ഷീ അറിയാതെ ഒരില പോലും സൈന്യത്തിനുള്ളിൽ ചലിക്കില്ല. ആർമിയുടെ ഉള്ളിൽ നടക്കുന്ന ഒന്നും പുറംലോകവും അറിയുന്നില്ല. കഴിഞ്ഞ ഒരു വർഷം പരിശോധിച്ചാൽ ഒരു കൊടുങ്കാറ്റ് പി.എൽ.എയെ നിശബ്ദമായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാണാം. ശക്തരായ ജനറൽമാർ ഒന്നിനുപുറകെ ഒന്നായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷരാകുന്ന കൊടുങ്കാറ്റ്. !
ഷീ ജിൻപിംഗ്... മാവോ സെ തുംഗിന് ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവെന്ന ചരിത്രനേട്ടത്തിനുടമ. 2022ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഷീ ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ച് വർഷത്തേക്ക് കൂടി ഷീയെ പ്രസിഡന്റ് പദവിയിൽ വേരുറപ്പിക്കാനുള്ള വിളംബരം കൂടിയായിരുന്നു അത്. മാവോ സെ തുംഗിന് ശേഷമുള്ള ചൈനീസ് പ്രസിഡന്റുമാർ 5 വർഷം വീതമുള്ള രണ്ട് ടേമുകളായിട്ടാണ് പ്രസിഡന്റ് പദത്തിലിരുന്നത്.
ഈ വ്യവസ്ഥ പൊളിച്ചടുക്കിയാണ് ഷീ കഴിഞ്ഞ മാർച്ചിൽ ഷീ മൂന്നാം ടേമിലേക്ക് ചുവടുവച്ചത്. 2012ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ഷീ 2013 മാർച്ച് മുതൽ പ്രസിഡന്റ് പദവി വഹിക്കുന്നു. ഇതിനെല്ലാം പുറമേ, സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാനും ഷീയാണ്. പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ), അഥവാ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ കടിഞ്ഞാൺ ഷീയുടെ കൈപ്പിടിയിലാണ്.
ഷീ അറിയാതെ ഒരില പോലും സൈന്യത്തിനുള്ളിൽ ചലിക്കില്ല. ആർമിയുടെ ഉള്ളിൽ നടക്കുന്ന ഒന്നും പുറംലോകവും അറിയുന്നില്ല. കഴിഞ്ഞ ഒരു വർഷം പരിശോധിച്ചാൽ ഒരു കൊടുങ്കാറ്റ് പി.എൽ.എയെ നിശബ്ദമായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാണാം. ശക്തരായ ജനറൽമാർ ഒന്നിനുപുറകെ ഒന്നായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷരാകുന്ന കൊടുങ്കാറ്റ്. !
അടിച്ചൊതുക്കൽ
തനിക്ക് മീതെ വളരുമെന്ന് തോന്നുന്ന വൻമരങ്ങളെ വേരോടെ പിഴുതെറിയുന്നതാണ് അധികാരം നിലനിറുത്തുന്നതിനുള്ള ഷീയുടെ തന്ത്രം. പാർട്ടിക്കുള്ളിലോ ചൈനയുടെ ' റബ്ബർ സ്റ്റാമ്പ്' പാർലമെന്റിലോ ഷീയ്ക്ക് ഒരു എതിർ ശബ്ദമില്ല. ജനപ്രിയനായിരുന്ന മുൻ പ്രധാനമന്ത്രി ലീ കെചിയാംഗ് അടക്കമുള്ളവർ ഷീയുടെ പ്രഭാവത്തിൽ മങ്ങിപ്പോയത് ലോകം കണ്ടതാണ്.
പാർട്ടിയിലെ പോലെ സൈന്യത്തിലും ഇത്തരമൊരു അടിച്ചൊതുക്കൽ ഷീ നടത്തുന്നു. സൈന്യത്തിന്റെ മേൽനോട്ടം വഹിക്കേണ്ട പ്രതിരോധ മന്ത്രി പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനാകുന്നു... മാസങ്ങൾക്ക് ശേഷം പെട്ടെന്നൊരു ദിനം അദ്ദേഹത്തെ പുറത്താക്കിയെന്ന് വാർത്ത വന്നു. കാരണം എന്താണെന്നോ പ്രതിരോധ മന്ത്രി എവിടെ പോയെന്നോ ആർക്കുമറിയില്ല. !
' കാൺമാനില്ല '
ചൈനയുടെ മുൻ പ്രതിരോധ മന്ത്രി ജനറൽ ലീ ഷാംഗ്ഫൂ ആഗസ്റ്റ് 29നാണ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ലീയെ മന്ത്രി സ്ഥാനത്ത് നിന്നും സ്റ്റേറ്റ് കൗൺസിലർ (ക്യാബിനറ്റ് അംഗം) സ്ഥാനത്തു നിന്നും നീക്കി. കാരണം വ്യക്തമാക്കിയില്ല. എയറോസ്പേസ് എൻജിനിയർ കൂടിയായ ലീ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയും സെൻട്രൽ മിലിട്ടറി കമ്മിഷൻ അംഗവുമായിരുന്നു.
സൈനിക ഉപകരണങ്ങളുടെ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ലീ അന്വേഷണം നേരിട്ടിരുന്നു എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്ക് ലഭിച്ച സൂചന. മാർച്ചിലായിരുന്നു ലീ പ്രതിരോധ മന്ത്രിയായി അധികാരമേറ്റത്. ലീയെ പുറത്താക്കി രണ്ട് മാസം കഴിഞ്ഞാണ് പകരക്കാരനെ പ്രഖ്യാപിച്ചത്. നാവിക സേന മുൻ തലവൻ ഡോംഗ് ജുൻ ആണത്.
ലീ മാത്രമല്ല, കഴിഞ്ഞ വർഷം വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനേയും കാരണം വ്യക്തമാക്കാതെ പുറത്താക്കി. യു.എസിൽ ചൈനീസ് അംബാസഡറായിരിക്കെ ഒരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമാണ് പുറത്താക്കലിലേക്ക് നയിച്ചതെന്ന് സംസാരമുണ്ട്. ഏഴ് മാസം മാത്രം അധികാരത്തിലിരുന്ന ഇദ്ദേഹം ജൂൺ മുതൽ അപ്രത്യക്ഷനാണ്. ഇദ്ദേഹം മരിച്ചെന്ന് വരെ അടുത്തിടെ പ്രചാരണമുണ്ടായി. ഈ വിവാദങ്ങൾക്കൊന്നും ചൈനയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ല.
സമ്പൂർണ ശുദ്ധീകരണം
രാജ്യത്തെ റോക്കറ്റ് ഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഒമ്പത് ഉന്നത പി.എൽ.എ ജനറൽമാരെയാണ് ഡിസംബർ അവസാനം പാർലമെന്റിൽ നിന്ന് പുറത്താക്കിയത്. അഴിമതി വിരുദ്ധ വേട്ടയെന്ന വ്യാജേനയാണ് മുമ്പ് പദവി വഹിച്ചിരുന്നതോ അല്ലെങ്കിൽ നിലവിൽ പദവി വഹിക്കുന്നതോ ആയ ഈ ജനറൽമാരെ പറഞ്ഞുവിട്ടതെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇതിൽ പലരും പൊതുജനശ്രദ്ധയിൽ നിന്ന് പൂർണമോ ഭാഗികമായോ അപ്രത്യക്ഷരാണ്. ലീ ഷാംഗ്ഫൂവുമായി ബന്ധമുള്ളവരാണ് ഇവരെന്നും പറയപ്പെടുന്നു. ആണവ, പരമ്പരാഗത പോർമുനകളോട് കൂടിയ ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് മിസൈലുകൾ കൈകാര്യം ചെയ്യുന്ന പി.എൽ.എ റോക്കറ്റ് ഫോഴ്സിൽ കഴിഞ്ഞ വർഷം ഷീ കാര്യമായ അഴിച്ചുപണികൾ നടത്തിയിരുന്നു.
പാർലമെന്റ് അംഗങ്ങൾക്ക് അറസ്റ്റിൽ നിന്നും ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്നും ഒരുപരിധി വരെ പ്രതിരോധമുണ്ട്. അതിനാൽ പെട്ടെന്നുള്ള പുറത്താക്കലുകൾ അച്ചടക്കത്തിനോ നിയമപരമോ ആയ നടപടികളുടെ മുന്നോടിയാകാം. മുൻ പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെംഗ്ഹെ, പി.എൽ.എ സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സ് കമാൻഡർ ജനറൽ ജു ക്വിയാൻഷെംഗ് തുടങ്ങിയവരെ പറ്റിയും കഴിഞ്ഞ വർഷം പകുതി മുതൽ വിവരമില്ല.
വിശ്വാസം മുഖ്യം
സ്വയംഭരണാധികാരമുള്ള തായ്‌വാനെ വേണ്ടി വന്നാൽ ഒരു ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ പോലും മടിയില്ലെന്ന് ഷീ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ഇടപെടലുകളും സമീപകാലത്ത് ഭിന്നതകൾക്ക് കാരണമായിരുന്നു.
യു.എസ് ആണ് ഈ വിഷയങ്ങളിൽ ചൈനയുമായി കൊമ്പുകോർക്കുന്ന പ്രധാന ശക്തി. യു.എസിനെ വിറപ്പിക്കാൻ റോക്കറ്റ് ഫോഴ്സിന്റെ തന്ത്രപരമായ പ്രാധാന്യത്തിൽ ഷീ ഒരുവിട്ടുവീഴ്ചയ്ക്കും മുതിരില്ല. റോക്കറ്റ് ഫോഴ്സിലടക്കം സൈന്യത്തിന്റെ ഒരു വിഭാഗത്തിൽ പോലും സംശയാസ്പദമോ അഴിമതിയുടെ കറപുരണ്ടതോ ആയ ഒരു വിത്തുകളും മുളയ്ക്കാൻ പാടില്ലെന്ന് ഉറപ്പിക്കാനാണ് ഷീയുടെ കരുനീക്കങ്ങൾ.
രാജ്യത്തിന്റെ ആണവ തന്ത്രത്തിൽ അഗാധമായ മാറ്റങ്ങൾക്ക് അണിയറയിൽ പദ്ധതികൾ ഒരുങ്ങുന്നതിനിടെയാണ് ഉന്നത ജനറൽമാർക്കിടെയിലെ ' ശുദ്ധീകരണം' എന്നത് ശ്രദ്ധേയമാണ്. പാർട്ടിയോട് സമ്പൂർണ്ണ വിശ്വസ്തത പുലർത്തുന്നവരെ സൈന്യത്തിൽ പ്രതിഷ്ഠിക്കാനുള്ള ഷീയുടെ നീക്കങ്ങളായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പി.എൽ.എ സ്ഥാപിതമായതിന്റെ നൂറാം വാർഷികമാണ് 2027ൽ. അപ്പോഴേക്കും രാജ്യത്തെ ആണവായുധ ശേഖരം ആയിരത്തിനപ്പുറത്തെത്തിക്കാൻ ഷീ ലക്ഷ്യമിടുന്നു. നിലവിൽ ചൈനയുടെ പക്കൽ പ്രവർത്തനക്ഷമമായ ഏകദേശം 500 ആണവായുധങ്ങളുണ്ടെന്നാണ് യു.എസ് പറയുന്നത്. 2049ഓടെ ഒരു ' ലോകോത്തര സൈന്യ'ത്തെ സൃഷ്ടിക്കുമെന്നതും ഷീയുടെ പ്രഖ്യാപനങ്ങളിലൊന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |