
കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിനായി (Special Intensive Revision- SIR) നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നേരിടുന്ന അമിത ജോലിഭാരം, ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ ഒരു ബി.എൽ.ഒ ജീവനൊടുക്കിയ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. നിയമപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ ആഴം തുറന്നുകാട്ടുന്നതാണ് ഈ സംഭവം. നിയമം എങ്ങനെയാണ് ഈ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത്? അവരുടെ അവകാശങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ഇത്രയധികം സമ്മർദ്ദം അനുഭവിക്കേണ്ടിവരുന്നത്?
ഒരു സർക്കാർ ഉദ്യോഗസ്ഥൻ ബി.എൽ.ഒ ആയി നിയമിക്കപ്പെടുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമപരമായ ഒരു നിർബന്ധിത കടമയാണ് ഇതെന്ന് മറക്കരുത്. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്ക് ഇലക്ടറൽ റോൾ തയ്യാറാക്കുന്നതിനും പരിഷ്കരിക്കുന്നതിനും ആവശ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ ജനപ്രാതിനിധ്യ നിയമം അധികാരം നൽകുന്നുണ്ട്. ബി.എൽ.ഒമാരെ ഇലക്ടറൽ റോൾ പുതുക്കുന്നതിന് സഹായിക്കുന്നതിനായി നിയോഗിക്കുന്നത് ഈ വകുപ്പ് അനുസരിച്ചാണ്. സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെടുമ്പോൾ, ഇലക്ടറൽ റോൾ തയ്യാറാക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടുന്ന സ്റ്റാഫിനെ ലഭ്യമാക്കാൻ സെക്ഷൻ 29 അനുശാസിക്കുന്നു. അതിനാൽ ഈ ഡ്യൂട്ടി നിരസിക്കാൻ മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് നിയമപരമായി കഴിയില്ല.
തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം, ദിശാബോധം, നിയന്ത്രണം എന്നിവ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 324 (1) ആണ്. കമ്മിഷൻ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും ബാദ്ധ്യതയുണ്ട്. കണ്ണൂരിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടുന്നത്, നിയമം അനുശാസിക്കുന്ന കർത്തവ്യം നിറവേറ്റുന്നതിനിടയിൽ ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദ്ദത്തിലാകുന്നുണ്ട് എന്നതാണ്. ഇതിന് കാരണമായേക്കാവുന്ന നിയമപരമായ വൈരുദ്ധ്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കേണ്ടതുണ്ട്.
സമ്മർദ്ദത്തിനു
പിന്നിൽ
ഉത്തരവുകളിലെ അവ്യക്തതയാണ് ആദ്യത്തെ പ്രശ്നം. ബി.എൽ.ഒയ്ക്ക് എസ്.ഐ.ആർ ഡ്യൂട്ടി ചെയ്യുന്ന സമയത്ത് അവരുടെ മറ്റ് ഔദ്യോഗിക ജോലികളിൽ നിന്ന് 'ഡ്യൂട്ടി ഓഫ്" നൽകിക്കൊണ്ടുള്ള ഉത്തരവുകൾ കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച്, 2025 നവംബർ മുതൽ ഡിസംബർ നാല് വരെ ബി.എൽ.ഒമാർക്ക് അവരുടെ മറ്റ് ജോലികളിൽ നിന്ന് പൂർണമായ 'ഡ്യൂട്ടി ഓഫ്" നൽകി എസ്.ഐ.ആറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
എന്നാൽ, ഈ ഉത്തരവ് നിലവിലിരിക്കെ പോലും, പല ബി.എൽ.ഒമാർക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ചുമതലകൾ ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പ്രാദേശിക തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ട ബി.എൽ.ഒമാരെ മാറ്റി നിയമിക്കാൻ സി.ഇ.ഒ നിർദ്ദേശം നൽകിയിരുന്നെങ്കിലും, പ്രാദേശികമായി ഇത് എത്രത്തോളം നടപ്പിലാക്കി എന്നത് ചോദ്യചിഹ്നമാണ്. ഒരു ബി.എൽ.ഒയ്ക്ക് ഒരേസമയം രണ്ട് തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ചുമത്തുന്നത് നിയമപരമായ 'ഡ്യൂട്ടി ഓഫ്" ഉത്തരവിന്റെ ലംഘനമാണ്.
ജോലിനഷ്ടം
എന്ന ഭീതി
ഇലക്ടറൽ റോൾ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ജനപ്രാതിനിദ്ധ്യ നിയമത്തിലെ സെക്ഷൻ 32 വ്യവസ്ഥ ചെയ്യുന്നു. കൃത്യസമയത്ത് ജോലി പൂർത്തിയാക്കിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന ഭീഷണി പല ബി.എൽ.ഒമാരും നേരിടുന്നതായി ആരോപണമുണ്ട്. നിയമപരമായ ഇത്തരം ശിക്ഷാ നടപടികളെക്കുറിച്ചുള്ള ഭയമാണ് അമിതമായ മാനസിക സമ്മർദ്ദത്തിന് ഒരു പ്രധാന കാരണം.
ജോലിഭാരം താങ്ങാനാവാതെ വന്ന്, ഡ്യൂട്ടിയിൽ നിന്ന് ഒഴിവു നൽകണമെന്ന് ആവശ്യപ്പെട്ട ബി.എൽ.ഒമാർക്ക് അത് നിഷേധിക്കപ്പെട്ടതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോലി സമ്മർദ്ദം ജീവനക്കാരന്റെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തുന്നതിൽ നിയമപരമായ സംവിധാനങ്ങൾ പരാജയപ്പെടുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ബി.എൽ.ഒമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകളും പങ്കുവഹിക്കുന്നു എന്ന് പറയേണ്ടിവരും. ഓരോ പാർട്ടിക്കും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരെ (BLA) നിയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്നുണ്ട്. ചില റിപ്പോർട്ടുകൾ അനുസരിച്ച്, ബി.എൽ.ഒയുടെ വീടുവീടാന്തമുള്ള സന്ദർശനങ്ങളിൽ ബൂത്ത്തല ഏജന്റുമാരെ ഒപ്പം കൂട്ടുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം തർക്കങ്ങൾ ബി.എൽ.ഒയ്ക്ക് അധിക സമ്മർദ്ദം സൃഷ്ടിക്കും. നിയമപരമായി നിശ്ചയിച്ചിട്ടുള്ളതിലും കൂടുതലായി, സമയപരിധിക്കു മുമ്പേ ജോലി പൂർത്തിയാക്കാൻ മേലുദ്യോഗസ്ഥർ അനൗദ്യോഗിക ടാർഗെറ്റുകൾ നൽകുന്നത് നിയമത്തിന്റെ സ്പിരിറ്റിന് വിരുദ്ധമാണ്.
പരിഹാരമാർഗം,
നഷ്ടപരിഹാരം
ഒരു ബി.എൽ.ഒ ജോലിസമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരിക്കുമ്പോൾ മരണം സംഭവിച്ചാൽ (അത് ആത്മഹത്യയാണെങ്കിൽ പോലും, ജോലി സമ്മർദ്ദം കാരണമാണ് എന്നു തെളിഞ്ഞാൽ) ബി.എൽ.ഒയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ കമ്മിഷന് ഉത്തരവിടാൻ സാധിക്കും. ബി.എൽ.ഒമാരുടെ മാനസികാരോഗ്യം, ജോലിഭാരം, സമയപരിധി എന്നിവ പരിശോധിക്കാനും, ഡ്യൂട്ടിക്ക് മതിയായ പ്രതിഫലം ഉറപ്പാക്കാനും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാവുന്നതാണ്.
കേരളത്തിലെ ബി.എൽ.ഒമാരുടെ സമ്മർദ്ദം നിയമപരമായ ഒരു പ്രതിസന്ധിയുടെ സൂചനയാണ്. നിയമം കർശനമായ ചുമതലകൾ ബി.എൽ.ഒമാരിൽ ഏല്പിക്കുമ്പോൾത്തന്നെ, ആ കർത്തവ്യം നിറവേറ്റുന്നതിനുള്ള ആരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ നിയമപരമായ സംവിധാനങ്ങൾ പരാജയപ്പെടുന്നു. ജനപ്രാതിനിദ്ധ്യ നിയമം നടപ്പിലാക്കുമ്പോൾ, ഭരണഘടന ഉറപ്പുനൽകുന്ന 'ജീവിക്കാനുള്ള അവകാശം" ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിയമപരമായ ബാദ്ധ്യതയാണ്. എസ്.ഐ.ആർ ഡ്യൂട്ടി കൃത്യസമയത്ത് പൂർത്തിയാക്കണം; എന്നാൽ അത്, ഒരു ജീവൻ ബലികൊടുത്തുകൊണ്ടാവരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |