ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കപ്പെടുന്ന ജനതയോട് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന വിപ്ളവകരമായ ദർശനം നൽകിയ മഹർഷിവര്യനാണ് ശ്രീനാരായണ ഗുരു. നവോത്ഥാന നായകനെന്ന നിലയിലും സാമൂഹ്യ പരിഷ്കർത്താവെന്ന നിലയിലും പകരം വയ്ക്കാനില്ലാത്ത മഹാമനീഷി. യുദ്ധവെറിയുടെ അശാന്തിയിൽ പോലും ലോകത്തിന് മാതൃകയാക്കാവുന്നതാണ് ഗുരുവിന്റെ മഹത്ദർശനങ്ങൾ. അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം എന്നരുളിയ ഗുരു ലോകത്തിന് മാതൃകയായെങ്കിൽ കേരളത്തിലിന്ന് ഗുരു നിന്ദിക്കപ്പെടുകയാണോ എന്ന ആശങ്കയുയരുന്നു. അധികാരകേന്ദ്രങ്ങളിലാണ് അത്തരം നിന്ദാപരമായ നീക്കങ്ങളുണ്ടാവുന്നതെങ്കിൽ അത് മുളയിലേ നുള്ളേണ്ടതാണ്. കൊല്ലത്ത് 56 കോടി രൂപ മുടക്കി ഗുരുവിന്റെ പേരിൽ ഒരു സാംസ്ക്കാരിക സമുച്ചയം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങളായി. ആശ്രാമം മൈതാന പരിസരത്ത് നിർമ്മിച്ച സമുച്ചയം മെയ് 4 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. ഉദ്ഘാടനദിനത്തിൽ തന്നെ ഗുരുനിന്ദയുടെ അലയൊലികൾ ഉയർന്നിരുന്നു. സമുച്ചയത്തിനു മുന്നിൽ ഗുരുവിന്റേതെന്ന് പറഞ്ഞ് സ്ഥാപിച്ച ഗുരുദേവ പ്രതിമ, ഗുരുനിന്ദയുടെ അനുരണനങ്ങളിൽ നിന്ന് പ്രതിഷേധവും വിവാദവുമായി മാറി. ഗുരുവുമായി വിദൂര സാദൃശ്യം പോലുമില്ലാത്ത പ്രതിമ കണ്ട് എസ്.എൻ.ഡി.പി യോഗവും ചടങ്ങിനെത്തിയവരും പ്രതിഷേധിച്ചു. വ്യാപക പ്രതിഷേധത്തിനൊടുവിൽ അന്നുതന്നെ പ്രതിമ അവിടെ നിന്നും മാറ്റി. സാംസ്ക്കാരിക മന്ത്രി സജിചെറിയാൻ ഗുരുവിന്റെ വെങ്കലപ്രതിമ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ശില്പിയെ തിരയുന്നതായാണ് പറയുന്നത്. പ്രതിമ നിമ്മാണത്തിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചു. ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുകിടന്ന സാംസ്ക്കാരിക കേന്ദ്രത്തിന്റെ നടത്തിപ്പിനായി താത്കാലിക സമിതിയെയും ഗുരുദേവ പ്രതിമ സ്ഥാപിക്കാനുള്ള മേൽനോട്ട സമിതിയെയും നിയോഗിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ നിന്ന് ഗുരു പുറത്തായെന്നതാണ് ഏവരെയുമിപ്പോൾ അമ്പരപ്പിക്കുന്നത്. ആശ്രാമം ഗസ്റ്റ്ഹൗസ് വളപ്പിൽ നിർമ്മിച്ച സമുച്ചയത്തിന്റെ കവാടത്തിൽ ശ്രീനാരായണ ഗുരു സാംസ്ക്കാരിക സമുച്ചയം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും കഴിഞ്ഞ ദിവസം സാംസ്ക്കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ കൊല്ലം സാംസ്ക്കാരിക സമുച്ചയം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്തരവിൽ പലയിടത്തും ഇതാവർത്തിക്കുന്നതിനാൽ അബദ്ധത്തിൽ സംഭവിച്ചതാവാനിടയില്ലെന്നും ബോധപൂർവ്വം പേര് മാറ്റിയെന്ന സംശയവുമാണുയരുന്നത്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമുയരുന്നു. പേര് മാറ്റത്തിൽ പ്രതിഷേധിച്ച എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, ശ്രാനാരായണ ഗുരു സാംസ്ക്കാരിക സമുച്ചയം എന്ന പേര് നിലനിർത്തണമെന്നാവശ്യപ്പെട്ടു.
ജംബോ കമ്മിറ്റിയിൽ ഗുരുവിനെ അറിയുന്നവരില്ല
സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള പുതിയ പ്രതിമ സ്ഥാപിക്കാനും ശില്പിയെ നിശ്ചയിക്കാനും രൂപരേഖ തയ്യാറാക്കാനും മേൽനോട്ടം വഹിക്കാനുമായി രൂപീകരിച്ച ജംബോ കമ്മിറ്റിയിൽ എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് പ്രതിനിധികളായി ആരുമില്ലെന്നതാണ് എറെ വിചിത്രം. സമുച്ചയം നടത്തിപ്പിനുള്ള താത്കാലിക സമിതി കൺവീനറായി സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രനും അംഗമായി സ്ഥലം എം.എൽ.എ എം. മുകേഷിനെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ആസ്ഥാനം സാംസ്ക്കാരിക സമുച്ചയത്തിൽ നിന്ന് ഒരു വിളിപ്പാടകലെ മാത്രമാണ്. വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി സംസ്ഥാനതല സമിതി പിന്നീട് രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സമുച്ചയത്തിന്റെ പ്രവർത്തനം 24ന് വിജയദശമി നാളിൽ ആരംഭിക്കും. തിയേറ്ററും ഓഡിറ്റോറിയവുമെല്ലാം ഉൾപ്പെടുന്ന സമുച്ചയത്തിൽ പരിപാടികളവതരിപ്പിക്കാൻ സാംസ്ക്കാരിക പ്രവർത്തകരും സംഘടനകളും സാംസ്ക്കാരിക വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. എന്നാൽ ഭരണകക്ഷിയുമായി ബന്ധപ്പെട്ട ചില ഇഷ്ടക്കാർക്കും വേണ്ടപ്പെട്ടവർക്കും അനുവദിക്കുന്നുമുണ്ട്.
വിവാദം തുടർക്കഥ
ഗുരുവിന്റെ പേരിൽ സ്ഥാപിച്ച സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗുരുദേവ ഭക്തരുടെ മനസുകളിൽ വേദനയായി മാറുന്നത് ഇതാദ്യമല്ല. മുൻപ് ഗുരുവിന്റെ പേരിൽ കൊല്ലത്ത് സ്ഥാപിച്ച ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയെച്ചൊല്ലിയും വിവാദങ്ങൾ ഉയർന്നിരുന്നു. സർവ്വകലാശാലയ്ക്കായി തയാറാക്കിയ ലോഗോയിൽ ഗുരുവുമായോ ഗുരുദർശനങ്ങളുമായോ ബന്ധപ്പെട്ട യാതൊന്നും ഇല്ലാത്തതിനെച്ചൊല്ലിയായിരുന്നു വിവാദം. വിവാദം പ്രതിഷേധമായി മാറിയതോടെ ആദ്യ ലോഗോ പിൻവലിച്ചു. പിന്നീട് പുതിയ ലോഗോ തയാറാക്കി. സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലറെ നിശ്ചയിച്ചപ്പോഴും അതിനെതിരെ എസ്.എൻ.ഡി.പി യോഗം രംഗത്തെത്തിയിരുന്നു. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീൽ യോഗനേതൃത്വത്തിന്റെ ആവശ്യം തള്ളി അദ്ദേഹത്തിന് താത്പര്യമുള്ളയാളെ നിയമിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പേരിൽ സ്ഥാപിക്കുന്ന സ്ഥാപനങ്ങൾക്ക് ഗുരുവിന്റെ പേരുണ്ടെന്നതൊഴിച്ചാൽ അതിന്റെയെല്ലാം ഗുണഭോക്താക്കൾ മറ്റു ചില വിഭാഗങ്ങളാണെന്നതിന്റെ സംസാരിക്കുന്ന ചിത്രങ്ങളാണിതൊക്കെ. ഗുരുവിന്റെ നാമധേയത്തിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ഉയരുന്ന വിവാദങ്ങൾ ഗുരുനിന്ദയ്ക്ക് സമാനമായ നടപടിയാണെന്ന വിമർശനമാണ് പൊതുസമൂഹത്തിൽ നിന്നുയരുന്നത്.
യൂത്ത്കോൺഗ്രസ് പ്രതിഷേധം
ശ്രാനാരായണ ഗുരുവിന്റെ പേരിലുള്ള സാംസ്ക്കാരിക സമുച്ചയവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ ഗുരുവിന്റെ പേര് ഒഴിവാക്കിയതിനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ നിന്ന് കാര്യമായ പ്രതിഷേധം ഉയർന്നില്ലെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമുച്ചയത്തിനു മുന്നിൽ തിരിതെളിച്ച് പ്രതിഷേധിച്ചു. നേരത്തെ ഗുരുവുമായി വിദൂര സാദൃശ്യം പോലുമില്ലാത്ത പ്രതിമ സ്ഥാപിച്ച് ഗുരുവിനെ അവഹേളിക്കാൻ എം.മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി ശ്രമിച്ചത് മനഃപൂർവ്വമാണെന്നും, ഇപ്പോൾ സമുച്ചയത്തിന്റെ പേരിൽ നിന്ന് ഗുരുവിന്റെ പേര് ഒഴിവാക്കിയത് കടുത്ത ഗുരുനിന്ദയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |