്കിൽ ചിരിപ്പിക്കാത്തതുമായ സിനിമകൾ കൂടുതൽ ഇറങ്ങിയാൽ ആളുകൾക്ക് തിയേറ്ററിൽ വരാൻ ഇഷ്ടം കുറെ കഴിയുമ്പോൾ പോകും.ഇപ്പോൾ പ്രേക്ഷകർക്ക് ചിരി കൊടുക്കുന്ന ഒരുപാട് സിനിമകൾ ഇറങ്ങുന്നുണ്ട്. അതിനാൽ ചിരി സജീവമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |