
പെരിഞ്ചാംകുട്ടിയിലെ ആദിവാസികൾ വീണ്ടും ഭൂസമരത്തിലേക്ക്
മണ്ണിന്റെ മക്കൾ കിടപ്പാടത്തിനായി പോരാടിയപ്പോഴെല്ലാം ചോരപ്പാടുകൾ ചിതറിയിട്ടുണ്ട്. മുത്തങ്ങ ഭൂസമരമടക്കം ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരമൊരു നീതിനിഷേധത്തിന്റെയും വാഗ്ദാനലംഘനത്തിന്റെയും കഥയാണ് പെരിഞ്ചാംകുട്ടിയിലെ ആദിവാസികൾക്ക് പറയാനുള്ളത്. പെരിഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ കൃഷിഭൂമി വീതം നൽകുമെന്ന സർക്കാർ ഉത്തരവ് എട്ട് വർഷമായിട്ടും നടപ്പായില്ല. മന്ത്രിയായിരുന്ന എം.എം. മണിയും സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ശിവരാമനും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് 2018 മാർച്ച് എട്ടിന് ഇറക്കിയ ഉത്തരവാണ് ഇനിയും നടപ്പിലാക്കാത്തത്. 158 കുടുംബങ്ങളുടെ വെരിഫിക്കേഷൻ പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. വനം വകുപ്പിന്റെ തടസവാദങ്ങളും കൊവിഡുമാണ് ഭൂമി കൊടുക്കാത്തതിന് കാരണമായി പറയുന്ന മുടന്തൻ ന്യായങ്ങൾ.
തുടക്കം 2008ൽ
2008ലാണ് പ്രശ്നങ്ങളുടെ തുടക്കം. വാസയോഗ്യമായ ഭൂമിക്കായി ആദിവാസികൾ ദേവികുളം ഡി.എഫ്.ഒ ഓഫീസിനു മുന്നിൽ സമരം ആരംഭിച്ചതോടെ മന്ത്രി ഇടപെട്ടു. ഒരു മാസത്തിനകം ഭൂമി നൽകാമെന്നായിരുന്നു ഉറപ്പ്. അതുവരെ വാത്തിക്കുടി ട്രൈബൽ ഹോസ്റ്റലിൽ താമസിക്കാൻ അനുവാദം നൽകി. 2008 സെപ്തംബർ 13ന് താമസം തുടങ്ങി. പക്ഷേ, സർക്കാർ വാക്കുപാലിച്ചില്ല. തുടർന്ന് ആദിവാസികൾ ഒക്ടോബർ 14 മുതൽ 17 ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി. വീണ്ടും സർക്കാറിന്റെ ഉറപ്പിൽ സമരം നിറുത്തി. മന്ത്രി പറഞ്ഞ 2009 ജനവരി 16 വരെ കാത്തിരുന്നിട്ടും ഭൂമി കിട്ടാതെ വന്നതോടെ ആദിവാസികൾ കൂട്ടത്തോടെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷൻ കൈയേറി താമസമാരംഭിച്ചു. 2012ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ 215 ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച് കുടിലുകളും കൃഷിയും നശിപ്പിക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്തു. തുടർന്ന് അതേ വർഷം ഒക്ടോബർ ഒന്ന് മുതൽ ഇടുക്കി കളക്ട്രേറ്റിന് മുമ്പിൽ തുടർച്ചയായി സമരം ചെയ്തു. 2018ൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിയും സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ശിവരാമനും മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ വഴി തുറന്നത്. സമരം ചെയ്തതിൽ 158 കുടുംബങ്ങൾ ഭൂമിയ്ക്ക് അർഹരാണെന്ന് കണ്ടെത്തി. അവർക്ക് ഒരേക്കർ വീതം ഭൂമി നൽകാൻ ഉത്തരവിറക്കുകയും ചെയ്തു. ഇത്രയും കുടുംബങ്ങളുടെ വെരിഫക്കേഷൻ പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. വനം വകുപ്പിന്റെ തടസ്സവാദങ്ങളാണ് ഭൂമി കൊടുക്കാത്തതിന് കാരണമായി പറയപ്പെടുന്നത്. കൊവിഡ് മൂലം തടസപ്പെട്ടെന്ന മുടന്തൻ ന്യായവും പറയുന്നു. എന്നാൽ ചില രാഷ്ട്രീയ ലോബികളുടെ ഇടപെടലാണ് ജില്ലാ ഭരണകൂടം ഈ ഉത്തരവ് പൂഴ്ത്തിവെക്കാൻ കാരണമെന്ന് ആദിവാസികൾ കരുതുന്നു. പെരിഞ്ചാംകുട്ടി പദ്ധതി ഉപേക്ഷിക്കുമ്പോൾ 2000 ഏക്കർ റവന്യൂ ഭൂമി ഉണ്ടായിരുന്നത് ഇന്ന് 600 ഏക്കറായി ചുരുങ്ങി. 1400 ഏക്കർ ഭൂമിയും സ്വാധീനശേഷിയുള്ളവർ കൈയേറിയത് വനംവകുപ്പ് ഉൾപ്പെടെയുള്ളവർ കണ്ടില്ലെന്ന് നടിക്കുന്നെന്നാണ് ആക്ഷേപം. 1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ കെ.ആർ ഗൗരിയമ്മയുടെ നിർദ്ദേശ പ്രകാരം ഈ പ്രദേശം നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾക്ക് താമസിക്കാൻ കൊടുത്തതാണ്. എന്നാൽ സംഘടിതരായ കൈയേറ്റക്കാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ആദിവാസികൾ അവിടംവിട്ട് പോയി.
സി.പി.ഐ ഇടപെട്ടിട്ടും
ഘടകകക്ഷിയായ സി.പി.ഐയും അന്നത്തെ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും ശക്തമായി ഇടപെടുകയും സംസ്ഥാന സർക്കാരിനെതിരെ തന്നെ പലവട്ടം രംഗത്തെത്തുകയും ചെയ്തിരുന്നു. പെരിഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് അവിടെ തന്നെ ഒരേക്കർ ഭൂമി വീതം നൽകാനുള്ള മന്ത്രിസഭാ തീരുമാനവും സർക്കാർ ഉത്തരവും അട്ടിമറിച്ചെന്ന് 2019ൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ആദിവാസികൾക്ക് ഭൂമി നൽകുന്നതിനെ തുരങ്കം വയ്ക്കുന്നതിന് നിരന്തരം ശ്രമിച്ചുവന്ന കൈയേറ്റ മാഫിയ്ക്ക് അനുകൂലമായാണ് സർക്കാർ തീരുമാനമെന്നും അന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയിലുള്ള വനം വകുപ്പിന്റെ എല്ലാ അവകാശവാദങ്ങളും തള്ളിക്കളഞ്ഞ് അവരുടെ സമ്മതത്തോടെയാണ് സർക്കാർ അന്ന് തീരുമാനം എടുത്തത്. എന്നാൽ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ നിരന്തരം ശ്രമിച്ചു. റവന്യൂ ഭൂമിയാണിതെന്ന് പകൽ പോലെ വ്യക്തമായിട്ടും കേന്ദ്രാനുമതി തേടാൻ തീരുമാനിച്ചത് ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യേണ്ടതില്ലെന്ന ഉദ്ദേശ്യത്തിൽ തന്നെയാണ്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് എടുത്തത് നെറികെട്ട തീരുമാനമാണ്. സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. മാത്രമല്ല ഈ യോഗ വിവരം സംസ്ഥാന റവന്യൂ മന്ത്രിയെ അറിയിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ സംസ്ഥാന റവന്യൂ മന്ത്രിയുടെ സാന്നിധ്യം നിർബന്ധമാണ്. ഇതെന്തുകൊണ്ട് എന്നത് ദുരൂഹമാണ്. മന്ത്രിസഭാ യോഗ തീരുമാനവും സർക്കാർ ഉത്തരവും മറികടക്കാൻ ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗത്തിന് അധികാരമുണ്ടോ എന്നതാണ്. ഒരു മന്ത്രിസഭാ തീരുമാനത്തിന് ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തണമെങ്കിൽ മറ്റൊരു മന്ത്രിസഭാ യോഗം ചേരണം. അതുണ്ടായിട്ടില്ല. പെരിഞ്ചാംകുട്ടിയിൽ കൈയേറ്റ മാഫിയയുടെ സാന്നിദ്ധ്യമുണ്ട്. അവർക്ക് ആവേശം പകരുന്നതാണ് ഈ തീരുമാനമെന്നുമായിരുന്നു അന്ന് ശിവരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇതുകൊണ്ടും ഫലമുണ്ടായില്ല.
ഇനി സമരം
ബഹുജനങ്ങളുടെയും കർഷക സംഘടനകളുടെയും പിന്തുണയോടെ നീണ്ടുനിൽക്കുന്ന സമരത്തിന് തയ്യാറെടുക്കുകയാണ് ആദിവാസികൾ. 158 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം നൽകാനുള്ള സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക, ഭൂരഹിതരായ ജില്ലയിലെ മുഴുവൻ ആദിവാസികൾക്കും കൃഷിഭൂമി നൽകുക, കുടിയിറക്കുന്ന സമയത്ത് കൃഷി വെട്ടിനശിപ്പിച്ചതിന് മതിയായ നഷ്ടപരിഹാരം നൽകുക, ഉത്തരവ് നടപ്പിലാക്കാൻ എട്ട് വർഷം വൈകിപ്പിച്ചതിന് കുറഞ്ഞത് അമ്പതിനായിരം രൂപ വീതം പ്രതിവർഷം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഉത്തരവ് നടപ്പിലാക്കാൻ പ്രാഥമിക ഉത്തരവാദിത്തമുള്ള ജില്ലാ കളക്ടർക്ക് പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതിയുടെ ഭാരവാഹികൾ ചേർന്ന് നിവേദനം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |