
ജനുവരി 12, ദേശീയ യുവജനദിനം. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ഇന്ത്യയിൽ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്. രാജ്യത്തിന്റെ ഭരണ തലങ്ങളിലും രാഷ്ട്രീയ വികസന പ്രവർത്തനങ്ങളിലും യുവാക്കളുടെ പങ്ക് അനിവാര്യമാണെന്ന തിരിച്ചറിവാണ് ഈ ദിനത്തിന് പിന്നിൽ. ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജന ദിനമായി ആചരിക്കുന്നുണ്ട്.
യുവാക്കൾ അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് ആവർ ആഗ്രഹിക്കുന്നതെന്തും നേടണമെന്ന് വിവേകാനന്ദൻ ആഗ്രഹിച്ചിരുന്നു. ലോകത്തെ വിജയിപ്പിക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങൾ സമാധാനവും വിദ്യാഭ്യാസവുമാണെന്ന് അദ്ദേഹം വിശ്വസിച്ചു. കാൽനടയായി ഇന്ത്യ ചുറ്റിക്കണ്ട സ്വാമി വിവേകാനന്ദൻ മതമല്ല, ഭക്ഷണമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് പ്രഖ്യാപിച്ചു. 1897ൽ ദരിദ്രരുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. 1902 ജൂലായ് 14നാണ് അദ്ദേഹം മരണമടഞ്ഞത്. മരണശേഷം, 1984ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന്റെ ജനനത്തീയതി ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചു. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ യുവാക്കളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. അതാണ് മറ്റ് ആത്മീയാചാര്യൻമാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്ഥനാക്കി നിർത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടാൻ അദ്ദേഹത്തിന്റെ വാക്കുകൾ യുവാക്കൾക്ക് വലിയ പ്രചോദനമാണ് നൽകിയത്.
രാജ്യത്തിന്റെ സുസ്ഥിര വികസനത്തിൽ യുവാക്കളുടെ പങ്ക് ഉറപ്പാക്കുന്നതിനൊപ്പം അവരുടെ യോഗ്യതയ്ക്കനുസരിച്ച് വിദ്യാഭ്യാസവും ജോലിയും നൽകുകയാണ് ദേശീയ യുവജന ദിനത്തിന്റെ പ്രധാന ലക്ഷ്യം.
യുവാക്കൾ രാജ്യത്തിന്റെ ഭാവിയാണെന്നതിൽ സംശയമില്ല. രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് വലുതാണ്. അവരുടെ നൂതനമായ ആശയങ്ങളിലാണ് രാജ്യത്തിന്റെ ഭാവി. കൊവിഡ് തീർത്ത വെല്ലുവിളികളുടെ പരിതസ്ഥിതിയിൽ തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ യുവാക്കളുടെ സാമൂഹികവും സാമ്പത്തികവുമായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആഹ്വാനമാണ് ഓരോ യുവജന ദിനവും. യുവാക്കളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാദ്ധ്യമാകൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദിവസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇന്ത്യയിലെ യുവജനങ്ങളുടെ എണ്ണം ലോക ശരാശരിയെക്കാൾ ഉയർന്നതാണ്.
ഇന്ത്യ ഒരു വികസ്വര രാജ്യമാണ്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 60 കോടി ജനങ്ങൾ 25നും 30നും ഇടയിൽ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ യുവത്വത്തിന്റെ ശക്തിയാൽ ഇന്ത്യയ്ക്ക് സമ്പദ് വ്യവസ്ഥയുടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനാവും. രാജ്യത്തെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളെ തരണം ചെയ്താൽ മാത്രമേ കരുത്തോടെ മുന്നേറാൻ സാധിക്കൂ. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം വർദ്ധിക്കുകയാണ്. നിർഭാഗ്യവശാൽ രാജ്യത്ത് നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളിൽ 70 ശതമാനത്തിലും പ്രതികളാവുന്നത് യുവാക്കളാണ്. 2021ലെ ഒരു വാർത്താ റിപ്പോർട്ട് പ്രകാരം, 2030 വരെ ലോകത്തിലെ ഏറ്റവും കൂടുതൽ കൗമാരക്കാരും യുവജനങ്ങളുമുള്ള രാജ്യമായി ഇന്ത്യ തുടരും. ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നം വിഷാദം, ഉത്കണ്ഠ, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സൈക്യാടി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.രോഹിത് വർമ്മ പറഞ്ഞിരുന്നു.
രാജ്യത്തെ യുവാക്കളുടെ ശാരീരിക-മാനസികാരോഗ്യം നേരിടുന്നത് വലിയ വെല്ലുവിളികളാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസവും ധാർമ്മിക പ്രശ്നങ്ങളും യുവാക്കൾക്കിടയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പോഷകാഹാരക്കുറവും സ്മാർട്ട് ഫോണിനോടുള്ള ആസക്തിയും പോൺ സൈറ്റുകളോടുള്ള ആസക്തിയും യുവാക്കളുടെ ധാർമ്മികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉറക്കക്കുറവ്, ദുരഭിമാന ബോധം, ആത്മഹത്യാ ചിന്ത എന്നിവയാണ് പോൺ അഡിക്ഷന്റെ പരിണിത ഫലമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. സ്മാർട്ട് ഫോണുകളുടെയും സമൂഹ മാദ്ധ്യമങ്ങളുടെയും അമിതമായ ഉപയോഗം ഉത്കണ്ഠാ രോഗം വർദ്ധിക്കാനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ചേർത്ത് പിടിക്കാം
മയക്കുമരുന്ന്, ക്രമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ കേസുകളിൽ 70 ശതമാനം പ്രതികളും യുവാക്കളാണെന്ന കാര്യം വേദനാജനകമാണ്. ഇതിന് തടയിടണമെങ്കിൽ യുവാക്കളുടെ ഭാവി ശോഭനമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത് അനിവാര്യമാണ്. ലോകമെമ്പാടുമുള്ള യുവാക്കൾ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, അക്രമം, സാമൂഹിക അനീതികൾ, വർദ്ധിച്ച് വരുന്ന വിദ്യാഭ്യാസച്ചെലവ്, തൊഴിൽ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതിനാൽ യുവാക്കൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണ്. നമ്മുടെ യുവജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്ന ഒരു ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ സാദ്ധ്യമാവണം. യുവാക്കളുടെ സംഗമങ്ങളിൽ നിന്നുള്ള ആശയങ്ങളും അവരുടെ അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളും നമ്മുടെ നാടിന് ഊർജ്ജം പകരും. യുവതലമുറയിലെ ഓരോ അംഗങ്ങൾക്കും ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാൻ തുല്യമായ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു രാജ്യമായി ഭാരതം മാറണം. യുവജനങ്ങൾ കരുത്തായി മുന്നോട്ട് കുതിക്കട്ടെ. മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാൻ അവർക്ക് സാദ്ധ്യമാവട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി ആശംസിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |