SignIn
Kerala Kaumudi Online
Thursday, 19 September 2024 5.36 AM IST

അതിർത്തികടന്നും നീളുന്നു കരുതലിൻ കരങ്ങൾ

Increase Font Size Decrease Font Size Print Page
delhi
ഡൽഹിയിൽ വച്ച് സീതാ ഖനാലിനെ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറുന്നു

പ്രായമായ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും നടതള്ളുന്ന കാലത്ത് സ്വന്തം ഊരും പേരും പോലുമറിയാതെ അന്യനാട്ടിൽ നിന്ന് കൂട്ടം തെറ്റിയെത്തിയ വീട്ടമ്മയെ ഏഴ് വർഷത്തിന് ശേഷം ഓർമ്മകൾ തിരിച്ചുപിടിക്കാൻ സഹായിക്കുക, ഉറ്റവരുടെ അടുത്തെത്തിക്കുക, സിനിമാക്കഥയല്ല. സങ്കൽപ്പങ്ങൾപ്പുറത്തെ മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക കണ്ണൂർ പിലാത്തറയിലെ ഹോപ്പ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റേതാണ്. പ്രസിഡന്റ് ഫാ. ജോർജ് പൈനാടത്ത്, മാനേജിംഗ് ട്രസ്റ്റി കെ. എസ്. ജയമോഹൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കരുതലിന്റെയും കരുണയുടെയും പാഠങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്.

താനാരാണെന്ന് പോലും മറന്നുപോയ നിലയിലാണ് ഹിന്ദി മാത്രം അറിയുന്ന വീട്ടമ്മയെ പയ്യന്നൂർ പൊലീസ് ലക്ഷ്‌മി എന്ന പേരിൽ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നത്. മനോനില തെറ്റിയ അവരുടെ ഇന്നലെകൾ വീണ്ടെടുക്കുകയായിരുന്നു ആദ്യ ദൗത്യം. പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാരും അന്തേവാസികളും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ലക്ഷ്മിയ്‌ക്ക് താനാരാണെന്ന് തിരിച്ചറിയാനായില്ല.

അവരെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിച്ചതും നഷ്ടമായ ഓർമ്മകൾ തിരികെ കൊണ്ടുവരണമെന്ന ഒരൊറ്റ ലക്ഷ്യത്തിലായിരുന്നു. നാലുവർഷത്തെ ചികിത്സയ്ക്കും സാന്ത്വനത്തിനും ശേഷം അവർ പതുക്കെ ഓർമ്മകളിലേക്ക് പിച്ചവച്ചു. ഭാഗികമായി ഓർമ്മശക്തി വീണ്ടെടുക്കാൻ അവർക്ക് കഴിഞ്ഞു.

വീണ്ടെടുത്ത ഓർമ്മകളിൽ ചികഞ്ഞ് തന്റെ പേര് ലക്ഷ്‌മി എന്നല്ല വനമാല എന്നാണെന്നും തനിക്ക് ഭർത്താവും ആറു മക്കളുമുണ്ടെന്നും അവർ പറഞ്ഞു. അപ്പോഴും കുടുംബാംഗങ്ങളുടെ പേരോ ജന്മദേശമോ ഓർത്തെടുക്കാൻ സാധിച്ചില്ല. കിട്ടിയ വിവരങ്ങൾവച്ച് ഹോപ്പ് അധികൃതർ അവർക്ക് വനമാല എന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുത്ത് ചികിത്സ തുടർന്നു.

2019 അവസാനം ഇവർ വീണ്ടും പേര് ബർമാല എന്ന് തിരുത്തി. നേപ്പാൾ സ്വദേശിനിയാണെന്നും അറിയിച്ചു. തനിക്കെന്നെങ്കിലും കുടുംബത്തോടൊപ്പം ചേരാനാകുമോ എന്ന ആധിയും പങ്കുവച്ചു. അവരിൽ മരിച്ചുപോയ തന്റെ അമ്മയുടെ മുഖസാദൃശ്യം ദർശിച്ചിരുന്ന ജയമോഹൻ ധൈര്യമായിരിക്കാനും താൻ ജീവനോടെയുണ്ടെങ്കിൽ കുടുംബത്തെ കണ്ടെത്തി വീട്ടിലെത്തിക്കുമെന്നും ഉറപ്പു കൊടുത്തു.

നേപ്പാളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക സുധ മേനോൻ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.ജ്യോതി അരിയമ്പത്ത്, ഇന്ത്യൻ ആർമിയിലെയും സി.ആർ.പി.എഫിലെയും പൊലീസിലേയും സൗഹൃദങ്ങൾ എന്നിവയിലൂടെ നേപ്പാളിൽ നിരന്തര അന്വേഷണത്തിലായിരുന്നു. ഒപ്പം ബർമാല എന്ന പേരിൽ ഇവർക്ക് ആധാർകാർഡ് സംഘടിപ്പിച്ചു ചികിത്സ മുടങ്ങാതെ തുടർന്നു.

ആ ദൗത്യം ജസ്റ്റീനയ്‌ക്ക്

2021 സെപ്റ്റംബറിൽ ഹോപ്പിൽ ഇന്റേൺഷിപ്പിനെത്തിയ കോട്ടയം ബി.വി.എം. | ബി.സി.എം കോളേജ് എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥിനി ജസ്റ്റീന നിവിലിനെ ഇവരുടെ കുടുംബ ചരിത്രം തിരയാനുള്ള ദൗത്യം ഏല്‌പിച്ചു. ഒരു മാസം ഇവർക്കൊപ്പം താമസിച്ച് നിരന്തരമായ സംഭാഷണങ്ങളിലൂടെ ഓർമ്മശക്തി ഏറെക്കുറെ വീണ്ടെടുത്തു . ജസ്റ്റീന ഗൂഗിൾ മാർഗം നേപ്പാളിലെ പ്രധാന സ്ഥലങ്ങളിൽ ഇവരെയും കൂട്ടി സഞ്ചരിക്കുകയായിരുന്നു. ഗൂഗിൾ മാപ്പിലൂടെ നേപ്പാളിലെ ബുദ്ധവിഹാരങ്ങളൊക്കെ കാട്ടികൊടുത്തു. ഒടുവിൽ തിരിച്ചറിയാൻ സാധിച്ച പതിനൊന്ന് അടയാളസ്ഥലങ്ങൾ വച്ചു നേപ്പാൾ ലുംബിനി പ്രവിശ്യയിലുള്ള ബഡ് വാൾ പ്രദേശക്കാരിയാകാമെന്ന ധാരണയിലെത്തുകയായിരുന്നു. ഈ സ്ഥലങ്ങളൊക്കെ കാണുമ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി തെളിയുന്നുണ്ടായിരുന്നു. അവരുടെ ഉള്ളിൽ നിറയുന്ന സന്തോഷം ഹോപ്പ് പ്രവർത്തകർക്കും ആവേശം പകർന്നു.

ഒടുവിൽ തിരിച്ചു വരവ്

തന്റെ യഥാർത്ഥ പേര് സീത ഖനാൽ ആണെന്നും ഭർത്താവ് നേപ്പാളിൽ ബുദ്ധവിഹാരത്തിലെ പൂജാരിയായ രാജ് ഖനാൽ ആണെന്നും അവർ ഒരു വെളിപാട് പോലെ പറഞ്ഞത് ഹോപ്പ് പ്രവർത്തകരെ ആശ്ചര്യപ്പെടുത്തി. ഉമാ , ദീപക് , മയോമി , രസ്ന , പവിത്ര , ഭാവന , പ്രാപ്ത് എന്നിങ്ങനെ ഏഴു മക്കൾ തനിക്കുണ്ടെന്നും അവരെയൊക്കെ കാണാൻ മനസുവെമ്പുകയാണെന്നും അറിയിച്ചു. എന്നാൽ കൃത്യമായ സ്ഥലമോ മറ്റു വിവരങ്ങളോ ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. സീതയെ ഒപ്പമിരുത്തി തുടരന്വേഷണത്തിനായി ജയമോഹൻ പരിയാരം പൊലീസ്, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം , നേപ്പാൾ എംബസി എന്നിവിടങ്ങളിലേക്ക് ലഭ്യമായ വിവരങ്ങൾ ചേർത്ത് അപേക്ഷ നൽകി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രത്യേക താത്പര്യത്തിൽ തുടരന്വേഷണവും തുടങ്ങി. അന്വേഷണങ്ങൾക്കൊടുവിൽ അവർ നേപ്പാൾ ലുംബിനി പ്രവിശ്യയിൽ കപില വസ്‌തു ജില്ലയിലെ ബുദ്ധഭൂമി മുനിസിപ്പാലിറ്റിയിൽ എട്ടാം വാർഡിൽ താമസക്കാരനായ ദേവരാജ് ഖനാലിന്റെ ഭാര്യയാണെന്ന് സ്ഥിരീകരിച്ചു. എംബസ്സി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

ഇവരുടെ മനോനില തൃപ്തികരമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കുടുംബ സംഗമത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കാൻ നേപ്പാൾ എംബസി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് നേപ്പാൾ എംബസ്സി നൽകിയ ഉത്തരവിന്റെ പകർപ്പ് ഹോപ്പ് മാനേജിങ് ട്രസ്റ്റിക്ക് നൽകുകയുമായിരുന്നു. തികച്ചും ദരിദ്ര പശ്ചാത്തലത്തിലുള്ള സീത ഖനാലിന്റെ കുടുംബത്തിന് ഇവരെ ഇവിടെയെത്തി ഏറ്റെടുക്കാൻ സാധിക്കില്ലായിരുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റമായതിനാൽ ഡൽഹിയിൽ വച്ച് ഡിപ്ലോമാറ്റിക് ചാനലിലൂടെ മാത്രമേ ഇവരെ കൈമാറാനാകൂ എന്നതും വെല്ലുവിളിയായി.

ഇനി ബുദ്ധഭൂമിയിലേക്ക്

ഡൽഹിയിലെത്തിച്ച് എംബസി ഉദ്യോഗസ്ഥർക്ക് കൈമാറിയ ഇവരെ രണ്ടു ദിവസത്തിനകം ബന്ധുക്കൾക്ക് കൈമാറാനുള്ള നടപടി ക്രമങ്ങളും പൂർത്തിയായി . ഇത്തരത്തിൽ വിദേശത്തുള്ള കുടുംബവുമായുള്ള സമാഗമം ആദ്യ സംഭവമാണെന്നും ഈ പ്രവർത്തനം ഹോപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിലും തന്റെ ജീവിത വഴികളിലും ഏറ്റവും സന്തോഷം പകരുന്ന ഒന്നാണെന്നും ജയമോഹൻ പറഞ്ഞു.

കണ്ണൂരിൽ കഴിഞ്ഞ ആഴ്ച സീതാ ഖനാലിന് നൽകിയ യാത്രയയപ്പിൽ ഒരു നാടിന്റെ സ്നേഹവും നന്മയും നിറഞ്ഞു. കണ്ണൂരിന്റെ സ്നേഹത്തണലിലേക്ക് ഏതോ രാജ്യത്തുനിന്നും വിരുന്നെത്തിയ സീതാ ഖനാലിന് നാട്ടുകാർ ഉപഹാരങ്ങളും നൽകി. ഏഴ് വർഷത്തിനു ശേഷം തന്നെ വീട്ടുകാർ സ്വീകരിക്കുമോ എന്ന അവരുടെ ആശങ്കയ്‌ക്കും ഈ സുമനുകൾ പരിഹാരമുണ്ടാക്കി. അങ്ങനെ വന്നാൽ ഇവിടേക്ക് തിരിച്ചു വരാനുള്ള ഫ്ളൈറ്റ് ടിക്കറ്റിനും യാത്രാച്ചെലവിനുമുള്ള തുക കൂടി അവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്താണ് സീതയോടുള്ള കരുതൽ ഹോപ് തെളിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANNUR DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.