
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് സി.പി.എം അംഗം എച്ച് സലാം ഇന്നലെ സഭയിൽ പറഞ്ഞ കോരിത്തരിപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ അദ്ദേഹം സഭയിൽ ഇല്ലാതെപോയി. എങ്കിലും മുഖ്യമന്ത്രിയുടെ ആരാധകർ വല്ലാതെ ആടിയുലഞ്ഞുകാണും, അതു കേട്ട്. 'കേരളത്തിന്റെ ബൊഗെയ്ൻവില്ലയാണ് (കടലാസ് ചെടി) പിണറായി വിജയൻ എന്നായിരുന്നു വിശേഷണം. നല്ല ചൂടിൽ എല്ലാ ചെടികളും വാടിക്കരിയുമ്പോൾ പൂത്തുനിൽക്കും ബൊഗെയ്ൻവില്ല. എത്ര കടുത്ത വേനലിലും ചിരിച്ചു നിൽക്കാൻ പഠിക്കുക, കടുത്ത നോവിലും നിവർന്നു നിൽക്കുക, ഏത് വേദനയെയും അതീജീവിക്കുക... അങ്ങനെ പോകുന്നു, തൊങ്ങൽവച്ച വാക്കുകൾ. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തുള്ള പ്രസംഗത്തിലാണ് കേരളത്തിലെ യഥാർത്ഥ ബൊഗെയ്ൻവില്ലയെ സലാം കാട്ടിത്തന്നത്.
പക്ഷെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. സംസ്കാരം പഠിപ്പിക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്നും സലാം പരിതപിച്ചു. മുൻപ് നിയമസഭയിൽ മുണ്ടു മടക്കിക്കുത്തിയ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച സതീശന്റെ മുണ്ട് അഴിഞ്ഞുവീണാൽ കാണുക ആർ.എസ്.എസ് കളസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ തൊട്ടടുത്ത മണ്ഡലത്തിലെ പ്രതിനിധി ഇത്രയുമൊക്കെ പറയുമ്പോൾ 'വൈഡ് റീഡിംഗു"ള്ള ചെന്നിത്തലയ്ക്ക് മിണ്ടാതിരിക്കാനാവുമോ?
മഹാഭാരതത്തിൽ കയറി അദ്ദേഹം ഒരു പിടിപിടിച്ചു. കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിൽ കിടക്കുന്ന ഭീക്ഷ്മരെ പോലെയാണ് ഈ സർക്കാരെന്ന് ചെന്നിത്തല അങ്ങു കാച്ചി. ഉത്തരായനത്തിൽ എത്തിയാൽ മരണം ഉറപ്പെന്നു കൂടി പറഞ്ഞപ്പോൾ ഭരണപക്ഷ അംഗങ്ങൾ നടുങ്ങിയോ എന്നു സംശയം. കേന്ദ്രവിരുദ്ധ നടപടികളിൽ പ്രതിഷേധിക്കാൻ തലസ്ഥാനത്ത് രക്തസാക്ഷി മണ്ഡപത്തിനു സമീപം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം നടത്തിയത് എന്തിനെന്നാണ് ചെന്നിത്തലയുടെ ന്യായമായ സംശയം. 'പാവം രക്തസാക്ഷികളെന്തു പിഴച്ചു."
ലോക് ഭവനു മുന്നിലോ ഡൽഹിയിലോ വേണ്ടേ കേന്ദ്രവിരുദ്ധ സമരമെന്ന ന്യായമായ ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഗവർണറുമായി ഒത്തുകളിക്കുകയാണ് സർക്കാർ. തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും മോശപ്പെട്ടു പോയതിനാൽ പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനുമെന്നും ചെന്നിത്തല പറഞ്ഞുവച്ചു. 10 വർഷങ്ങൾകൊണ്ട് ഇടതു സർക്കാർ നടത്തിയെന്നു പറയുന്ന വികസന പ്രവർത്തനങ്ങൾ നടത്താൻ യു.ഡി.എഫിന് അഞ്ചുകൊല്ലം മതിയെന്ന് നിസാര ഭാവത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി. എല്ലാ മേഖലയും തകർന്നിരിക്കുകയാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം ആശ്വസിച്ചു. പ്രതിപക്ഷ നേതാവിനെ വെള്ള ഡ്രസിട്ട സംഘി സതീശനെന്നു വിളിക്കാനാണ് തന്റെ താത്പര്യമെന്ന് കെ.ഡി.പ്രസേനൻ ആവർത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു.
ഒരു നയവുമില്ലാത്ത നയപ്രഖ്യാപനം എന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. സംഘപരിവാറിന്റെ പാതയിലാണ് ഇടതുപക്ഷം സഞ്ചരിക്കുന്നതെന്ന് മുന്നറിയിപ്പു നൽകിയ സതീശൻ, സർക്കാരിന്റെ വീഴ്ചകളും പരാജയങ്ങളും അക്കമിട്ട് നിരത്തിയതോടെ ഭരണപക്ഷ ബഞ്ചിൽ അസ്വസ്ഥതയായി. ഇടയ്ക്കിടെ ഉയർന്ന അപശബ്ദങ്ങൾ ഇതിന് തെളിവായി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയെങ്കിലും ചർച്ചയ്ക്ക് വേണ്ടത്ര ആരോഗ്യമില്ലാതെ പോയി. ഉപക്ഷേപം കൊണ്ടുവന്ന പി.സി വിഷ്ണുനാഥ് വളരെ ഹൃദയസ്പർശിയായും നാടകീയമായുമാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങൾ വിശദീകരിച്ചത്.
ആരോഗ്യമന്ത്രിയെ നിറുത്തിപ്പൊരിക്കാനുള്ള വക അദ്ദേഹത്തിന്റെ അവതരണത്തിലുണ്ടായിരുന്നെങ്കിലും ആ ടെമ്പോ നിലനിർത്താൻ കഴിഞ്ഞോ എന്നു സംശയം. ടെസ്റ്റ് ക്രിക്കറ്റ് മാച്ചിന്റെ പ്രതീതിയാണ് സഭയിലെന്നും രണ്ടു പക്ഷത്തും ആളില്ലെന്നും സ്പീക്കർ എ.എൻ.ഷംസീർ തന്നെയാണ് പരിതപിച്ചത്. സ്പീക്കറുടെ വാക്കുകളിൽ അപ്പോൾത്തന്നെ കയറിപ്പിടിച്ചു, എം.രാജഗോപാൽ. അടിയന്തരപ്രമേയ അവതാരകൻ പോലും സഭയിലില്ലെന്ന് പറഞ്ഞാണ് രാജഗോപാൽ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വലതുകാൽ പൊട്ടിയതിന് ഇടതുകാലിൽ പ്ളാസ്റ്ററിട്ടത് യു.ഡി.എഫ് കാലത്താണെന്ന് അദ്ദേഹം പരിഹസിച്ചു. അന്ന് ആശുപത്രികളുടെ കല്ലിടൽ മാത്രമാണ് നടന്നതെന്നും ആ കല്ലുകളുണ്ടായിരുന്നെങ്കിൽ ഒരു ആശുപത്രി തന്നെ പണിയാമായിരുന്നുവെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി. നാവുകൊണ്ട് വീടുവയ്ക്കുന്നവർക്ക് ആരോഗ്യ വകുപ്പിനെ പരിഹസിക്കാൻ കഴിയില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വയനാട് ഉദ്ദേശിച്ചെന്ന് വ്യക്തം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |