
#ട്രംപ് ഭരണകൂടത്തിന്റെ വ്യാപാരയുദ്ധത്തിൽ പകച്ചു നിൽക്കുകയായിരുന്നു കേരളത്തിന്റെ കയറ്റുമതി ഹബ്ബായ കൊച്ചി. ഇനിയെന്ത്? എന്ന ആധിയിൽ നിൽക്കേയാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്രവ്യാപാര കരാർ വഴിവിളക്കാകുന്നത്. #
എറണാകുളം ജില്ലയിലെ ഒരു ചെറുപട്ടണം കേന്ദ്രമാക്കി ഒരു അമ്മയും മകളും നടത്തുന്ന സംരംഭം വിദേശ രാജ്യങ്ങളിലടക്കം ഹിറ്റായ വാർത്ത അടുത്തിടെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വൈവിദ്ധ്യമാർന്ന തോർത്തുകളാണ് ഇവരുടെ മേൽനോട്ടത്തിൽ നെയ്‌തെടുത്ത് ആഗോള ബ്രാൻഡാക്കിയത്. തോർത്തുകളുടെ ഡിസൈനർ ശ്രേണിയൊരുക്കുന്ന ഈ ചെറിയ യൂണിറ്റിൽ നിന്ന് ഒരു കോടി രൂപ വരെ വിറ്റുവരവുണ്ടാക്കിയ വർഷങ്ങളുണ്ട്. അമേരിക്കയാണ് പ്രധാന വിപണി. എന്നാൽ ഇപ്പോൾ ബിസിനസ് അത്രയ്ക്കില്ല. ട്രംപിന്റെ പകരച്ചുങ്കം തന്നെ കാരണം.
കൈലിമുണ്ടുകളും ലുങ്കികളും വസ്ത്ര വിപണന രംഗത്തു തരംഗമാക്കുകയും തുടർന്ന് വൈവിദ്ധ്യമാർന്ന തുണിത്തരങ്ങളുമായി ബിസിനസ് വിപുലീകരിക്കുകയും ചെയ്ത പ്രശസ്ത കമ്പനിയുടെ ആസ്ഥാനവും എറണാകുളം ജില്ല തന്നെ. അവരും കയറ്റുമതിയുടെ കാര്യത്തിൽ നിരാശരാണ്. അമേരിക്കയിലെ താരിഫ് പ്രശ്‌നങ്ങൾ തന്നെ കാരണം. വസ്ത്രമേഖല മാത്രമല്ല, യു.എസ്. വ്യാപാര നയം ദോഷകരമായി ബാധിച്ച ഒരു ബ്രഹ്‌മാണ്ഡ മേഖലയുണ്ടിവിടെ. അതാണ് സമുദ്രോത്പന്ന കയറ്റുമതി മേഖല. അമേരിക്കയുടെ തല തിരിഞ്ഞ നയം കാരണം ഈ രംഗത്തെ വരുമാനത്തിൽ ശതകോടികളുടെ ഇടിവാണ് പ്രതിമാസം ഉണ്ടാകുന്നത്. പ്രതിസന്ധി വരും ദിനങ്ങളിൽ രൂക്ഷമാകുമെന്ന ആശങ്കയിൽ വ്യവസായ രംഗം ആശങ്കയിൽ തുടരുമ്പോഴാണ്, കുളിർമഴയായി ഇന്ത്യ- യൂറോപ്യൻ യൂണിയൻ(ഇ.യു) സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കുന്നത്. പ്രാബല്യത്തിലാകുന്നതിന് കടമ്പകൾ ഇനിയുമുണ്ടെങ്കിലും യൂറോപ്പുമായുള്ള വ്യാപാര കരാർ വരപ്രസാദമാവുകയാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിക്ക് പ്രത്യേകിച്ചും.
ചരിത്രപരമായ
വ്യാപാര കരാർ
പുതിയ സ്വതന്ത്രവ്യാപാര കരാർ പരോക്ഷമായി ട്രംപ് ഭരണകൂടത്തിനുള്ള മറുപടിയാണ്. അമേരിക്കയുടെ ഉപരോധം കൊണ്ട് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും വിറയ്ക്കില്ലെന്ന മുന്നറിയിപ്പ്. ഫ്രാൻസ്, ജർമനി, ഇറ്റലി, ഫ്രാൻസ് തുടങ്ങി 27 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇ.യു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറാണിത്. ആഗോള ജി.ഡി.പിയുടെ 25 ശതമാനത്തിനും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനും തുല്യമാണ് കരാർ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. 140 കോടി ഇന്ത്യക്കാർക്കും യൂറോപ്പിലെ ലക്ഷക്കണക്കിന് ജനങ്ങൾക്കും അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം.
കരാർ നടപ്പാകുമ്പോൾ യൂറോപ്പിലേക്കുള്ള കയറ്റുമതിയുടെ 99.5 ശതമാനത്തിലും തീരുവ കുറയും. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 97.5% ഉത്പന്നങ്ങൾക്കും ഇളവ് നൽകും. ഇ.യു രാജ്യങ്ങളിൽ സമുദ്രോത്പന്നങ്ങൾ, പ്ലാസ്റ്റിക്, തുകൽ, ചെരുപ്പ്, റബർ, ജൂവലറി തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26% വരെ തീരുവയുണ്ട്. ഇവയുടെ തീരുവ പൂജ്യമാകും. ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇ.യു രാജ്യങ്ങളിൽ 10% അധിക തീരുവ ചുമത്തിയിരുന്നു. അതും ഇല്ലാതാകും. ഇറക്കുമതി തീരുവ കുറയുന്നു എന്നതിനേക്കാൾ കയറ്റുമതിക്ക് കിട്ടുന്ന ഇളവുകളാണ് തുറമുഖ നഗരമായ കൊച്ചിയേയും ആവേശത്തിലാക്കുന്നത്.
ചെമ്മീനും ചായയും
സമുദ്രോത്പന്ന സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികളും കയറ്റുമതി സ്ഥാപനങ്ങളും കൊച്ചിയിലും പ്രാന്തപ്രദേശങ്ങളിലുമുണ്ട്. അതിനാൽ അമരിക്കൻ വിപണിയിൽ തിരിച്ചടി നേരിട്ട ഇത്തരം വ്യവസായികൾക്കാണ് യൂറോപ്യൻ കരാറിന്റെ ഏറ്റവും വലിയ ഗുണംകിട്ടുക. തേയിലയും കുരുമുളകും കശുവണ്ടിയും പോലുള്ള മലഞ്ചരക്കുകൾ കൊച്ചിയിൽ ഏറെ ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കിലും അവയുടെ കയറ്റുമതി ഹബ്ബാണ് ഈ വാണിജ്യനഗരം. അതുകൊണ്ടു തന്നെ ഇന്ത്യ- ഇ.യു കൈകോർക്കൽ കൊച്ചിക്ക് ഏറെ പ്രചോദനാത്മകമാണ്.
കുരുമുളക്, ഏലം, തേയില, കാപ്പി തുടങ്ങിയവയ്ക്ക് താരിഫ് പൂർണമായും ഒഴിവാകും. ഇതോടെ ഇവയുടെ കയറ്റുമതി വർദ്ധിപ്പിക്കാനാകും. കേരളത്തിന്റെ തനതായ കാർഷികവിളകൾക്ക് കൂടുതൽ വില ലഭിക്കും. കുറഞ്ഞ വിലയിൽ ഉന്നതനിലവാരമുള്ള വസ്ത്രങ്ങൾ കയറ്റുമതിചെയ്ത് യൂറോപ്യൻ വിപണി പിടിക്കാൻ അത് സഹായിക്കും.
ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പന്നങ്ങൾക്ക് തീരുവ ഇല്ലാതാകുന്നതോടെ വിയറ്റ്നാം തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നു ള്ള മത്സരം നേരിടാനാകും. മൂല്യവർദ്ധിത വസ്തുക്കളുടെ ഉത്പാദനം കൂടാനും കരാർ വഴിതെളിക്കും. റെഡി ടു ഈറ്റ് വിഭവങ്ങൾക്കും യൂറോപ്പിൽ നല്ല മാർക്കറ്റുണ്ട്.
റബ്ബർ ഉപയോഗിച്ച് നിർമിക്കുന്ന ടയർ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ തീരുവ പൂർണമായും നീക്കിയിട്ടുണ്ട്. ഇത് റബ്ബർ അധിഷ്ഠിത യൂണിറ്റുകൾക്കും കയറ്റുമതിക്കാർക്കും ഗുണം ചെയ്യും.
ഇന്ത്യയുടെ 22-ാമത് സ്വതന്ത്ര വ്യാപാര കരാർ പങ്കാളിയാണ് ഇ.യു അമേരിക്കൻ നയങ്ങളോടുള്ള മത്സരമായതിനാൽ 'ഫാസ് ട്രാക്ക്' രീ തിയിൽ ഒരു വർഷത്തിനകം കരാർ നടപടികൾ പൂർത്തിയാക്കാനാണ് ഇന്ത്യയുടേയും യൂറോപ്യൻ യൂണിയന്റേയും ശ്രമം. കരാറിന്റെ കരടുരൂപം പ്രസിദ്ധീകരിക്കുകയാണ് ആദ്യപടി. നിയമവശങ്ങൾ പരിശോധിച്ച് യൂറോപ്യൻ കൗൺസിൽ ഇതിന് അംഗീകാരം നൽകുന്നതോടെ ഇന്ത്യയും ഇ.യുവും കരാർ ഒപ്പിടും. തുടർന്ന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിക്കണം. ഇന്ത്യയിൽ കേന്ദ്ര മന്ത്രിസഭയും അംഗീകാരം നൽകണം. ഇതിനു ശേഷമായിരിക്കും കരാർ
പ്രാബല്യത്തിലാവുക. ഉത്പാദനവും സംസ്കരണവും മുതൽ പായ്ക്കിംഗിൽ വരെ ഉന്നത നിലവാരവും ശുചിത്വവും പുലർത്തണമെന്നതാണ് യൂറോപ്പിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധിക്കേണ്ട കാര്യം. കേരള ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രിയം പിടിച്ചുപറ്റാനായാൽ വാണിജ്യവ്യാപാര കേന്ദ്രമായ കൊച്ചിയും കൂടുതൽ പച്ചപിടിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |