SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.55 PM IST

പുതുയുഗ യാത്രയോ,​ കലിയുഗ യാത്രയോ!

Increase Font Size Decrease Font Size Print Page
s

'ആയിരം കോഴിക്ക് അര കാട" എന്നൊരു ചൊല്ലുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ കാര്യവും അതുപോലെയാണ്. അംഗബലത്തിൽ അല്പം കുറവുണ്ടെങ്കിലും വീറിനും വാശിക്കും തെല്ലുമില്ല കുറവ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ അഭാവമുണ്ടായിരുന്നെങ്കിലും മുദ്രാവാക്യം വിളികൊണ്ട് അവർ ആ പോരായ്മ നികത്തി. പതിനെട്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സഭ വീണ്ടും സമ്മേളിച്ചതെങ്കിലും ശബരിമല സ്വർണത്തട്ടിപ്പിൽ തന്നെയാണ് ഇന്നലെയും ചുറ്റിത്തിരിഞ്ഞത് എന്നത് പോരായ്മയായി. പോറ്റി സോണിയാഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടി ഭരണപക്ഷം പഴഞ്ചൻ പ്രതിരോധം തീർക്കാനും ശ്രമിച്ചു. വിഷയത്തിലെ പുതുമയില്ലായ്മ മുഴച്ചു നിന്നു.

ചോദ്യോത്തര വേളയിൽത്തന്നെ പ്രതിപക്ഷ കലാപരിപാടികൾ തുടങ്ങി. വി.ഡി. സതീശന്റെ അഭാവത്തിൽ പരിചയ സമ്പന്നനായ കെ. ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. തന്ത്രിയെ ജയിലിൽ അടച്ചതും ജയിലിൽ കഴിഞ്ഞവർ ജാമ്യം കിട്ടി പുറത്തിറങ്ങിയതുമൊക്കെ വിവരിച്ചത് ഭരണപക്ഷത്തിനു നേരെ മുന കൂർപ്പിച്ചുകൊണ്ടായിരുന്നു. എന്നാൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് ത്രയം ഒരേമനസോടെ പ്രത്യാക്രമണം നടത്തി. മിനുക്കുപണി നടത്താൻ കെ.കെ. ശൈലജയും കൂടി. അതോടെ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിതുടങ്ങി,​ പ്രതിപക്ഷം.

ഭരണം തിരിച്ചുപിടിക്കുകയെന്ന ദൗത്യവുമായി പ്രതിപക്ഷ നേതാവ് നടത്തുന്ന 'പുതുയുഗയാത്ര"യെ 'കലിയുഗയാത്ര"യെന്ന് കണ്ണിൽച്ചോരയില്ലാതെ വിശേഷിപ്പിച്ചത് എം. രാജഗോപാലാണ്. ചോദ്യത്തിന് മറുപടി പറയാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എഴുന്നേറ്റതോടെ നടുത്തളത്തിലിരുന്ന പ്രതിപക്ഷാംഗങ്ങൾക്ക് ആവേശം ഏറി. മുദ്രാവാക്യത്തിന്റെ മുഴക്കം കൂടി. ബാലഗോപാലിനെ പ്രകോപിപ്പിക്കുകയായിരുന്നു ഇന്നലെ അവരുടെ തന്ത്രം. 'എവിടെപ്പോയി ബാലഗോപാൽ" എന്നൊക്കെയുള്ള ചോദ്യങ്ങളും പ്രതിപക്ഷത്തു നിന്നുയർന്നു. 'മണിശങ്കർ അയ്യർ എന്താണ് പറഞ്ഞതെ"ന്ന് പ്രതിപക്ഷത്തോട് പരിഹാസ രൂപത്തിൽ ചോദിച്ച ബാലഗോപാലിന്, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കിട്ടി- 'സച്ചിദാനന്ദനെന്താ പറഞ്ഞതെ"ന്ന്! 'ചക്ക്, ചക്ക്" എന്നു പറയുമ്പോൾ 'ചുക്ക്, ചുക്ക്" എന്നാണ് പ്രതിപക്ഷം കേൾക്കുന്നതെന്നു പറഞ്ഞ് ബാലഗോപാൽ സ്വയം അടങ്ങി.

പ്രതിപക്ഷ പ്രകോപനത്തിന്റെ കാരണവും ബാലഗോപാൽ പറഞ്ഞു, 'പ്രതിപക്ഷം ആകെ കൺഫ്യൂഷനിലാണ്. എന്താണ് പറയുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ അറിഞ്ഞുകൂടാ." കർഷകരുടെ കാര്യത്തിൽ പ്രതിപക്ഷത്തിന് ഒരു താത്പര്യവുമില്ലാത്തതാണ് ബാലഗോപാലിന്റെ സങ്കടം. എല്ലാം ജനം കാണുന്നുണ്ടെന്ന് ഒരാത്മഗതവും. ക്ഷീരകർഷകർക്ക് 60 രൂപ കിട്ടിക്കൊണ്ടിരിക്കുന്ന പാൽ 30 രൂപയ്ക്ക് ഇറക്കുമതി ചെയ്യാൻ പോകുന്ന കാര്യം അദ്ദേഹം മുന്നറിയിപ്പ് രൂപത്തിൽ പറഞ്ഞെങ്കിലും ബധിരകർണങ്ങളിലാണ് പതിച്ചത്. എണ്ണയ്ക്കാണ് വില കൂടുന്നതെങ്കിൽ വാഹനങ്ങൾ നമുക്ക് മാറ്റി പാർക്ക് ചെയ്യാം; എന്നാൽ പശുക്കളെ മാറ്റി പാർക്കു ചെയ്യാൻ പറ്റുമോ എന്ന ബാലഗോപാലിന്റെ ചോദ്യത്തിന്റെ യുക്തിയിലേക്കൊന്നും പോകാൻ പ്രതിപക്ഷം താത്പര്യം കാട്ടിയില്ല.

മണ്ണിൽ കനകം വിളയിക്കുന്ന കർഷകന്റെ കാര്യം പറയുമ്പോൾ കേൾക്കാൻ താത്പര്യമില്ലാതെ പ്രതിപക്ഷം ബഹളം വയ്ക്കുകയാണെന്നു പറഞ്ഞ മന്ത്രി പ്രസാദ് പുതിയൊരു അറിവും നൽകി. നോമ്പുകാലത്ത് കലഹവും ബഹളവും ഉണ്ടാക്കരുതെന്ന നബിവചനം അറിയില്ലേ എന്ന് കുറുക്കോളി മൊയ്തീനോട് പ്രസാദ് ചോദിച്ചപ്പോൾ,​ ഇതെന്തെന്ന മട്ടിൽ കുറുക്കോളിയും അന്തംവിട്ടുപോയി. ചോദ്യോത്തര വേള കഴിഞ്ഞ് സീറോ ഔവർ തുടങ്ങിയതോടെ സ്പീക്കർക്കു മുന്നിൽ ബാനർ ഉയർന്നു. 'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനറാണ് സ്പീക്കറുടെ മുഖം മറയുംവിധത്തിൽ പ്രതിപക്ഷം ഉയർത്തിയത്.

'ഈ നിയമസഭയുടെ ലാസ്റ്ര് സെഷന്റെ ലാസ്റ്ര് ഫേസാണ്; സഹകരിക്കണം" എന്നൊക്കെ സ്പീക്കർ എ.എൻ. ഷംസീർ ആവർത്തിച്ച് പറഞ്ഞെങ്കിലും സ്പീക്കറുടെ സ്പിരിറ്റ് പ്രതിപക്ഷം ഉൾക്കൊണ്ടില്ല. ഇതിനിടെ സംസാരിക്കാൻ കെ. ബാബു എഴുന്നേറ്റപ്പോൾ സ്പീക്കർ നിലപാട് കടുപ്പിച്ചു- ഫ്ളോർ ഓർഡറാക്കാതെ മൈക്ക് തരില്ലെന്ന്. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ" എന്ന മട്ടിൽ പ്രതിപക്ഷാംഗങ്ങൾ നേരെ പുറത്തേക്ക്.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.