ചലച്ചിത്രാഭിനയ രംഗത്ത് തുടരുമ്പോഴും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് സജീവമാണ് നടൻ ദേവൻ. 2004- ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ രംഗത്തേക്കു കടക്കുകയും, തൃശൂർ വടക്കാഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തു. 2006-ൽ തിരുവനന്തപുരം വെസ്റ്റിലും മത്സരിച്ചു. 2021-ൽ ബി.ജെ.പിയിൽ ലയിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ളവരുമായി അടുപ്പം പുലർത്തുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായി ബി.ജെ.പി നിയോഗിക്കുകയും ചെയ്തു. കേരളത്തിൽ ബി.ജെ.പിയുടെ സാദ്ധ്യതകളും രാഷ്ടീയ സാഹചര്യവും കേരള കൗമുദിയുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
ബി.ജെ.പിക്ക് കേരളം പാകമായോ ?
എന്ന് പൂർണമായി പറയാനാകില്ല. മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയെ അകറ്റി നിറുത്തുന്ന തരത്തിൽ പ്രത്യേക അജണ്ട വച്ച് പ്രവർത്തിക്കുകയാണ് പലരും. ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിത്തീർത്ത് അതിലൂടെ നേട്ടം കൊയ്യുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. പ്രധാനമായും മതത്തിന്റെ പേരുപറഞ്ഞാണ് അകറ്റിനിറുത്തൽ. ഇതിനെ മറികടക്കാൻ കഴിയുന്ന പ്രവർത്തനം നടത്തണമെന്നതാണ് ആഗ്രഹം. ഇരുവർക്കുമിടയിൽ പാലംപോലെ പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസം. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തുണ്ടായ മാറ്റങ്ങൾ വിലയിരുത്താൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ തയ്യാറാകണം.
നവകേരള സദസ് ?
എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. വിഡ്ഢികളുടെ സദസ് എന്നതാണ് ഏറ്റവും യോജിച്ച പദം. ഭരണസംവിധാനത്തെ നിശ്ചലമാക്കിയുള്ള യാത്ര എന്തിനായാണ്? ജനം തിരിച്ചറിയുന്നുണ്ടെന്ന ചിന്ത വേണം. തിരുവനന്തപുരം മുതൽ കാസർകോട് വരെ സർക്കാർ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല.
ഗവണറുടെ നിലപാടുകൾ ?
സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവർണർ. അദ്ദേഹം ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങളെല്ലാം ഭരണഘടനാപരമാണ്. സിൻഡിക്കേറ്റ് നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഉയർത്തുന്ന പ്രതിഷേധത്തിന് എന്ത് അടിസ്ഥാനമാണുള്ളത്. കേരളത്തിലെ അക്കാഡമികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടികളുടെ പ്രതിനിധികളെയും അനുഭാവികളെയുമാണ് നോമിനേറ്റ് ചെയ്യുന്നത്. മറ്റു പാർട്ടികളിലെ നേതാക്കന്മാരെ കാണാനാകുമോ? ഇതെല്ലാം പുകമറ സൃഷ്ടിക്കലാണ്.
ശബരിമലയിലെ സ്ഥിതി ?
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരും ഇപ്പോഴത്തെ സർക്കാരും ശബരിമലയിലെ വിശ്വാസത്തെ തകർക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് ചെയ്യുന്നത്. ഭക്തജനങ്ങൾക്ക് സുഗമമായി ദർശനം സാദ്ധ്യമാക്കേണ്ടതിനു പകരം ഭക്തജനങ്ങളുടെ വികാരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം പോലുമില്ല.
രാഹുൽ ഫാക്ടർ ?
രാഹുൽ ഗാന്ധിയെ നരേന്ദ്രമോദിയുമായി താരതമ്യം ചെയ്യുന്നതുതന്നെ വിഡ്ഢിത്തമാണ്. വലിയ അന്തരമുണ്ട്. മോദി ലോക നേതാവായി മാറിക്കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലം പരിശോധിച്ചാൽ മതി, ഇരുവരും തമ്മിലുള്ള അന്തരം മനസിലാകും. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മോദി -രാഹുൽ പോരാട്ടമെന്ന് ചിലർ അജണ്ട ഉണ്ടാക്കുകയായിരുന്നു. റേറ്റിംഗ് കൂട്ടാൻ ചാനലുകൾ വസ്തുത മറച്ചുവച്ചാണ് പ്രചാരണം നടത്തുന്നത്. ഫലം വന്നപ്പോൾ എന്തായി? രാഹുൽ എവിടെ നിൽക്കുന്നു, മോദി എവിടെ നിൽക്കുന്നു!
സുരേഷ് ഗോപി തൃശൂർ എടുക്കുമോ ?
വിജയിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണ്. നരേന്ദ്ര മോദി പങ്കെടുക്കുന്ന സ്ത്രീ ശക്തി സംഗമവും ഗുണം ചെയ്യും. അദ്ദേഹത്തിനായി പ്രചാരണ രംഗത്തുണ്ടാകും. ഇത്തവണ തിരഞ്ഞെടുപ്പു രംഗത്ത് ഉണ്ടാകില്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് കഴിയുന്ന വിധം പ്രവർത്തിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |