
ശിവഗിരി കുന്നുകളിലേക്ക് ഓരോ വർഷവും ഒഴുകിയെത്തുന്ന പീതാംബരധാരികളായ തീർത്ഥാടകർ നൽകുന്ന സന്ദേശം കേവലം ഭക്തിയുടേതു മാത്രമല്ല; മറിച്ച് ഒരു വലിയ നവോത്ഥാനത്തിന്റേതാണ്. ആധുനിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ നമുക്ക് വെളിച്ചം കാട്ടിത്തരുന്ന വഴികാട്ടിയാണ് ഗുരുദേവനും, അദ്ദേഹത്തിന്റെ ദർശനവും. ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ ആദ്യത്തെ പാഠശാലകളിലൊന്നാണ് ശിവഗിരിയും ഗുരു സ്ഥാപിച്ച പ്രസ്ഥാനങ്ങളും.
1903-ൽ എസ്.എൻ.ഡി.പി യോഗം രജിസ്റ്റർ ചെയ്തപ്പോൾ, ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കണമെന്നും, അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഗുരു നിഷ്കർഷിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പതിറ്റാണ്ടുകൾക്കു മുൻപ്, ജനാധിപത്യപരമായ സംഘടനാ സംവിധാനം കേരളീയരെ പഠിപ്പിച്ചത് ഗുരുവാണ്. ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്ത 'സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം" എന്നീ മൂല്യങ്ങൾ, 1888-ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയപ്പോൾത്തന്നെ ഗുരു പ്രായോഗികമായി നടപ്പിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ, നമ്മുടെ ഭരണഘടനയുടെ ആമുഖത്തിന് ശിവഗിരിയുടെ ദർശനങ്ങളുമായി പൊക്കിൾക്കൊടി ബന്ധമുണ്ട്.
ആധുനിക രാഷ്ട്രനിർമ്മാണത്തിൽ ശിവഗിരി വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. പണം പിരിച്ച് പള്ളിക്കൂടങ്ങൾ കെട്ടാൻ നിർദ്ദേശിച്ച ആ ദർശനമാണ് കേരളത്തെ ഇന്നത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റിയതിന്റെ അടിത്തറ. വ്യവസായമാണ് നാടിന്റെ നട്ടെല്ലെന്ന് തിരിച്ചറിഞ്ഞ ഗുരു സ്വന്തം വസ്ത്രം പോലും തറിയിൽ നെയ്തെടുത്തത് മതിയെന്ന് നിർബന്ധം പിടിക്കുകയും നെയ്ത്തുശാലകൾ സ്ഥാപിക്കുകയും ചെയ്തു. കാർഷിക അഭിവൃദ്ധിക്കായി തെങ്ങും കവുങ്ങും കൃഷി ചെയ്യാൻ ഉപദേശിച്ചപ്പോൾ, ഭക്ഷ്യസുരക്ഷയില്ലാതെ ഒരു രാഷ്ട്രത്തിന് നിലനിൽപ്പില്ല എന്ന വലിയ സാമ്പത്തിക ശാസ്ത്രമാണ് അദ്ദേഹം പഠിപ്പിച്ചത്.
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതയും അപരമത വിദ്വേഷവുമാണ്. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുവിന്റെ വചനം ഇന്ത്യൻ മതേതരത്വത്തിന്റെ എക്കാലത്തെയും വലിയ മുദ്രാവാക്യമാണ്. 1925-ൽ മഹാത്മാഗാന്ധി ശിവഗിരിയിൽ എത്തിയപ്പോൾ വർണാശ്രമ ധർമ്മത്തെക്കുറിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന സംശയങ്ങളെ 'ഒരേ മാവിലുണ്ടാകുന്ന ഇലകൾക്ക് രുചിയിലും ഗുണത്തിലും ഭേദമില്ലല്ലോ" എന്ന ലളിതമായ മറുപടിയിലൂടെ തിരുത്തിയത് ഗുരുവാണ്.
ജാതിഭേദമില്ലാത്ത ക്ഷേത്രസംസ്കാരം ഗുരു വിഭാവനം ചെയ്ത നാട്ടിൽ, അടുത്തിടെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകവൃത്തിയിൽ പ്രവേശനം ലഭിച്ച ഒരു യുവാവിന് നേരിടേണ്ടി വന്ന വിവേചനം നമ്മുടെ മനസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണ്. കേരളത്തിൽപ്പോലും വർദ്ധിച്ചുവരുന്ന മതവിദ്വേഷ പ്രസ്താവനകൾക്കെതിരെ കർണാടകയും തെലങ്കാനയും ചെയ്തതുപോലെ ശക്തമായ നിയമനിർമ്മാണം ആവശ്യമാണ്. 1924-ൽ ആലുവയിൽ വെച്ച് ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം വിളിച്ചുകൂട്ടിയ ഗുരു, കവാടത്തിൽ എഴുതിവച്ചത്, 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" എന്നാണ്. ആ പാതയാണ് സമാധാനത്തിലേക്കും സഹവർത്തിത്വത്തിലേക്കും നമ്മെ നയിക്കുക.
ശിവഗിരി തീർത്ഥാടനം മഞ്ഞ വസ്ത്രം ധരിച്ചുള്ള വെറുമൊരു യാത്രയല്ല. അത് അന്ധവിശ്വാസങ്ങളിൽ നിന്ന് യുക്തിചിന്തയിലേക്കും, വർഗീയതയിൽ നിന്ന് മാനവികതയിലേക്കുമുള്ള ഒരു ജനതയുടെ പ്രയാണമാണ്. 'അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം" എന്ന വരികളിലൂടെ ഗുരു പഠിപ്പിച്ച സാഹോദര്യവും, ദൈവം നിന്നിൽത്തന്നെയാണ് എന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ നൽകിയ ആത്മബോധവുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ കരുത്ത്. ആധുനിക ഇന്ത്യയിൽ വെറുപ്പിനും വിദ്വേഷത്തിനും വർഗീയതയ്ക്കും എതിരെ, ജനാധിപത്യ മതേതര മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ ശിവഗിരിയുടെ വെളിച്ചം വഴികാട്ടിയാവട്ടെ.
(എം.പിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |