
കേരളത്തിൽ ഒരു കെട്ടിടം നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ നിന്ന് കെട്ടിട പെർമിറ്റ് നിർബന്ധമാണ്. പലരും കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുമ്പോഴാകും ഭൂമിയുടെ പ്രശ്നങ്ങൾ തന്നെ തിരിച്ചറിയുന്നത്. വയലാണോ പുരയിടമാണോ, ഗ്രീൻ ബെൽറ്റിൽപ്പെട്ടതാണോ തുടങ്ങിയ നിരവധി കാര്യങ്ങൾ ഉയർന്നുവരും. അതൊക്കെ പരിഹരിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ച് കാത്തിരുന്ന്, ഒടുവിൽ അനുമതി ലഭിച്ചതിനു ശേഷമേ നേരത്തേ പണി തുടങ്ങാനാവുമായിരുന്നുള്ളൂ. അനുമതി കിട്ടി വരുമ്പോഴേക്കും മഴക്കാലം തുടങ്ങിയാൽ കെട്ടിടം പണി തുടങ്ങുന്നത് വീണ്ടും നീണ്ടുപോകും. കേരളത്തിൽ അമ്പതു ശതമാനത്തിലേറെ കെട്ടിടങ്ങൾ പണിയുന്നവർ ഗൾഫിലും മറ്റും ജോലി ചെയ്യുന്ന പ്രവാസികളാണ്. അതിനാൽ അവർക്ക് കൂടുതൽ നാൾ നാട്ടിൽ നിന്ന് കെട്ടിടം പണിയുടെ മേൽനോട്ടം വഹിക്കാൻ കഴിയില്ല.
ഇത്തരം പല കാര്യങ്ങളും പരിഗണിച്ചാവും കെട്ടിട നിർമ്മാണത്തിന് സ്ഥലപരിശോധന ഇല്ലാതെ ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ നിർമ്മാണ പെർമിറ്റ് നൽകാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അപേക്ഷകളിൽ കെ - സ്‌മാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവൊന്നും കണ്ടില്ലെങ്കിൽ അനുമതി നൽകാൻ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നീക്കം പുതിയ കാലത്തിന് യോജിക്കുന്ന സ്വാഗതാർഹമായ കാര്യമാണ്. റവന്യു വകുപ്പിന്റെ ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഇതിന്റെ ഫലം പൂർണതോതിൽ ലഭിച്ചുതുടങ്ങുമെന്നാണ് കരുതുന്നത്. അതുപോലെ, ഉയരം പരിഗണിക്കാതെ 300 ചതുരശ്ര മീറ്റർ (3229.17 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാലുടൻ പെർമിറ്റ് നൽകുന്ന രീതി വീട് നിർമ്മിക്കാൻ ഇറങ്ങുന്ന കേരളത്തിലെ ഭൂരിപക്ഷം പേർക്കും പ്രയോജനപ്പെടുന്നതാണ്.
സാധാരണക്കാരും മദ്ധ്യവർഗത്തിലുള്ളവരും മറ്റും നിർമ്മിക്കുന്ന കെട്ടിടങ്ങളിലധികവും 3000 ചതുരശ്ര അടിയിൽ താഴെ വരുന്നതാണ്. നിലവിൽ ഏഴു മീറ്റർ വരെ ഉയരമുള്ള വീടുകളെയാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ഉയര നിബന്ധന വലിയ തടസമായി ബോദ്ധ്യപ്പെട്ടിട്ടാണ് ആ നിബന്ധനയും ഒഴിവാക്കുന്നത്. ഇതോടൊപ്പം വാണിജ്യ കെട്ടിടങ്ങൾക്ക് അപേക്ഷിച്ചാലുടൻ പെർമിറ്റ് നൽകാനുള്ള വിസ്തീർണവും വർദ്ധിപ്പിക്കും. 100 ചതുരശ്ര മീറ്റർ എന്നത് 250 ചതുരശ്ര മീറ്ററായി (2690.98 ചതുരശ്ര അടി) ഉയർത്തും. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ വശങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ ഒരുങ്ങുന്നവർക്ക് ഗുണം ചെയ്യുന്നതാവും ഈ ചട്ടഭേദഗതി.
ആവശ്യത്തിലധികമുള്ള നിബന്ധനകൾ നല്ല ഉദ്ദേശ്യത്തോടെയാണ് ഏർപ്പെടുത്തുന്നതെങ്കിലും ഫലത്തിൽ അത് അഴിമതിക്കും സാധാരണക്കാരെ കുരുക്കിൽപ്പെടുത്തുന്നതിനുമാണ് ഇടയാക്കാറുള്ളത്. കെട്ടിടത്തിന് പെർമിറ്റ് കൊടുക്കുന്ന വിഭാഗത്തിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് നിരവധി പേർ വിജിലൻസിന്റെ പിടിയിലായിട്ടുണ്ട്. കെട്ടിടം പണി താമസിക്കുന്നതിനനുസരിച്ച് ചെലവ് കൂടിവരുമെന്നുള്ളത് അതിന് ഇറങ്ങിത്തിരിച്ചവർക്കെല്ലാം അറിയാവുന്നതാണ്. കെട്ടിടനിർമ്മാണ സാമഗ്രികളുടെ വില വർഷാവർഷം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ബാങ്കിൽ നിന്ന് വായ്‌പയെടുത്തവർക്ക് അതു സ്വീകരിച്ച ദിവസം മുതൽ പലിശയും നൽകണം. അതിനാൽ അനാവശ്യമായ നിബന്ധനകൾ ഒഴിവാക്കി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ സമഗ്ര മാറ്റം വരുത്തുന്നത് എന്തുകൊണ്ടും നല്ലതു തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |